
സൂറിച്ച്: കൊറോണ ബാധയെത്തുടര്‍ന്ന് ഷട്ടര്‍ വീണ ഫുട്‌ബോള്‍ ലോകം പതിയെ ഉണരുമ്പോള്‍ നിയമപരിഷാകാരങ്ങളുമായി ഫിഫ രംഗത്ത്. ഈ വര്‍ഷം നടക്കുന്ന ടൂര്‍ണമെന്റുകളില്‍ ഒരു മത്സരത്തില്‍ അഞ്ച് സബ്സ്റ്റിറ്റിയൂഷന്‍ നല്‍കാനുള്ള ഫിഫയുടെ നിര്‍ദേശം ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡും (ഐഎഫ്എബി) അംഗീകരിച്ചതോടെയാണ് പുതിയ മാറ്റങ്ങള്‍ നടപ്പിലാകുന്നത്.
നിലവിലെ നിയമപ്രകാരം മൂന്നുതാരങ്ങള്‍ക്കാണ് നിശ്ചിത സമയത്ത് പകരക്കാരനായി ഇറങ്ങാന്‍ കഴിയുക. സമയ ലാഭത്തിനായാണ് ഫിഫ ഇത്തരമൊരു തീരുമാനമെടുത്തത്. കൂടാതെ താരങ്ങളുടെ ആരോഗ്യസ്ഥിതിയും കൂടി പരിഗണിച്ചാണ് ഫിഫ ഇത്തരത്തിലൊരു തീരുമാനത്തിലേക്കു പോയത്.
ലീഗുകള്‍ പുനരാരംഭിച്ചാല്‍ താരങ്ങള്‍ തുടര്‍ച്ചയായി മത്സരം കളിക്കേണ്ടി വരും. ഇത് താരങ്ങള്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു. ഇത് കുറയ്ക്കാനും സബ്സ്റ്റിറ്റിയൂഷന്റെ എണ്ണം ഉയര്‍ത്തുന്നതിലൂടെ സാധിക്കും. അഞ്ച് താരങ്ങളെ ഇറക്കുമ്പോഴുള്ള സമയനഷ്ടം കുറയ്ക്കാന്‍ മൂന്ന് സ്ലോട്ടുകളായി പകരക്കാരെ കളത്തിലിറക്കാന്‍ ശ്രമിക്കണമെന്നും ഫിഫ നിര്‍ദേശിക്കുന്നു.
വീഡിയോ അസിസ്റ്റന്റ് റഫറി (VAR) നിയമം സമയം കൂടുതല്‍ നഷ്ടപ്പെടുത്തുന്ന ഒന്നാണ്. ഫുട്ബോളിലെ കൂടുതല്‍ സുതാര്യതയോടെയും കൃത്യതയോടെയും നടത്താന്‍ ഇത് സഹായിക്കുമെങ്കിലും അതാത് ലീഗുകള്‍ക്ക് ഈ സീസണില്‍ VAR വേണമോ വേണ്ടയോയെന്ന് തീരുമാനിക്കാം.
അധിക സമയത്തേക്ക് നീളുന്ന മത്സരത്തില്‍ ഒരു സബ്സ്റ്റിറ്റിയൂഷന്‍ കൂടി ഇറക്കാം. ഈ വര്‍ഷം ഡിസംബര്‍ 31 വരെ മാത്രമാകും ഇതിനു നിയമപ്രാബല്യമുണ്ടായിരിക്കുക. കൊറോണ വൈറസ് ലോകമാകെ വ്യാപിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് പകുതിക്ക് ശേഷം കായിക ലോകം സ്തംഭിച്ചിരിക്കുകയാണ്. മത്സരങ്ങളൊന്നും തന്നെ നടന്നിട്ടില്ല. പല ലീഗുകളും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്.
ഇത് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നതിനാല്‍ നിയമങ്ങളില്‍ മാറ്റം വരുത്തി വേഗത്തില്‍ അവശേഷിക്കുന്ന ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഫിഫ ശ്രമിക്കുന്നത്.
താരങ്ങളുടെ ജോലിഭാരം കുറയ്ക്കാനും പുതിയ പരിഷ്‌കാരം സഹായകരമാകും. നിലവിലെ സാഹചര്യത്തില്‍ മിക്ക രാജ്യങ്ങളും ലീഗുകള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. കൊറിയയിലെ ലീഗാണ് ആദ്യമാരംഭിച്ച ഫുട്‌ബോള്‍ ലീഗ്. ബുണ്ടസ് ലിഗ ഈ മാസം 16ന് ആരംഭിക്കും.
എന്നാല്‍ സാഹചര്യം വിലയിരുത്തി സുരക്ഷാക്രമീകരണങ്ങള്‍ ചെയ്ത ശേഷം മാത്രമേ മത്സരം നടത്താവൂവെന്നാണ് ഫിഫയുടെ നിര്‍ദേശം. പ്രീമിയര്‍ ലീഗ് ജൂണ്‍ മധ്യത്തോടെ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടാകാന്‍ സാധ്യതയില്ല. പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ ഇതിനോടകം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ലാലിഗ ക്ലബ്ബുകളും പരിശീലനം പുനരാരംഭിച്ചു.
അതേ സമയം ഫ്രഞ്ച് ലീഗ് സീസണ്‍ റദ്ദാക്കി PSG യെ വിജയികളായി പ്രഖ്യാപിച്ചിരുന്നു. സീരി എ യും ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുള്‍പ്പെടെയുടെ സൂപ്പര്‍ താരങ്ങളെല്ലാം ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.