Opinion

കെ.പി യോഹന്നാന്റെ ആറായിരം കോടിയും ലവ്ജിഹാദും

പ്രതികരണം/ ആബിദ് അടിവാരം

കഴിഞ്ഞ ദിവസങ്ങളിൽ തിരുവല്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിസ്ത്യൻ പുരോഹിതൻ കെപി യോഹന്നാന്റെ സ്ഥാപനങ്ങളിൽ നടന്ന റെയ്‌ഡിനെക്കുറിച്ചുള്ള വാർത്ത ചിലരെങ്കിലും കേട്ടിരിക്കും. 500 കോടി രൂപ പിടിച്ചു കഴിഞ്ഞു, ആറായിരം കോടിയുടെ കള്ളപ്പണം കെപി യോഹന്നാന്റെ കയ്യിൽ ഉണ്ടെന്നാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ കരുതുന്നത്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ള യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് തുടരുകയാണ്. ഇത്ര വലിയൊരു സംഭവം പക്ഷെ നമ്മുടെ മാധ്യമങ്ങളിൽ കാര്യമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ? ഇതേ റെയ്ഡ് നടന്നത് ഏതെങ്കിലും മുസ്ലിം സ്ഥാപനങ്ങളിൽ ആയിരുന്നെങ്കിൽ ഇവിടെ നടക്കുന്ന പുകിലുകൾ എന്തായിരിക്കുമെന്ന് ഊഹിക്കാനാവുമോ ?

ഭക്തി വ്യവസായ തട്ടിപ്പിൽ ഇന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ക്രിസ്ത്യൻ പുരോഹിതന്മാരാണ്, കേരളത്തിൽ പോലും കൂട്ടത്തോടെ ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന തട്ടിപ്പ് പരിപാടികൾ സജീവമായി നടക്കുന്നുണ്ട്.

ഈയിടെ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ നായകനായ ട്രാൻസ് സിനിമയിൽ ഈ തട്ടിപ്പിനെ തുറന്നു കാണിച്ചിട്ടുണ്ട്. ഭരിക്കുന്നവരെ പ്രീണിപ്പിക്കാനുള്ള ക്രിസ്ത്യൻ സഭകളുടെ മിടുക്ക് പ്രസിദ്ധമാണ്, ലോകത്തെവിടെയും അതങ്ങനെയാണ്. പോർച്ചുഗീസുകാർ ഭരിച്ചാൽ അവരോടൊപ്പം, ബ്രിട്ടിഷുകാർ ഭരിച്ചാൽ അവരോടൊപ്പം, സാമൂതിരി ഭരിക്കുമ്പോൾ സാമൂതിരിയോടൊപ്പം കോൺഗ്രസ്സ് ഭരിച്ചാൽ അവരോടൊപ്പം ബിജെപി ഭരിച്ചാൽ അവരോടൊപ്പം എന്നതാണ് മിക്ക സഭകളുടെയും ‘രാഷ്ട്രീയ’ നിലപാട്.

സ്വന്തം കള്ളത്തരങ്ങൾ മറച്ചു വെക്കാനും, അനധികൃത പണസമ്പാദനത്തിനും വേണ്ടി ചില പുരോഹിത നേതൃത്വങ്ങൾ നടത്തുന്ന ഈ പ്രീണന തന്ത്രങ്ങൾ ക്രിസ്ത്യൻ സമുദായത്തെ പ്രതിസന്ധിയിലേക്ക് കൊണ്ട് പോവുകയാണ്. നിസ്വാർത്ഥരായ കുറെയേറെ പുരോഹിതന്മാർ ഇടവകകളിലെ വിശ്വസിക്കൾക്കു വേണ്ടി ജീവിതം സമർപ്പിച്ച് കെട്ടിപ്പടുത്തതാണ് കുടിയേറ്റമേഖലകളിൽ ഇന്ന് കാണുന്ന പുരോഗതിയും ജീവിത നിലവാരവും. അതിനെയാണ് കള്ളനാണയങ്ങളായ അച്ചന്മാർ ദുരുപയോഗം ചെയ്യുന്നത്.

കള്ളപ്പണത്തിലും ‘കള്ള മഠങ്ങളിലും ‘ കള്ളുകുടിയിലും അഭിരമിക്കുന്നവർ അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി എന്ത് നെറികെട്ട സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും നടത്താൻ തയ്യാറാണ്.

അതിന് ഉദാഹരമാണ്, ലവ് ജിഹാദ് ആരോപണം. വിവിധ മതക്കാരും ജാതിക്കാരും ഒന്നിച്ചു ജീവിക്കുന്ന സമൂഹത്തിൽ ആളുകൾ ജാതി മതങ്ങൾക്കതീതമായി പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അത് ലോകത്തെവിടെയും നടക്കുന്നുണ്ട്, ഇന്ത്യയിലുമുണ്ട് .

ചിലർ സൗകര്യ പൂർവ്വം മതം മാറുന്നുണ്ട്. ചിലർ നേരത്തെയുള്ള മതത്തിൽ തുടരുന്നുണ്ട്. തീർത്തും സ്വാഭാവികമായ ഒരു പ്രക്രിയയായിരുന്നു അത്, അതിലെ വർഗീയ സാധ്യത ബിജെപി കണ്ടെത്തും വരെ.

പരസ്പര വിശ്വാസത്തോടെ ഒന്നിച്ചു കഴിഞ്ഞിരുന്ന മനുഷ്യർക്കിടയിലെ സൗഹൃദത്തിലും സ്നേഹബന്ധത്തിലും പോലും സംശയത്തിന്റെ കരിനിഴൽ വീഴ്ത്തി വെറുപ്പും വിധ്വേഷവും പടർത്താൻ സംഘപരിവാർ സംഘടനകൾ പടച്ചുണ്ടാക്കിയതാണ് ലവ് ജിഹാദ് ആരോപണം എന്ന് പല തവണ തെളിഞ്ഞതാണ്.

കേരളാ, കർണാടക ഹൈക്കോടതികളും സുപ്രീം കോടതിയും ലവ് ജിഹാദ് നുണ പ്രചാരണമെന്ന് പറഞ്ഞിട്ടുണ്ട്. കേരളാ പോലീസ് മുതൽ സിബിഐ, എൻഐഎ അടക്കമുള്ള ഏജൻസികൾ വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ ലവ് ജിഹാദിന് തെളിവില്ല എന്ന് തീർത്ത് പറഞ്ഞിട്ടുണ്ട്. സാക്ഷാൽ അമിത്ഷാ നയിക്കുന്ന ആഭ്യന്തര വകുപ്പ് ലവ് ജിഹാദ് ആരോപണം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്.

അതിന് ശേഷവും പക്ഷെ സംഘികളും ചില അച്ചന്മാരും അതാവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കും. സംഘികൾക്ക് നുണ അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ്, അച്ചന്മാർ അതേ നുണ ആവർത്തിക്കുന്നത് എന്തിനാണ് ? മുസ്ലിംകളോടപ്പം ചാടിപ്പോയ ക്രിസ്ത്യൻ പെൺകുട്ടികളുടെ കള്ളക്കണക്കുകൾ പറഞ്ഞു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണ്?

ഒരു അന്വേഷണ ഏജൻസിക്ക് മുമ്പിലും ചാടിപ്പോയ പെൺകുട്ടികളുടെ പേരോ വിലാസമോ പറയാൻ ളോഹക്കുള്ളിലെ കള്ളനാണയങ്ങൾ തയ്യാറായിട്ടില്ല എന്നോർക്കണം. പിന്നെ എന്തിനാണ് ഇവരീ കള്ള പ്രചാരണങ്ങളുടെ ഭാഗമാകുന്നത് എന്ന ചോദ്യത്തിന് ഉത്തരം അവർക്ക് പലതും ഒളിച്ചു വെക്കാനുണ്ട്.

അവരുടെ കള്ളപ്പണവും വിദേശ വരുമാനവും മൂടി വെക്കാനുണ്ട്, മതിൽ കെട്ടുകൾക്കകത്തെ അനാശ്വാസ്യ പ്രവർത്തനങ്ങൾ തേടി അന്വേഷണ ഏജൻസികൾ വരാതെ നോക്കേണ്ടതുണ്ട്, അതിൻ്റെ ഭാഗമായാണ് ഭരിക്കുന്നവരെ പ്രീണിപ്പിക്കാൻ പറ്റുന്ന നുണകൾ അവരോടൊപ്പം ചേർന്ന് പ്രചരിപ്പിക്കുന്നത്.

നിസ്വാർത്ഥരായ കുറെയേറെ വൈദീകരുടെ പരിശ്രമ ഫലമായി കെട്ടിപ്പടുത്ത ഒരു സമുദായത്തെ അതെ വൈദീകരുടെ ളോഹയിട്ട കള്ളനാണയങ്ങൾ തകർക്കാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്തം ആ സമുദായത്തിനുണ്ട്.

മാധ്യമ പ്രവർത്തകരുടെ അണ്ണാക്കിലേക്ക് കാശ് തിരുകിക്കൊടുത്ത് എല്ലാം രഹസ്യമാക്കി വെച്ചിരുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു. മനോരമയും ദീപികയും പറയാത്തതൊന്നും കുഞ്ഞാടുകളോ പൊതു സമൂഹമോ അറിയാതിരുന്ന കാലമല്ല ഇത്. കോടികളുടെ കള്ളപ്പണ ഇടപാടുകളും അനാശ്വാസ്യവും മറച്ചു പിടിക്കാൻ വേണ്ടി ഫാസിസ്റ്റ് ഭരണകൂടത്തിന് കൊട്ടേഷൻ പണിയെടുക്കുന്ന ആത്മീയവ്യാപാരികൾ തുറന്നു കാട്ടപ്പെടുക തന്നെ വേണം, അവരേത് മതക്കാരായാലും ശരി.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x