പകർച്ചവ്യാധി നിയന്ത്രണം പ്രാദേശിക സർക്കാറുകളുടെ ബാധ്യതയാണ്
മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്
പൊതുജനാരോഗ്യം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. പൊതുജനാരോഗ്യം (Public Health) സംരക്ഷിക്കുന്നതിൽ പഞ്ചായത്തുകളും, നഗരസഭകളും വരുത്തുന്ന വീഴ്ച കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ പൊതുവായി ബാധിക്കുന്നതാണ്.
ഓടകൾ വൃത്തിയാക്കുക, വെള്ളക്കെട്ടുകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിൽ പഞ്ചായത്ത് / നഗരസഭകൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതീവ ശ്രദ്ധ പുലർത്തേണ്ട മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഗൗരവം ഇനിയും ഉൾക്കൊള്ളാത്ത തദ്ദേശ സ്ഥാപനങ്ങൾ ഉണ്ട്.
നമ്മുടെ നാട്ടിലെ തോടുകൾ പല പഞ്ചായത്തുകളിലൂടെ സഞ്ചരിക്കുന്നവയാണ്. ഏതെങ്കിലും ഒരിടത്ത് ജലസ്രോതസ്സുകളിലേക്ക് മാലിന്യം ഒഴുക്കിയാൽ തന്നെ പല പ്രദേശങ്ങളിൽ പകർച്ചവ്യാധികൾ ഉണ്ടാകും.
വൈറൽ പനികൾ, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കേരളത്തിലെ മഴക്കാല രോഗങ്ങൾ. ഇതിൽ എലിപ്പനി ഒഴികെ ഉള്ളതിന് ആധുനിക വൈദ്യത്തിൽ പ്രതിരോധ മരുന്നുകൾ ലഭ്യമല്ല.
മഴക്കാലം വരുന്നതോടെ വിവിധതരം പനികള്‍ പടര്‍ന്നു പിടിക്കുന്നതാണ് കേരളത്തിന്റെ മുന്‍കാല അനുഭവം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഴുകിയ സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന് മഴക്കാല രോഗങ്ങളെ കൂടി നേരിടാനുള്ള വിഭവശേഷി കണ്ടെത്തുക ഏറെ ശ്രമകരമാണ്.
സംസ്ഥാനം നേരിടാനിരിക്കുന്ന ഈ വെല്ലുവിളിയെ നേരിടാന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും, സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണ്. മഴക്കാല രോഗങ്ങള്‍ വന്നതിന് ശേഷം ചികിത്സിക്കുന്നതിന് പകരം രോഗങ്ങള്‍ വരാതെ സൂക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‌കേണ്ടത്.
അലോപ്പതി, ആയുര്‍വ്വേദം, യൂനാനി, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാശാഖകള്‍ക്ക് അവരുടെതായ രീതികളും, പ്രാധാന്യവും ഉണ്ട്. ഓരോ ചികിത്സാശാഖയും അവരുടെ ദൗത്യം നിര്‍വ്വഹിക്കുന്നതിനപ്പുറം പരസ്പരം ആരോപണങ്ങളും, വിമര്‍ശനങ്ങളും ഉന്നയിക്കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇടവരുത്തുന്നുണ്ട്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃത്യമായ നയസമീപനം സ്വീകരിക്കേണ്ടതാണ്. നിലവിലെ സാഹചര്യത്തില്‍ വിവിധ ചികിത്സാശാഖകള്‍ തമ്മിലുള്ള വിവാദങ്ങള്‍ അനുചിതവും, അനഭിലഷണീയവുമാണ്. പൊതുജനാരോഗ്യം ഉറപ്പ് വരുത്തുക എന്ന ഊന്നലിൽ നിന്നും മാറിയുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കേണ്ടതല്ല. ഇത്തരം വിവാദങ്ങള്‍ക്ക് ഇടം നല്കാതിരിക്കാന്‍ മാധ്യമങ്ങളും ശ്രദ്ധിക്കണം.
കോവിഡ് 19ന്റെ സമൂഹവ്യാപനം കേരളത്തില്‍ സംഭവിച്ചിട്ടില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള ഭീതിയും ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടും, മാധ്യമങ്ങളിലൂടെയും ജനങ്ങളുമായി സമ്പര്‍ക്കം വര്‍ധിപ്പിച്ച് വ്യക്തികളുടെ ഭീതി അകറ്റണം.
ജനങ്ങളുടെ ആരോഗ്യവും, രോഗപ്രതിരോധശേഷിയും വർധിപ്പിച്ച് പകർച്ചവ്യാധികളെ നിയന്ത്രിക്കുകയാണ് ഉചിതമായ മാർഗ്ഗം. മഴക്കാല രോഗങ്ങളിൽ നിന്നും, പനികളിൽ നിന്നും മുൻകരുതലായി ഉപയോഗിക്കാവുന്ന ഭക്ഷ്യ- പാനീയങ്ങളുണ്ട്. അവയെ കുറിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ആവശ്യമായ ഘടകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. എന്നാൽ ഇത് രോഗം വന്നാൽ ഉള്ള ചികിത്സയല്ല. രോഗികൾ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടുകയാണ് വേണ്ടത്.
ഓടകൾ നിറഞ്ഞൊഴുകുന്നില്ലെന്നും, നിരത്തുകളിൽ വെള്ളക്കെട്ടില്ലെന്നും ഉറപ്പ് വരുത്താനാകണം. മാലിന്യം പുറത്തേക്കൊഴുക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കണം. അധികാര വികേന്ദ്രീകരണം നടന്നു കഴിഞ്ഞ കേരളത്തിൽ ഗ്രാമപഞ്ചായത്തുകളുടെയും, നഗരസഭകളുടെയും പ്രാഥമിക ഉത്തരവാദിത്തമാണ് ശുചിത്വം.
അക്കാര്യത്തിലുണ്ടാകുന്ന വീഴ്ച ഭരണപരവും, രാഷ്ട്രീയപരവുമായ പരാജയമാണ്. രോഗ ചികിത്സയെക്കാൾ പ്രധാനമാണ് രോഗകാരണങ്ങൾ ഇല്ലാതാക്കുകയെന്ന് പ്രാദേശിക സർക്കാറുകൾ തിരിച്ചറിയണം.
സംസ്ഥാനത്ത് വീണ്ടുമൊരു പ്രളയത്തിനുള്ള സാധ്യതയുണ്ട്. പ്രളയം പൊതുജനാരോഗ്യത്തെ ബാധിക്കുന്നതാണ്. പ്രളയ സാധ്യതാ പ്രദേശങ്ങളിൽ കഴിയുന്നത്ര മഴവെള്ളം പറമ്പുകളിലും, പുരയിടങ്ങളിലും സംഭരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.
മഴവെള്ളം മുഴുവനായി തെരുവുകളിലേക്കും, തോടുകളിലേക്കും ഒഴുക്കിവിടാനുള്ളതല്ല. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് നീരൊഴുക്ക് ത്വരിതപ്പെടുത്താനുള്ള തോടുകളും, ഓടകളും അന്യാധീനപ്പെടുകയോ, തടസ്സപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പ് വരുത്തണം.
കോവിഡ് 19 സൃഷ്ടിക്കുന്ന സാമൂഹ്യ- സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ ചര്‍ച്ചയില്‍ ഡോ. അബ്ദുല്ല മണിമ, ഇ. അബ്ദുൽ മജീദ്, കെ അലി പത്തനാപുരം, കെ എസ് ഹസ്‌കര്‍, ടി റിയാസ് മോന്‍, യൂനുസ് ചെങ്ങര, എ. നൂറുദ്ദീൻ, ഡോ. ലബീദ് അരീക്കോട്, ഇർഷാദ് കൊട്ടപ്പുറം, മുഹമ്മദ് സജീർ അരീക്കോട് എന്നിവർ പങ്കെടുത്തു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS