Social

മാല്‍ക്കം എക്സ്; അമേരിക്കൻ വംശീയതയെ പ്രതിരോധിച്ച ധീരൻ

ലബീബ മംഗലശ്ശേരി

ആഫ്രോ‌ അമേരിക്കന്‍‌ നേതാവും‌ പൗരാവകാശ‌ പ്രവര്‍ത്തകനുമായിരുന്ന‌ മാല്‍ക്കം‌ എക്സ്‌ 1960‌ കളില്‍‌ അമേരിക്കയില്‍‌ പൗരവകാശ‌ പ്രവര്‍ത്തനങ്ങള്‍‌ നടക്കുന്ന‌ കാലത്തെ‌ ശ്രദ്ധേയ‌ വ്യക്തിത്വമായിരുന്നു‌.

കറുത്ത‌ വര്‍ഗക്കാരുടെ‌ ദേശീയതയില്‍‌ വിശ്വസിച്ചിരുന്ന‌ ‘നാഷന്‍‌‌ ഓഫ്‌ ഇസ്ലാം‌’ എന്ന‌ സം‌ഘ‌ടനയിലാ‌ണ്‌ അദ്ദേഹം‌ പ്രവര്‍ത്തിച്ചിരുന്നത്‌. മാര്‍ട്ടിന്‍‌ ലൂതര്‍‌ കിംഗിന്റെ‌ അഹിംസ‌ സിദ്ധാന്തത്തിനു‌ ബദലായി‌ വെളുത്ത‌ വര്‍ഗക്കാരുടെ‌ ആക്രമണങ്ങളെ‌ ഏത്‌ മാര്‍ഗത്തിലൂടെയും‌ ചെറുക്കുക‌ എന്ന‌ ചിന്തയാണ്‌ അദ്ദേഹം‌ മുന്നോട്ട്‌ വെച്ചത്‌.

ഇസ്ലാമിനെ‌ കറുത്ത‌ വര്‍ഗക്കാരുടെ‌ മാത്രം‌ മതമായി‌ ക‌‌ണ്ട‌‌ നാഷന്‍‌ ഓഫ്‌ ഇസ്ലാം‌ യ‌ഥാര്‍ത്ഥ‌ ഇസ്ലാമിന്റെ‌ ആശയങ്ങളായിരുന്നില്ല‌ പ്രചരിപ്പിച്ചിരുന്നത്.

അവസാന‌ കാലത്ത്‌, നാഷന്‍‌ ഓഫ്‌ ഇസ്ലാം‌ സംഘടന‌ സ്ഥാപകന്‍‌ എലിജാ‌ മുഹമ്മദുമായുണ്ടായ‌ പ്രശ്നങ്ങളാല്‍‌ മാല്‍ക്കം‌ എക്സ്‌ സംഘടനയില്‍‌ നിന്നും‌ പുറത്താക്കപ്പെടുകയും‌ മക്കയിലേക്കുള്ള‌ തീര്‍ത്ഥാടനം‌ വഴി യഥാര്‍ഥ‌ ഇസ്ലാമിന്റെ‌ ആശയങ്ങള്‍‌ സ്വീകരിക്കുകയും‌ ചെയ്യുന്നു‌.

1965‌ല്‍‌ അമേരിക്കയിലെ‌ കറുത്ത‌ വര്‍ഗക്കാരുടെ‌ പ്രശ്നങ്ങളിലേക്ക്‌ അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കുക‌ എന്ന‌ ഉദ്ദേശത്തോടെ‌ മാല്‍ക്കം‌ എക്സ്‌ ‘ഒര്‍ഗനൈസേഷന്‍‌ ഓഫ്‌ ആഫ്രോ‌ അമേരിക്കന്‍‌‌ യൂണിറ്റി‌ ‘‌ എന്ന‌ പേരില്‍‌ ഒരു‌ മതേതര‌ കൂട്ടായ്മ‌ രൂപീകരീക്കുന്നുണ്ടെങ്കിലും‌ വളരെ‌ വൈകാതെ‌ അദ്ദേഹം‌ കൊല്ലപ്പെടുന്നതിനാല്‍‌ ആ‌ സംഘടനയുടെ‌ പ്രവര്‍ത്തനങ്ങള്‍‌ വേണ്ടത്ര‌ മുന്നോട്ട്‌ കൊണ്ട്‌ പോകാന്‍‌ അദ്ദേഹത്തിനു‌ സാധിക്കുന്നില്ല‌.

