Health

ജീവിത ശൈലിയിൽ മാറ്റം വരുത്താം; ആരോഗ്യത്തോടെ ജീവിക്കാം

ഡോ. ഫർസാന മറിയം റഷീദ്

BAMS, ആയൂർവേദ മെഡിറ്റേഷൻ കൗൺസിലർ

ആയുർവേദ ശാസ്ത്രഗ്രന്ഥങ്ങളിൽ തണുപ്പ് കാലം, ചൂടുകാലം, വേനൽ കാലം തുടങ്ങിയ ആറ് ഋതുക്കൾ കുറിച്ചും ഈ ഋതുക്കളിൽ ആരോഗ്യത്തോടെയിരിക്കാൻ നാം പിന്തുടരേണ്ട ജീവിതശൈലിയെ കുറിച്ചും ഋതാചാര്യ എന്ന പേരിൽ വളരെ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. നമ്മുടെ മുൻ തലമുറയിലെ ആളുകൾ ഇത് ഒരു പരിധിവരെ പ്രാവർത്തികമാക്കുകയും ചെയ്തിരുന്നു. നാം ജീവിക്കുന്നത് ലോകത്തിന്റെ ഏത് കോണിലായാലും ഇത്  നമുക്ക് നടപ്പിലാക്കാവുന്നതാണ്.

ചൂടുകാലത്തെ ഗ്രീഷ്മ ഋതുക്കൾ എന്ന പേരിലാണ് പ്രതിപാദിച്ചിട്ടുള്ളത്. അന്തരീക്ഷോഷ്മാവ് വർധിച്ചിരിക്കുന്നതിനാൽ നമ്മുടെ ശരീരത്തിന് പൊതുവിൽ ബലക്കുറവ് ഉണ്ടാകുന്ന സമയമാണിത്. അതുകൊണ്ട് തന്നെ വളരെ മിതമായ വ്യായാമവും കൂടുതൽ ഉറക്കവും പകലുറക്കവും എല്ലാം ഈ കാലാവസ്ഥയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ ബലക്കുറവും മറ്റ്‌ അനുബന്ധ മാറ്റങ്ങളും ചൂട് കൂടുതലുള്ളത് കൊണ്ടായതിനാൽ ശരീരം തണുപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തികളാണ് നാം പിന്തുടരേണ്ടത്. തണുപ്പ് കാലത്ത് പൊതുവിൽ കണ്ടുവരുന്ന വരണ്ട ചർമം, താരൻ, കാൽ വിള്ളൽ തുടങ്ങിയവയാണ്.

ഇതിൽ വരണ്ടചർമം, താരൻ തുടങ്ങിയവ ചൂടുകാലത്തും കാണപ്പെടുമെങ്കിലും അതിനുള്ള കാരണങ്ങൾ തീർത്തും വ്യത്യസ്തങ്ങളാണ്. വിയർപ്പ് ശരീരത്തിൽ തങ്ങി നിൽക്കുന്നത് മൂലമുണ്ടാകുന്ന ചർമ്മ രോഗങ്ങൾ, സൂര്യരശ്മികൾ ചർമത്തിൽ നേരിട്ട് പതിക്കുന്നത് മൂലമുണ്ടാകുന്ന കരുവാളിപ്പ്, ചൊറിച്ചിൽ എന്നവയും മുഖക്കുരു,ചൂടുകുരു  തുടങ്ങിയവയുമാണ് ചൂടുകാലത്ത ചർമത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തടയുന്നതിനുമായി നാം കഴിക്കുന്ന ആഹാരത്തിലും പുറമെയുള്ള പ്രയോഗങ്ങളിലും ശ്രേധിക്കേണ്ടതുണ്ട്.

ചൂട് കൂടുതലുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. രാവിലെ 10 മണി മുതൽ വൈകീട്ട് 3മണി വരെ ശ്രേധിക്കേണ്ടതാണ്. ഈ സമയങ്ങളിൽ പുറത്തിറങ്ങേണ്ടി വരുമ്പോൾ ഇളം നിറത്തിലുള്ള കുടകളും, തൊപ്പി തുടങ്ങിയവയും ശീലമാക്കുക. ശരീരം മുഴുവൻ മൂടുന്നതരത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. അയഞ്ഞ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. ഇറക്കിയതും, കടും നിരത്തിലുള്ളതുമായ സിന്തറ്റിക് വസ്ത്രങ്ങൾ നമ്മുടെ  ശരീരത്തിൽ വിയർപ്പ് തങ്ങി നിൽക്കാനും അതുവഴി ചർമ്മ രോഗങ്ങൾ ഉണ്ടാകാനും കാരണമാകും.

കൂടുതൽ സമയം പുറത്തു ചിലവഴിക്കേണ്ടി വരുന്ന ആളുകൾ കൃത്യമായി moisturising ക്രീമുകളും, ഓരോരുത്തരുടെയും ചര്മത്തിന് അനുയോജ്യമായ സൺസ്‌ക്രീൻ തുടങ്ങിയവയും ഉപയോഗിക്കുന്നത് നല്ലതാണ്. ചൂടുകാലത്ത നേരിട്ടുള്ള സൂര്യരശ്മികൾ ഏൽക്കുന്നത്പോലെ തന്നെ ചര്മത്തിന് പ്രശ്നമുണ്ടാക്കുന്ന പ്രവൃത്തിയാണ് കൂടുതൽ സമയം ഏ സി  ഇട്ട് ശീതീകരിച്ച മുറികളിൽ ചിലവഴിക്കുന്നത്. നമ്മുടെ ശരീരത്തിൽ നിന്ന് ജലാംശം വലിയ തോതിൽ നഷ്ടപ്പെടാൻ ഇത് കാരണമാകുന്നു. ചർമം കൂടുതൽ വരണ്ടതായി മാറുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഏ സി റൂമുകളിൽ കൂടുതൽ സമയം ചിലവഴിക്കുന്നവർ ധാരാളം വെള്ളം കുടിക്കേണ്ടത് ചർമ്മ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.

നമ്മുടെ ശരീരം ചൂടാകുമ്പോൾ സ്വാഭാവികമായി ഉൽപാദിപ്പിക്കപ്പെടുന്ന വിയർപ്പ് ഉണ്ടാകുന്നില്ല എന്നുള്ളതാണ് ഏ സി റൂമുകളുടെ മറ്റൊരു പ്രധാന പ്രശ്നം. നമ്മുടെ ശരീരത്തിലെ മെറ്റബോളിസം വഴിയുണ്ടാകുന്ന പല മാലിന്യങ്ങളും വിയർപ്പിലൂടെയാണ് പുറംതള്ളപ്പെടുന്നത്. മാത്രവുമല്ല വിയർപ്പ് ചർമത്തെ moisturise ചെയ്ത നിലനിർത്തുകയും ചെയ്യുന്നു. വൈകുന്നേരങ്ങളിൽ കുറച്ച സമയം തുറസ്സായ സ്ഥലങ്ങളിൽ ചിലവഴിക്കുന്നത് ഇത്തരത്തിലുള്ള പ്രശനങ്ങൾ പരിഹരിക്കാൻ ഒരു പരിധി വരെ സഹായകമാകും.

ചൂടുകാലത്തെ ചർമ്മ രോഗങ്ങളിൽ നിന്നും രക്ഷനേടാൻ നമ്മുടെ ശരീരം വൃത്തിയായും hydrated ആയും നിലനിർത്തേണ്ടതുണ്ട്. നല്ല തണുത്ത വെള്ളത്തിൽ രണ്ടുനേരം കുളിക്കുക. സോപ്പുകൾ ചർമത്തെ കൂടുതൽ വരണ്ടത്താക്കുമെന്നതിനാൽ അവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.  പകരം ചെറുപയര്പൊടി, കടലമാവ് മുതലായവയോ മൈൽഡ് ബോഡി വാഷുകളോ ഉപയോഗിക്കാം. പുറമെ നിന്ന് എത്തിയ ഉടനെ കുളിക്കാതിരിക്കുക. കഴിയുന്നതും നേരിട് ഏ സിയിലേക് പോകാതിരിക്കുക. വിയർപ്പോടെ കുളിക്കുന്നതും തണുത്ത കാറ്റടിക്കുന്നതും ജലദോഷം തുടങ്ങിയ രോഗങ്ങൾക് വഴിതുറന്നേക്കാം.

ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്ന ജലാംശം തിരികെയെത്തിക്കാൻ നാം വളരെയധികം ശ്രേധിക്കേണ്ടതുണ്ട്. വെള്ളം  ധാരാളം കുടിക്കുക, പതിമുഖം, നന്നാറി, രാമച്ചം മുതലായവ ഇട്ട് തിളപ്പിച്ച വെള്ളം വേനൽ കാലത് ശരീരം തണുപ്പിക്കാൻ നല്ലതാണ്. മണ്പാത്രങ്ങളിൽ സൂക്ഷിച്ച വെച്ച വെള്ളം ഫ്രിഡ്ജിലെ തണുത്ത വെള്ളത്തേക്കാൾ ശരീരത്തിനും ചർമ്മത്തിനും ഗുണം ചെയ്യും. Carbonated സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം  ചൂടുകാലത്ത കുറക്കുന്നതാണ് നല്ലത്.

നന്നാറി പഞ്ചസാര ചേർത്ത സർബത് രൂപത്തിൽ കുടിക്കാവുന്നതാണ്. കൂവപ്പൊടി പാലോ തേങ്ങാപ്പാലോ ചേർത്ത കാച്ചി കുടിക്കുന്നത് ചൂടുകുരു പോലെയുള്ള പ്രശ്ങ്ങൾ തടയാൻ സഹായിക്കും.

കൈകളുടെ ഇടുക്ക്, തുടയിടുക്ക് തുടങ്ങിയ ഭാഗങ്ങളിൽ വിയർപ്പ് കൂടുതലായി തങ്ങി നിൽക്കുകവഴി പൂപ്പൽ ബാധ (Fungal infections) പോലെയുള്ള ചർമ്മ രോഗങ്ങൾ ചൂടുകാലമായാൽ കൂടുതലായി കാണപ്പെടുന്നു. ഇത്തരം ഭാഗങ്ങൾ വൃത്തിയായും, ഉണക്കിയും സൂക്ഷിച്ചാൽ ഇവ വരാതെ തടയാം. എണ്ണ മുതലായവയുടെ പ്രയോഗം ഇത്തരം അവസരങ്ങളിൽ അഭികാമ്യമല്ല. വിയർപ്പ് തങ്ങി നിൽക്കുന്ന ഭാഗങ്ങളിൽ ചൊറിച്ചിൽ, തടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ ഉപയോഗിക്കേണ്ടതാണ്.
ചൂടുകാലത്ത പൊതുവിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ കൂടുതലായതിനാൽ മുഖക്കുരു ഉണ്ടാകാനുള്ള സാദ്ധ്യതകൾ കൂടുതലാണ്. മുഖം വൃത്തിയായി സൂക്ഷിക്കുക വഴി ഇത് ഒരു പരിധി വരെ തടയാനാകും. കടലമാവും തൈരും ചേർന്ന മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുന്നതിന്ന് മുൻപ് കഴുകിക്കളയുന്നത് മുഖം വൃത്തിയാക്കാനും, കരുവാളിപ്പ് മുഖക്കുരു എന്നിവ തടയാനും സഹായിക്കും.

ഭക്ഷണത്തിൽ വെള്ളത്തിന്റെ അംശം കൂടുതലുള്ള പഴങ്ങൾ ധാരാളം ഉൾപ്പെടുത്തുക.ഓറഞ്ച്, തണ്ണിമത്തൻ, തുടങ്ങിയ ഉദാഹരണങ്ങളാണ്.  സീസണൽ ഫലങ്ങൾ ആണ് കഴിക്കേണ്ടത്. മാംസാഹാരകളുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഇവയോടൊപ്പം നല്ല ഉറക്കവും നടത്തം പോലുള്ള മിതമായ വ്യായാമങ്ങളും കൂടിയായാൽ ചൂടുകാലത്തെ ശാരീരിക പ്രശ്നങ്ങളെ നമുക്ക് അനായാസം മറികടക്കാം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x