PravasiSocialViews

ഞങ്ങളെ മലയാളികളെന്ന് വിളിച്ച് മലയാളത്തിന്റെ മഹിമ കുറക്കരുതേ…

പ്രതികരണം / അജിത്ത് നീർവിളാകൻ

പ്രിയ കേരള മാധ്യമങ്ങളേ…. നിങ്ങളോട് ഒരപേക്ഷ… ഞങ്ങളെ ഇങ്ങനെ നിർദ്ദാക്ഷണ്യം മലയാളികൾ എന്ന് വിളിച്ച് മലയാളത്തിൻ്റെ മഹിമ കുറയ്ക്കരുതേ, കേരളം എന്ന മഹത്തായ നാടിൻ്റെ കീർത്തിക്കും സൽപ്പേരിനും അതുവഴി നിങ്ങൾ കളങ്കം ചാർത്തരുതേ…

ഞങ്ങൾ വെറും പ്രവാസികൾ ആണ്. ഞങ്ങൾക്ക് മലയാള നാടുമായി നേരിട്ടോ, വളഞ്ഞമ്മാവൻ വഴിയോ, ചിറ്റപ്പൻ്റെ കൊച്ചപ്പൻ വഴിയോ ഒരു ബന്ധവുമില്ലന്ന് സവിനയം അറിയിക്കുന്നു. നിർഭാഗ്യവശാൽ ഇന്ത്യയുടെ തെക്കേയറ്റത്ത് പടവലങ്ങ പോലെ നീണ്ടു കിടക്കുന്ന, രാഷ്ട്രീയത്തിൻ്റെ ത്രികണ്ണുകളിലൂടെ മാത്രം വേദനയേയും മരണത്തേയും കാണുന്ന, രാഷ്ട്രീയ ഹിജഡ കൂട്ടങ്ങളുടെ നാട്ടിലെ, ഭാഷ എങ്ങനെയോ വശമാക്കുകയും ഒരു ഉളുപ്പുമിപ്പാതെ ആ ഭാഷ സംസാരിച്ചും നടക്കുന്ന വെറും ഏഴാംകൂലികളായ പ്രവാസികൾ ആണ് ഞങ്ങൾ. അല്ലങ്കിൽ തന്നെ ഊരും പേരും ഇല്ലാത്ത ഞങ്ങളെ കേരളത്തിൻ്റെ ശ്രേഷ്ട ഭാഷയായ മലയാളം സംസാരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ “കരള കരള” എന്ന് വിളിച്ചു കളിയാക്കുന്നതിൻ്റെ അഭിമാനത്തിലും അതുവഴി കരളുറപ്പിൻ്റെ കേരളത്തിന് കിട്ടുന്ന അപമാനമാേർത്ത് ഗദ്ഗദരായാണ് ഞങ്ങൾ ഇവിടെ കഴിയുന്നത് തന്നെ. അതിനിടയിൽ മലയാളി എന്ന് വിളിച്ച് ഞങ്ങളെ പൊക്കി, ഏമാന്മാർ വാഴുന്ന സെക്രറട്ടറിയേറ്റിൻ്റെ മുകളിൽ ഇരുത്തി, ആ മഹത് ദേശത്തെ വീണ്ടും നാറ്റിക്കരുത്.

നിങ്ങൾ കേരളീയർ അവിടെ സസുഖം അറുമാദിക്കുന്നു എന്ന് നിങ്ങളുടെ ലൈവ് ഷോകളിലൂടെയും, പ്രൈം ടൈം ഡ്രാമകളിലൂടെയും തമ്മിലടി വാർത്താ വായ്ത്താരികളിലൂടെയും അറിയുന്നുണ്ട്, വളരെ സന്തോഷം. നിങ്ങളുടെ നാട്ടിലെ നായകൻ്റെ അഞ്ചു മണിക്കത്തെ വായ്ത്താരിയിലും, പ്രതിനായകൻ്റെ രാജാവിനേയും രാജ്ഞിയേയും കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലിനിടയിൽ 254 എന്ന ഈ വളരെ വലിയ അക്കം കടന്നു വരുന്നില്ല എന്നത് ഞങ്ങൾക്ക് വലിയ അതിശയോക്തിയല്ല. കാരണം ഞങ്ങൾ ഏതാേ രാജ്യത്തിൻ്റെ കൊറോണ ബാഡ്ബുക്കിൽ ഒതുങ്ങി ഒടുങ്ങാനുള്ളവരാണ്. അമ്പതിന് മുകളിൽ ഊഷ്മാവുള്ള ഏതോ മരുഭൂമിയുടെ പന്ത്രണ്ടടി കൊറോണാ കുഴിയിൽ അഴുകി ചേരാനുള്ളവരാണ്. അറബികൾ ചുറ്റും കൂടി ചിരിച്ച് നിൽക്കുന്ന ആശുപത്രി കിടക്കയിൽ കിടന്ന് കഷ്ടപ്പെട്ടു പഠിച്ച മലയാളത്തിൽ നിലവിളിച്ചാലും നിങ്ങളിൽ ഒരു വിധത്തിലും എത്തില്ല എന്നും നിങ്ങൾക്ക് നിശ്ചയമുണ്ട്.

നിങ്ങൾ, വിദേശ രാജ്യങ്ങളിൽ നിങ്ങളുടെ നായകൻ്റെ പേരും പ്രശസ്തിയും ഉയർത്താനുള്ള ഓട്ടപ്പാച്ചിലിൽ ആണന്നറിയാം. നിങ്ങളുടെ കൊറോണ ഗുഡ്ബുക്കിലേക്ക് ഗൾഫ് പ്രവാസത്തിൻ്റെ 254 ഉം ലോക പ്രവാസത്തിൻ്റെ 350 ഉം കടന്നു കൂടിയാലുള്ള ഭവിഷ്യത്തും മനസ്സിലാക്കുന്നു. അതിനാൽ വെറും മലയാളം സംസാരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ ഞങ്ങളെ ഏഴയലത്ത് അടുപ്പിക്കരുത്.

നിങ്ങൾ കേരളക്കാർ ഞങ്ങൾ പ്രാവാസികളെ വഞ്ചിച്ചത് ഒറ്റത്തീരുമാനത്തിലാണ്. എങ്ങനെയെന്നോ, മലയാളം സംസാരിച്ചു പോയി എന്ന കാരണത്താൽ നാട്ടിൽ നിന്ന് പെണ്ണുകെട്ടാൽ സമ്മതിച്ചതിലൂടെ നിങ്ങൾ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു. അതു കൊണ്ടല്ലേ പ്രവാസി അവൻ്റെ കുടുംബം നന്നാക്കാനാണോ നാടു നന്നാക്കാനാണോ മരുഭൂമിയിൽ അട്ടിപ്പേറെടുക്കുന്നത് എന്ന ചർച്ച പ്രൈം ടൈം സ്കിറ്റായി അവതരിപ്പിക്കേണ്ടി വന്നത്. പ്രവാസി അവരുടെ കേരളത്തിലെ കുടുംബങ്ങൾക്കായി വലിയ വീടുകൾ വച്ചത് കൊണ്ട് നിങ്ങളുടെ നാടിൻ്റെ പ്രകൃതിയും അതുവഴി നാടു നശിപ്പിച്ചതിൻ്റേയും കണക്കെടുപ്പ് എടുക്കേണ്ടി വന്നത്. മലയാളം പറയുന്നു എന്ന ഒറ്റക്കാരണത്താൽ വെറും പ്രവാസികളായ ഞങ്ങളോട് അനുകമ്പയൊന്നും അറിയാതെ പോലും കാട്ടരുതേ. അടുത്ത സ്ഥാനാർത്ഥി ലിസ്റ്റ് നേരത്തെ തന്നാൽ കഴിയിലേക്ക് പോകും മുമ്പ് നാട്ടിൽ കിടക്കുന്ന കുടുംബാംഗങ്ങളോട് വോട്ട് ചെയ്യുന്ന കാര്യം മുൻകൂട്ടി പറഞ്ഞു വച്ചേക്കാം. ആ ഉത്സവമാണല്ലോ ഇതിലെല്ലാം പരമപ്രധാനം.

ജയ് വന്ദേ ഭാരത് മിഷൻ
ജയ് ചാർട്ടേഡ് ഫ്ലൈറ്റ് മിഷൻ

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ഫൈസൽ. പി. കെ
3 years ago

അസ്സലായി, പ്രവാസി എന്ന സംബോധന കേട്ടു മടുത്തു. ഇനി വേറെ വല്ല പുതിയ വാക്കും ഉണ്ടെങ്കിൽ അതായിരുന്നു നല്ലത്. ശരിക്കും തല്ലു കൊല്ലേണ്ടത് പ്രവാസികളെ തന്നെയാണ്. ഇടക്കിടെ പിരിവിനു നിറഞ്ഞ ചിരിയുമായി നേതാക്കൾ എയർപോർട്ടിൽ ഇറങ്ങുമ്പോൾ പൂമാലയിട്ട് സ്വീകരിക്കുന്ന പ്രവാസികൾ. നേതാക്കൾ തിരിച്ചുപോയി ഈ പാവം നാടും നാട്ടുകാരും എന്ന് കേൾക്കുമ്പോൾ മനസ്സലിയുന്ന പ്രവാസികൾക്ക് നേരെ കൊന്നനം കുത്തും.
എന്റെ ഒരു അപേക്ഷ രാഷ്ട്രീയ വിഭാഗിയത മാറ്റിവെച്ചു അവകാശങ്ങൾക്കു വേണ്ടി ഒന്നിക്കുക, ജനാധിപത്യ സംവിധാനത്തിൽ പൗരന്റെ പ്രഥമ അവകാശമായ വോട്ടവകാശം നേടിയെടുക്കുക. മറ്റൊന്നാണ് അശരണർക്കും അഗതികൾക്കും വേണ്ടിയുള്ള പണപ്പിരിവ്. ഇത് നാട്ടിലെ സംഘടനകൾക്കും രാഷ്ട്രീയ കക്ഷികൾക്കും കൊടുക്കുന്നതിനു പകരം പ്രാദേശിക പ്രവാസി കൂട്ടായ്മകൾ രൂപീകരിച്ചു അവകാശപ്പെട്ടവരുടെ കൈകളിൽ നേരിട്ട് എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കുക.
കരച്ചിലല്ല പ്രയോഗികതയാണ് ഇന്നിന്റെ ആവിശ്യം.

Back to top button
1
0
Would love your thoughts, please comment.x
()
x