1965‌ ല്‍‌ മാല്‍ക്കം‌ എക്സ്‌ കൊല്ലപ്പെട്ടതിന്‌ ശേഷം‌ പുറത്തിറങ്ങിയ,‌ അലക്സ്‌ ഹാലി മാൽക്കം എക്സിൽ നിന്നും‌ കേട്ടെഴുതിയ‌ അദ്ദേഹത്തിന്റെ‌ ആത്മകഥയാണ്‌‌ മാൽക്കം എക്സിനെ ലോകത്തിനു മുന്നിൽ ഒരു‌ വീര‌ നായകനാക്കിയത്‌.


മാൽക്കം എക്സ് ഓക്സ്ഫോർഡ് സർവകലാശാലയിൽ വന്നപ്പോൾ

ആദ്യകാലഘട്ടം

1925‌‌ മേയ്‌ 19‌ നാണ്‌‌ മാല്‍ക്കം‌ എക്സ്‌ ജനിച്ചത്‌‌‌. മാല്‍ക്കം‌ ലിറ്റില്‍‌ എന്നായിരുന്നു‌ പൂർവ നാമം‌. അദ്ദേഹത്തിന്റെ‌ പിതാവ്‌‌‌ റവറന്‍ഡ്‌ ഏള്‍ലിറ്റില്‍‌ ബാപ്റ്റിസ്റ്റ്‌ സുവിശേഷകനും‌ ബ്ലാക്ക്‌ നാഷണലിസ്റ്റ്‌ നേതാവായിരുന്ന‌ മാര്‍ക്സ്‌ ഗാര്‍വിയെ‌ പിന്തുണച്ചിരുന്ന‌ ആളുമായിരുന്നു‌. മാതാവ്‌ ലൂയിസ്‌ ലിറ്റില്‍‌.

മാല്‍ക്കം‌ ലിറ്റിലിന്‌‌ ആറ്‌ വയസ്സ്‌ പ്രായമുള്ളപ്പോള്‍‌ പിതാവ്‌ വെള്ള‌ വംശീയ‌ വാദികളാല്‍‌ കൊല്ലപ്പെടുന്നു‌. എന്നാല്‍‌ അധികാരികള്‍‌ ഇതിനെ‌ കുറിച്ച്‌‌ പറയുന്നത്‌ അദ്ദേഹം‌ ആക്സിഡന്റില്‍‌ മരിച്ചു‌ എന്നാണ്‌‌. മാല്‍ക്കം‌ ലിറ്റിലിനു‌ 13‌ വയസ്സുള്ളപ്പോള്‍‌ മാതാവിന്റെ‌ മാനസിക‌ നില‌ തകരാറിലാവുകയും‌ അവര്‍‌ മാനസികാരോഗ്യ‌ കേന്ദ്രത്തില്‍‌ പ്രവേശിപ്പിക്കപ്പെടുകയും‌ ചെയ്യുന്നു‌. അതിനെ‌ തുടര്‍ന്ന്‌ മാല്‍ക്കവും‌ സഹോദരങ്ങളും വിവിധ ‌ ഫോസ്റ്റര്‍‌ കെയര്‍‌ ഹോമുകളിലേക്ക്‌ മാറ്റപ്പെടുന്നു‌. അവിടെ‌ നിന്നും‌ ഔപചാരിക‌ വിദ്യാഭ്യാസം‌ തുടരുന്നു‌.‌

മാല്‍ക്കം‌ തന്റെ‌ ക്ലാസ്‌ മുറിയിലെ‌ എറ്റവും‌ നന്നായി‌ പ‌ഠിക്കുന്ന‌ വിദ്യാര്‍ഥിയായിരുന്നു‌. എന്നാല്‍ 8 ആം ക്ലാസില്‍ വെച്ച്‌ ഒരോരുത്തരുടെയും ഭാവി സ്വപ്നങ്ങള്‍ ചോദിച്ച അധ്യാപകന്‍ മാല്‍ക്കമിനോട് ഒരു കറുത്ത വര്‍ഗക്കാരന്‍ വക്കീലാവണം എന്ന് സ്വപ്നം കാണുന്നത് യാഥാര്‍ത്ഥ്യ ബോധത്തിനു നിരക്കാത്തതാണെന്ന് പറയുന്നു.

