
വാരിയംകുന്നത്ത്; 1921 എന്ന ഫിക്ഷൻ സിനിമയിലെ ഒളിച്ച് കടത്തലുകളും, തിരുത്തപ്പെടേണ്ട അപനിർമ്മിതികളും
പ്രതികരണം/ഹരി മോഹൻ
സംഘപരിവാർ കേരളത്തിൽ ഏറ്റവും കൂടുതൽ ടാർഗറ്റ് ചെയ്യുന്ന പ്രദേശം മലപ്പുറമാണ്. അതിന്നും ഇന്നലെയും തുടങ്ങിയ ചരിത്രമല്ല. ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് മനേകാ ഗാന്ധിയുടെ പരാമര്‍ശം. മലപ്പുറത്തിന്റെ മുസ്ലീം ഭൂരിപക്ഷത്തെയും ഏറനാടിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെയുമൊക്കെ സംഘപരിവാർ എത്രയോ കാലമായി ആക്രമിക്കുകയാണ്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് മലബാര്‍ കലാപം. ഇതിനെ കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കൊലപാതകമെന്നാണ് കുമ്മനം രാജശേഖരന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത്.
മലബാർ കലാപത്തെ മാത്രമല്ല, ഏതു ചരിത്ര സംഭവത്തെയും എളുപ്പത്തില്‍ പൊതുസമൂഹത്തിലേക്കെത്തിക്കാന്‍ കഴിയുന്ന രേഖയെന്നത് സിനിമയാണ്. എന്നാല്‍, സവര്‍ക്കറെ വീര്‍ സവര്‍ക്കറാക്കിയ മലയാള സിനിമ മലപ്പുറത്തെയും മലബാര്‍ കലാപത്തെയും വളച്ചൊടിച്ച് അപകടകരമായ പൊതുബോധം സൃഷ്ടിക്കുകയാണു ചെയ്തത്.

ടി.ജി രവി അവതരിപ്പിച്ച വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഒരുഘട്ടത്തില്‍പ്പോലും ഹൃദയത്തിലേക്കോ തലച്ചോറിലേക്കോ സന്നിവേശിപ്പിക്കാന്‍ കഴിയാതെ പോയൊരു കാലമുണ്ടായിരുന്നു. വാരിയന്‍ കുന്നത്തിനെ തിരിച്ചറിയാന്‍ പിന്നീടെത്ര പേര്‍ക്കു കഴിഞ്ഞുവെന്നതും ഖാദര്‍ ഒരു ഫിക്ഷന്‍ മാത്രമാണെന്നു 1921 മലബാര്‍ കലാപത്തില്‍ നിഴല്‍ മാത്രമാണെന്നും ബോധ്യപ്പെട്ടത് എത്ര പേര്‍ക്കാണെന്നതും ഇന്നും ചോദ്യമാണ്.
എഴുത്തുകാരന്റേതായ ഒളിച്ചുകടത്തലുകള്‍ നിറഞ്ഞൊരു സിനിമയാണെനിക്കത്. ഗാന്ധിയന്‍ ആദര്‍ശമുള്ള രാധാ വര്‍മയെന്ന കഥാപാത്രത്തിന് കണ്ടന്‍ കുട്ടി മതം മാറി മുഹമ്മദായത് അത്ര ദഹിക്കാതിരുന്നത് അത്ര നിഷ്ക്കളങ്കമായിരുന്നില്ല. കെട്ടിയ പെണ്ണിനെ ജന്മിത്തമ്പുരാനു കാഴ്ച വെയ്ക്കാന്‍ നിര്‍ബന്ധിതനാകേണ്ടി വരുമ്പോഴാണ് കണ്ടന്‍ കുട്ടി മുഹമ്മദാകുന്നത്. വിജയരാഘവന്റെ ഈ കഥാപാത്രം പറയുന്നത്ര വ്യക്തമായൊരു രാഷ്ട്രീയം സിനിമയില്‍ മറ്റൊരിടത്തും കണ്ടുമില്ല. മലബാർ കലാപം ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നു എന്നതിനേക്കാള്‍, മലബാറിലെ ജന്മി കുടിയാന്മാർക്കെതിരെ ആയിരുന്നുവെന്നു പറയാന്‍ കഴിഞ്ഞത് ആ കഥാപാത്രത്തിനു മാത്രമാണ്. മുഹമ്മദായ കണ്ടന്‍ കുട്ടി ഒരു പ്രതീകം മാത്രമാണ്. അങ്ങനെ എത്രയോ പൂര്‍വികര്‍ മലപ്പുറത്തിന്റെ മണ്ണിലുണ്ടായിട്ടുണ്ട്.
ജാതീയത ശക്തമായി നിലനിന്ന കാലഘട്ടത്തിൽ മതം മാറിയ കണ്ടംകുട്ടിമാരുടെ പൂര്‍വികരെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതിരുന്ന സിനിമയിലെ വരും രംഗങ്ങള്‍ ശ്രദ്ധിക്കണം. കലാപത്തിനൊടുവിൽ ഹിന്ദു സ്ത്രീകൾ മാനഭംഗപെട്ട് കുന്നിറങ്ങി വരുന്ന രംഗം സിനിമയിൽ ഉണ്ട്. ഈ അപനിര്‍മിതി കൊണ്ടാണ് ഇന്നലെ രാഹുല്‍ ഈശ്വറിനടക്കം 1921-ലെ സോമന്‍ ചെയ്ത റിട്ട. പട്ടാളക്കാരനിലൂടെ ഹിന്ദുത്വ അജണ്ടയ്ക്കു വേണ്ടി വാദിക്കാന്‍ കഴിഞ്ഞത്.
വാരിയന്‍ കുന്നത്തിനെക്കുറിച്ചു പറയുമ്പോള്‍ ആന്‍ഡമാനിലേക്കു നാടുകടത്തപ്പെട്ട അദ്ദേഹത്തിന്റെ വാപ്പയെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. മുസ്‌ലീങ്ങളെ അടിച്ചമർത്താനായി 1856 മുതല്‍ നിലനിന്നൊരു നിയമത്തിനിരകളായി ആയിരക്കണക്കണക്കിനു മുസ്ലീങ്ങളാണ് ആന്‍ഡമാനിലെ ജയിലുകളിലേക്കു നാടുകടത്തപ്പെട്ടത്. പക്ഷേ ആ ചരിത്രവും വാരിയന്‍ കുന്നത്തിന്റെ വാപ്പയിലൊതുങ്ങി. എന്നാല്‍ നമ്പൂതിരിമാരുടെ സ്വത്ത് കൊള്ളയടിക്കുന്നതു ദൃശ്യവത്കരിക്കുന്നതില്‍ സിനിമ ശ്രദ്ധിക്കുന്നുമുണ്ട്.
വാരിയൻ കുന്നത്തിനെ ബ്രിട്ടീഷ് പട്ടാളം കൊന്നതിനു ശേഷം സോവിയറ്റ് യൂണിയന്റെ മൂന്നുദിവസത്തെ സമ്മേളനത്തിൽ സാമ്രാജ്യത്വത്തോടു യുദ്ധം ചെയ്തു രക്തസാക്ഷിയായ വാരിയൻ കുന്നത്തിനെ അനുസ്മരിച്ചിരുന്നുവെന്നതും ചരിത്രത്തിലുണ്ട്. വാരിയന്‍ കുന്നത്തിന്റെ പോരാട്ടരീതി പോലും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നു കേട്ടിട്ടുണ്ട്.
അതുപോലെ സിനിമയിലെ ആകെയുള്ള കോണ്‍ഗ്രസ് പങ്ക് സീമയുടെ രാധാ വര്‍മ എന്ന കഥാപാത്ര സൃഷ്ടി മാത്രമാണ്. എന്നാല്‍ 1921-നു മുന്‍പ് മഞ്ചേരിയിൽ നടന്ന അഞ്ചാമത്തെ അഖില മലബാർ സമ്മേളനത്തെക്കുറിച്ച് അതൊന്നും പറയുന്നില്ല. 1300 പേർ പങ്കെടുത്ത ആ സമ്മേളനത്തിൽ വെച്ചാണ് ആദ്യമായി കുടിയാന്മാരും ജന്മിമാരും തമ്മിൽ സംഘട്ടനമുണ്ടായത്. ഭൂമി തങ്ങളുടേതുമാത്രമായ സ്വത്താണെന്ന് ജന്മിമാർ വാദിച്ചു. കോൺഗ്രസ്സിന്റെ നിലപാടിൽ പ്രതിഷേധിച്ച് ജന്മിമാർ യോഗം ബഹിഷ്കരിച്ചു. കുടിയാന്മാര്‍ക്കൊപ്പം നില്‍ക്കുകയെന്ന നിലപാടാണ് അവിടെ കോണ്‍ഗ്രസ് സ്വീകരിച്ചത്.
വാരിയന്‍ കുന്നത്തിനോടു മാത്രമല്ല, മലപ്പുറത്തോടും മലബാര്‍ കലാപത്തോടും മുസ്ലീങ്ങളോടും ചെയ്ത തെറ്റുകള്‍ മലയാള സിനിമ എന്നെങ്കിലും തിരുത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആഷിക് അബുവിന്റെ സിനിമാ പ്രഖ്യാപനത്തെ കലാസൃഷ്ടിക്കപ്പുറത്തേക്കൊരു രാഷ്ട്രീയ പ്രഖ്യാപനമായി കാണുന്നു. ടി. ദാമോദരനു കഴിയാതിരുന്നത് ഹര്‍ഷദിനും റമീസിനും കഴിയുമെന്ന പ്രതീക്ഷയും അതിലുപരി വിശ്വാസവുമുണ്ട്. സിനിമ ഒരു സോഷ്യൽ ഡോക്യുമെന്റായി എല്ലാക്കാലത്തും വായിക്കപ്പെടാനുള്ളതാണ്. മലബാര്‍ കലാപത്തെക്കുറിച്ചുള്ള രേഖകളില്‍ 1921-നു പകരം വാരിയംകുന്നന്‍ കാണാന്‍ ഇനിയുള്ള തലമുറയ്ക്കാവട്ടെ. എഴുത്തുകാരുടെ നാലും ഏഴും വര്‍ഷം മുന്‍പുള്ള നിലപാടടക്കം ഉയര്‍ത്തിക്കാട്ടി ചിലര്‍ അസ്വസ്ഥപ്പെടുന്നതു കാണുന്നതു തന്നെ പ്രതീക്ഷയുടെ കനം കൂട്ടുന്നു.
ആഷിക്, ഹര്‍ഷദ്, റമീസ്, പൃഥ്വി..ആശംസകള്‍