Opinion

വസ്തുതകളല്ല, മുൻ വിധികളാണ് കേരളത്തിൻ്റെ അജണ്ടകൾ സെറ്റു ചെയ്യുന്നത്

നാസർ ഹുസൈൻ കിഴക്കേടത്ത്

ഒരു ദിവസം ക്ളാസിൽ വൈകി വന്നത് കൊണ്ട് , തന്റെയും, താൻ പഠിച്ച വിഷയത്തിന്റെയും തലവര മാറ്റിയ ഒരു വിദ്യാർത്ഥിയുടെ കഥയാണിത്.

1939 ൽ, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്കിലിയിൽ സ്റ്റാറ്റിസ്റ്റിക്‌സ് പിഎച്ച്ഡി വിദ്യാർത്ഥിയായിരുന്ന ജോർജ് ഡാൻസിഗ് (George Dantzig) ഒരു ദിവസം ക്ലാസ് അവസാനിക്കുന്ന സമയത്താണെത്തിയത്.

ബോർഡിൽ ഹോം വർക്ക് ആയി ചെയ്യാനുള്ള രണ്ടു ചോദ്യങ്ങൾ കണക്ക് പ്രൊഫെസ്സർ (Jerzy Neyman) എഴുതിയിട്ടിട്ടുണ്ടായിരുന്നു. സാധാരണയിൽ കൂടുതൽ കുഴപ്പം പിടിച്ച ഈ ഹോം വർക്ക് സോൾവ് ചെയ്യാൻ ഡാൻസിഗിന് കൂടുതൽ സമയം എടുത്തു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഈ പ്രശനങ്ങളുടെ സൊല്യൂഷൻ സമയം വൈകിയതിനുള്ള മാപ്പപേക്ഷയോടെ അദ്ദേഹം പ്രൊഫെസർക്ക് കൈമാറി.

ഏതാണ്ട് ആറാഴ്ചകൾ കഴിഞ്ഞപ്പോൾ പ്രൊഫെസ്സർ നെയ്മാൻ ഡാൻസിഗ് താമസിക്കുന്ന വീട്ടിലേക്കു അന്വേഷിച്ചു ചെന്നു. ഇതുവരെ സോൾവ് ചെയ്യാതിരുന്ന സ്റ്റാറ്റിസ്റ്റിക്സിലെ രണ്ടു പ്രശ്നങ്ങൾ സോൾവ് ചെയ്തതിൽ അഭിനന്ദിക്കാനും, അത് ശാസ്ത്ര ജേര്ണലിലേക്ക് പ്രസിദ്ധീകരണത്തിന് അയക്കാനുമാണ് അദ്ദേഹം ഡാൻസിഗിനെ കാണാൻ വന്നത്.

കുറച്ചു കഴിഞ്ഞാണ് എന്താണ് സംഭവിച്ചതെന്ന് ഡാന്സിഗിന് മനസിലായത്. ഡാൻസിഗ് സോൾവ് ചെയ്ത് പ്രശനങ്ങൾ യാഥാർത്ഥത്തിൽ ഹോംവർക് ചോദ്യങ്ങളായിരുന്നില്ല, മറിച്ച് സ്റ്റാറ്റിസ്റ്റിക്സിൽ തെളിയിക്കപ്പെടാത്ത കിടന്നിരുന്നു രണ്ടു പ്രശ്നങ്ങൾ പ്രൊഫെസ്സർ ക്ലാസ്സിന്റെ തുടക്കത്തിൽ കുട്ടികളുമായി ചർച്ച ചെയ്തപ്പോൾ ബോർഡിൽ എഴുതിട്ടവയായിരുന്നു. അവയ്ക്കാണ് ഹോംവർക്ക് ആണെന്ന് കരുതി ഡാൻസിഗ് തെളിവ് (proof) കണ്ടെത്തിയത്.

ഡാൻസിഗിന്റെ Phd തീസിസ് തന്നെ ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായിരുന്നു. ഡാൻസിഗിന്റെ പ്രതിഭയെ മാനിക്കുമ്പോൾ തന്നെ ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്ന മറ്റൊരു കാര്യമുണ്ട്. തുറന്ന മനസോടെ ഒരു കാര്യത്തെ സമീപിച്ചാൽ അതിന് പരിഹാരം കണ്ടെത്താൻ പലപ്പോഴും, മുൻവിധിയോടെ സമീപിക്കുന്നതിനേക്കാൾ എളുപ്പമായിരിക്കും. “Mind is like a parachute, It doesn’t work if it is not open” എന്നത് അന്വർത്ഥമാക്കിയ സംഭവമാണ് മേല്പറഞ്ഞത്.

ഒരു പക്ഷെ ഇത് ഇതുവരെ സോൾവ് ചെയ്യാത്ത ഒരു പ്രശ്നം ആണെന് ഡാൻസിഗിന് അറിയാമായിരുന്നു എങ്കിൽ ഇത് അദ്ദേഹം സോൾവ് ചെയ്യുമായിരുന്നോ എന്നത് നമുക്ക് ഊഹിക്കാൻ മാത്രമേ ഇപ്പോൾ കഴിയൂ.

നമ്മുടെ നാട്ടിലേക്ക് വന്നാൽ കേരളത്തിലെ പല പ്രശ്ങ്ങളിലും ആളുകൾ ഇടപെടുന്നത് മുൻവിധികളോടെയാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്, പലപ്പോഴും നമ്മൾ വസ്തുതകളുടെയും അറിവിന്റെയും അടിസ്ഥാനത്തിൽ ഒരു തീരുമാനത്തിൽ എത്തുന്നതിനു പകരം , നമ്മുടെ മുൻവിധിക്ക് വേണ്ടി തെളിവുകൾ കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്.

ഉദാഹരണത്തിന് കെ റെയിലിന്റെ പ്രശ്നം നടക്കുന്ന സമയത്ത് , പൊതുഗതാഗത മാർഗങ്ങളെ കുറിച്ച് അറിവില്ലാത്തവർ മുതൽ ഒരു ട്രെയിൻ വളവ് തിരിയുന്നത് എങ്ങിനെയാണ് എന്ന് പോലും അറിയാത്തവർ എല്ലാവരും അഭിപ്രായം പറയുന്നത് കണ്ടിരുന്നു, അതിൽ കേരളത്തിലെ കവികളും, അദ്ധ്യാപകരും പരിസ്ഥിതി പ്രവർത്തകരും പെടും. ഒരു ജനാധിപത്യ രാജ്യത്ത് എല്ലാവരും അഭിപ്രായം പറയുന്നത് സ്വാഭാവികമായ കാര്യമാണ്, പക്ഷെ പലപ്പോഴും നമ്മുടെ മുൻവിധിക്ക് വേണ്ടിയുള്ള തെളിവുകളാണ് നമ്മളിൽ പലരും ശേഖരിക്കുന്നത് എന്നതാണ് പ്രശനം.

തുറന്ന മനസോടെ ഒരു പ്രശ്നത്തെ സമീപിച്ച് വസ്തുതകളുടെ അടിസ്ഥാനത്തിൽ അഭിപ്രായം രൂപീകരിക്കുന്നത് വളരെ കുറച്ച്പേർ മാത്രമാണ്.

ഉദാഹണത്തിന് ഒരു നെല്പാടമാണോ, അതിൽ കൂടി കടന്നു പോകുന്ന കെ റെയിലാണോ കൂടുതൽ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നത് എന്ന ചോദ്യം വന്നാൽ , കെ റെയിലിന് രാഷ്ട്രീയമോ അല്ലാത്തതോ ആയ കാരണം കൊണ്ട് എതിരായ ഒരാൾക്ക്, അല്ലെങ്കിൽ ശാസ്ത്ര വസ്തുതകളുടെ അടിസ്ഥാനത്തിൽ അല്ലാതെ പരിസ്ഥിതി പ്രേമം ഉള്ളവർക്ക് ഉത്തരം റെയിൽവേ പാളമാണ് കൂടുതൽ അപകടകാരി എന്നായിരിക്കും.

പക്ഷെ ഇതിന്റെ ഉത്തരം അത്ര ലളിതമായ ഒന്നല്ല. അത് മനസ്സിലാക്കണമെങ്കിൽ നെൽച്ചെടികളുടെ വേരുകൾ വെള്ളത്തിൽ മുങ്ങികിടക്കുന്നത് കൊണ്ട്, ഓക്സിജൻ ഭൂമിയിലേക്ക് ഇറങ്ങില്ല എന്നും, അത് ചില ബാക്ടീരിയകളുടെ പ്രവർത്തന ഫലമായി, അന്തരീക്ഷത്തിലേക്ക് മീഥേൻ എന്ന ഗ്യാസ് പുറപ്പെടുവിക്കും എന്നൊക്കെ അറിയേണ്ടി വരും.

ആഗോളതാപനത്തിന്റെ പത്തുശതമാനത്തിലേറെ ഉണ്ടാകുന്നത് നെൽകൃഷിയിൽ നിന്നാണ് എന്ന് പലർക്കും കേരളത്തിൽ അറിയാത്ത വസ്തുതയാണ്. ട്രെയിൻ യാത്ര പരിസ്ഥിതിക്ക് ഏറ്റവും കുറവ് ദോഷം ചെയ്യുന്ന ഒരു യാത്രമാർഗമാണ്. റെയിൽവേ ഗതാഗതത്തിൽ ഓരോ കിലോമീറ്ററിലും പുറത്ത് വിടുന്ന വാതകങ്ങളുടെ ഹരിതഗൃഹ പ്രഭാവം കാറുകളേക്കാൾ 80% കുറവാണ്.

എന്നാൽ ഇതിന് മറിച്ചൊരു വശം കൂടിയുണ്ട്, നെൽവയലുകൾ ജൈവവൈവിധ്യം നിലനിർത്തുന്ന സ്ഥലങ്ങൾ കൂടിയാണ്, അതിന് കോട്ടം തെറ്റാത്ത തരത്തിലുള്ള നിർമിതികൾ നമുക്കാവശ്യമാണ്. ആദ്യം ചോദ്യം വായിച്ചപ്പോൾ നിങ്ങൾക്ക് ഒരു പക്ഷെ തോന്നിയ ഉത്തരം പോലെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പ്രശനമല്ല ഇതെന്നാണ് പറയാൻ ശ്രമിച്ചത്.

കെ റെയിൽ ഒരു ഉദാഹരണമായി പറഞ്ഞു എന്നെ ഉള്ളൂ.

എന്തുകൊണ്ട് നമ്മുടെ സർവകലാശാലകളിൽ ലോകോത്തര നിലവാരമുള്ള ഗവേഷണം നടക്കുന്നില്ല എന്ന ചോദ്യത്തിനും അത് സർക്കാരിന് വേണ്ടപ്പെട്ടവരെ അദ്ധ്യാപകരായി നിയമിച്ചത് കൊണ്ടാണെന്ന് ഉള്ള കമെന്റുകൾ കണ്ടിട്ടുണ്ട്, പക്ഷെ സർവകലാശാല അദ്ധ്യാപകരിൽ എത്ര ശതമാനം ആളുകൾ ഇതുപോലെ നിയമിക്കപ്പെട്ടിട്ടുണ്ട് എന്ന കണക്കുകൾ ആരും നൽകി കണ്ടിട്ടില്ല.

വസ്തുതകൾ നമ്മുടെ വാദങ്ങൾക്ക് ഉപോൽബലകമായി വച്ചാൽ വാദങ്ങൾക്ക് കൂടുതൽ ശക്തിയുണ്ടാകും. ഈ പറഞ്ഞത് എല്ലാ കാലത്തും എല്ലാവർക്കും ബാധകമാണ്, നമുക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടി അധികാരത്തിൽ ഇരിക്കുമ്പോൾ മാത്രം ചെയ്യേണ്ടതല്ല.

നമ്മുടെ വിശ്വാസങ്ങൾ ഊട്ടിയുറപ്പിക്കാനുള്ള തെളിവുകൾ മാത്രം ശേഖരിക്കുന്നതും മറ്റുള്ളവ തള്ളിക്കളയാനുള്ള പഴുതുകൾ നോക്കുന്നതും പക്ഷെ മനുഷ്യ സ്വഭാവമാണ്.

സ്ഥിരീകരണ പക്ഷപാതം: ഒരാളുടെ മുൻ വിശ്വാസങ്ങളെയോ മൂല്യങ്ങളെയോ സ്ഥിരീകരിക്കുന്നതോ പിന്തുണയ്ക്കുന്നതോ ആയ രീതിയിൽ വിവരങ്ങൾ തിരയാനും വ്യാഖ്യാനിക്കാനും അനുകൂലിക്കാനും ഓർമിക്കാനും ഉള്ള പ്രവണത എന്നാണ് അതിന്റെ പേര് (Confirmation bias).

ഒരു ഗ്രൂപ്പിന്റെ കൂടെ നിൽക്കാനുള്ള മനുഷ്യന്റെ ആന്തരിക ത്വരയുടെ ഭാഗമാണിത്. ഇതിൽ നിന്ന് പുറത്തേക്ക് വരാൻ നമ്മൾ കരുതിക്കൂട്ടി ശ്രമിച്ചാൽ മാത്രമേ കഴിയൂ..

നോട്ട് : ഒരു കാർ വളവു തിരിക്കുന്ന പോലെ ട്രെയിൻ തിരിക്കാൻ പറ്റില്ല, കാറുകൾ വളവ് തിരിയുമ്പോൾ രണ്ടു ചക്രങ്ങളും രണ്ടു സ്പീഡിൽ പോകേണ്ടി വരും, കാരണം ഒരു വളവിന്റെ അകത്തുള്ള ചക്രവും പുറത്തുള്ള ചക്രവും സഞ്ചരിക്കുന്നത് വ്യത്യസ്‍ത ദൂരങ്ങൾ ആയിരിക്കും, ട്രെയിന്റെ fixed ആക്സിൽ ആയത് കൊണ്ട്, ട്രെയിൻ ചക്രത്തിന്റെ കോണിക്കൽ ആയുള്ള പ്രത്യേക രൂപമാണ്, ട്രെയിൻ വളവ് തിരിയുമ്പോൾ ഈ പ്രശ്നം പരിഹരിക്കാൻ ഉപകരിക്കുന്നത്.

നോട്ട് 2 : കേരളത്തിൽ ഏറ്റവും കൂടുതൽ അഭിപ്രായ രൂപീകരണം നടത്തുന്ന മാധ്യമങ്ങളാണ് നിർഭാഗ്യവശാൽ ഒരു വാർത്തക്ക് മുമ്പ് ഏറ്റവും കുറവ് വസ്തുതകൾ ഗവേഷണം നടത്തുന്നത് . വർത്തയുടെ സ്പീഡ് കൂടുമ്പോൾ കൃത്യത കുറയുന്നു എന്നതാണ് കാര്യം.

Nazeer Hussain Kizhakkedathu

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x