അതോട് കൂടി മാല്‍ക്കം ലിറ്റിലിന്‌ പഠിക്കാനുള്ള താല്പര്യം നഷ്ടമാവുകയും, പഠനം ഉപേക്ഷിച്ച്‌ ഹാര്‍ലമില്‍ കൂലി പണിയെടുത്തു കഴിഞ്ഞ് കൂടുകയും ചെയ്യുന്നു. അവിടെ വെച്ച്‌ മയക്കു മരുന്ന് ഉപയോഗവും മോഷണവും എല്ലാം ശീലിക്കുന്ന മാല്‍ക്കം 1946 ല്‍ ഒരു കവര്‍ച്ച കേസിലകപ്പെട്ട് ജയിലില്‍ പോകുന്നു.

ജയിൽ കാലഘട്ടവും നാഷന്‍‌ ഓഫ്‌ ഇസ്ലാമും

ജയിലില്‍ വെച്ചാണ്‌ അദ്ദേഹം എലിജാ മുഹമ്മദിന്റെ നാഷന്‍ ഓഫ് ഇസ്ലാമുമായി പരിചയിക്കുന്നത്. കറുത്ത വര്‍ഗക്കാരുടെ മേധാവിത്വത്തിലും ശാക്തീകരണത്തിലും വിശ്വസിച്ചിരുന്ന സംഘടനയായിരുന്നു നാഷന്‍ ഓഫ് ഇസ്ലാം എങ്കിലും നാഷന്‍ ഓഫ് ഇസ്ലാമിന്റെ സദാചാര നിയമങ്ങള്‍ അതു വരെ മാല്‍ക്കം എക്സ് നയിച്ചിരുന്ന അസാന്മാര്‍ഗിക ജീവിതത്തില്‍ നിന്നും അദ്ദേഹത്തെ മോചിപ്പിക്കുകയും ആ വ്യക്തിക്ക് ജീവിതത്തെ കുറിച്ച്‌ ലക്ഷ്യ ബോധമുണ്ടാക്കി കൊടുക്കുകയും ചെയ്യുന്നു.

ആഫ്രിക്കയില്‍ നിന്നും കറുത്തവരുടെ പൂര്‍വ പിതാക്കളെ അടിമകളായി കൊണ്ട് വന്ന വെള്ളക്കാര്‍ അവരുടെ പൂര്‍വ നാമം നശിപ്പിക്കുകയും പകരം മറ്റ് പേരുകള്‍ ചേര്‍ക്കുകയുമാണുണ്ടായത് എന്ന് നാഷന്‍ ഓഫ് ഇസ്ലാം വിശ്വസിച്ചു.

ആയതിനാല്‍ മാല്‍ക്കം തന്റെ പേരിന്റെ പിന്നിലുള്ള ‘ലിറ്റിൽ ‘ എന്ന നാമം ഉപേക്ഷിക്കുകയും പകരം ‘എക്സ്’ എന്ന് ചേര്‍ക്കുകയും ചെയ്തു. ജയിലിലായിരുന്ന കാലമത്രയും മാല്‍ക്കം എക്സ് നിരന്തര പഠനങ്ങളിലും വായനയിലും മുഴുകി. എലിജാ മുഹമ്മദുമായി ആ സമയങ്ങളില്‍ അദ്ദേഹം കത്തിടപാടുകള്‍ നടത്താറുണ്ടായിരുന്നു.

ആറ് വര്‍ഷത്തിനു ശേഷം മാല്‍ക്കം എക്സ് തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെടുകയും ഹാര്‍ലം ഏഴാം നമ്പര്‍ പള്ളിയുടെ സ്ഥാനപതിയായി നിയമിക്കപ്പെടുകയും ചെയ്തു. മാല്‍ക്കം എക്സിന്റെ പ്രസംഗ പാടവവും ധൈര്യവും വ്യക്തി പ്രഭാവവും അദ്ദേഹത്തിനു വലിയ ആരാധക വൃന്ദത്തെ ഉണ്ടാക്കി കൊടുത്തു.

1952 ല്‍ വെറും 400 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന നാഷന്‍ ഓഫ് ഇസ്ലാം, 1960 ല്‍ 40,000 അംഗങ്ങളുടെ സം‌ഘടനയായി മാറിയതില്‍ മാല്‍ക്കം എക്സിനുള്ള പങ്ക് വളരെ വലുതാണ്‌. ബോക്സിംഗ് ഇതിഹാസം മുഹമ്മദലി നാഷന്‍ ഓഫ് ഇസ്ലാമില്‍ ചേര്‍ന്ന പ്രമുഖ വ്യക്തിത്വമാണ്‌.

മാല്‍ക്കം എക്സും ബോക്സ്ർ മുഹമ്മദ് അലിയും

‘മുഹമ്മദ്‌ സ്പീക്സ്’‌ എന്ന‌ പേരില്‍‌ നാഷന്‍‌ ഓഫ്‌ ഇസ്ലാമിനായി‌ ഒരു‌ പത്രം‌ ഉണ്ടാക്കിയതും‌ അതിന്‌‌ പ്രചാരണം‌ കൊടുത്തതും‌ മാല്‍ക്കം‌ എക്സ്‌ ആണ്‌‌. അദ്ദേഹത്തിന്റെ‌ കുശാഗ്ര‌ ബുദ്ധിയും‌ വാക്സാമര്‍ത്ഥ്യവും‌ പരിഷ്കരണ‌ വാദവും‌ അദ്ദേഹത്തെ‌ അമേരിക്കന്‍‌ സമൂഹത്തിന്റെ‌ പ്രബല‌ വിമര്‍ശകനാക്കി‌ മാറ്റി‌.

മാര്‍ട്ടിന്‍‌ ലൂതര്‍‌ കിംഗും വിമർഷനങ്ങളും

മുഖ്യധാരയില്‍‌ ഉള്ള‌ മാര്‍ട്ടിന്‍‌ ലൂതര്‍‌ കിംഗിനെ‌ പോലെയുള്ള‌ ആളുകളുടെ‌ പൗരാവകാശ‌ പ്രവര്‍ത്തനങ്ങളെ‌ എല്ലാം‌ അദ്ദേഹം‌ നിശിതമായി‌ വിമര്‍ശിക്കുന്നുണ്ട്‌. മാര്‍ട്ടിന്‍‌ ലൂതര്‍‌ കിംഗിന്റെ‌ ‘അഹിംസ‌ ‘‌, ‘നിസ്സഹകരണം’‌, തുടങ്ങിയ‌ തന്ത്രങ്ങള്‍ക്ക്‌ പകരം‌ മാല്‍ക്കം‌ എക്സ്‌ ഏതു‌ വി‌ധേനയും‌ പ്രതിരോധിക്കാന്‍‌ ആഹ്വാനം‌ ചെയ്തു‌.

കറുത്ത‌ വര്‍ഗക്കാരെ‌ നീഗ്രോ‌ എന്നോ‌ കളേര്‍ഡ്‌ എന്നോ‌ വിളിക്കുന്നതിനു‌ പകരം‌ ബ്ലാക്ക്‌ എന്നോ‌ ആഫ്രോ‌ അമേരിക്കന്‍‌ എന്നോ‌ വിളിക്കാന്‍‌ മാല്‍ക്കം‌ എക്സിന്റെ‌ അധ്യാപനങ്ങള്‍‌ കാരണമായി‌.

മാര്‍ട്ടിന്‍‌ ലൂതര്‍‌ കിംഗിന്റെ‌ പ്രസിദ്ധമായ‌ ‘ഐ‌ ഹാവ്‌ എ‌ ഡ്രീം‌ ‘‌ എന്ന‌ പ്രസംഗത്തെ‌ മാല്‍ക്കം‌ എക്സ്‌ വിമര്‍ശിക്കുന്നത്‌ ഇപ്രകാരമാണ്‌‌. ‘ആര്‍ക്കെതിരെയാണോ കലാപം ചെയ്യുന്നു എന്ന് പറയുന്നത്, അവരോട് തന്നെ കൈ കോര്‍ത്ത് കൊണ്ട് ,അവരുടെ കൂടെ നൃത്തം ചെയ്തു കൊണ്ട്, കലാപകാരികള്‍ അല്ലെങ്കില്‍ വിപ്ലവകാരികള്‍ നമ്മള്‍ അതിജീവിക്കും എന്ന് പറയുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ’ എന്നാണ്‌.

1963 ല്‍ എലിജാ മുഹമ്മദിനെതിരെ ലൈംഗികപവാദ കേസ് പൊന്തി വന്നത് എലിജാ മുഹമ്മദും മാല്‍ക്കം എക്സും തമ്മില്‍ മാനസികമായി അകലാന്‍ കാരണമായി. നാഷന്‍ ഓഫ് ഇസ്ലാം കൊണ്ട് നടന്നിരുന്ന സദാചാര നിയമങ്ങള്‍ക്കു വിരുദ്ധമായിരുന്നു വ്യഭിചാരം എന്നത്.

എലിജാ മുഹമ്മദും മാല്‍ക്കം എക്സും

അതേ വര്‍ഷം തന്നെ നവംബറില്‍ ജോണ്‍.എഫ്.കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് ‘ഒരു ഹിംസയിലധിഷ്ഠിതമായ സമൂഹം അതിന്റെ പരിണിത ഫലം അനുഭവിക്കുമെന്ന്’ മാല്‍ക്കം എക്സ് അഭിപ്രായപ്പെട്ടു.

ഈ അഭിപ്രായ പ്രകടനം അദ്ദേഹത്തിന്‌ 90 ദിവസത്തെ നിര്‍ബന്ധിത മൗനം സംഘടനയില്‍ നിന്നും വാങ്ങിച്ചു കൊടുത്തു. എന്നാല്‍ , തന്നെ സം‌ഘടനയിലേക്ക് തിരിച്ചെടുക്കാന്‍ ഉള്ള ഭാവം ഇല്ലെന്ന് വളരെ വൈകാതെ മാല്‍ക്കം എക്സ് മനസ്സിലാക്കി. അന്നേരം‌ ഉണ്ടായ‌ മാനസിക‌ നിലയെ‌ കുറിച്ച്‌ മാല്‍ക്കം തന്റെ ആത്മകഥയില്‍ എഴുതിയത് ‘സൂര്യന്‍, നക്ഷത്രങ്ങള്‍…….ഇങ്ങനെയുള്ള പ്രാപഞ്ചിക പ്രതിഭാസങ്ങളേതോ പൊലിഞ്ഞു പോകുന്നതായി എനിക്കനുഭവപ്പെട്ടു’‌ എന്നാണ്‌.

ഹജ്ജ് യാത്രയും അനുഭവങ്ങൾ

1964 ല്‍ അദ്ദേഹം മക്കയിലേക്ക് ഹജ്ജ് നിര്‍വഹണത്തിനായി പോയി. അവിടെ വെച്ച്‌ യഥാര്‍ത്ഥ ഇസ്ലാമിന്റെ ആശയങ്ങള്‍ അടുത്തറിയുന്നതോട് കൂടി നാഷന്‍ ഓഫ് ഇസ്ലാമിന്റെ വിഘടന വാദ ചിന്തകള്‍ അദ്ദേഹം ഉപേക്ഷിച്ചു. മാല്‍ക്കം എക്സിന്റെ തീര്‍ത്ഥാടന അനുഭവങ്ങളെ കുറിച്ച്‌ അദ്ദേഹം എഴുതുന്നത് ഇപ്രകാരമാണ്‌.

“ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരകണക്കിന്‌ തീര്‍ത്ഥാടകര്‍ അവിടെ എത്തി ചേര്‍ന്നിരുന്നു. നീല കണ്ണും സ്വര്‍ണ്ണ തലമുടിയുമുള്ളവര്‍ തൊട്ട്, കറുത്ത തൊലിയുള്ള ആഫ്രിക്കക്കാര്‍ വരെ, വ്യത്യസ്ത നിറക്കാര്‍.

പക്ഷേ, ഞങ്ങളെല്ലാവരും ഒരേ അനുഷ്ഠാനങ്ങളിലാണ്‌ പങ്കെടുത്തത്. വെളുത്തവര്‍ക്കും വെളുത്തവരല്ലാത്തവര്‍ക്കുമിടയില്‍ ഇത്തരം ഏകതാ ബോധം ഒരു കാലത്തും നില നില്‍ക്കുകയില്ല എന്ന വിശ്വാസത്തിലേക്കാണ്‌ അമേരിക്കയിലെ അനുഭവങ്ങള്‍ എന്നെ നയിച്ചിട്ടുള്ളത്.

അമേരിക്ക ഇസ്ലാമിനെ മനസ്സിലാക്കേണ്ടത് ആവശ്യമാണ്‌. കാരണം, സമൂഹത്തില്‍ നിന്നും വംശീയ പ്രശ്നങ്ങള്‍ മായ്ച്ചു കളയുന്ന ഒരേ ഒരു മതം ഇസ്ലാമാണ്‌.

മുസ്ലിം‌ ലോകത്ത്‌ കൂടിയുള്ള‌ യാത്രകളിലൂടനീളം‌ അമേരിക്കയില്‍‌ വെളുത്തവരായി‌ പരിഗണിക്കപ്പെടുന്ന‌ ആളുകളുമായി‌ കൂടിക്കാഴ്ച‌ നടത്തുകയും‌ സംഭാഷണത്തിലേര്‍പ്പെടുകയും‌, അവരോടൊപ്പം‌ ഭക്ഷണം‌ കഴിക്കുക പോലും‌ ചെയ്തിട്ടുണ്ട്‌ ഞാന്‍‌.

പക്ഷേ‌, അവരുടെ‌ മനസ്സില്‍‌ നിന്നും‌ വെള്ളക്കാരന്‍‌ എന്ന‌ മനോഭാവം‌ ഇസ്ലാം‌ എടുത്തു‌ മാറ്റിയിരിക്കുന്നു‌. “

ഈ ഒരു അനുഭവത്തില്‍ നിന്നും വെള്ളക്കാരും കറുത്ത വര്‍ഗക്കാരും തമ്മില്‍ ഒരിക്കലും യോജിച്ചു പോകില്ല എന്ന മുന്‍ കാല നിലപാടില്‍ മാല്‍ക്കം എക്സ് മാറ്റം വരുത്തുന്നുണ്ടെങ്കിലും മുന്‍പ് അങ്ങനെ ഒരു നിലപാട് എടുക്കാന്‍ കാരണം അമേരിക്കയിലെ വെളുത്ത വര്‍ഗക്കാരുടെ പ്രവര്‍ത്തികള്‍ തന്നെയാണ്‌ എന്ന് മാല്‍ക്കം എക്സ് അടിവരയിട്ട് പറയുന്നുണ്ട്. “‌വംശ വൈരത്തിന്റെ പേരില്‍ അമേരിക്കന്‍ നീഗ്രോയെ ഒരിക്കലും കുറ്റപ്പെടുത്തരുത്. നാനൂറ് കൊല്ലക്കാലം വെള്ളക്കാര്‍ ബോധപൂര്‍വം പുലര്‍ത്തിയ വംശീയതയോട് പ്രതികരിക്കുക മാത്രമാണ്‌ അവന്‍ ചെയ്യുന്നത്. “

മാല്‍ക്കം നാഷന്‍ ഓഫ് ഇസ്ലാമില്‍ ഉണ്ടായിരുന്ന കാലത്തേ സുഡാന്‍, നൈജീരിയ ,ഘാന എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. 1964 ല്‍ മക്കയിലേക്കുള്ള ഹജ്ജ് യാത്രക്ക് ശേഷം അദ്ദേഹം വീണ്ടും രണ്ട് തവണ ആഫ്രിക്ക സന്ദര്‍ശിച്ചു.

ആ സമയത്ത് അദ്ദേഹം ആഫ്രിക്കയിലെ ഒരുപാട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും റേഡിയോകള്‍ക്കും ടെലിവിഷനും വേണ്ടി ഇന്റെര്‍വ്യൂ നല്‍കുകയും ചെയ്തു. കയ്റോയില്‍ വെച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ അമേരിക്കന്‍ യൂണിറ്റി യുടെ രണ്ടാമത്തെ മീറ്റിംഗില്‍ സംബന്ധിച്ചു.

ആ മീറ്റിംഗിനൊടുവില്‍ ആഫ്രിക്കയിലെ പ്രധാന നേതാക്കളായ ഘാനയിലെ‌ ക്വാമേ നിക്രൂമ, ഈജിപ്തിലെ ജമാല്‍ അബ്ദുല്‍ നാസര്‍ , അള്‍ജീരിയയുടെ അഹമദ് ബെന്‍ ബെല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മാല്‍ക്കം എക്സ് നേരിട്ട് സംവദിച്ച മറ്റൊരു പ്രമുഖ വ്യക്തിത്വമാണ്‌ ക്യൂബന്‍ വിപ്ലവ പോരാളി ഫിദല്‍ കാസ്ട്രോ.

1964 നവംബര്‍ 30 നു ഒക്സ്ഫോര്‍ഡ് യൂണിയന്‍ സൊസൈറ്റി യില്‍ അദ്ദേഹം ഒരു സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്. ബി.ബിസി ആ ഒരു സംവാദം രാജ്യമൊന്നാകെ പ്രക്ഷേപണം ചെയ്തിരുന്നു.

ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ അമേരിക്കന്‍ യൂണിറ്റി, 1965

1965 ല്‍ മാല്‍ക്കം ‘ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ അമേരിക്കന്‍ യൂണിറ്റി’ എന്ന പേരില്‍ ഒരു മതേതര കൂട്ടായ്മ രൂപീകരിക്കുന്നു. ആഫ്രോ അമേരിക്കക്കാരുടെ ദുരവസ്ഥയിലേക്ക് അന്തര്‍ദേശീയ ശ്രദ്ധയെ ആകര്‍ഷിക്കുക, വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഒരു പൊതു പ്ലാറ്റ്ഫോമില്‍ അഡ്രസ് ചെയ്യുക എന്നതായിരുന്നു ആ ഓര്‍ഗനൈസേഷന്റെ ലക്ഷ്യമെങ്കിലും വളരെ വൈകാതെ മാല്‍ക്കം എക്സ് കൊല്ലപ്പെടുന്നതിനാല്‍ സംഘടനയുടെ ലക്ഷ്യത്തിനു വേണ്ടി ഉദേശിച്ചത് പോലെ പണിയെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.

മാല്‍ക്കം എക്സ് നാഷന്‍ ഓഫ് ഇസ്ലാം വിട്ടതിന്‌ ശേഷം എലിജാ മുഹമ്മദിനെ പൊതുവായി വിമര്‍ശിക്കുന്നത് നാഷന്‍ ഓഫ് ഇസ്ലാം അത്ര നിസ്സാരമായി കണ്ടില്ല. അദ്ദേഹത്തിന്റെ കുടുംബം നിരന്തര ഭീഷണികള്‍ക്കിരയായി, അദ്ദേഹത്തിന്റെ കാറിനു നേരെ ബോംബ് എറിയപ്പെട്ടു, അദ്ദേഹത്തിന്റെ‌ വീട്‌ അഗ്നിക്കിരയായി‌. എഫ്.ബി.ഐ റെക്കോഡുകള്‍ കാണിക്കുന്നത് നാഷന്‍ ഓഫ് ഇസ്ലാം ആ സമയങ്ങളില്‍ മാല്‍ക്കം എക്സിന്റെ മരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി എന്നാണ്‌.

