EducationPolitical

കേരളത്തിലെ പാഠ്യപദ്ധതിയും ഫ്യുഡൽ ചിഹ്നങ്ങളും

മനോജ് വി

ചത്ത് ചീഞ്ഞ് മണ്മറഞ്ഞ കേരളത്തിലെ ഫ്യുഡൽ ചിഹ്നങ്ങൾ, തുളസിത്തറയും, പറയും.

ഒരു കാലത്ത് ഈഴവാദി പിന്നോക്ക വിഭാഗത്തിന്റെ വീടുകളിൽ പോലും തുളസിത്തറ പണിയാൻ അവകാശമുണ്ടായിരുന്നില്ല എന്നത് നാം മനസ്സിലാക്കണം.

അക്കാലത്തെല്ലാം പാഠപുസ്തകങ്ങളിൽ ഈ തുളസിത്തറ ഉണ്ടായിരുന്നു!

പാവപ്പെട്ട കർഷക തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഉപയോഗിച്ചിരുന്നു പറ, ജന്മി കുടുംബങ്ങളിൽ മാത്രം കണ്ടിരുന്ന ഒരു ഉപകരണം, കൊയ്ത്ത് കഴിഞ്ഞ് പതമ്പ്‌ (കൂലി) അളക്കുമ്പോൾ പോലും ആ ഉപകരണത്തിൽ ഒന്ന് തൊടാൻ ഒരു കർഷക തൊഴിലാളിക്കും (പട്ടിക ജാതിക്കാർ) അവകാശം ഉണ്ടായിരുന്നില്ല എന്നത് ചരിത്രം.

അവരുടെയെല്ലാം മക്കൾ 1997 വരെ നിർബന്ധമായും പറ എന്ന സവർണ്ണ ഫ്യുഡൽ ചിഹ്നം ഉപയോഗിച്ച് പ_യും റ_യും ‘പഠിക്കണമായിരുന്നു’.

പറക്ക് പകരം _ ‘പാറ’ (കല്ലുടക്കുന്ന ഒരു തൊഴിലാളിയുടെ ചിത്രത്തോടുകൂടി) പഠിപ്പിക്കാനുള്ള ശ്രമം ഉണ്ടായത് 1990ലെ എറണാകുളം സാക്ഷരതാ യജ്ഞത്തിന്റെ പാഠപുസ്തകം (അന്ന് സാക്ഷരതാ പ്രൈമറുകളിൽ അക്ഷരം കേന്ദ്രീകരിച്ചുള്ള പഠന രീതിയായിരുന്നു).

എന്നാൽ പറക്ക് പകരം പാറ കടന്നുവന്നപ്പോൾ വലിയ വമാർശങ്ങൾ ഉണ്ടായി. ചന്ദിക ദിനപത്രം _ പാറയും അതുടക്കുന്ന ബാലിഷ്ഠ ശരീരത്തോടുകൂടിയ തൊഴിലാളിയുടെ ചിത്രത്തേയും വിമർശിച്ച് മുഖപ്രസംഗം എഴുതിയതും ചരിത്രം.

അപ്പോൾ ഇതിന്റെയെല്ലാം രാഷ്ട്രീയം ‘വർഗ്ഗ’ നിലപാടുമായി ബന്ധപ്പെട്ട് കിടക്കുന്നു! കാര്യങ്ങൾ പിടി കിട്ടികാണുമല്ലോ!!

കുഞ്ഞുങ്ങൾക്ക് അന്യമായിരുന്നു ഈ വാർപ്പ് മാതൃകയിലുള്ള കരിക്കുലം കുട്ടികളെ വിദ്യാലയത്തിലേക്ക് അടുപ്പിക്കുകയല്ല, അകറ്റുകയാണ് ചെയ്തത്. (ഇന്ന് ആദിവാസി മേഖലയിലെ കുട്ടികൾ സമാനമായ പ്രതിസന്ധി നേരിടുന്നു ചർച്ച ചെയ്യേണ്ട മറ്റൊരു വിഷയം!)

ഇവിടെ സാധാരണക്കാരന്റെയും പണിയെടുക്കുന്നവന്റെയും പക്ഷത്ത് നിന്നുകൊണ്ട് സ്‌കൂൾ പാഠങ്ങൾ, പഠനം വന്നപ്പോൾ അതിനെയാണിവർ തോൽപ്പിച്ചു കളഞ്ഞത്.

ചരിത്രത്തിൽ ആദ്യമായി ഒരു ദളിതൻ ‘ചെറുങ്ങോരൻ’ മലയാള പാഠപുസ്തകത്തിലെ ഒരു പാഠത്തിൽ കേന്ദ്ര കഥാപാത്രമായി വന്നത്, എല്ലാവരും കളിയാക്കി ഇല്ലാതാക്കാൻ ശ്രമിച്ച ഡിപിഇപിയിലാണ് (നാലാം ക്ലാസ് മലയാളം).

അന്ന്, ആ പഠപുസ്തകങ്ങൾ പരിശോധിക്കാൻ നിയമിച്ച കമ്മറ്റിയിലെ പ്രമുഖർ ഗുപ്തൻ ‘നായരും’, ഹൃദയ കുമാരി ടീച്ചറുമൊക്കെ തെങ്ങുകയറ്റ് തൊഴിലാളിയായ ചെറുങ്ങോരന്റെ പാഠം പഠിപ്പിക്കാൻ കൊള്ളില്ല എന്ന് പറഞ്ഞ് ഒഴിവാക്കാൻ ശുപാർശ ചെയ്തു.

എന്നിട്ടും, അടുത്ത പാഠപുസ്തക ‘റിവിഷൻ’ വരെ ചെറുങ്ങോരനെ നാലാം തരത്തിലെ കുട്ടികൾക്ക് പഠിക്കാൻ അവസരം ഉണ്ടാക്കിയത് അന്ന് ആ പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്ന വിദ്യാഭ്യാസ ചുമതലക്കരുടെ രാഷ്ട്രീയ ഇച്ചാശക്തി ഒന്നുകൊണ്ടുമാത്രം.

ഇതൊന്നും ഒരിടത്തും ചർച്ചയാകാത്ത (മാധ്യമം പത്രം മാത്രമന്നത് റിപ്പോർട്ട് ചെയ്തിരുന്നു) രേഖപ്പെടുത്തപ്പെടാത്ത ചരിത്രം.

അതിന് മുന്നോ, അതിന് ശേഷമോ ഒരു ദളിതൻ നായകനായ ഒരു കഥ നമ്മുടെ കുട്ടികൾ സ്‌കൂൾ പാഠമായി പഠിച്ചിട്ടുണ്ടോ!? (ഉണ്ടെങ്കിൽ പറയണം)

ചെറുശ്ശേരിയും, ഉള്ളൂരും പിന്നീട്, സുഗതകുമാരിടീച്ചറും, സുമംഗലയും എഴുതുന്ന ഹൈന്ദവ പുരാണങ്ങൾ, കൃഷ്ണനായും രാമനായും തെന്നാലി രാമനായും, വാമനനായും, ഇന്ദ്രനും, വിഷ്ണുവും, അഗ്നിയും ശിബി ചക്രവർത്തിയായും, മറ്റ് പലവിധ രാജക്കന്മാരും, ബുദ്ധിമാനായ യുവാവു (പൂണുൽ നിർബന്ധം) മൊക്കെയായി ഇന്നും നമ്മുടെ പാഠപുസ്തകങ്ങളിൽ നിറഞ്ഞാടുകയാണ്.

ഒരു ക്ലാസിൽ മൊത്തം 12 പാഠങ്ങൾ ഉണ്ടെങ്കിൽ 8 പാഠങ്ങൾ ഹിന്ദുവിനും, 2 പാഠങ്ങൾ വീതം ക്രിസ്ത്യാനിക്കും മുസ്ലീമിനുമായി വീതം വെക്കാറുണ്ട്. (അതുകൊണ്ട് ആർക്കും പരാതിയില്ല!).

പാഠപുസ്തകത്തിലൊരു ‘ഡേവിഡ്’ _ വിഡ്ഢി കൂശ്മാണ്ടം _ പാതാള കരണ്ടി ഉപയോഗിച്ച് കിണറ്റിൽ വീണ അമ്പിളി മാമനെ തപ്പിയെടുക്കുന്ന വിഡ്ഢി. ഒരു ‘മനോജ്’ _ അധ്യാപകനോട്‌ സംശയം ചോദിക്കുന്ന മികച്ച വിദ്യാർത്ഥി. കക്കാൻ കയറി പാവയെ ചവുട്ടി ശബ്ദമുണ്ടാക്കുന്ന കള്ളൻ _ കൈലി മുണ്ടും പച്ച ബെൽറ്റും മുറിക്കൈയ്യൻ ബനിയനും തലയിൽ തൊപ്പിവെച്ച മുസ്ളീം മധ്യവയസ്‌കൻ (കൈയ്യിന്റെ മുട്ടിന് മുകളിൽ കറുത്ത ചരടിൽ കോർത്ത് കെട്ടിയ ഏലസും ഉണ്ട്).

അമ്മുവിന്റെ ആട്ടിൻകുട്ടിയെ വാങ്ങാൻ വരുന്ന ക്രൂരനായ അറവുകാരൻ _ അതും മുസ്ളീം വേഷത്തിൽ. നമ്മുടെ പൊതുബോധ നിർമ്മിതി എത്ര കൃത്യമായിരുന്നു. പഴയ നമ്മുടെ പാഠപുസ്‌തകങ്ങൾ പരിശോധിച്ചാൽ ബഹുരസമാണ്.

എത്രയോ കാലമായി ഇതെല്ലാം ഇങ്ങനെ തുടരുന്നു. കുട്ടികൾക്ക് അന്യമായ കാര്യങ്ങളും ചിന്തകളും തെറ്റായ പൊതു ബോധനിർമ്മിതിയും കുത്തിനിറച്ച് കരിക്കുലവും സിലബസും പാഠപുസ്തകങ്ങളും ഉണ്ടാക്കുന്ന പരമ്പരാഗത രീതികൾ പൊളിഞ്ഞു വീഴണം.

സർഗ്ഗാത്മകമായും വൈകാരികമായും കുട്ടികളെ ഉണർത്താൻ നമ്മുടെ വിദ്യാഭ്യാസ പ്രക്രിയക്ക് കഴിയണം. ഇത്തരം ഒരു സാധ്യതകളെയാണ് പലവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് സ്ഥാപിത തലപര്യക്കാർ നിരന്തരം തോൽപ്പിച്ചു കൊണ്ടിരിക്കുന്നത്.

പാഠ്യപദ്ധതിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ട്, ഉണ്ടാകണം. അത് പിന്നോക്ക വിഭാഗത്തിന്റെ ഉയർച്ച കൂടി മുന്നിൽ കണ്ടുകൊണ്ടായിരിക്കണം. പക്ഷമുള്ളവർ അതിനാണ് മുന്നിട്ടിറങ്ങേണ്ടത്. അതിലേക്ക് ഈ ചർച്ചകൾ നീങ്ങണം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x