കോൺഗ്രസ്സ് മുങ്ങുന്ന കപ്പലോ?
സുധ മേനോൻ
ജ്യോതിരാദിത്യ സിന്ധ്യയെ ഒരു തവണ നേരിട്ട് കണ്ടിട്ടുണ്ട്. 2010 ലായിരുന്നു. അന്ന് അയാൾ വാണിജ്യ- വ്യവസായ സഹമന്ത്രി ആയിരുന്നു എന്നാണ് ഓർമ്മ.
ഞാൻ കണ്ടുമുട്ടിയിട്ടുള്ള രാഷ്ട്രീയ നേതാക്കന്മാരിൽ അത്രമേൽ മനുഷ്യ വിരുദ്ധമായ ശരീരഭാഷ വേറെ ആർക്കും കണ്ടിട്ടില്ല. അയാൾ ഒരു കോൺഗ്രസുകാരൻ പോയിട്ട് മനുഷ്യൻ പോലും ആയിട്ടില്ലായിരുന്നു. വെറും ഒരു രാജാവ്.
ഗ്വാളിയർ മഹാരാജാവായിരുന്ന ജീവാജി റാവു സിന്ധ്യയുടെ പേരക്കുട്ടിയാണ് താൻ എന്ന ദാർഷ്ട്യം എഴുതി വെച്ച മുഖം. ജനങ്ങളെ പ്രജകൾ ആയിട്ടല്ലാതെ, ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാർ ആയിട്ടു പോലും കാണാൻ കഴിയാത്ത വിധത്തിൽ അധഃപതിച്ച ലോകബോധം! അതേ സമയം പ്രണബ് മുഖർജിയെ, പ്രണബ് ദാ എന്ന് വിളിച്ചാൽ തന്നെ അദ്ദേഹം നിറചിരിയാൽ നമ്മെ അലിയിപ്പിക്കുമായിരുന്നു. കടൽ കിഴവൻ എന്ന് വിളിച്ചു പലരും ആക്ഷേപിക്കുന്ന കമൽനാഥ് ചിന്ത്‌വാരയിലെ ജനകീയ നേതാവാണ്. എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും അദ്ദേഹം സിന്ധ്യയെ പോലെ മനുഷ്യവിരുദ്ധൻ അല്ല.
അച്ഛന്റെ മരണശേഷം പാർട്ടിയിൽ വന്ന സിന്ധ്യ 2002 മുതൽ ഗുണയിലെ MP ആയിരുന്നു. അന്ന് മുതൽ 2019 ഇൽ പരാജയപ്പെടുന്നത് വരെ അയാൾക്ക് കിട്ടാത്ത പദവി ഇല്ല. മൂന്ന് തവണ മന്ത്രി. AICC ജനറൽ സെക്രട്ടറി. അധികാരത്തോടല്ലാതെ കോൺഗ്രസ്സിന്റെ ആശയങ്ങളോട് ഒരു കാലത്തും അയാൾക്ക് പ്രതിബദ്ധത ഉള്ളതായി തോന്നിയിട്ടില്ല. ഗ്ളാമറും, രാജരക്തവും മൂലം മാധ്യമങ്ങൾ കൊടുത്ത നേതാവ് എന്ന പ്രതിച്ഛായയിൽ അഭിരമിക്കുന്ന ഒരു സ്യുഡോ കോൺഗ്രസുകാരൻ! കോൺഗ്രസ്സ് തിരിച്ചു വരാനുള്ള വിദൂര സാധ്യത പോലും കാണാതായപ്പോൾ വെള്ളിതാലത്തിൽ വെച്ച് നീട്ടിയ അധികാരത്തിന്റെ തിരുമുൽ കാഴ്ച്ച രാജകുമാരൻ കൈനീട്ടി സ്വീകരിച്ചു. അത്രേയുള്ളൂ.
എങ്കിലും, കോണ്ഗ്രസ് മുങ്ങുന്ന വള്ളമായി മാറുകയാണ്. കോൺഗ്രസ്സ് മുക്തഭാരതത്തിന്റെ കൊട്ടേഷൻ എടുത്തത് AICC തന്നെ ആണോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല.
ഇനിയും കോൺഗ്രസ്സിന് തിരിച്ചു വരാൻ കഴിയും. അതിനു അഡ്‌ഹോക്കിസം മാറ്റി വെച്ച് സംഘടനാ തിരഞ്ഞെടുപ്പ് നടത്താനുള്ള ആർജവം വേണം. പ്രാദേശികമായി ശക്തമായ, അടിത്തട്ടിൽ വേരുകൾ പടർന്ന ഒരു സംഘടനാ സംവിധാനം ഇല്ലാതെ ആൾക്കൂട്ട ആരവങ്ങളിൽ മാത്രം അഭിരമിച്ചാൽ ഇന്ത്യയിൽ ഇനി കോൺഗ്രസ്സിന് തിരിച്ചു വരാൻ കഴിയില്ല എന്ന സത്യമാണ് മനസിലാക്കേണ്ടത്. ഒപ്പം ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെ ശക്തവും വ്യക്തവുമായ മതേതര – ആധുനിക ബിംബങ്ങളിലൂടെ നേരിടാനും കഴിയണം. അതിനുള്ള ഒരു ശ്രമവും നിർഭാഗ്യവശാൽ ഈ പാർട്ടിയിൽ നടക്കുന്നില്ല എന്നുള്ളത് ഖേദകരമാണ്.
ജനാധിപത്യ രീതിയിൽ അല്ലാതെ പ്രാദേശിക സത്രപന്മാർക്കും, അവരുടെ ആശ്രിതന്മാർക്കും, എപ്പോഴും സീറ്റ് കൊടുക്കാൻ നിർബന്ധിതരായത് കൊണ്ടാണ് ജ്യോതിരാദിത്യ സിന്ധ്യമാരും അയാളോടൊപ്പം പോയ MLA മാരും ഉണ്ടാകുന്നത്. കോൺഗ്രസ്സിൽ ഇതൊരു തുടർ കാഴ്ചയായി മാറുന്നു എന്നത് വേദനിപ്പിക്കുന്നു. ഇത്രയേറെ പ്രതിസന്ധികൾ നേരിട്ടിട്ടും, ഒരു വശത്തു ഇന്ത്യ എന്ന ആശയം തന്നെ അപകടത്തിൽ ആയിട്ടും എന്ത് കൊണ്ടാണ് നേതൃത്വം ഈ സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ ഒരു ചെറിയ ശ്രമം പോലും നടത്താത്തത് എന്ന പൊള്ളുന്ന സത്യമാണ് എന്നെ പേടിപ്പെടുത്തുന്നതും, എന്റെ ഉറക്കം കെടുത്തുന്നതും
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS