കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഇറ്റലിയെ മറികടന്ന് ആറാമത്
ഡൽഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം ആശങ്കാജനകമായി ഉയരുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഇറ്റലിയെ പിന്തള്ളി ആറാമതെത്തി. ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ ആകെ എണ്ണം 2,36,184 ആയി.
അതേസമയം ഇറ്റലിയില്‍ രോഗബാധിതരുടെ ആകെ എണ്ണം 2,34,531 ആണ്. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 6649 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണം 33,774 ആണ്. ഇന്ത്യയില്‍ 1,13,233 പേര്‍ രോഗമുക്തി നേടിയപ്പോള്‍, ഇറ്റലിയില്‍ 1,63,781 പേര്‍ സുഖം പ്രാപിച്ചു.
അതേസമയം ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികളില്‍ ആരോഗ്യനില ഗുരുതരമായി തുടരുന്നവരുടെ എണ്ണം ഇന്ത്യയിലാണ് കൂടുതല്‍. 8944 പേരാണ് രാജ്യത്ത് അതീവ ഗുരുതരാവസ്ഥയിലുള്ളത്. ഇറ്റലിയിലാകട്ടെ, 316 പേര്‍ മാത്രമാണ് അതീവ ഗുരുതര സ്ഥിതിയിലുള്ളത്.
ലോകത്ത് ഏറെ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതാണ്. 17,121 രോഗികള്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ള അമേരിക്കയാണ് ഒന്നാമത്. 8318 പേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്ന ബ്രസീലാണ് ഇന്ത്യയ്ക്ക് പിന്നില്‍ മൂന്നാംസ്ഥാനത്ത്.
മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങൾ തന്നെയാണ് കോവിഡ് വ്യാപനത്തിൽ മുന്നിൽ. ഡൽഹിയിൽ ഒരാഴ്ചക്കിടെ പരിശോധന നടത്തുന്ന നാലിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഇന്നലെ 1330 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ രോഗ ബാധിതരുടെ എണ്ണം 26334 ആയി ഉയർന്നു. മരണം 708 ആണ്. രാജസ്ഥാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ബംഗാളിൽ പ്രതിദിന കണക്കിൽ ഏറ്റവും വലിയ വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
അതിർത്തികൾ തുറക്കുന്നതിലും ആശുപത്രിയിലെ ചികിത്സ ഡൽഹിക്കാർക്ക് മാത്രം ആക്കുന്നതിലും ജനങ്ങളുടെ ഭാഗത്തു നിന്ന് ഏഴര ലക്ഷം നിർദേശങ്ങൾ ഡൽഹി സർക്കാരിന് ലഭിച്ചു. ഇക്കാര്യത്തിൽ സർക്കാർ ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും. ആരോഗ്യ സേതു ആപ്പിനെക്കുറിച്ചും വിവര സുരക്ഷയെ കുറിച്ചും ചർച്ച ചെയ്യാനുള്ള പാര്ലമെന്ററി സമിതി യോഗം ഈ മാസം 17 ന് ചേരും. കോവിഡ് പ്രതിസന്ധിയിൽ ചെറിയ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുന്നില്ലെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ആരോപിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS