Law

സിദ്ദീഖ് കാപ്പനെ കുടുക്കിയതിൽ മനോരമ ലേഖകന്റെ മൊഴിയും; വെളിപ്പെടുത്തലുമായി ദേശീയ മാധ്യമം

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായിരുന്ന സിദ്ദിഖ് കാപ്പനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ യു.പി പോലിസിന് സഹായകമായത് മലയാള മനോരമ ലേഖകന്റെ മൊഴി. മനോരമയുടെ പട്‌ന ലേഖകന്‍ വി വി ബിനുവിന്റെ മൊഴിയാണ് സിദ്ദീഖിനെ കുടുക്കിയതെന്ന് വാര്‍ത്താ പോര്‍ട്ടലായ ‘ന്യൂസ് ലോണ്‍ഡ്രി’ റിപ്പോര്‍ട്ട് ചെയ്തു.

സിദ്ദിഖ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന വാര്‍ത്തകള്‍ നിരന്തരം നല്‍കിയെന്നും യുപി പ്രത്യേക അന്വേഷണ സംഘത്തിന് ബിനു മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിയില്‍ കെ.യു.ഡബ്‌ള്യു.ജെ ഭാരവാഹികളായിരുന്ന മറ്റു ചില മാധ്യമപ്രവര്‍ത്തകരും വര്‍ഗീയത ഇളക്കിവിടും വിധം വാര്‍ത്തകള്‍ നല്‍കിയെന്നും ഇവര്‍ക്കെതിരായി കൂടി അന്വേഷണം വേണമെന്നും ബിനു യുപി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിദ്ദിഖിനും ഡല്‍ഹിയിലെ മറ്റ് മലയാള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായും ബിനു നല്‍കിയ വിശദമായ മൊഴി മഥുര കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ യുപി പോലിസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിദ്ദിഖ് കാപ്പനെ വര്‍ഗീയവാദിയായി ചിത്രീകരിച്ച് ഓര്‍ഗനൈസര്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശ്രീദത്തന് ബിനു അയച്ച ഇമെയിലുകളുടെ പകര്‍പ്പും കുറ്റപത്രത്തിന്റെ ഭാഗമാണ്.

സിദ്ദിഖും മറ്റുചില മാധ്യമപ്രവര്‍ത്തകരും വര്‍ഗീയ താല്‍പ്പര്യത്തോടെ നിരന്തരം വാര്‍ത്തകള്‍ നല്‍കിയെന്ന് ബിനു അറിയിച്ചതായി 2020 ഡിസംബര്‍ 31 ന് ഡെയിലി ഡയറി എന്‍ട്രിയായി യുപി പൊലീസ് കേസ് ഫയലില്‍ രേഖപ്പെടുത്തി.

തുടര്‍ന്ന് പൊലീസ് ബിനുവിനെ ബന്ധപ്പെട്ടു. നേരിട്ട് ഹാജരാകാനാകില്ലെന്നും ഇമെയിലില്‍ അറിയിക്കുന്ന കാര്യങ്ങള്‍ മൊഴിയായി രേഖപ്പെടുത്താമെന്നും ബിനു അറിയിച്ചു. ദേശീയ അഖണ്ഡതയ്ക്കും മതസൗഹാര്‍ദ്ദത്തിനും അപകടം ചെയ്യും വിധം വര്‍ഗീയത പടര്‍ത്തുന്നതില്‍ സിദ്ദിഖിന്റെയും ഡല്‍ഹിയിലെ മറ്റുചില കെ.യു.ഡബ്ള്യു.ജെ നേതാക്കളുടെയും പങ്ക് എന്നാണ് ബിനുവിന്റെ മൊഴിയിലെ ആദ്യ ഉപതലക്കെട്ട്. എന്നാല്‍ ഇത് തെളിയിക്കുന്ന യാതൊരു രേഖയും ബിനു കൈമാറിയിട്ടില്ല.

Link: https://www.newslaundry.com/2021/12/28/how-a-malayala-manorama-journalists-suspicions-about-kappan-figure-in-up-police-chargesheet

ബിനുവിന്റെ മൊഴിയുടെ ചുരുക്കം ഇപ്രകാരമാണ്. ‘സിഎഎ വിരുദ്ധ സമരത്തിന്റെ ഘട്ടത്തില്‍ ജാമിയയിലെ പോലിസ് നടപടിയുമായി ബന്ധപ്പെട്ട് കെ.യു.ഡബ്‌ള്യു.ജെ അംഗങ്ങളായ മാധ്യമപ്രവര്‍ത്തകര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഏഷ്യാനെറ്റ്, മീഡിയാവണ്‍ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ സിദ്ദിഖ് സ്വാധീനിച്ചു. ഈ രണ്ട് ചാനലുകള്‍ക്കും 48 മണിക്കൂര്‍ വിലക്ക് വന്നു.

എന്നാല്‍ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായി നടപടിയുണ്ടായില്ല. സിദ്ദിഖിനെ യുപി പൊലീസ് ‘ഇര’യാക്കിയതെന്ന തരത്തില്‍ കെ.യു.ഡബ്‌ള്യു.ജെയിലെ അള്‍ട്രാ ലെഫ്റ്റ് മാധ്യമപ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തി. ഇവരുടെ പങ്ക് അന്വേഷിക്കണം.

കെ.യു.ഡബ്‌ള്യു.ജെ സെക്രട്ടറിയായിരിക്കെ പോപുലര്‍ ഫ്രണ്ടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സിദ്ദിഖ് യൂനിയന്‍ ഫണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു. സിദ്ദിഖ് സജീവ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്. രാജ്യത്താകെ വര്‍ഗീയത പടര്‍ത്താന്‍ സിദ്ദിഖ് ശ്രമിച്ചു’

3 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x