KeralaSocial

‘നന്മമരങ്ങൾ’ ആത്മാഭിമാനത്തിന് വിലയിടുമ്പോള്‍

പ്രതികരണം/ഷബീര്‍ രാരങ്ങോത്ത്

ഏറെ മുമ്പാണ്. സമൂഹത്തില്‍ സംഘടിതമായ രീതിയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളൊക്കെ സജീവമായി വരുന്നതിനും മുന്‍പ്. നാട്ടിന്‍ പുറത്തെ ഒരു പാലിയേറ്റീവ് ക്ലിനികില്‍ ഒരു രോഗിയെക്കുറിച്ച ചര്‍ച്ച വളണ്ടിയര്‍മാര്‍ക്കിടയില്‍ വന്നു.

ഒരു കുടുംബത്തിന്റെ തന്നെ അത്താണിയായിരുന്ന ഗൃഹനാഥന്‍ അര്‍ബുദ ബാധിതനായി കിടപ്പിലാണ്. ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയടക്കം 3 കുട്ടികളും ഭാര്യയും കഷ്ടപ്പെടുകയാണ്. സ്‌കൂള്‍ തുറക്കുമ്പോഴേക്ക് യൂനിഫോമും ബാഗുമെല്ലാം ലഭ്യമാക്കുന്നത് ചര്‍ച്ചയായി. നോക്കുമ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഒരാള്‍ കുട്ടിയുടെ സ്‌കൂളിലെ അധ്യാപകനാണ്. ആ സ്‌കൂളില്‍ തന്നെ നിര്‍ധനരായ കുട്ടികള്‍ക്ക് യൂണിഫോം നല്കുന്ന പദ്ധതിയുണ്ട്. പദ്ധതിയിലുള്‍പ്പെടുത്താനായി ഈ കുട്ടിയെ തനിക്കറിയാത്തതു കൊണ്ട് മാഷെ വന്ന് കണ്ട് പേരൊന്ന് സൂചിപ്പിക്കണം എന്ന് കുട്ടിയുടെ അമ്മയെ അറിയിക്കുകയുണ്ടായി.

വീട്ടില്‍ ഈ വിവരമവതരിപ്പിച്ചപ്പോള്‍ അച്ഛനെ കെട്ടിപ്പിടിച്ച് മകള്‍ പൊട്ടിക്കരയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ അച്ഛന്റെ കൈപിടിച്ച് നടന്ന് വാങ്ങിയിരുന്ന സാധനങ്ങള്‍ക്കായി ഇപ്പോള്‍ മറ്റൊരാള്‍ക്കു മുന്‍പില്‍ കൈ നീട്ടേണ്ടി വരുന്നു എന്നാലോചിക്കുമ്പോള്‍ എങ്ങനെ കരയാതിരിക്കും!

മനുഷ്യൻ ഏറെ വിലകൽപ്പിക്കുന്ന അഭിമാനം

ഓരോ മനുഷ്യനും സ്വന്തമായുള്ളതും അവന്‍ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്നതുമായ ഏറെ വിലപിടിപ്പുള്ള ഒന്നാണ് അഭിമാനം. താനൊരു കൊള്ളരുതാത്തവനാണെന്നോ തനിക്ക് ഒന്നിനും വകയില്ലെന്നോ മറ്റുള്ളവര്‍ അറിയുന്നതും മറ്റുള്ളവരെ അറിയിക്കുന്നതും ഏതൊരുവനും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെയാണ് എത്ര വലിയ കള്ളനും കള്ളന്‍ എന്ന വിളിപ്പേര് ഇഷ്ടപ്പെടാത്തത്, അഴിമതിക്കാരന്‍ എന്ന് മുദ്ര കുത്തപ്പെടുന്നതിനെ വെറുക്കുന്നത്, തന്റെ തോന്നിവാസങ്ങള്‍ മൂടി വെക്കാന്‍ ഓരോരുത്തരും ഓടി നടക്കുന്നത്.
ഏതൊരു മനുഷ്യ ജീവിക്കും അഭിമാനം എത്രത്തോളം വലുതാണെന്നു സൂചിപ്പിക്കാനാണ് ഞാന്‍ ഇത്രയും കുറിച്ചത്.

സമൂഹത്തിനിടയില്‍ തന്റേതല്ലാത്ത കാരണങ്ങളാലോ സാഹചര്യങ്ങളാലോ മറ്റുള്ളവരുടെ പക്കല്‍ നിന്നും ഒട്ടും ഇഷ്ടത്തോടെയല്ലാതെ നിവൃത്തികേടുകൊണ്ട് സഹായം സ്വീകരിക്കുന്ന എത്രയോ ആളുകളുണ്ട്. മറ്റൊരു ഗതിയുമില്ലാത്തതിനാല്‍ കൈനീട്ടി മനസു കൊണ്ട് കരഞ്ഞ് സഹായങ്ങള്‍ പറ്റുന്ന ഇവരുടെ അഭിമാനത്തെക്കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ. ഇവരുടെ കണ്ണീരൊപ്പാന്‍ എന്ന പേരില്‍ നാം ചെയ്തു വരുന്ന പലതും ഇവരുടെ മനസകങ്ങളില്‍ എത്രത്തോളം മുറിപ്പാടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് നാം ചിന്തിച്ചിട്ടുണ്ടോ?

ചാരിറ്റി ഔദാര്യമല്ല

പലപ്പോഴും ഇവരുടെ അഭിമാനത്തെ പിച്ചിച്ചീന്തിയാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടക്കാറുള്ളത്. സഹായം പറ്റുന്നവനെ വേദിയില്‍ വിളിച്ചു വരുത്തി ആളുകള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടല്ലാതെ നടക്കുന്ന ചാരിറ്റികള്‍ അപൂര്‍വമാണ്. തന്റെ സഹജീവിയോടുള്ള സ്‌നേഹം എന്ന നിലക്ക് ആരുമറിയാതെ, ഒരു വേള അവന്‍ പോലുമറിയാതെ നടത്തേണ്ടവയാണ് ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍.

അത് ഇന്ന് പക്ഷേ ഔദാര്യത്തിന്റെ ശരീരഭാഷയുള്‍ക്കൊള്ളുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. എത്ര പറഞ്ഞാലും ഇത് സ്വീകരിക്കുന്നവന്റെ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ വേദിയില്‍ ഞെളിഞ്ഞിരുന്ന് അഭിമാനം കൊള്ളുന്നവര്‍ക്ക് സാധിക്കാതെ പോകുന്നു.

അന്യന്റെ ദാരിദ്ര്യത്തെയും നിസ്സഹായാവസ്ഥയേയും തങ്ങളുടെ പബ്ലിസിറ്റിക്ക് ഉപയോഗിക്കുകയാണ് ചാരിറ്റി പ്രവര്‍ത്തകര്‍ എന്ന് സ്വയം വിലയിരുത്തുന്ന ഭൂരിപക്ഷവും. അന്യന്റെ അഭിമാനത്തെ ഹനിക്കാത്ത ഒരു ചാരിറ്റിയും എന്തുകൊണ്ട് നമുക്കിടയില്‍ നിന്ന് ഉണ്ടാകുന്നില്ല?. മറ്റുള്ളവരില്‍ സ്വന്തത്തെ പ്രതിഷ്ഠിച്ചാല്‍ ഇത്തരം ചാരിറ്റി നല്‍കുന്ന ‘ആശ്വാസം’ നമുക്ക് വ്യക്തമാവും
അടിസ്ഥാനപരമായി പ്രാഞ്ചിയേട്ടന്മാരാവുക എന്നതാണ് ഭൂരിപക്ഷം ചാരിറ്റിക്കാരുടെയും മനസിലുള്ളത്. അതിന് അടിവരയിടുന്ന ഒന്നാണല്ലോ ‘കാലം കാത്തു വെച്ചിരു നിധി’ പോലുള്ള കോപ്രായങ്ങളും അവയാസ്വദിച്ചിരിക്കുന്ന പ്രാഞ്ചിമാരും.

സാമൂഹ്യ മാധ്യമങ്ങളും പരിശുദ്ധ പരിവേഷവും

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷമാകുന്ന മുഖങ്ങള്‍ക്ക് ഒരു താരപ്രതീതി കൈവന്നു തുടങ്ങിയതു മുതലാണ് ഓണ്‍ലൈന്‍ ചാരിറ്റി സജീവമായത്. പ്രയാസപ്പെടുന്നവന്റെ കണ്ണീരൊപ്പാന്‍ എന്ന വ്യാജേന അവനവനെ മാര്‍ക്കറ്റ് ചെയ്യുകയാണ് മിക്കവരും ഈ ഓണ്‍ലൈന്‍ ചാരിറ്റിയിലൂടെ. (അല്ലെന്ന് വാദമുള്ളവരുമുണ്ടാകാം). തന്റെ മുഖം നന്മയുടെ പ്രതീകമാക്കി (നന്മ മരങ്ങള്‍ ) അവതരിപ്പിക്കാനുള്ള ഒരു ത്വര മിക്ക ഓണ്‍ലൈന്‍ ചാരിറ്റിക്കാരിലും കാണാം.

മനുഷ്യനന്മയാണ് തന്റെ ലക്ഷ്യമെന്നും തനിക്ക് പാര്‍ട്ടിയില്ലെന്നും ഇതില്‍ നിന്നും നയാ പൈസ പോലും താനെടുക്കുന്നില്ലെന്നുമൊക്കെ അങ്ങു വാദിച്ചു കളഞ്ഞ്, ഒരു ‘പരിശുദ്ധ’ പരിവേഷം താന്‍ തന്നെ ഉണ്ടാക്കിയെടുക്കും.
യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്താണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഏതൊരു മനുഷ്യനും സ്വന്തമെന്നു പറയാനുള്ള ഒന്ന് അവന്റെ അഭിമാനമാണ്. ആ അഭിമാനബോധത്തെ പിച്ചിച്ചീന്തിക്കൊണ്ടാണ് മിക്ക ചാരിറ്റികളും മുന്നേറുന്നത്. പണത്തിന് അത്യാവശ്യമുള്ളവന്‍ മറ്റു നിവൃത്തികളൊന്നുമില്ലാത്തതിന്റെ പേരില്‍ ‘ചാരിറ്റി’ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ഈ അഭിമാന വധത്തിന്ന് പാത്രമായിക്കൊടുക്കേണ്ടിയും വരുന്നു.

അയല്‍ സമൂഹങ്ങള്‍ മുന്‍കൈയെടുത്ത് അഭിമാനക്ഷതമില്ലാതെ പരിഹരിക്കേണ്ട വിഷയങ്ങളെ ഈയൊരു തരത്തിലേക്ക് മാറ്റുന്നതില്‍ സമൂഹത്തിനുള്ള പങ്ക് ചെറുതല്ല. സാമൂഹ്യ പങ്കാളിത്തത്തോടെ നിര്‍വഹിക്കപ്പെടേണ്ട ഒന്നിനെ വ്യക്തികേന്ദ്രീകൃതമാക്കി മാറ്റുന്നതില്‍ ഓരോ സമൂഹവുമാണ് കുറ്റക്കാര്‍. ദുരിതക്കെട്ടു പേറുന്നവരാരും എന്തുകൊണ്ട് തങ്ങളെ ആവശ്യവുമായി സമീപിക്കുന്നില്ലെന്നും, എന്തുകൊണ്ട് ആ ആവശ്യങ്ങളെ കണ്ടറിയാന്‍ സമൂഹത്തിനാകുന്നില്ലെന്നും, എന്തുകൊണ്ടവര്‍ വ്യക്തി വിഗ്രഹങ്ങളെ തേടി പോകുന്നു എന്നും സമൂഹം കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. അതിനുള്ള ഉത്തരത്തില്‍ സാമൂഹ്യബോധത്തിലേക്കുള്ള താക്കോല്‍ ഉണ്ടാവും.

https://www.facebook.com/325590574527525/videos/704607633457836

ദിവസങ്ങള്‍ക്കു മുന്‍പാണ് ഒരു ഓണ്‍ലൈന്‍ ചാരിറ്റിക്കാരന്‍ താന്‍ ചെയ്ത തോന്നിവാസത്തിന് മാപ്പിരക്കുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. തങ്ങള്‍ക്ക് സഹായമാവശ്യമില്ല എന്നു പറഞ്ഞിട്ടും അവരുടെ ജീവിതം കദന കഥയായി അവതരിപ്പിച്ച് പണമയക്കാന്‍ സ്വന്തം അക്കൗണ്ട് നല്കി ഈ മാന്യന്‍ ഏറെ പണമാണ് കീശയിലാക്കിയത്. ആരാന്റെ അഭിമാനം വിറ്റ് തങ്ങളുടെ ആസ്തിയും പ്രശസ്തിയും വര്‍ധിപ്പിക്കുന്ന ഇത്തരം കഥാപാത്രങ്ങള്‍ വളരുന്നത് ഒട്ടും ഗുണപരമായ സന്ദേശമല്ല നല്കുന്നത്. നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയുടെ പോരായ്മകളാണ് ഈ വ്യക്തികേന്ദ്രീകൃത ഭിക്ഷാടന പദ്ധതികള്‍ തഴച്ചു വളരുന്നതിന് കാരണമാകുന്നത് എന്ന് പറയാതെ വയ്യ.

സന്നദ്ധ സേവനം തൊഴിലാക്കുന്നതിൽ ശരികേട് ഉണ്ട്

ഈ ഭിക്ഷാടന പദ്ധതികള്‍ക്ക് വളയം പിടിക്കുന്നവര്‍ തങ്ങള്‍ സമൂഹ നന്മയല്ലാതെ മറ്റൊന്നും ലക്ഷ്യമാക്കുന്നില്ല എന്നൊക്കെ ഇടക്കിടക്ക് പറയുന്നത് കാണാം. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന പേരില്‍ അവര്‍ സമ്പാദിച്ചു കൂട്ടിയ സമ്മാനങ്ങള്‍ അവര്‍ക്കു നേരെ ഇതേ ചോദ്യം കേട്ട് കൊഞ്ഞനം കുത്തുന്നുണ്ടാവും. നിലവിലുള്ള വാഹനം പോരാഞ്ഞ് പുതിയ വാഹനങ്ങള്‍ സമ്മാനമായി സ്വീകരിക്കുന്നതും ആഡംഭര മാര്‍ഗങ്ങളിലേക്ക് കണ്ണു നീളുന്നതുമെല്ലാം ഇതേ മാര്‍ഗമുപയോഗിച്ചാണ് എന്നത് കാണാതിരുന്നുകൂടാ.

ഒരുവന് കാറു വാങ്ങിക്കൂടേ, അവന് സമ്മാനം വാങ്ങുന്നതിനെന്താണു തെറ്റ് എന്നൊക്കെ ചോദിക്കുന്നവരോട്, സന്നദ്ധ സേവനം തൊഴിലാക്കി മാറ്റുന്നു എന്നതു തന്നെയാണ് അതിന്റെ തെറ്റ് എന്ന് പറയേണ്ടി വരും. ഇസ്‌ലാമിക ചരിത്രത്തില്‍ ഒരു സംഭവമുണ്ട്. നികുതി ശേഖരിക്കുന്നതിനായി ഒരു സഹചാരിയെ ഒരു നാട്ടിലേക്കയക്കുകയുണ്ടായി. നികുതി ശേഖരിച്ച് മടങ്ങുന്ന സമയം ചില സമ്മാനങ്ങളും ആ ദേശത്തുകാര്‍ അദ്ദേഹത്തിന് നല്കി. സന്തോഷത്തോടെ തിരികെയെത്തിയ അദ്ദേഹം നികുതിയിനത്തില്‍ കിട്ടിയത് പൊതു ഖജനാവിലേക്ക് നല്കുകയും സമ്മാനമായി ലഭിച്ചത് കൈവശം വെക്കുകയും ചെയ്തു. എന്താണ് അത് പൊതു ഖജനാവില്‍ വെക്കാത്തതെന്ന് ചോദ്യമുയര്‍ന്നു. തനിക്ക് സമ്മാനമായി ലഭിച്ചതാണ് അത് എന്ന് മറുപടി വന്നപ്പോള്‍ സമ്മാനം ലഭിച്ചത് ഈ ദൗത്യത്തിനു പോയതു കൊണ്ടല്ലേ അതിനാല്‍ അതും പൊതു ഖജനാവിലേക്ക് സമര്‍പ്പിച്ചേക്കുക എന്ന മറുപടിയാണ് അദ്ദേഹത്തെ തേടിയെത്തിയത്.

അതു തന്നെയാണതിന്റെ ശരിയും. ഈ സംഭവത്തിന്റെ ആകത്തുക ചാരിറ്റിക്കാര്‍ക്കു മാത്രം ബാധകമാകുന്നതല്ല. ഏതെങ്കിലും ഒരു ലക്ഷ്യത്തിനായി പോകുമ്പോള്‍ ലഭിക്കുന്ന ഏതു സമ്മാനവും അത്തരത്തിലാണെന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു എന്നു മാത്രം. ഞാന്‍ എന്റെ ഉമ്മക്ക് ഭക്ഷണം നല്കി എന്നത് ഞാന്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനമായി ഉയര്‍ത്തിക്കാണിക്കുന്നതിനെ നിങ്ങള്‍ എങ്ങനെ വിലയിരുത്തും? അശ്ലീലം. അല്ലേ?

എങ്കില്‍ അത്രത്തോളം തന്നെ അശ്ലീലമാണ് തന്റെ സഹജീവിക്ക് വെള്ളവും ഭക്ഷണവും വസ്ത്രവും മറ്റ് സൗകര്യങ്ങളും കൊടുത്തത് വലിയ വായില്‍ വാര്‍ത്തയാക്കുന്നതും. ഒരു മനുഷ്യന്റെ നിര്‍ബന്ധ ബാധ്യതകളില്‍ പെട്ട ഇക്കാര്യങ്ങള്‍ ചെയ്യുന്നത് എങ്ങനെയാണ് വ്യത്യസ്തവും ആദരിക്കപ്പെടേണ്ടതുമായി മാറുന്നത്?. മറ്റുള്ളവര്‍ ചെയ്യുന്നില്ല എന്നതിനാലാണെങ്കില്‍ അതവരുടെ പോരായ്മയാണെന്നേ ഉത്തരമുള്ളു. അതല്ല മറ്റുള്ളവര്‍ക്ക് പ്രചോദനമാണുദ്ദേശ്യമെങ്കില്‍ അതെന്തുകൊണ്ട് തന്റെ വീട്ടിലും തന്റെ നാട്ടിലും ചെയ്തുകൂടായെന്ന ചോദ്യം അതിനെ ഖണ്ഡിക്കാന്‍ പോന്നതാണ്. അതും പോരായെങ്കില്‍, അങ്ങനെ പ്രചോദനം നല്കിയാലേ മറ്റുള്ളവര്‍ക്ക് പ്രചോദനമാകൂ എന്ന് വാദിക്കല്‍ ഒരു തെറ്റായ സന്ദേശം നല്കലാകും.

ഓണ്‍ലൈന്‍ ചാരിറ്റിയും സെല്ഫ് മാര്‍കറ്റിംഗും

സുഹൃത്തേ, നീ മറ്റുള്ളവരുടെ മുന്നില്‍ ചാരിറ്റി പ്രവര്‍ത്തകനാണെന്ന് ഫോട്ടോയെടുപ്പ് മാമാങ്കങ്ങള്‍ വഴി തെളിയിക്കൂ എന്ന തെറ്റായ സന്ദേശം. ഒരാളുടേയും ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാന്‍ തക്കവണ്ണം അത്ഭുതസിദ്ധിയൊന്നുമില്ല. പക്ഷേ, സെല്ഫ് മാര്‍കറ്റിംഗിന് ഏറ്റവും പറ്റിയ ഇടം ഓണ്‍ലൈന്‍ ചാരിറ്റിയാണെന്നു മനസ്സിലാക്കി ഈ മേഖലയില്‍ ഇറങ്ങിയവര്‍ ഉണ്ട് എന്ന ഉത്തമബോധ്യമുള്ളതിനാലാണ് ഇത്രയും പറഞ്ഞത്. കാര്യസാധ്യങ്ങള്‍ക്കു വേണ്ടി അന്യന്റെ ഇല്ലായ്മയെ ഉപയോഗിക്കുന്നവര്‍ ഈ മേഖലയില്‍ പെരുകുന്നു എന്ന തിരിച്ചറിവ് നല്ല പോലെയുണ്ട്.

ഇനി അല്ല എന്നാണ് വാദമെങ്കില്‍ പിന്നെന്തേ നിങ്ങള്‍ നിങ്ങളുടെ അയല്പക്കങ്ങളില്‍ സാന്ത്വനമേകുന്നില്ല എന്ന ചോദ്യം ചിലരെയെങ്കിലും വേട്ടയാടും. വലതു കൈകൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന തത്വമാണ് പ്രാവര്‍ത്തികമാക്കേണ്ടത്. അതിനായി നാടുകള്‍ തോറും കൂട്ടായ്മകള്‍ രൂപപ്പെടേണ്ടതുണ്ട്. തന്റെ സഹോദരന്റെ അഭിമാനം സംരക്ഷിച്ചു കൊണ്ടു തന്നെ ഗുണകാംക്ഷാപരമായ ഇടപെടലുകള്‍ക്ക് നാം തുനിയേണ്ടതുണ്ട്. വ്യക്തികേന്ദ്രീകൃത പ്രാഞ്ചി ശ്രമങ്ങളെ നുള്ളിക്കളയുകയും സമൂഹ കേന്ദ്രീകൃത സംഘങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്യേണ്ടതുണ്ട്.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x