FeatureKerala

കോവിഡ് മൂന്നാം തരംഗം ഉടൻ ഉണ്ടാവുമോ ?

നൗഷാദ് സി കെ

കോവിഡ് കൂടുകയും ഹോസ്പിറ്റലുകൾ നിറയുകയുമാണ്. മരണസംഖ്യയും ഉയരുന്നു. മൂന്നാം തരംഗം ഉടനെയെന്ന് വിദഗ്ധർ പ്രവചിക്കുന്നുമുണ്ട്.

ഇനിയുമൊരു സമ്പൂര്‍ണ്ണ അടച്ചിടൽ കച്ചവടക്കാരെയും, പൊതുജനങ്ങളെയും, ഗവർമെന്റിനെ തന്നെയും ഉടനെയൊന്നും തിരിച്ചു പിടിക്കാൻ സാധിക്കാത്തവിധത്തിലുള്ള വലിയ ദുരിതക്കയങ്ങളിലേക്കാവും തള്ളിവിടുക.

Live with Covid, കോവിഡിനോടൊപ്പം ജീവിക്കുക എന്നതു മാത്രമാണ് നിലവിൽ നമുക്കു മുമ്പിലെ ഏക പോംവഴി. അതിനാവശ്യമായ ശാസ്ത്രീയവും, പ്രായോഗികവുമായ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരിക എന്നതാണ് ഗവർമെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രാഥമികമായ കടമയും ചുമതലയും.

എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, അശാസ്ത്രീയവും, അരോചകവുമാണ് നിലവിൽ നടപ്പിലാക്കി വരുന്ന കോവിഡ് ചട്ടങ്ങളിൽ പലതും. ലോകത്തിനു തന്നെ മാതൃകയായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടപ്പിലാക്കപ്പെട്ട നമ്മുടെ കേരളത്തിന്, ഇപ്പോൾ എന്തു പറ്റി എന്ന് ആശ്ചര്യത്തോടെ ചോദിക്കേണ്ടി വരുന്ന രീതിയിലാണ് കാര്യങ്ങൾ പലതും നടക്കുന്നതും, നടപ്പിലാക്കപ്പെടുന്നതും. ഏകദേശം ഇരുപത് രൂപയ്ക്ക് കമ്പനികളിൽ നിന്നും ഗവർമെന്റിന് ഒരു ആന്റിജൻ കിറ്റ് ലഭിക്കുന്നുണ്ട്. നല്ല കിറ്റുകൾ ഉപയോഗിച്ച് നടത്തുന്ന ആന്റിജൻ ടെസ്റ്റുകളുടെ സെൻസിറ്റീവിറ്റി തൊണ്ണൂറ്റി അഞ്ച് ശതമാനത്തിനു മുകളിലാണ്. സാർവ്വത്രികമായി ആന്റിജൻ ടെസ്റ്റുകൾ നടത്തുകയും പോസിറ്റീവ് ആയവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൈന്റിലേക്ക് നിർബ്ബന്ധമായും മാറ്റിപ്പാർപ്പിക്കുകയും വേണം. പോസിറ്റീവ് ആയവർ സ്വന്തം വീടുകളിൽ തന്നെ തുടരുകയും, അതുവഴി വീട്ടിലുള്ള മുഴുവൻ പേരും ഇൻഫെക്ടട് ആയി മാറുകയും ചെയ്യുന്ന നിലവിലെ സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ ഇത്രയേറെ കോവിഡ് രോഗികൾ ഉണ്ടാവാനുള്ള ഒരു പ്രധാന കാരണം. തങ്ങൾ പോസിറ്റീവ് ആണെന്നറിയാതെ വീട്ടിലുള്ള മറ്റുള്ളവർ പുറത്തു പോവുകയും പുതിയ ആളുകളിലേക്ക് രോഗം പരത്തുകയും ചെയ്യുന്നു.

തുടക്ക കാലങ്ങളിലേതു പോലെ കോൺടാക്റ്റ് സ്ക്രീനിംഗ് ഒരുവിധ വിട്ടുവീഴ്ചയും കൂടാതെ വീണ്ടും നടപ്പാക്കേണ്ടതുമുണ്ട്. ലോക്കൽ ബോഡികളെയും സന്നദ്ധ സംഘടനകളെയും ഉപയോഗപ്പെടുത്തി ആളുകൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം സൗജന്യ ആന്റിജൻ ടെസ്റ്റിംഗ് ബൂത്തുകൾ സ്ഥാപിക്കാവുന്നതാണ്. മാളുകളുടെയും, മാസ്സായി ആളുകൾ പ്രവേശിക്കുന്ന മറ്റു സ്ഥലങ്ങളിലെയും കവാടങ്ങളിൽ സൗജന്യമായോ ചെറിയ ചാർജ്ജുകൾ ഈടാക്കിയോ ആന്റിജൻ പരിശോധനാ സൗകര്യങ്ങൾ തുടങ്ങുകയും അകത്തു പ്രവേശിക്കുന്നതിന് നെഗറ്റീവ് ആന്റിജൻ സർട്ടിഫിക്കറ്റുകൾ നിർബ്ബന്ധമാക്കുകയും ചെയ്യാം. ഫലം ലഭിക്കാൻ ഇരുപത്തിനാലും അതിൽ കൂടുതലും സമയമെടുക്കുന്ന ആർ.ടി.പി.സി.ആർ ടെസ്റ്റുകളേക്കാൾ പെട്ടന്ന് രോഗപ്പകര്‍ച്ച തടയാൻ നല്ലത് പെട്ടെന്ന് ഫലം ലഭിക്കുന്ന ആന്റിജൻ ടെസ്റ്റുകൾ തന്നെയാണ്. കൺഫർമേഷൻ ആവശ്യമായ സന്ദർഭങ്ങളിലും, കോവിഡ് രോഗ സാധ്യത സംശയിക്കുകയും എന്നാൽ ആന്റിജൻ നെഗറ്റീവ് ആവുകയും ചെയ്യുന്ന അവസരങ്ങളിലും, പി.സി.ആർ ടെസ്റ്റുകളെ ആശ്രയിക്കാം.

കോവിഡിനെ ഒരു സാധാരണ രോഗമായി മാത്രം പരിഗണിക്കുന്ന പുതിയ പ്രവണത മൂലം പൊതുവെ ജനങ്ങൾ രോഗപ്പകര്‍ച്ചയെ കുറിച്ച് വളരെയേറെ അശ്രദ്ധരാണ്. ഇതും, രോഗപ്പകര്‍ച്ചയുടെ തോത് വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു. ദൃശ്യ, ശ്രാവ്യ, പ്രിന്‍റഡ് മാധ്യമങ്ങൾ വഴി ആരോഗ്യ വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള നിരന്തരമായ ബോധവൽകരണ പരിപാടികൾ നടത്തി പൊതുജനങ്ങളിൽ അവബോധവും അവരുടെ സംശയങ്ങൾക്ക് ശാസ്ത്രീയമായ മറുപടികളും നൽകാം. തെറ്റിദ്ധാരണകൾ മൂലവും ഭയം കാരണവും വാക്സിനേഷനു മടിച്ചു നില്‍ക്കുന്നവരെ കണ്ടെത്തി കൗൺസലിംഗുകൾ നൽകാനുള്ള ഉത്തരവാദിത്വം ലോക്കൽബോഡികളെ ഏൽപ്പിക്കണം. ഗവർമെന്റിന്റെ സൗജന്യ ക്വാറന്റൈൻ കേന്ദ്രങ്ങൾക്കു പുറമെ, പണം നല്‍കി താമസിക്കാനുതകുന്ന തരത്തിൽ സ്വകാര്യ ബിൽഡിംഗുകൾക്കും, ഹോട്ടലുകൾക്കും ലോഡ്ജുകൾക്കുമൊക്കെ സർക്കാർ മേൽനോട്ടത്തിൽ ക്വാറന്റൈൻ സെന്ററുകളായി പ്രവര്‍ത്തിക്കാനുള്ള അനുമതി നൽകാം. ഇത് ചെറിയ തോതിലെങ്കിലുമുള്ള സാമ്പത്തിക ചലനങ്ങൾ മാർക്കറ്റിൽ സൃഷ്ടിക്കപ്പെടാനും കാരണമാവും.

ഇപ്പോൾ കേരളത്തിൽ വ്യാപകമായി ലഭിക്കുന്ന വ്യാജ കോവിഡ് നെഗറ്റീവ് റിപ്പോർട്ടുകൾ തടയാനുള്ള സത്വരമായ നടപടികൾ സ്വീകരിക്കുക എന്നതും പകർച്ചകൾ ഒഴിവാക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഫോട്ടോഷോപ്പിൽ എഡിറ്റിംഗ് നടത്തി വ്യാജമായി നിർമ്മിച്ചെടുക്കുന്നതോ, ആൾമാറാട്ടം നടത്തി നൽകപ്പെടുന്ന സാമ്പിളുകളിൽ പരിശോധന നടത്തിയോ, പരിശോധനകൾ നടത്താതെ തന്നെ ലബോറട്ടറികൾ നൽകുന്നതോ ആയ നെഗറ്റീവ് റിപ്പോർട്ടുകൾ വഴി, യഥാര്‍ത്ഥത്തിൽ പോസിറ്റീവ് ആയവർ നെഗറ്റീവ് എന്ന വ്യാജേനെ സമൂഹത്തിൽ ഇടപഴകുന്നതും വലിയ പൊതുജനാരോഗ്യ പ്രശ്നമാണുയർത്തുന്നത്.

ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും നടപ്പിലാക്കി വിജയിച്ച കോവിഡ് മൊബൈൽ അപ്ലിക്കേഷൻ കേരളത്തിലും നടപ്പാക്കാവുന്നതാണ്. പ്രസ്തുത ആപ്പിനെ, ഫോൺ ഉപയോഗിക്കുന്ന ആളുടെ ആധാറുമായി ബന്ധിപ്പിച്ച്, അദ്ധേഹത്തിന്റെ കോവിഡ് സ്റ്റാറ്റസ്; അതായത് പരിശോധന ഫലങ്ങൾ, വാക്സിനേഷൻ സ്റ്റാറ്റസ്, പോസിറ്റീവ് രോഗികളുമായുള്ള കോൺടാക്റ്റ് സ്റ്റാറ്റസ് മുതലായവ ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്തപ്പെടുകയും കച്ചവട സ്ഥാപനങ്ങൾ, സിനിമ തിയേറ്ററുകൾ, മറ്റു ആരാധനാ-വിനോദ-വിദ്യാഭ്യാസ-കലാ-കായികവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഈ ആപ്ലിക്കേഷനുകളിലെ സ്റ്റാറ്റസുകൾക്കനുസരിച്ച് അനുമതി നൽകുകയും ചെയ്യാം. രാത്രികാല സഞ്ചാരം തടയുന്നതിനു പകരം യഥാര്‍ത്ഥത്തിൽ അത് പ്രോത്സാഹിപ്പിക്കപ്പെടുകയാണ് വേണ്ടത്. ഇത് പകൽ നേരങ്ങളിലെ ടൗണുകളിലെയും പൊതുസ്ഥലങ്ങളിലെയും തിരക്കുകൾ ഒഴിവാക്കാൻ സഹായകരമാവും. അത്യാവശ്യങ്ങൾക്കല്ലാതെ പൊതുവെ രാത്രികാലത്ത് സഞ്ചരിക്കുന്ന പതിവ് കേരളത്തിൽ കുറവാണെന്നത് കൂടി മനസ്സിലാക്കണം. നിശാപാർട്ടികളും, രാത്രികാല ഒത്തുചേരലുകളുമാണ് നിയന്ത്രിക്കപ്പെടേണ്ടത്. കച്ചവട-സർക്കാർ സ്ഥാപനങ്ങളുടെ പ്രവൃത്തി ദിനങ്ങളും, പ്രവൃത്തി സമയവും കുറയ്ക്കുന്നതിനു പകരം ദീർഘിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. കടകളുടെയും, ഓഫീസുകളുടെയും വലിപ്പത്തിനനുസൃതമായി ഒരേ സമയം അകത്ത് കടക്കാവുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തി സാമൂഹിക അകലം ഉറപ്പു വരുത്തുകയും ചെയ്യാം.

സർക്കാർ സ്ഥാപനങ്ങളിൽ ഓൺലൈൻ വഴി ലഭ്യമാക്കാവുന്ന സേവനങ്ങൾ വർദ്ധിപ്പിക്കുകയും, നേരിട്ട് വിസിറ്റ് ചെയ്യുന്നവർക്കായി ഓൺലൈൻ അപ്പോയ്മെന്റ് സിസ്റ്റം പ്രാവര്‍ത്തികമാക്കുകയും വേണം. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ, കുടുംബശ്രീ പോലുള്ളതും അല്ലാത്തതുമായ ഏജൻസികളെ ഉപയോഗിച്ച് ഹോം ഡെലിവറി സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കാവുന്നതുമാണ്. ശാസ്ത്രീയവും, പ്രായോഗികവുമായ വിവിധ മാർഗ്ഗങ്ങൾ അവലംബിച്ച് കോവിഡിനോടൊപ്പം ജീവിക്കുക എന്നത് മാത്രമാണ് ചുരുങ്ങിയത് അടുത്ത ഒരു വർഷത്തേങ്കിലും നിലനിന്നു പോവാൻ നമുക്കു മുമ്പിലുള്ള ഏക പോംവഴി എന്നു മനസ്സിലാക്കി പ്രവൃത്തിക്കാൻ നമുക്കു കഴിയണം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x