‘എനിക്ക് പ്രതീക്ഷകൾ നഷ്ടമാവുന്നു, തനിച്ചായെന്ന തോന്നൽ ശക്തിപ്പെടുന്നു’; ജയിലിൽ നിന്ന് ഉമർ ഖാലിദ് എഴുതുന്നു
ഡല്‍ഹി കലാപത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസില്‍ വിദ്യാര്‍ത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിട്ട് രണ്ട് വര്‍ഷം തികയുന്നു.
ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയും ഇതുവരെ കോടതി അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദ് തന്റെ സുഹൃത്ത് രോഹിത്തിന് എഴുതിയ കത്തിലൂടെ തന്റെ വിചാര വികാരങ്ങള്‍ പങ്കിടുകയാണ്.
കത്തിന്റെ പൂര്‍ണ രൂപം ദി വയര്‍ പ്രസിദ്ധീകരിച്ചു. ഇതിന്റെ പ്രസക്തഭാഗങ്ങളാണ് താഴെ;
പ്രിയപ്പെട്ട രോഹിത്
ജന്മദിന – സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നതിനും എനിക്ക് എഴുതിയതിനും നന്ദി. നിങ്ങള്‍ക്ക് സുഖം എന്നു കരുതുന്നു. ഈ അടഞ്ഞു കിടക്കുന്ന സ്ഥലത്തു നിന്ന് നിങ്ങളുടെ തുറന്ന കത്ത് വായിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്.
നിങ്ങള്‍ക്ക് കത്തെഴുതാന്‍ ഇരിക്കുമ്പോള്‍, നാളെ ജയില്‍ മോചിതരാകുന്നവരുടെ പേരുകള്‍ ഉച്ചഭാഷിണിയിലൂടെ പുറത്തുവരുന്നത് എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട്. സൂര്യാസ്തമയത്തിന് ശേഷമുള്ള ഈ സമയത്താണ് മോചിപ്പിക്കേണ്ടവരെ സംബന്ധിച്ച ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കുന്നത്.
ഇരുട്ട് പരക്കുകയും ജയില്‍ പരിസരങ്ങളെ ഇരുട്ട് മൂടുകയും ചെയ്യുമ്പോള്‍ ചില തടവുകാരിലേക്ക് സ്വാന്ത്ര്യത്തിന്റെ വെളിച്ചം എത്തുകയാണ്. അവരുടെ മുഖത്തെ തിളക്കം എനിക്ക് കാണാന്‍ കഴിയുന്നുണ്ട്.
രണ്ട് വര്‍ഷമായി ഞാന്‍ ഉച്ചഭാഷിണിയിലൂടെയുള്ള ഈ പ്രഖ്യാപനം കേള്‍ക്കുന്നുണ്ട്. – പേരുകള്‍ ശ്രദ്ധിക്കുക ഈ തടവുകാരെ മോചിപ്പിക്കുകയാണ്-.
എന്റെ പേര് കേള്‍ക്കാന്‍ കഴിയുന്ന ദിവസമാണ് ഞാന്‍ കാത്തിരിക്കുന്നത്. ഈ ഇരുണ്ട ദിനങ്ങള്‍ക്ക് എന്നാണ് അന്ത്യമാവുക? അല്ലെങ്കില്‍ കാഴ്ചയില്‍ എവിടെയെങ്കിലും വെളിച്ചം തെളിയുന്നുണ്ടോ? ഞാന്‍ അവിടേക്ക് എത്തുകയാണോ? അതോ പാതി വഴിയിലോ? അതോ ഈ പീഡനകാലം തുടങ്ങിയിട്ടേ ഉള്ളോ? സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി എത്തിയെന്ന് അവര്‍ പറയുന്നു.
എന്നാല്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ടി പോരടിച്ചവരുടെ ദയനീയമായ അവസ്ഥ കാണുമ്പോള്‍ തോന്നുന്നത് നമ്മള്‍ കൊളോണിയല്‍ ഭരണത്തിലേക്ക് തിരിച്ചുപോകുന്നുവെന്നാണ്. അടിമത്തത്തിന്റെ ചിഹ്നങ്ങള്‍ മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ കാലമാണ് ഇത്.
