കോവിഡ് കാലം മനുഷ്യരുടെ ജീവിതത്തിന്റെയാകെ ഗതി മാറ്റിയിട്ടുണ്ട്. എല്ലാ തുറകളെയും അത് ബാധിച്ച് കഴിഞ്ഞു. രൂക്ഷമായ ഒരു സാമ്പത്തിക ഞെരുക്കത്തിന്റെ കയത്തിലേക്ക് അത് ലോകത്തെമ്പാടുമുള്ള മനുഷ്യരെ തള്ളിയിട്ട് കഴിഞ്ഞു. കേരളം പോലെ ഒരു ഉപഭോഗവൽകൃത സമൂഹത്തിൽ അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ നാം കരുതുന്നതിനുമപ്പുറമായിരിക്കും. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് നമ്മുടെ വിദ്യാഭ്യാസ മേഖലയാണ്. സ്വകാര്യ വിദ്യാഭ്യാസത്തോടുള്ള കേരളീയരുടെ താത്പര്യം എല്ലാവർക്കും അറിയുന്നതാണ്. സ്‌കൂൾ തലം വരെയുള്ള മൊത്തം വിദ്യാര്ഥികളുടെ വലിയൊരനുപാതം സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്നവരാണ്. ഇവർ അനുഭവിക്കുന്ന വലിയൊരു പ്രതിസന്ധിയെക്കുറിച്ചാണ് ഈ കുറിപ്പ്.
നമ്മുടെ നാട്ടിൽ സമ്പന്നർ മാത്രമല്ല മക്കളെ സ്വകാര്യ വിദ്യാലയങ്ങളിൽ അയച്ച് പഠിപ്പിക്കാൻ ശ്രമിക്കുന്നത്. സാമ്പത്തികമായി താഴെ തട്ടിൽ ജീവിക്കുന്നവരും ഇടത്തരക്കാരും കൂലിവേലക്കാരും ഉൾപ്പടെയുള്ള വലിയൊരു വിഭാഗം ആളുകൾ അവരുടെ മക്കളെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിടുന്നുണ്ട്. ഇത്രക്ക് പൊതു വിദ്യാലയങ്ങൾ ഉള്ളപ്പോഴും അത് ആവശ്യമുണ്ടോ എന്ന് ചിലർ ചോദിക്കാറുണ്ട്. അതൊരു ന്യായമായ ചോദ്യമാണ്. എങ്കിലും അതിന് പല ഉത്തരങ്ങളും നല്കാനുണ്ടാകും. അത് മറ്റൊരു വിഷയമാണ്. ഇവിടെ പറയാൻ ശ്രമിക്കുന്നത് അതിനെക്കുറിച്ചല്ല.
ഈ സാധാരണക്കാരായവരുടെ മക്കൾ കൂടി പഠിക്കുന്നത് കൊണ്ടാണ് ഇത്രയധികം സ്വകാര്യ സ്‌കൂളുകൾ നമ്മുടെ നാട്ടിൽ നടന്ന് പോകുന്നത്. ഞെങ്ങിയും ഞെരുങ്ങിയും ജീവിച്ചിട്ടും മക്കളെ സ്വകാര്യ സ്‌കൂളുകളിൽ അയച്ച് പഠിപ്പിക്കാൻ രക്ഷിതാക്കൾ തയാറാകുന്നത്, അവിടെ നിന്ന് പൊതുവിദ്യാലയങ്ങളിലേതിനെക്കാൾ എന്തൊക്കെയോ മികച്ച സംഗതികൾ തങ്ങളുടെ മക്കൾക്ക് ലഭിക്കുമെന്നും അത് അവരുടെ ഭാവിക്ക് ഗുണം ചെയ്യുമെന്നുമുള്ള വിശ്വാസം കൊണ്ടാണ്. കേരളത്തിലെ സ്വകാര്യ സ്‌കൂളുകളൊന്നും നഷ്‌ടം സഹിച്ച് പ്രവർത്തിക്കുന്നവയല്ല. ഭൂരിഭാഗം സ്‌കൂളുകളും വൻ ലാഭത്തിലാണ് നടന്ന് പോകുന്നത്. അവരുടെ ആസ്തികളും വരവ് ചെലവുകളും പരിശോധിച്ചാൽ അത് വ്യക്തമാകും. ഈ ലാഭം കൊണ്ട് കെട്ടിയുയർത്തപ്പെട്ടതാണ് അവരുടെ ലെഗസി. ഈ കോവിഡ് കാലത്ത് പോലും സ്വകാര്യ സ്കൂളുകളിൽ ചിലരെങ്കിലും ഇതൊന്നും ഒട്ടും ആലോചിക്കുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്.
കോവിഡ് കാലത്ത് സി ബി എസ് ഇ സ്‌കൂളുകൾ കാണിക്കുന്ന അനീതിയെക്കുറിച്ച് നേരത്തെയും പരാമർശിക്കപ്പെട്ടിരുന്നു. വാഗ്ദാനം ചെയ്യപ്പെട്ട വിദ്യാഭ്യാസം നൽകാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ഫീസിളവ് നൽകുകയോ ചെലവിനനുസൃതമായി മാത്രം ഫീസ് വാങ്ങുകയോ ചെയ്യണം എന്ന നിർദേശത്തെ ധാരാളം സ്‌കൂളുകൾ മാനിക്കുകയും കോവിഡ് കാലത്തേക്ക് മാത്രമായി പുതുക്കിയ ഒരു ഫീസ് നിരക്ക് അവർ രക്ഷകർത്താക്കളെ അറിയിക്കുകയും ചെയ്തിരുന്നു. അവരെ പ്രത്യേകം പ്രശംസിക്കുന്നു. എന്നാൽ ചില സ്‌കൂളുകൾ ഇതൊന്നും മാനിക്കാതെ കോവിഡ് കാലത്ത് കൊള്ള ലാഭം കൊയ്യാൻ ശ്രമിക്കുകയായിരുന്നു. ഫീസിൽ ഒരു വിട്ട് വീഴ്ചക്കും തങ്ങൾ തയ്യാറല്ലെന്നും ഫീസ് പൂർണമായും തന്നില്ലെങ്കിൽ ഓൺലൈൻ ക്ലാസുകളിൽ നിന്ന് കുട്ടികളെ പുറത്താക്കുമെന്നും ഭീഷണിപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് രക്ഷിതാക്കൾക്ക് കോടതിയിൽ പോകേണ്ടി വന്നത്.
കോടതി ഈ വിഷയം പഠിച്ച് ശ്രദ്ധേയമായ ഒരു നിലപാടാണ് സ്വീകരിച്ചത്. കോവിഡ് കാലത്തെ വരവ് ചെലവ് കണക്കുകൾ രക്ഷിതാക്കളെയോ സർക്കാരിനെയോ സ്‌കൂളുകൾ ബോധ്യപ്പെടുത്തുകയും അതിനാവശ്യമായ ഒരു തുക മാത്രം വിദ്യാർത്ഥികളിൽ നിന്ന് ഫീസായി ഈടാക്കുകയും ചെയ്യുക എന്നതായിരുന്നു കോടതി നിർദേശം. അതായത് ഇത്തവണ നിലനിൽപ് മാത്രം നോക്കാം. ലാഭം അടുത്ത തവണ മുതൽ മതിയെന്ന്. അതിനെ തുടർന്ന് ശ്രദ്ധേയമായ ഒരു ഇടപെടലാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
കോവിഡ് എന്ന ഈ മഹാമാരി നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളേയും ബാധിച്ചിട്ടുണ്ട്. സ്‌കൂളുകൾ അത് മനസിലാക്കണമെന്നാണ് സർക്കാർ അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് ഈടാക്കാന്‍ സ്‌കൂളുകളെ അനുവദിക്കില്ല എന്നുള്ള നിലപാട് സർക്കാരും സ്വീകരിച്ച് കഴിഞ്ഞു. കോവിഡ് സാഹചര്യത്തില്‍ ഓരോ സ്‌കൂളും വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന സൗകര്യങ്ങള്‍ അനുസരിച്ചാകണം ഫീസ് നിശ്ചയിക്കേണ്ടത്. ഇതു അധിക തുകയല്ലെന്നും ലാഭമുണ്ടാക്കുന്നതല്ലെന്നും മാനേജ്‌മെന്റുകള്‍ ഉറപ്പാക്കണം.രക്ഷിതാക്കൾക്ക് ഇത് ബോധ്യപ്പെടുകയും വേണം. ഈ അധ്യയന വര്‍ഷത്തേക്ക് മാത്രമാണ് നിയന്ത്രണമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. ഇതുറപ്പാക്കാന്‍ എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നിർദേശങ്ങൾക്ക് എതിര് പ്രവർത്തിക്കുന്ന സ്കൂളുകക്കെതിരിൽ നടപടി സ്വീകരിക്കാനും ഡെപ്യൂട്ടി ഡയറക്ടർമാർക്ക് അധികാരം ഉണ്ടാകും.
രക്ഷകർത്താക്കൾ താത്പര്യപൂർവം കാണുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുലർത്തുന്ന ഇത്തരം ശാഠ്യങ്ങൾ ദൂരവ്യാപകമായ പ്രതിഫലനങ്ങൾ ഉണ്ടാക്കിയേക്കും. കോവിഡ് കാലത്ത് മനുഷ്യർ അനുഭവിക്കുന്ന പ്രതിസന്ധിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടവരെന്ന് കരുതപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുലർത്തുന്ന ദുര പല രക്ഷകർത്താക്കളെയും ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചേക്കും. തങ്ങൾ അനുഭാവപൂർവം പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷകൾ ആസ്ഥാനത്തായത് മാത്രമല്ല വിഷയം. മാനവകുലം മൊത്തത്തിൽ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുമ്പോഴും ഇത്ര മാത്രം മനുഷ്യത്വ വിരുദ്ധത പുലർത്തുന്നവരിൽ നിന്ന് തന്റെ കുട്ടിക്ക് എന്താണ് ലഭിക്കുക എന്നവർ ന്യായമായും ആലോചിക്കും. വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള ചിന്തകൾക്ക് ഇത് ഇടം നൽകും. ഇതിന്റെ ആത്യന്തിക നഷ്ടം ഇവിടുത്തെ സ്വകാര്യ സ്‌കൂളുകൾക്ക് തന്നെയായിരിക്കും. അത് കൊണ്ട് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ തീർച്ചയായും ഒരു നിലപാട് സ്വീകരിക്കേണ്ടതുണ്ട്. ഇത്തവണ സ്‌കൂൾ നടക്കട്ടെ. ലാഭം കോവിഡ് കഴിഞ്ഞുമാകാം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS