Political

‘ദി കേരള സ്റ്റോറി’; സംഘപരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയ അജണ്ട

സുദിപ്തോ സെന്നിന്റെ ​The Kerala story യെ കുറിച്ചാണ്..

സത്യത്തിൽ ഇങ്ങനെ ഒരു പൊളിറ്റിക്കൽ ബ്ളണ്ടറിനെ കുറിച്ച് പ്രതികരിക്കുന്നതും അതിന് പരസ്യം ആകു​മെന്നാണ് ആദ്യം കരുതിയത്. പക്ഷേ നിശബ്ദതയും സമ്മതമായി വ്യാഖ്യാനിക്കപ്പെടുന്ന നാളുകളിൽ മിണ്ടാതിരിക്കുന്നത് എങ്ങിനെ.?

സിനിമയെ പറ്റിയുള്ള ചർച്ചകൾ പലയിടത്തായി കണ്ടു. ഇന്നലെ ആ സിനിമയുടെ ട്രെയിലറും കണ്ടു. കേരളത്തിൽ നിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നാണ് അണിയറക്കാർ പറയുന്നത്.

കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇവർ അവകാശപ്പെടുന്നു.

ഇത്ര ഗുരുതരമാണ് കേരളത്തി​ലെ സ്ഥിതിയെന്നാണ് നോർത്തിന്ത്യൻ കരച്ചിൽ.

കൃത്യമായ ഫാഷിസ്റ്റ് അപരവത്കരണം, ആദ്യം നിങ്ങൾക്ക് വളരുവാൻ പര്യാപ്ത്മായ ഒരു ശത്രുവിനെ സൃഷ്ടിക്കുക. ആ ശത്രു സമൂഹത്തോട് ഇതര സമൂഹങ്ങൾക്ക് ആദ്യം ഭയവും പിന്നെ ആശങ്കയും അതു വഴി ശത്രുതതയും ഉണ്ടാക്കുക എന്ന തന്ത്രം ഈ നാടും ലോകവും മുമ്പും കണ്ടതാണ്.

ഇവിടെ ഇന്ന് മുസ്‍ലിങ്ങളാണ് ശത്രുപക്ഷത്തെന്നേയുള്ളൂ. നാളെ അത് ആരുമാവാം!

ദി കേരള സ്റ്റോറി എന്ന വിദ്വേഷ സിനിമയുടെ ട്രെയിലറിൽ പറയുന്ന കാര്യങ്ങൾ വസ്തുതാപരമല്ല.

കേരളത്തിൽ നിന്ന് 32000 പെൺകുട്ടികളെ മതം മാറ്റി ഇസ്ലാമിക സ്റ്റേറ്റിൽ (സിറിയയിലും, അഫ്ഘാനിലും മറ്റും ) എത്തിച്ചു എന്ന വ്യാജം ചമയ്ക്കുന്നത് എന്തിനു വേണ്ടിയാണ് ? ആരെ സുഖിപ്പിക്കാനാണ് ?

കേരളത്തെ ഇന്ത്യയിലെ തീവ്രവാദത്തിന്റെ ഫോക്കൽ പോയന്റായി അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്താണ് ?

ഒറ്റപ്പെട്ട കേസുകൾ ഉണ്ടായിട്ടുണ്ട്. നിമിഷ ഫാത്തിമ അടക്കമുള്ള കേസുകൾ നമുക്ക് ഏവർക്കും അറിയാവുന്നതാണ്.

കുറച്ചു പേർ ‘കാശ്മീരിൽ’ ജിഹാദ് അനുഷ്ഠിക്കാൻ എല്ലാം പോയി അവിടെ കൊല ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇത്തരം പ്രവണതകൾ മറ്റ് പല ഇന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടു വരുന്നതു പോലെ തന്നെ ഒറ്റപ്പെട്ടതാണ്.

കേരളത്തിൽ സംഘടിതമായ മതമാറ്റമോ/ലൗ ജിഹാദ് എന്ന് വിളിക്കപ്പെടുന്ന വിവാഹാനന്തര മതമാറ്റമോ ഇവിടെ നടക്കുന്നതായി ഈ കാര്യം ഒളിവിലും/ തെളിവിലും അന്വേഷിച്ച ഒരു ഏജൻസിയും കണ്ടെത്തിയിട്ടില്ല.

പിന്നെ കേരള സ്റ്റോറി എന്ന സിനിമ പറയുന്ന കാര്യങ്ങൾ എങ്ങനെ സത്യമാകും ?

അതേ സമയം ആളുകളിൽ ‘മതാന്ധത’ പടർത്തുന്ന ചില ഇൻസിറ്റ്യൂഷനുകൾ മതഭേദമന്യേ പ്രവർത്തിക്കുന്നുണ്ട് എന്ന വസ്തുതയ്ക്ക് നേരേയും നാം കണ്ണടയ്ക്കുന്നില്ല.

അതൊന്നും തന്നെ കേരള സ്റ്റോറി എന്ന പ്രൊപ്പഗൻഡ സിനിമ ഉൽപ്പാദിപ്പിക്കാൻ ശ്രമിക്കുന്ന വ്യാജ വസ്തുതകളെ സാധൂകരിക്കുന്നതല്ല.

സത്യത്തിൽ 2024 തെരഞ്ഞെടുപ്പിനെ മുൻ നിർത്തി ഇസ്ലാമോ ഫോബിയ നിർമിച്ച് ഉത്തരേന്ത്യയിലും/ വടക്ക് കിഴക്ക് ഇന്ത്യയിലും നേട്ടം കൊയ്യാനുള്ള ചില മത ഫാസിസ്റ്റ് അജണ്ടയുടെ നിർവഹണം മാത്രമാണത്.

യഥാർത്ഥ കേരള സ്റ്റോറി മതേതരത്വ സഹവർത്തിത്വത്തിന്റേതും സാമൂഹിക വികസനത്തിന്റേതുമാണ്.

അത് വിദ്വേഷ രാഷ്ട്രീയകാർക്ക് തൊട്ടറിയാൻ പോലും പറ്റില്ല. ഈ അജണ്ടകൾ കൊണ്ടൊന്നും മലയാളികളെ ഭിന്നിപ്പിക്കാൻ കഴിയില്ല.

അവന്റെ സംസ്ക്കാരങ്ങളുമായുള്ള പാരസ്പര്യം തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങളായി.

ഇത്രയധികം സ്ത്രീകൾ അങ്ങ് ആടുമേക്കാനും ഐസിസിൽ വെടിവെക്കാനും പോയിട്ടുണ്ടെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമാണ്. അവരുടെ വിശദാംശങ്ങളും വിവരങ്ങളും അന്വേഷണ ഏജൻസികൾക്ക് കൈമാറണ്ടതല്ലേ.

രാജ്യത്ത് എൻ.ഐ.എ പോലെ ഇത്തരം കേസുകളിൽ സ്​പെഷലൈസ് ചെയ്ത എത്രയോ സംവിധാനങ്ങളുണ്ട്?.

ഒരു സംസ്ഥാനത്തെയും അവിടത്തെ നിയമ നീതിനിർവ്വഹണ സംവിധാനങ്ങളെയും അടച്ചാക്ഷേപിക്കുന്നതാണ്‌ ചിത്രം. പ്രതികരണങ്ങൾ ഉയർന്നുവരേണ്ടതുണ്ട്‌.

ക്ഷമിക്കണം അപരവിദ്വേഷത്തിന്റെ കുഴലൂത്തുകാരാ.. നിങ്ങൾ പറയുന്ന ‘ദ് കേരള സ്റ്റോറി’ ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ല!.

നിങ്ങളാഗ്രഹിക്കുന്ന കേരളമല്ല ഞങ്ങളുടേത്!.

Hate propaganda against Kerala; Widespread protest against ‘The Kerala Story’

Inputs from Binoy Thomas & Biju Roopesh

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x