Political

സിദ്ദിഖ് കാപ്പൻ; നീതി നിഷേധത്തിൻ്റെയും മുസ്ലിം വിരുദ്ധതയുടെയും യു. പി മോഡൽ

പ്രതികരണം/ആസാദ്

ഹത്രാസിലേക്കു പോയ ഒരു പത്രപ്രവര്‍ത്തകന്‍ തിരിച്ചു വന്നിട്ടില്ല. കൂട്ട ബലാല്‍സംഗത്തിനു വിധേയയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീടു തേടി പോയതാണ്. തൊഴിലിന്റെ ഭാഗമായ യാത്ര.

കുടുംബത്തിന്റെ സമ്മതമില്ലാതെ ജഡം ദഹിപ്പിച്ച ഭരണകൂടത്തിന്റെ കാവല്‍ സേനയ്ക്ക് പ്രതികളെ പിടികൂടാന്‍ ധൈര്യമില്ലായിരുന്നു. മരണമൊഴിയില്‍ പ്രതികളുടെ പേരുണ്ടായിരുന്നു. വലിയ സമ്മര്‍ദ്ദം വേണ്ടി വന്നു യോഗിയുടെ പൊലീസിന് ആ സവര്‍ണ കൂറ്റന്മാരെ പിടിച്ചു കെട്ടാന്‍.

എന്നാല്‍ സിദ്ദിഖ് കാപ്പന്‍ എന്ന പത്രപ്രവര്‍ത്തകനെ, പേരിലെ മതം മണത്തു പിടികൂടാന്‍ വല്ലാത്ത ഘ്രാണശക്തിയായിരുന്നു പൊലീസിന്.

ദില്ലിയില്‍നിന്നു പുറപ്പെട്ട പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവുകൂടിയായ കാപ്പന്‍ ഹത്രാസിലെത്തും മുമ്പ് പിടിയിലായി. എന്തൊരു ജാഗ്രത!

ഏത് ആക്ഷനില്‍ പങ്കെടുത്തതിനാണ്, ഏതു പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ പൊലീസ് വേട്ടയെന്നു യോഗി വ്യക്തമാക്കിയില്ല. സിദ്ദിഖ് കാപ്പന്റെ നാട്ടിലെ സര്‍ക്കാറിനും അതു ചോദിക്കാന്‍ ത്രാണിയുണ്ടായില്ല.

ചായ കുടിക്കാന്‍ പോയപ്പോഴല്ല അലനെയും താഹയെയും പൊലീസ് പിടിച്ചതെന്ന് ഒരു യു എ പി എ അറസ്റ്റിനെ നിസ്സാരവത്ക്കരിച്ച മുഖ്യമന്ത്രി, കാപ്പന്റെ അറസ്റ്റില്‍ എങ്ങനെ പ്രതിഷേധിക്കാന്‍!

മറ്റൊരു നാട്ടിലും സ്വന്തം ജനതയെ ഇങ്ങനെ കൊലയ്ക്കു കൊടുക്കുന്ന ജനാധിപത്യ ഭരണ സംവിധാനങ്ങളില്ല. കുറ്റം ചെയ്തവരെ വിചാരണ ചെയ്തു ശിക്ഷിക്കാന്‍ പ്രാപ്തമായ നിയമ സംവിധാനം നമ്മുടെ നാട്ടിലുണ്ട്.

കോവിഡ് ബാധിതനായി ആശുപത്രിയില്‍ കിടക്കുമ്പോഴും ചങ്ങലയില്‍ ബന്ധിതനായി പ്രാഥമിക സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട അവസ്ഥയില്‍ കഴിയാന്‍ അയാളുടെ പേരില്‍ എന്തു കുറ്റമാണ് തെളിയിക്കപ്പെട്ടത്? കുറ്റവാളിയെന്നു തെളിഞ്ഞാല്‍ പോലും മനുഷ്യാവകാശ ലംഘനം ആവാമോ?

എത്രയോ പേര്‍ ഇന്ത്യന്‍ തടവറകളില്‍ ഇങ്ങനെ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ടാവണം. പതിറ്റാണ്ടുകള്‍ നീളുന്ന കരുതല്‍ തടങ്കല്‍ അനുഭവിക്കുന്നവര്‍ ഏറെയുണ്ടല്ലോ. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ പരിഷ്കൃത സമൂഹത്തിനാകെ അപമാനകരമാണ്.

സിദ്ദിഖ് കാപ്പന്റെ കേസു നടത്തുന്നത് ദില്ലിയിലെ പത്രപ്രവര്‍ത്തകരാണ്. നല്ല കാര്യം. കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ സഹായിക്കുന്നുമുണ്ടാവും. എന്നാല്‍ സര്‍ക്കാറിനെ ഈ വിഷയത്തില്‍ ബന്ധപ്പെടുത്താനും സിദ്ദിഖ് കാപ്പന് നീതി ലഭ്യമാക്കാനും അവര്‍ കുറേ കൂടി ഉത്സാഹിക്കേണ്ടി വരും.

പ്രിയരേ.. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഞാൻ കടന്നു പോവുന്നത്.. 7മാസം ആയി ഞാനനുഭവിക്കുന്ന…Posted by Raihana Siddique on Saturday, 24 April 2021

തൊഴിലിനിടെ പിടികൂടി യു എ പി എ ചാര്‍ത്തി അകത്തിടാന്‍ തീരുമാനിക്കുന്ന സര്‍ക്കാര്‍ നയം ആ തൊഴിലിന് എന്നും വെല്ലുവിളിയായിരിക്കും. പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം ഇങ്ങനെ തെരുവില്‍ അക്രമിക്കപ്പെട്ടിട്ടും എത്ര ശാന്തമാണ് നമ്മുടെ പൊതു ഇടങ്ങള്‍!

സിദ്ദിഖ് കാപ്പന് നീതി ലഭ്യമാവണം. അടിയന്തിരമായി കോവിഡ് ചികിത്സയ്ക്ക് ഏറ്റവും മികച്ച സൗകര്യം നല്‍കണം. കേരള മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഉടന്‍ ഇടപെടണം. കുടുംബത്തിന്റെയും പൊതു സമൂഹത്തിന്റെയും വേദനയും ഉത്ക്കണ്ഠയും സര്‍ക്കാര്‍ കണക്കിലെടുക്കണം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x