2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി ചർച്ചകൾ നടക്കുന്ന കാലം. സി പി ഐ മാധ്യമ പ്രവർത്തകനായ എ.പി കുഞ്ഞാമുവിനെ സ്ഥാനാർത്ഥിയാക്കുമെന്നൊരു വാർത്ത വന്നു.
കുഞ്ഞാമു ഇടത് സംഘടനയായ കനറ ബാങ്ക് എംപ്ലോയീസ് യൂനിയൻ്റെ ദേശീയ നേതാവും യുവ കലാസാഹിതി പ്രവർത്തകനുമായിരുന്നു, ഇപ്പോഴും അവയിലൊക്കെ സജീവമാണ്.
പത്ര പ്രവർത്തന രംഗത്താണെങ്കിൽ മാതൃഭൂമി, മാധ്യമം, തേജസ്, ദേശാഭിമാനി വാരിക എന്നിവയിലെല്ലാം പലപ്പോഴായി എഴുതിയിട്ടുണ്ടെങ്കിലും ഇതിലൊന്നിലും ഔദ്യോഗിക സ്ഥാനം വഹിച്ചിട്ടില്ല.
സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വാർത്ത പക്ഷേ വിവാദമായി. കുഞ്ഞാമുവിൽ ആരോപിക്കപ്പെട്ട ‘പോപുലർ ഫ്രൻ്റ് ബന്ധം’ ആയിരുന്നു കാരണം. ആരോപണത്തിൻ്റെ അടിസ്ഥാനം തേജസിൽ ‘ജോലി ചെയ്യുന്നു’ എന്നത് മാത്രമായിരുന്നു.
ദേശാഭിമാനി അടക്കമുള്ള മറ്റ് പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്നതോ ഇടത് രാഷ്ട്രീയ, കലാ സംഘടനകളിൽ സജീവ സാന്നിധ്യമായതോ ഒന്നും ഇതിനെ പ്രതിരോധിക്കാൻ പര്യാപ്തമല്ലായിരുന്നു. സി പി എം അടക്കം ഇടത് പക്ഷത്തുള്ളവർ തന്നെ സ്ഥാനാർത്ഥിത്വത്തെ ശക്തമായി എതിർത്തു.
മുമ്പ് പോപുലർ ഫ്രൻ്റ് നടത്തിയ പരിപാടിയിൽ സംസാരിച്ചത് പോലും വിവാദമായി, അതേ പരിപാടിയിൽ സംബന്ധിച്ചിരുന്ന രാമനുണ്ണി അടക്കമുള്ള പ്രമുഖ കലാസാംസ്കാരിക നായകർക്ക് കിട്ടാത്ത ചാപ്പ കുഞ്ഞാമുവിന് മാത്രം കിട്ടി.
ഏതായാലും സി പി ഐ അങ്ങനെയൊരാലോചന നടത്തിയിരുന്നു എന്നല്ലാതെ കുഞ്ഞാമുവിൻ്റെ സമ്മതം പോലും ഇല്ലാത്തതിനാൽ വാർത്തയും സ്ഥാനാർത്ഥിത്വവും ദിവസങ്ങൾക്കുള്ളിൽ ആവിയായിപ്പോയി.
പക്ഷേ എങ്ങനെയാണ് ഇടത് പക്ഷത്തോട് ചേർന്ന് നിന്ന ഒരു മുസ്ലിം എഴുത്തുകാരൻ പോലും ഓഡിറ്റ് ചെയ്യപ്പെടുക എന്നത് സംഭവം കാണിച്ച് തന്നു. സാധ്യമായ എല്ലാ മതേതര ശ്രമങ്ങളും നടത്തി നോക്കിയിട്ടും പതിറ്റാണ്ടുകൾക്ക് മുമ്പുള്ള സിമി ബന്ധത്തിൻ്റെ പേരിൽ കെ ടി ജലീൽ ഇന്നും വേട്ടയാടപ്പെടുന്നു.
ഇനി സംവിധായകൻ രഞ്ജിത്തിൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധിക്കുക.
മലയാള സിനിമയിൽ ഹിന്ദുത്വ രാഷ്ട്രീയ ചിഹ്നങ്ങളും സ്ത്രീ വിരുദ്ധതയും അരാഷ്ട്രീയതയും ഭീകരമായി സമന്വയിപ്പിച്ചതാണ് രഞ്ജിത്തിൻ്റെ സാംസ്കാരിക സംഭാവന.
ഇന്ന് സോഷ്യൽ മീഡിയയിൽ ഉറഞ്ഞ് തുള്ളുന്ന ശരാശരി സംഘിയുടെ രാഷ്ട്രീയ ബോധ രൂപീകരണത്തിൽ നിർണായകമായിരുന്നു രഞ്ജിത് സിനിമകൾ. അതിലപ്പുറം ഗുണപരമായ ഒരു സംഭാവനയുമർപ്പിക്കാൻ രഞ്ജിത്തിനായിട്ടില്ല.
പക്ഷേ കുറച്ച് പിണറായി സ്തുതികളിലൂടെ എല്ലാം മായ്ച്ച് കളയാനും സ്ഥാനാർത്ഥി ചർച്ചകളിൽ സജീവമാവാനും രഞ്ജിത്തിന് കഴിഞ്ഞു. കുഞ്ഞാമു നേരിട്ട ഓഡിറ്റിങ്ങിൻ്റെ നൂറിലൊന്ന് പോലും രഞ്ജിത് നേരിടുന്നുമില്ല.
ഇടത് പക്ഷം ഏറ്റ് പിടിക്കുന്നുവെന്നവകാശപ്പെടുന്ന എല്ലാ മൂല്യങ്ങളേയും എതിർക്കാൻ മാത്രം തൻ്റെ കലാപരമായ ഇടപെടലുകൾ ഉപയോഗിച്ച ആൾ ഇടത് സ്ഥാനാർത്ഥിയാവാനുള്ള സാധ്യതകളാണ് തെളിയുന്നത്.
ഉറപ്പാണ് രഞ്ജിത് ! സവർണ രാഷ്ട്രീയം പറയുന്നവർക്ക് കേരളത്തിൽ ഒന്നും പേടിക്കാനില്ലെന്ന ഉറപ്പ് !
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS