Art & LiteratureFeature

വൈക്കം മുഹമ്മദ് ബഷീർ; കഥകൾ പറഞ്ഞു കഥകൾ പറഞ്ഞു സ്വയം ഒരു കഥയായിത്തീർന്നയാൾ

ജൂലായ് 5, കഥകളുടെ സുൽത്താൻ, വൈക്കം മുഹമ്മദ് ബഷീർ (1908 – 1994).

ഇന്ത്യൻ സംഗീതഗാന ശാഖയിലെ ഏറ്റവും ദുഃഖ സാന്ദ്രമായ ഗാനമായ സൈഗാളിന്റെ ‘സോജാ രാജകുമാരി’ കേട്ടുകൊണ്ട് ആ വലിയ കവിഞ്ചി കസേരയിൽ കിടന്ന് ബഷീർ ലോകത്തോട് സംവദിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരം മുതൽ, ഇന്ത്യൻ സിനിമ ലോകം വരെ നീളുന്ന അനുഭവ സമ്പത്ത് മലയാളിയുടെ വായനബോധത്തെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്.

ബേപ്പൂർ സുൽത്താൻ എന്നുള്ള വിളിപ്പേര് കൊണ്ട് ചില പാശ്ചാത്യർ, ബഷീർ ശെരിക്കും സുൽത്താനാണെന്നു വിചാരിച്ചിരുന്നത്രെ. സംശയമില്ലാത്തൊരു കാര്യം അദ്ദേഹം സാഹിത്യ ലോകത്തിന്റെ സുൽത്താനായിരുന്നു എന്നതാണ്.

”ഇതൊരു തമാശ കഥയാണ്. എങ്കിലും എഴുതുമ്പോൾ ഞാനാകെ വെന്തുനീറുകയായിരുന്നു. വേദന മറക്കണം”.

തനിക്ക് വ്യാകരണമറിഞ്ഞുകൂടെന്ന് പറഞ്ഞ് സാധാരണ മനുഷ്യന്റെ ഭാഷയിൽ സാധാരണ മനുഷ്യരുടെ ജീവിത കഥകൾ എഴുതി അതിൽ ചിരിയും, കരച്ചിലും ചേർത്ത് മലയാളത്തിൽ അസാധാരണമായ സാഹിത്യപ്രപഞ്ചം സൃഷ്ടിച്ച സുൽത്താനാണ് വൈക്കം മുഹമ്മദ് ബഷീർ.

കഥാപാത്രങ്ങളിലൂടെ ജീവിച്ച ബഷീർ

തടവുകാരും, വേശ്യകളും, യാചകരും നിഷ്കളങ്ക ഗ്രാമീണരും എഴുത്തുകാരും പടുവിഡ്ഢികളും വേദനിക്കുന്നവരും ഗതിക്കെട്ടവരും പട്ടിണി കിടക്കുന്നവരുമെല്ലാം നിറഞ്ഞ ലോകമാണ് ബഷീറിന്റെ കഥകൾ. ജീവിതവും ആ ലോകവും തമ്മിലുള്ള ലോകം വളരെ ചെറുതാണ്.

‘ബാല്യകാലസഖിയും, പാത്തുമ്മായുടെ ആടും, ശബ്ദങ്ങളും’ മലയാളികളുടെ എക്കാലത്തെയും പ്രിയ രചനകളിൽപ്പെടുന്നു. ചിരിപ്പിക്കുന്ന ആനവാരി രാമൻനായരെയും പൊൻകുരിശു തോമായെയും എട്ടുകാലി മമ്മൂഞ്ഞിനെയും മാത്രമല്ല കരയിപ്പിക്കുന്ന സുഹ്റയെയും മജീദിനെയും തടങ്കൽ മതിലിനപ്പുറത്തു നിന്നു സംസാരിക്കുന്ന നാരായണിയെയും ബഷീർ സൃഷ്ടിച്ചു.

“ഡോക്ടറെ, വല്ല വിവരവുമുണ്ടോ?
ചായ കുടിച്ചാൽ ഉടനെ കഴുകി വെയ്ക്കണം. വെള്ളം കിട്ടിയില്ലെങ്കിൽ കമിഴ്ത്തി വെക്കണം. അല്ലെങ്കിൽ ഉറുമ്പും ഈച്ചയും അതിൽ വീണുപോകും. ദൈവത്തിന്റെ സൃഷ്ടികളെ കൊല്ലാൻ നമുക്കെന്തവകാശം? ” ചായ കുടിച്ച ഉടനെ ക്ലാസ് കമിഴ്ത്തുന്നത് എന്തിനാണെന്ന് വൈക്കം മുഹമ്മദ് ബഷീറിനോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ്. ഇങ്ങനെ ബഷീറല്ലാതെ മറ്റാര് പറയും?

ചെരിപ്പിട്ടു നടന്നാൽ പ്രാണികൾ ചത്തുപോകുമോയെന്നു പേടിച്ച് ചെരിപ്പ് കയ്യിലെടുത്ത് നടന്ന വൈക്കം മുഹമ്മദ് ബഷീർ. ബേപ്പൂർ വൈലാലിലെ വീട്ടുവളപ്പ് തന്റേതെന്ന പോലെ കുറുക്കന്റെതും കിളികളുടേതും സകലമാന പ്രാണികളുടേതും കൂടിയാണെന്ന് മാങ്കോസ്റ്റീൻ മറച്ചുവട്ടിലിരുന്നു പ്രഖ്യാപിച്ച മലയാളത്തിന്റെ ബഷീർ, ലോകത്തിന്റെ ബഷീർ.

ബഷീറും സ്വാതന്ത്ര്യ സമരവും

സ്വാതന്ത്ര്യ സമരത്തിലും ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്ത് ജയിൽശിക്ഷ അനുഭവിക്കുകയും ക്രൂര മർദ്ദനത്തിനിരയാവുകയും ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയും പല ഭാഷകൾ പഠിക്കുകയും ചെയ്ത അദ്ദേഹം നാട്ടിൽ തിരിച്ചെത്തി ദിവാൻ സർ. സി. പിക്കെതിരെ ലേഖനങ്ങൾ എഴുതിയതിന്റെ പേരിൽ വീണ്ടും അറസ്റ്റിലായി.

ഇന്ത്യൻ നഗരങ്ങളിലും കപ്പൽ ജീവിതത്തിലും സ്വാതന്ത്ര്യ സമരത്തിലും ജയിലിലും ഒന്നുമില്ലായ്മയിലും എല്ലാമുണ്ടായപ്പോഴും അങ്ങനെയങ്ങനെ ജീവിതത്തിന്റെ എല്ലാ തീരങ്ങളിലും ബഷീറെന്ന മനുഷ്യൻ ബാക്കിവെച്ച കനിവിന്റെ, മനുഷ്യത്വത്തിന്റെ നനവിനെ തൊട്ടടുത്ത് ഇരുന്നു പകർത്തുന്ന കുറിപ്പുകൾ. സ്നേഹം തന്നെയാണ്, അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പകലുകളും രാത്രികളും വാക്കുകളുമാണ് എല്ലാം.

ബാല്യകാലസഖിയും ജയിലും വൈക്കത്തെ വീടും കോഴിക്കോടും കൽക്കത്തയുമെല്ലാം പശ്ചാത്തലങ്ങളാണ്. എംപി പോളും എംടിയും ഫാബിയും കേശുമൂപ്പനും പാമ്പും ഉറുമ്പുമെല്ലാം ഒരേപോലെ കഥാപാത്രങ്ങളാണ്.

പൊതു ബോധ്യങ്ങളോട് നിരന്തരം കലഹിച്ച ബഷീർ

സ്ഥലത്തെ പ്രധാന സോഷ്യലിസ്റ് കള്ളന്മാരിൽ ഒരാളാണ് പൊൻകുരിശ്‌ തോമ. തോമക്ക് എങ്ങിനെയാണ് ഈ ഇരട്ടപ്പേര് വന്നതെന്ന് കഥയിൽ ചരിത്രകാരനായി ഇടയ്ക്കിടെ വന്നു പോകുന്ന വൈക്കം മുഹമ്മദ് ബഷീർ പറയുന്നുണ്ട്.

ഏതോ കളവ് കേസിൽ പിടിക്കപ്പെട്ട് ലോക്കപ്പിലാണ് തോമ!
രാത്രി..പുറത്ത് കനത്ത മഴ. ഡ്യുട്ടിയിലുള്ള ഹെഡ് കോൺസ്റ്റബിൾ വലിയ സങ്കടത്തിലാണ്. അയാളുടെ മകളുടെ വിവാഹമാണ് അടുത്ത ദിവസം. പക്ഷെ ഒരു പണത്തൂക്കം പൊന്നും പണവും കയ്യിലില്ല. തോമ കാര്യം അന്വേഷിച്ചു.,പരിഹാരവും നിർദ്ദേശിച്ചു;
എന്നെ തുറന്നു വിടുക. കുറച്ചു നേരം കഴിഞ്ഞു ഞാനിങ്ങു തിരിച്ചെത്തും ! അതായത് പള്ളിയിലെ പൊൻ കുരിശ് ഊരിയെടുത്തു കൊണ്ട് വരാനാണ് ആശാന്റെ പരിപാടി.
കർത്താവിന്റെ പൊൻ കുരിശ് എടുക്കുന്നത് പാപമല്ലേ എന്ന് കോൺസ്റ്റബിൾ…”കർത്താവിന് എന്തിനാ ഏമാനെ പൊൻകുരിശ്‌…അത് ആവശ്യം മനുഷ്യർക്കല്ലേ…” എന്ന് തോമ!

സമൂഹത്തിന്റെ ചില പൊതു ബോധ്യങ്ങളോട് നിരന്തരം തമാശയിൽ പൊതിഞ്ഞ ചോദ്യങ്ങൾ ചോദിച്ച ബഷീർ എന്ന എഴുത്തുകാരൻ മലയാള ഭാഷ ഉള്ള കാലത്തോളം ഓർമ്മിക്കപ്പെടും. കാരണം മലയാളത്തെ മറ്റൊരു വഴിലൂടെ നടത്തി ലളിതമായ കഥപറയലിന്റെ പുതിയ രീതികൾ ആവിഷ്ക്കരിച്ച എഴുത്തുകാരൻ എന്നും വേറിട്ട് നിന്നു.

സാഹിത്യ അക്കാദമി അവാർഡുകളോ അക്കാലത്ത് ശ്രദ്ധേയമായ മറ്റ്‌ അവാർഡ്കളോ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു തമാശ. ബഷീർ എഴുതുന്നത് നോവലാണോ ചെറുകഥയാണോ നീണ്ട കഥയാണോ എന്നൊന്നും ജൂറിക്ക് മനസ്സിലായി കാണില്ല. ബഷീർ ഉപയോഗിച്ച ഭാഷ അക്കാലത്ത് നടപ്പു ശീലമുണ്ടായിരുന്ന കോപ്പി ബുക്ക് മലയാളവുമായിരുന്നില്ല.

കാലത്തിലേക്ക് തുറന്നിട്ട കഥയുടെ ജാലകപ്പഴുതായിരുന്നു ബഷീർ

അനുഭവങ്ങളുടെ തീയിൽ വേവിച്ചെടുത്ത ഭാഷ കൈമുതലായുള്ളതു കൊണ്ടാണ് ..സ്‌കൂളിൽ അധികമൊന്നും പഠിക്കാത്ത ബഷീറിന്റെ കൃതികൾ നമ്മൾക്ക് സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കേണ്ടി വന്നത്..!!

അദ്ദേഹത്തെ ഗുരുവായി കണ്ടിരുന്ന എം ടി വാസുദേവൻ നായർ ബഷീർ ഓർമയായ ദിവസം പ്രതികരിച്ചത് “കാലത്തിലേക്ക് തുറന്നിട്ട കഥയുടെ ജാലകപ്പഴുതായിരുന്നു ഈ കഥാകാരൻ” എന്നായിരുന്നു.

മലയാളികൾക്ക് ആരായിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്നത് ഇന്ന് വലിയൊരു ചോദ്യമല്ല. കാരണം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിപ്പുറവും നമുക്കൊപ്പം ബഷീർ ജീവിക്കുകയാണ്, നാം ഓരോരുത്തരായി ജീവിതം തുടരുകയാണ്, ബഷീർ ഇല്ലാതെ മലയാളി എങ്ങനെ ചിന്തിക്കും?

പ്രേമലേഖനം, മതിലുകൾ, വിഡ്ഢികളുടെ സ്വർഗം, ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്, മരണത്തിന്റെ നിഴലിൽ, മുച്ചീട്ടുകളിക്കാരന്റെ മകൾ, പാവപ്പെട്ടവരുടെ വേശ്യ, സ്ഥലത്തെ പ്രധാന ദിവ്യൻ, വിശ്വവിഖ്യാതമായ മൂക്ക്, വിശപ്പ്, ജീവിത നിഴൽപ്പാടുകൾ, അനവാരിയും പൊൻകുരിശും, മാന്ത്രികപ്പൂച്ച നാടകമായ ‘കഥാബീജം’, ചെറുക്കഥയായ ‘ജന്മദിനം’, ഭഗവദ്ഗീതയും കുറേ മുലകളും, താരാസ്പെഷ്യൽസ് എന്നിവ പ്രധാന കൃതികളാണ്.

‘നീലവെളിച്ചം’ എന്ന നോവൽ ബഷീർ തന്നെ തിരക്കഥയെഴുതിയ ‘ഭാർഗവീനിലയം’ മലയാളത്തിലെ ആദ്യത്തെ ഹൊറർ സിനിമയായി.

കേരള സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പ് (1981), പത്മശ്രീ (1982), ലളിതാംബിക അന്തർജനം പുരസ്കാരം (1992), വള്ളത്തോൾ അവാർഡ്, പ്രേംനസീർ പുരസ്കാരം (1993) എന്നിവ ലഭിച്ചു.

Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഇത് വായിച്ചിരുന്നോ
Close
Back to top button
Close