Art & LiteratureWomen

ദി വിൻനോവിങ് വേവ്സ്; മാപ്പിള പെണ്ണുങ്ങളുടെ ആത്മകഥ

കെ. പി ഷഫീഖ് പുറ്റെക്കാട്


2019 ഒക്ടോബറിലാണ് “winnowing waves” എന്ന നോവലിനെ കുറിച്ച് കേക്കുന്നത്. അന്നേനെ പുസ്തകം ഓർഡർ ചെയ്തു. വന്ന അന്ന് മുതൽ വായന തുടങ്ങിയതാണ്. ആദ്യ അധ്യായങ്ങൾ തീർത്ത ആവേശത്തിൽ നോവലിന്റെ എഴുത്തുകാരിക്ക്, ഇന്റെ പ്രിയപ്പെട്ട നാദിറത്തക്ക്, ഫേസ്ബുക്കിലൂടെ ഒരുപാട് മെസ്സേജ് അയച്ചു.

കിട്ടിയ കൊറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ പകുതിയിൽ അധികം തീർത്തെങ്കിലും, പിന്നെ വായന മുടങ്ങി. ഇംഗ്ലീഷിൽ വായിക്കാൻ ഉള്ള ഇന്റെ ബുദ്ധിമുട്ടും, പിന്നീട് വന്ന ഓരോ തെരക്കും, വായന നീട്ടി കൊണ്ടു പോയി. നാദിറത്താക്ക് കൊടുത്ത വാക്ക് പാലിക്കാൻ പറ്റാതെ നോവൽ മേശപ്പുറത്ത് കിടക്കുമ്പോ വല്ലാത്ത എടങ്ങേറ് തോന്നും മനസ്സിൽ.

ഇന്നിപ്പോ കൊറോണ കാലത്ത്, ഡൽഹിയിൽ നിന്നും വണ്ടി കേറിയത് തൊട്ട് വീണ്ടും ആദ്യം മുതൽ വായന തുടങ്ങി. വീട്ടിൽ എത്തിയിട്ടും പുറത്തിറങ്ങാൻ പറ്റാത്തോണ്ട് വായന നീണ്ടു. ഇന്നിപ്പോ തീർന്നു.

ഇന്നു വരെ വായിച്ച നോവലിനെ പോലെയായിരുന്നില്ല ഈ നോവലെനിക്ക്. ഇംഗ്ലീഷിൽ ആണ് നോവൽ എഴുതിയത് എന്നൊഴിച്ചാൽ, അതിൽ പറയുന്ന ഓരോ കാര്യങ്ങളും ഇന്റെ ജീവിതത്തോടും ചേർന്ന് നിൽക്കുന്നതായിരുന്നു.

കഥയുടെ ഇതിവൃത്തം

കടലിനോട് ചേർന്നിട്ടുള്ള ഫൗസിയയുടെ വീടും പരിസരവും ഇന്നേ ചാലിയത്തെ, ഇമ്മന്റെ അങ്ങ്ലേക്ക് കൊണ്ട് പോയി. ചെറുപ്പത്തിൽ അവിടെ പോയാൽ ഇമ്മന്റെ പെങ്ങമ്മാരുടെ കൂടെ കടൽ കാണാൻ പോവുന്ന ഓർമകൾ. കടൽ കെട്ടിന്റെ മുകളിൽ കേറി സൂര്യൻ കടലിൽ ചാടുന്നത് നോക്കി നിക്കുന്ന ആ ചെറിയ ചെക്കൻ.

അതിരാവിലെ എണീറ്റ് അന്ന് രാത്രി കോഴി ഇട്ട മുട്ട, പുഴുങ്ങാൻ അടുപ്പത്ത് വെച്ച്, വുളു എടുത്തു സുബഹി നിസ്കരിക്കാൻ പോവുന്ന എത്ര നബീസമാരെ ഞാൻ കണ്ടിട്ടുണ്ട്. മാപ്പിള പെണുങ്ങളുടെ ജീവിതത്തെ എത്ര ഡീറ്റൈൽഡ് ആയിട്ടാണ് നോവലിസ്റ്റ് വരികൾ കൊണ്ടു വരച്ചിട്ടിരിക്കുന്നത്.

നാലു മണിക്ക് എഴുന്നേറ്റ് ഓല മൊടയലും വെള്ളം കോരലും കൂട്ടിന് കോഴികളെ പുറത്ത് വിടുന്നതും തുടങ്ങി ഒരായിരം പണികളിൽ വ്യാപൃതയാവാറുള്ള ഇമ്മിച്ചിയെയും പഴേ ഓടിട്ട തറവാട് വീടും ഇന്റെ ചെറുപ്പവുമെല്ലാം വായിച്ചു കൊണ്ടിരിക്കുമ്പോ ഞാൻ കണ്ടു…. അങ്ങനെ എത്രയോ തവണ ഈ നോവലെനിക്ക് ഇന്റേതാണെന്നു തോന്നിയിട്ടുണ്ട്.

മലബാറിലെ മാപ്പിള പെണുങ്ങളുടെ ജീവിതം ഇത്രക്ക് ആഴത്തിൽ, ചെറിയ ചെറിയ വിശദീകരണങ്ങൾ പോലും വിട്ടുപോവാതെ എഴുതിയ മറ്റൊരു നോവൽ ഇതുവരെ ഞാൻ വായിച്ചിട്ടില്ല.

മലബാറിന്റെയും ഉത്തരേന്ത്യയുടെ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന നോവൽ, നബീസ, ഫൗസിയ, ആമിന, അനിത, പ്യാരി എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരുപറ്റം കഥാപാത്രങ്ങളെ ഉപയോഗിച്ച് കൊണ്ടു
പെണുങ്ങളുടെ നിത്യ ജീവിതത്തെ, അവരുടെ ചിന്തകളെ, മാനസിക സംഘർഷങ്ങളെ, സ്വപ്നങ്ങളെ, പാട്രിയാർകിയുടെ ദൂഷ്യവശങ്ങളെ, ആണുങ്ങളുടെ സ്വഭാവത്തെ എല്ലാം പെണുങ്ങളുടെ വീക്ഷണകോണിൽ നിന്നും വൃത്തിയായും വ്യക്തമായും പറയാൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്. ജീവിതം പല രീതിയിലും തളർത്താൻ ശ്രമിച്ചപ്പോഴും, തളർന്നു കൊടുക്കാതെ പരസ്പരം ചേർന്ന് നിന്ന് പോരാടി അതിജീവിച്ച പെണുങ്ങളുടെ കഥയാണിത്.

ആൺ എന്ന മേൽക്കോയ്മയെ തുറന്നുക്കാട്ടുന്നു

ഏകദേശം ഇതേ സാഹചര്യത്തിൽ വളർന്ന, വളർന്നു കൊണ്ടിരിക്കുന്നയൊരു “ആൺ” എന്ന നിലയിൽ ഇന്റെ തന്നെ മനോഭാവത്തിന്റെ പല പ്രശ്നങ്ങളെയും കുറവുകളെയും ഈ വായനയിലൂടെ മനസിലാക്കാൻ പറ്റിയിട്ടുണ്ട്. സാമൂഹ്യ സാഹചര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന നമ്മൾ പോലും അറിയാതെ ഞമ്മളെ ഉള്ളിൽ വളർന്ന് പന്തലിച്ച “male ego” യെ “male centric” ചിന്തകളെ എല്ലാം നോവൽ തുറന്നു കാണിക്കുന്നുണ്ട്. മതം എന്ന social “sacred” institution ലൂടെ സ്ത്രീകളെ അടിച്ചമർത്തി പുരുഷാധികാരത്തെ എങ്ങനെയാണ് സാദൂകരിക്കുന്നതെന്നും നോവലിസ്റ്റ് പറയാതെ പറയുന്നുണ്ട്. നോവൽ മലബാറിന്റെ മാറുന്ന സാമൂഹ്യ സാഹചര്യങ്ങളെയും ഞമ്മളെ ഇടയിൽ വളർന്നു വരുന്ന വർഗീയ പ്രവണതകളെ വ്യാകുലതയോടെ നോക്കി കാണുന്നുണ്ട്.

നബീസയുടെ പെട്ടെന്നുള്ള മരണം തീർത്ത സങ്കടം നോവൽ അവസാനിക്കുമ്പോ ഒരു ചെറിയ നോവായി മനസ്സിൽ അവസാനിക്കുന്നുണ്ട്. എന്നാലും അവരുടെ അഭാവത്തിൽ പൂവണിഞ്ഞ അവരുടെ ഏറെ നാളത്തെ സ്വപ്നങ്ങളുടെ സന്തോഷവുമുണ്ട് അതിന്റൊപ്പം.

എത്രയും പെട്ടെന്ന് മലയാളത്തിലേക്ക് ഈ നോവലിന്റെ translation വന്ന് കാണാനുള്ള അതിയായ താല്പര്യം എഴുത്തുകാരിയോട് പങ്ക് വെച്ചിട്ടുണ്ട്. നാദിറത്തക്ക് തന്നെ എത്രയും പെട്ടെന്ന് അത് ചെയ്യാൻ പറ്റട്ടെയെന്ന് ആശിക്കുന്നു. പുസ്തകം ആമസോണിലും kindle version ഇലും ലഭിക്കുന്നത് ആണ്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x