വിദ്യാര്‍ത്ഥികള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും വിമതര്‍ക്കും പ്രതിപക്ഷത്തിനുമെതിരെ കൊളോണിയല്‍ കാലത്തെ എന്ന പോലെയുള്ള കിരാത നിയമങ്ങള്‍ ആയുധമാക്കി പ്രയോഗിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.
നമ്മുടെ സ്വാതന്ത്ര്യ പോരാളികള്‍ക്കെതിരെ പ്രയോഗിക്കപ്പെട്ട റൗലറ്റ് ആക്ടും, എന്നെ പോലുള്ളവരെ ജയിലിലടച്ച യുഎപിഎ നിയമവും തമ്മിലുള്ള സമാനത കാണാന്‍ കഴിയുന്നില്ലേ? ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കാന്‍ ഉണ്ടാക്കിയ, കൊളോണിയല്‍ കാലത്തെ ശേഷിപ്പുകളായ ഈ ശിക്ഷാ നിയമങ്ങള്‍ നമുക്ക് വേണ്ടെന്ന് വെയ്‌ക്കേണ്ടേതല്ലേ? എന്ന് വിചാരണ തുടങ്ങുമെന്ന് പോലും അറിയാതെയാണ് എന്നെ പോലെ പലരും ജയിലിലടക്കപ്പെട്ടിരിക്കുന്നത് എന്നത് ആശങ്കപ്പെടുത്തുന്നു
യാഥാര്‍ത്ഥ്യമെന്തെന്ന് എന്റെ ചുറ്റിലുമുള്ളവരെ ബോധ്യപ്പെടുത്തുന്ന ജോലി ഞാന്‍ സമീപകാലത്ത് ഉപേക്ഷിച്ചു. എത്ര കളവുകളാണ് ഞാന്‍ പൊളിച്ചടുക്കുക?
ഈ സത്യാനന്തര കാലത്ത് യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ തോന്നലുകള്‍ക്കാണ് പ്രധാനം. ഞാന്‍ തടവിലാക്കപ്പെട്ട രണ്ട് വര്‍ഷത്തില്‍ പലപ്പോഴും പത്രങ്ങള്‍ എന്റെ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് പത്രങ്ങള്‍ വസ്തുതാപരമെന്ന് വരുത്തി തീര്‍ക്കാനെങ്കിലും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഹിന്ദി പത്രങ്ങള്‍ മാധ്യമ മര്യാദകള്‍ പൂര്‍ണമായും കാറ്റില്‍ പറത്തിയിരിക്കയാണ്. വിഷമാണ് അവ.
എന്റെ അഭിഭാഷകരുടെ വാദങ്ങള്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്നാല്‍ പബ്ലിക് പ്രോസിക്യൂഷന്റെ വാദങ്ങള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കാറുമുണ്ട്. സെന്‍സേഷനായ തലക്കെട്ടുകള്‍ക്ക് അനുയോജ്യമായ എന്റെ പടങ്ങളും അവര്‍ കണ്ടെടുക്കും.
പ്രസംഗം പോരാ, രക്തം ഒഴുകണം എന്ന് ഉമര്‍ ഖാലിദ് പറഞ്ഞുവെന്നായിരുന്നു ഒരു ഹിന്ദി പത്രത്തിന്റെ തലക്കെട്ട്. മുസ്ലീങ്ങള്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന് ഖാലിദ് എന്നായിരുന്നു മറ്റൊരു തലക്കെട്ട്…
പലപ്പോഴും പത്രങ്ങള്‍ പൊലീസുകാരെക്കാള്‍ കളവ് പറയുകയാണ്. സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് പ്രതീക്ഷ നഷ്ടപ്പെടുകയാണ്. ഒറ്റപ്പെട്ടതായി തോന്നുകയാണ്.
യാഥാര്‍ത്ഥ്യമെന്തെന്ന് എന്റെ ചുറ്റിലുമുള്ളവരെ ബോധ്യപ്പെടുത്തുന്ന ജോലി ഞാന്‍ സമീപകാലത്ത് ഉപേക്ഷിച്ചു. എത്ര കളവുകളാണ് ഞാന്‍ പൊളിച്ചടുക്കുക. ജയിലിലെ ചുമരുകളില്‍ തലയിടിക്കുകയല്ല ഞാന്‍ ചെയ്യുന്നത്. ജയിലില്‍ തനിച്ചിരിക്കുകയാണ് ഞാന്‍ ചെയ്യുന്നത്.
അതാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ എന്നിലുണ്ടായ മാറ്റം. അത് അസ്വസ്ഥ ജനകമാണ്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജനങ്ങളുടെയും വാഹനങ്ങളുടെയും ശബ്ദം എന്നെ അസ്വസ്ഥനാക്കുന്നു. ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടത്തിനപ്പുറം ജയിലിലെ ശാന്തതയാണ് ഇപ്പോള്‍ എന്റെ സ്വാഭാവികത. തടവറയുമായി ഞാന്‍ പൊരുത്തപ്പെടുകയാണോ?
ജയില്‍ ജീവിതം ചില നല്ല മാറ്റങ്ങളും എന്നില്‍ വരുത്തിയിട്ടുണ്ട്. ഞാന്‍ പുകവലി ഉപേക്ഷിച്ചു. രണ്ട് വര്‍ഷമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. അതിനര്‍ത്ഥം സാമൂഹ്യ മാധ്യമം എന്ന ലഹരിയേയും ഞാന്‍ മറികടന്നുവെന്നാണ്. ഇപ്പോള്‍ നിരവധി നോവലുകള്‍ എല്ലാ മാസവും വായിക്കുന്നു. എന്റെ ഉറക്കം ക്രമീകരിക്കപ്പെട്ടിരിക്കുന്നു (ഉമ്മാക്ക് ഇത് കേൾക്കുമ്പോൾ സന്തോഷം ആവുന്നുണ്ടാവും).
രാവിലെ എഴുന്നേല്‍ക്കുന്നു. പുലര്‍കാലം സുന്ദരമാണ്. തടവുകാര്‍ക്ക് കൗണ്‍സിലിങ് നല്‍കുന്ന വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് എനിക്കറിയാം. ക്രിസ്മസ് ഇന്‍ തിഹാര്‍ ആന്റ് അദര്‍ സ്റ്റോറീസ് എന്ന താങ്കളുടെ പുസ്തകം ഞാന്‍ രണ്ടു മാസം മുമ്പാണ് വായിച്ചത്.
ഇവിടെ കഥകള്‍ക്ക് ക്ഷാമമില്ല. എല്ലാ തരത്തിലുമുള്ള കഥകള്‍ക്കും. അവസാനമില്ലാത്ത കാത്തിരിപ്പിന്റെയും ദാരിദ്ര്യത്തിന്റെയും ഹൃദയം തകര്‍ക്കുന്ന അനീതിയുടെയും സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യാന്വേഷണത്തിന്റെയും മനുഷ്യന്റെ കുടിലതകളുടെയും കഥകള്‍. പുറത്തുവന്നാല്‍ അത്തരത്തിലൊരു കഥ എനിക്കും നിങ്ങള്‍ക്ക് പറഞ്ഞുതരാനാവും, അതുവരെ എഴുതി കൊണ്ടേയിരിക്കുക !
നിങ്ങളുടെ,
ഉമര്‍ ഖാലിദ്
(The Wire പ്രസിദ്ധീകരിച്ച, രോഹിത് കുമാറിൻ്റെ കത്തിന് സെപ്തംബർ 12 ന് ഉമർ ഖാലിദ് എഴുതിയ മറുപടിയുടെ സ്വതന്ത്ര പരിഭാഷ)
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS