Kerala

നിസ്സഹകരണ പ്രസ്ഥാനം മുതൽ ഷഹീൻബാഗ്/കർഷകസമരം വരെ; തെരുവിൽ അല്ലാതെ വേറെ എവിടെയാണ് സമരം ചെയ്യേണ്ടത്?

സുധ മേനോൻ

ലോകചരിത്രത്തെ എല്ലായ്പ്പോഴും പുരോഗമനാത്മകമായി മാറ്റി മറിച്ചത്, ഈ ലോകത്തെ കൂടുതൽ സമത്വപൂർണ്ണവും, സുന്ദരവുമാക്കിയത്, ദരിദ്രരും നിസ്വരുമായ കോടിക്കണക്കിനു മനുഷ്യർക്ക് അവരുടെ ആത്മാഭിമാനവും മനുഷ്യാവകാശങ്ങളും ലഭ്യമാക്കിയത് ഒരിക്കലും ഡ്രോയിങ് റൂമിൽ ഇരുന്ന് അലസമായി ടീവി റിമോട്ട് മാറ്റികൊണ്ട് സകല പ്രിവിലേജുകളുടെയും നടുവിൽ അരാഷ്ട്രീയത വിളമ്പുന്നവർ ആയിരുന്നില്ല.

മറിച്ച്, തെരുവിൽ പോരാടിയ ഏതാനും മനുഷ്യർ തന്നെ ആയിരുന്നു.

കുറച്ചു മനുഷ്യർ റോഡിൽ ഇരിക്കാനും, വെയിൽ കൊള്ളാനും, പോലീസിന്റെയും പട്ടാളത്തിന്റെയും മർദ്ദനം ഏറ്റുവാങ്ങാനും എല്ലാകാലത്തും തയ്യാറായത് കൊണ്ടാണ് ജനാധിപത്യം പേരിനു എങ്കിലും ഇവിടെ നിലനിൽക്കുന്നത്.

നിസ്സഹകരണ പ്രസ്ഥാനം മുതൽ ഷഹീൻബാഗും, കർഷകസമരവും വരെയുള്ള നിരവധി പ്രക്ഷോഭങ്ങൾ ജനജീവിതത്തെ ഏതാനും മണിക്കൂറുകൾ ബാധിച്ചിട്ടുണ്ട്.

അത് കൊണ്ടൊന്നും ആ സമരങ്ങൾക്ക് പ്രസക്തി ഇല്ലാതാവുന്നില്ല.

നോക്കൂ, ജീവിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശത്തെ കൊഞ്ഞനം കുത്തികൊണ്ടാണ്, പെട്രോൾ-ഡീസൽ വിലയും പാചകവാതക വിലയും ഇവിടെ ദിവസേന ഉയർന്നുകൊണ്ടിരിക്കുന്നത്.

സാധാരണക്കാരന്റെ കൈയ്യിൽ ഈ ഉത്സവകാലത്തും നയാപൈസയില്ല. ആത്മഹത്യയുടെ വക്കിലാണ് പലരും.

ഓർക്കണം, കഴിഞ്ഞ നാലു വർഷം കൊണ്ട് 45 വർഷത്തെ ഏറ്റവും കൂടിയ പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും ആണ് ഇന്ത്യ ഇടറി വീണത്. കഴിഞ്ഞ ഒരൊറ്റ വർഷത്തിൽ മാത്രം ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 60 ദശലക്ഷത്തിൽ നിന്നും 134 ദശലക്ഷമായി.

എന്നിട്ടും, ഏറ്റവും കൂടുതൽ പെട്രോൾ-ഡീസൽ വിലയുള്ള നമ്മുടെ ഇന്ത്യ ആണ് ഏഷ്യയിൽ ഏറ്റവും കുറഞ്ഞ കോർപറേറ്റ് നികുതി നിരക്ക് ഉള്ള രാജ്യങ്ങളിൽ ഒന്ന് എന്നുകൂടി നിങ്ങൾ അറിയണം.

എന്തൊരു മനുഷ്യവിരുദ്ധതയാണിത്! എന്തൊരു അനീതിയാണിത്!

അതുകൊണ്ട്, ജനക്ഷേമത്തിന്റെ DNA എന്താണെന്ന് അറിയാത്ത, വർത്തകസംസ്കാരത്തിന്റെ ലോകബോധം മാത്രം ജീനിൽ പേറുന്ന ഒരു സർക്കാറിന് എതിരെ തെരുവിൽ അല്ലാതെ വേറെ എവിടെയാണ് സമരം ചെയ്യേണ്ടത് എന്നുകൂടി അരാഷ്ട്രീയവാദികൾ പറയണം.

പെട്രോൾ വില വർദ്ധനവിന് എതിരായുള്ള കോൺഗ്രസ്സ് സമരത്തിന് എല്ലാ പിന്തുണയും ആശംസകളും നേരുന്നു.

എങ്കിലും അഭിപ്രായം പറയുന്നവരെ ആക്രമിക്കുന്ന രീതിയോട് യോജിക്കുന്നില്ല. അത് തെറ്റാണ്. സത്യത്തിൽ, എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിച്ചു നിന്നുകൊണ്ടുള്ള വൻ ജനകീയസമരമാണ് ഇന്നാവശ്യം.

അല്ലാതെ റോഡ്‌ ബ്ലോക്കിന്റെ പേരിൽ ഉണ്ടായ പ്രതിഷേധം ഭയന്ന് ഡ്രോയിങ് റൂമിലേക്കുള്ള തിരിച്ചു പോക്ക് അല്ല.

അത് കൊണ്ട് വീണ്ടും വീണ്ടും ഒന്നേ പറയാനുള്ളൂ:
‘ഗതഭയം ചരിക്ക നാം ഗരുഡതുല്യ വേഗരായ് …കരളുറച്ചു കൈകൾ കോർത്തു കാൽ നടക്ക് പോക നാം…

അഭിവാദ്യങ്ങൾ സുഹൃത്തുക്കളെ ….

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x