Opinion

‘മുസ്ലിമായ ചെങ്കീസ് ഖാൻ’; രവിചന്ദ്രൻ്റെ ബോധപൂർവമായ മുസ്ലിം വെറുപ്പ്

പ്രാശാന്ത് ഗീത അപ്പുൽ

രവിചന്ദ്രന് പറ്റിയ ഒരു തെറ്റ് അഥവ നാക്കു പിഴയാണ് ചെങ്കീസ് ഖാനിൻ്റെ കാര്യത്തിൽ എന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ?

എങ്കിൽ ഇത് വായിക്കുക,

1920 കളിലെ ഗംഗാസമതലത്തെ കുറിച്ച് ചാരുഗുപ്ത തൻ്റെ Sexuality , obscenity Community എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ആ കാലമത്രയും പ്രചരിച്ചിരുന്ന നബിയുടെ അതിലൈംഗീക ശക്തി (Hyper Sexuality) യെ മുസ്ലിം പുരുഷന്മാരോട് ചേർത്ത് വായിച്ച് അവരെ സ്ത്രീലമ്പടരും അമിതാകാമസ്കതിയുള്ളവരുമായി മാറ്റിയെടുക്കുന്ന ഒരു സാമുഹ്യ ബോധവൽക്കരണമുണ്ടായിരുന്നു.

ഈ കാലത്ത് ഹിന്ദു സ്ത്രീകളെ മുസ്ലിം പുരുഷന്മാർ വളച്ചെടുക്കുന്നതായും മതം മാറ്റുന്നതായും ആരോപണങ്ങൾ ഉയർന്നു.

ആ സമയം ഇന്നത്തെ നാർകോട്ടിക് ജിഹാദ് പോലെ സ്ത്രീകളെ തട്ടികൊണ്ടു പോകുന്ന മുസ്ലിങ്ങൾ എറെയുണ്ടെന്ന് കുറെ ഇല്ലാ കഥകൾ നിർമ്മിക്കപ്പെട്ടു.

1923 ൽ അന്നത്തെ ഹിന്ദു മഹാസഭയും പ്രസിഡണ്ടായിരുന്ന മദൻ മോഹൻ മാളവ്യ ബനാറസിൽ നടത്തിയ ഒരു പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു, “…..ഹിന്ദു സ്ത്രീകളെ തട്ടികൊണ്ടു പോകുന്ന ഒന്നോ അതിലധികമോ വാർത്തകളില്ലാത്ത ഒരു ദിനം പോലും ഇല്ല എന്നാകുന്നു. മുസ്ലിങ്ങളിലെ ഗുണ്ടകളും തെമ്മാടികളഉം മാത്രമല്ല ഉന്നത സ്ഥാനീയരും ഇത് ചെയ്യുന്നു എന്നതാണ് എറെ പ്രശ്നം……..”

ആ ഘട്ടത്തിൽ വളരെ വിവാദമായ ഒന്നായിരുന്നു അന്നത്തെ കാൻപൂർ ഡെപ്യൂട്ടി കളക്ടർ ആയിരുന്ന റാസ അലിയെക്കെതിരെ വന്ന ആരോപണം. ഒരു ഹിന്ദു യുവതിയെ തട്ടികൊണ്ടു പോകുകയും മതം മാറ്റുകയും ചെയ്തു എന്നതായിരുന്നു റാസ അലിയുടെ കുറ്റം. ആ ഹിന്ദു യുവതി ഒരു ബ്രാഹ്മണ വിധവയായിരുന്നു. ആ സ്ത്രീയ സഹായിക്കുകയോ മറ്റോ ചെയ്തതാണ് റാസ അലിയുടെ കുറ്റം.

എന്നാൽ ഇത് വലിയ വിവാദമായി മാറി, അന്നത്തെ പുരോഗമനക്കാരുടെ കുത്തകയായിരുന്ന പത്രങ്ങൾ സത്യം മനസ്സിലാക്കാതെ റാസ അലിയെ ഹൈപ്പർ സെക്ഷ്വൽ Abduction Muslim ആക്കി ചിത്രീകരിച്ചു. റാസ അലി ഒരു സർക്കാർ പോസ്റ്റിലായിരുന്നത് വലിയ ശ്രദ്ധ നേടികൊടുത്തു.

മുസ്ലിങ്ങളൊക്കെ പെണുങ്ങളെ തട്ടികൊണ്ടു പോയി മതം മാറ്റുന്നവരാണ് എന്ന വാദത്തിന് ബലം കിട്ടി. പലരും അത് വിശ്വസിച്ചു. എന്നാൽ ഇത്തരം തട്ടി കൊണ്ടു പോകൽ വാർത്തകളും അസത്യമായിരുന്നു. പലപ്പോഴും ബ്രീട്ടീഷ് സർക്കാർ തന്നെ ഇടപെട്ട് ഇതിലെ സത്യം പുറത്തു കൊണ്ടു വന്നിരുന്നു.

തട്ടികൊണ്ടു പോകൽ വാർത്ത ആദ്യ പേജിൽ വെണ്ടക്ക നിരത്തുന്ന പ്രാദേശിക പത്രങ്ങൾ ഈ കാര്യങ്ങളിലെ സത്യം എഴുതുന്നത് അവസാന പേജിൽ ചെറിയ കോളത്തിൽ ഒതുക്കുമായിരുന്നു എന്ന് ചാരു ഗുപ്ത പറയുന്നു.

പത്രം തിരുത്തിറക്കിയാലും വർഗ്ഗീയമായി അത് ചെയ്യേണ്ടേ പണി കഴിഞ്ഞിട്ടുണ്ടാകും.

ചെങ്കീസ് ഖാനിനെ കുറിച്ച് കേട്ട ആർക്കും അറിയാവുന്നത് അയാളുടെ ക്രൂരതകളെ കുറിച്ചായിരിക്കും. സത്യത്തിൽ ഖാൻ എന്ന പേരിലൂടെ അയാളുടെ ക്രൂരതകളെ ഇസ്ലാമിലേക്കും തുടർന്ന് ഇന്നത്തെ മുസ്ലിങ്ങളിലേക്കും ആരോപിച്ചെടുക്കുക എന്ന വലിയ വിഷം കയറ്റലാണ് രവി ചെയ്യുന്നത്.

അത് പാളിയത് കൊണ്ട് മാത്രമാണ് അയാൾ തിരുത്തുന്നത്. ആ തിരുത്തിന് ചരിത്രത്തിൽ ഒരു പ്രസക്തിയും ഇല്ല. എന്നാൽ ആ തെറ്റിനോ നാക്കുപിഴയ്ക്ക് ഉണ്ടാക്കാവുന്ന ഡാമേജ് അത് ഉണ്ടാക്കുകയും ചെയ്യും.

അത് കൊണ്ട് തന്നെ രവി മണ്ടനായത് കൊണ്ടല്ല, ബുദ്ധി കൂടിയത് കൊണ്ടാണ് ഇത്തരം ഉഡായിപ്പിറക്കുന്നത് എന്നാണ് എൻ്റെ തോന്നൽ.

ചെങ്കീസ് ഖാൻ പരാമർശത്തെ പറ്റി ഇപ്പോ ഭക്തശിരോമണികൾ പാടി നടക്കുന്ന ന്യായീകരണങ്ങളിൽ ആദ്യത്തേത് തെറ്റ് പറ്റി, അത് തിരുത്തി എന്ന് സമ്മതിക്കുകയും തിരുത്തിയത് എന്തോ വലിയ കാര്യമാണെന്ന് വാദിക്കുകയും ചെയ്യുന്നതാണ്.

സത്യത്തിൽ ഇവിടെ തെറ്റാണോ പറ്റിയത്? എന്താണ് തെറ്റെന്ന് പറഞ്ഞാൽ വസ്തുതാപരമല്ലാത്ത കാര്യങ്ങൾ പറയുക.

ചെങ്കീസ്ഖാനിൻ്റെ അച്ഛൻ്റെ പേരോ വംശത്തിൻ്റെ പേരോ തെറ്റാകുക. അയാൾ ജീവിച്ചിരുന്ന കാലഘട്ടം മാറി പോകുക എന്നതോക്കെ ഒരു തെറ്റാകാം. അത്തരം തെറ്റ് പറയുമ്പോളും പറയാനുദ്ദേശിക്കുന്ന ആശയത്തെ അത് ബാധിക്കാതെ ഇരിക്കാം.

ഉദാഹരണത്തിന് ഇന്ദീരാഗാന്ധി മഹാത്മഗാന്ധിയുടെ മകളാണെന്നും ആ അഹങ്കാരത്തിലാണ് അടിയന്തരാവസ്ഥ കൊണ്ടു വന്നതെന്നും പറഞ്ഞാൽ അതിലെ ” തെറ്റ് ” നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും.

എന്നാൽ ഫക്രുദ്ദീൻ അലി അഹമ്മദെന്ന മുസ്ലിം, ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നും അദ്ദേഹത്തിൻ്റെ മരണ ശേഷം ഇന്ദിരാഗാന്ധി ആ അടിയന്തരാവസ്ഥ നിർത്തലാക്കിയെന്നും അതിനെതിരെ RSS സമരം ചെയ്തിട്ടുണ്ടെന്നും കേട്ടാൽ അതിനെ തെറ്റ് എന്നല്ല പകരം ഗുഢതന്ത്രം എന്നാണ് പറയേണ്ടത്.

അത് കൈയോടെ പിടിച്ചതാണ്.

ആ സംസാരം ശ്രദ്ധിച്ചാൽ മനസ്സിലാകും, ചെങ്കീസ് ഖാൻ ക്രൂരനാണ്, അയാൾ കൊടും ക്രൂരത ചെയ്തിട്ടുണ്ട്. ഈ ക്രൂരത മതം മാറ്റത്തിനാണ്. ഇത്രയും ക്രൂരത ചെയ്തിട്ടുണ്ടെങ്കിൽ ആ മതം ഇസ്ലാം ആയിരിക്കും അതുകൊണ്ട് ഇസ്ലാം ഒരു ക്രൂരമായ മതം ആണ് എന്നാണ് രവി പറയാൻ ശ്രമിക്കുന്നത്.

ഇതിനെ തെറ്റ് എന്നല്ല guilt by association Fallacy എന്നാണ് വിളിക്കേണ്ടത്. ന്യായ വൈകല്യങ്ങൾ “തെറ്റല്ല’ മറിച്ച് സ്വന്തം മുൻ വിധികളും വാദങ്ങളും വാദിച്ചുറപ്പിക്കാൻ മനപ്പൂർവ്വം ഉപയോഗിക്കുന്ന തന്ത്രങ്ങളാണ്.

ഇവിടെ തിരുത്തിയെന്ന് പറയാമെങ്കിൽ അത് ചെങ്കീസ് ഖാനിൻ്റെ മതത്തെ കുറിച്ചുള്ള തൻ്റെ അറിവില്ലായ്മ മാത്രമാണ്. എന്നാൽ ഇസ്ലാമിനെ ക്രൂരതയോട് ചേർത്ത് കെട്ടുന്ന മുൻവിധികളോ, സാമന്യവൽക്കരണങ്ങളോ അയാൾ തിരുത്തുന്നില്ല.

ചെങ്കിസ് ഖാൻ മുസ്ലിം ആണെന്ന് പറയുന്നതിനേക്കാൾ അപകടം മുസ്ലിങ്ങളോക്കെ ക്രൂരന്മാരാണ് എന്ന സാമന്യവൽക്കരണമാണ്, അത് അയാൾ തിരുത്തിയിട്ടില്ല. തിരുത്താൻ പോകുന്നും ഇല്ല.

കാരണം അയാളുടെ പ്രസംഗങ്ങളുടെ അടിസ്ഥാനം തന്നെ മുസ്ലിം വിരോധമാണ്. സംഘപരിവാറിനെ പോലെ അത് പ്രചരിപ്പിച്ചാണ് അയാൾ പ്രശസ്തനാകുന്നത്. തേങ്ങയ്ക്ക് പകരം മാങ്ങ അരച്ചത് തെറ്റായി എന്ന് സമ്മതിച്ചാലും താള് കറി താള് കറി തന്നെ.

ഇനി അടുത്ത ന്യായീകരണം മേൽപ്പറഞ്ഞതിനെ കൃത്യമായി തെളിയിക്കുന്നു. ചോദ്യം ചെങ്കീസ് ഖാൻ മുസ്ലിമാണെന്ന് തെറ്റിദ്ധരിക്കൽ സ്വഭാവികം, പക്ഷെ അയാൾ കൂട്ടകൊലകൾ കൺവെർഷൻ്റെ ഭാഗമായിരിക്കം എന്ന് പറഞ്ഞത് ബോധപൂർവ്വമല്ലേ എന്നാണ്.

അതിന് ഭക്തശിരോമണിയുടെ ഉത്തരം നോക്കുക, ചെങ്കീസ് മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ചാൽ രണ്ടാമത് പറഞ്ഞ കാര്യം (അയാൾ കൂട്ടകൊലകൾ കൺവെർഷൻ്റെ ഭാഗമായിരിക്കം) സ്വഭാവികമായും ആരും പറയാൻ സാദ്ധ്യതയിലേ എന്നാണ് ശിരോമണി തിരിച്ച് ചോദിക്കുന്നത്.

അതായത് ചെങ്കീസ് ഖാൻ മുസ്ലിമായിരുന്നെങ്കിൽ കൺവെർഷൻ്റെ ഭാഗമായി കൂട്ട കൊലകൾ നടത്തിയിരിക്കും എന്ന മുൻവിധിയിലാണ് ടിയാൻ. അതിന് പ്ലാൻ വേണ്ട അതിങ്ങനെ തന്നെ ആയിരിക്കും എന്ന് പുള്ളിക്ക് ഉറപ്പുണ്ട്.

ഇനി അടുത്ത കമൻ്റ് നോക്കുക. ഇത്രയും ക്രൂരത ചെയ്ത ചെങ്കീസ് ഖാൻ്റെ അടുത്ത തലമുറ ഇസ്ലാമിലേക്ക് കൺവെർട്ട് ചെയ്തത്രേ. അതായത് ഇത്രയും ക്രൂരതയുള്ളവർ ഇസ്ലാമിലേക്ക് അല്ലാതെ മറ്റെവിടെയും പോകില്ല സത്യത്തിൽ ഇസ്ലാമിനെ ക്രുരതയുമായി കൂട്ടി കെട്ടി hasty-generalization ആണ് രവിയും കൂട്ടരും ചെയ്യുന്നത്.

ഒരാളുടെ ജന്മം കൊണ്ട് തന്നെ അയാളുടെ സഹജ സ്വഭാവം നിർണ്ണയിക്കപ്പെടും എന്ന് പറയുന്ന ജാതിനിർണ്ണയം പോലെയുള്ള സാമാന്യവൽക്കരണമാണ് അത്രാജ്പൂത്തുകൾ വലിയ ധീരന്മാരായിരിക്കും തോട്ടികൾക്ക് മലത്തെ കുറിച്ച് ശാസ്ത്രീയമായി അറിയാം എന്നോക്കെ ജന്മം കൊണ്ട് സ്വഭാവം നിർണ്ണയിക്കുന്ന അതേ ജാതി വെറിയുടെ മെക്കാനിസമാണ് ക്രൂരതയെ ഇസ്ലാമിൻ്റെ സഹജ സ്വഭാവമാക്കി സാമാന്യ വൽക്കരിച്ച് രവിയും കൂട്ടരും ഉണ്ടാക്കിയെടുക്കുന്നത്.

ഇസ്ലാം കേരളത്തിൽ പ്രചരിച്ചത് ഏത് കൂട്ടകൊലകളുടെ അടിസ്ഥാനത്തിലാണ് എന്ന് ഇവർ പറയണം, ഇസ്ലാമിന് കേരളത്തിൽ അപരവൽക്കരണം ഇല്ല എന്നാണ് ഇവർ വാദിക്കുന്നത്.

ഇസ്ലാമിനെ കേരളത്തിൽ അപരവൽക്കരിക്കുന്ന സംഘപരിവാറിനെക്കാൾ കൂടുതൽ രവിയുടെ നാസ്തിക മോർച്ചയാണ്.

5 3 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x