1965 ഫെബ്രുവരി 21 നു ന്യൂയോര്‍ക്കിലെ ഓഡുബോണ്‍ നൃത്തശാലയില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രോ അമേരിക്കന്‍ യൂണിറ്റിയുടെ പബ്ലിക് മീറ്റിംഗില്‍ വെച്ച് പ്രസംഗിച്ചു കൊണ്ടിരിക്കേ അദ്ദേഹം വെടിയേറ്റ്‌ മരിച്ചു. അതുമായി ബന്ധപ്പെട്ട് മൂന്ന് നാഷന്‍ ഓഫ് ഇസ്ലാം പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

അദ്ദേഹത്തിന്റെ ആശയങ്ങളും പ്രസംഗങ്ങളും 1960 – 70 കാലഘട്ടത്തില്‍ ആഫ്രോ അമേരിക്കക്കാര്‍ക്കിടയില്‍ സാശ്രയത്വം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങള്‍ പ്രചരിപ്പിച്ചു.

അദ്ദേഹത്തിന്റെ ആത്മകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്‌. “സമൂഹങ്ങളെ മാറ്റുവാന്‍ സഹായിച്ച മനുഷ്യരെ പലപ്പോഴും പ്രസ്തുത സമൂഹങ്ങള്‍ വക വരുത്തിയിട്ടുണ്ടെന്ന് എനിക്കറിയാം. അല്പം പ്രകാശം പ്രസരിപ്പിച്ച ശേഷം, അമേരിക്കന്‍ രാഷ്ട്ര ശരീരത്തെ ബാധിച്ച വംശീയതയുടെ അര്‍ബുദം ഇല്ലാതാക്കാന്‍ സഹായകമായ, അര്‍ത്ഥ പൂര്‍ണമായ ചില സത്യങ്ങള്‍ തുറന്നു കാട്ടിയ ശേഷം എനിക്ക് മരിക്കുവാന്‍ കഴിഞ്ഞാല്‍ അല്ലാഹുവിന്ന് മാത്രമാണ്‌ അതിന്റെ പ്രശംസ മുഴുവന്‍.”

അദ്ദേഹത്തിന്റെ ജീവിതം സിനിമകളിലൂടെ, ഹിപ് ഹോപ് കളിലൂടെ ആവിഷ്കരിക്കപ്പെട്ടു. മാല്‍ക്കം എക്സിന്റെ മരണ ശേഷം പുറത്തിറങ്ങിയ, അലക്സ് ഹാലി മാല്‍ക്കം എക്സില്‍ നിന്നും കേട്ടെഴുതിയ ‘‌മാല്‍ക്കം‌ എക്സിന്റെ‌ ആത്മകഥ’‌ ഇരുപതാം നൂറ്റാണ്ടില്‍ എറ്റവും സ്വാധീനം ചെലുത്തിയ 10 നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളില്‍ ഒന്നായി 1998‌ ല്‍‌ ടൈം മാഗസിന്‍ പട്ടികയില്‍ ഇടം പിടിച്ചു.

മാല്‍ക്കം എക്സിന്റെ മരണത്തെ കുറിച്ച്‌ ഓര്‍മിച്ചു കൊണ്ട് അലക്സ് ഹാലി എഴുതിയത് ഇപ്രകാരമാണ്‌; ” ഞാന്‍ എന്നേക്കും കണ്ടിട്ടുള്ളതില്‍ വെച്ച്‌ എറ്റവും ആലക്തിക പ്രസരണ ശേഷിയുള്ള വ്യക്തിത്വമായിരുന്നു അയാളുടേത്. അയാള്‍ മരിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് സാധിക്കുന്നേയില്ല. ചരിത്രകാരന്മാര്‍ക്ക് മുന്‍പാകെ ഒരുപാട് കാര്യങ്ങള്‍ എഴുതാന്‍ ബാക്കി വെച്ച് അയാളിതാ ഇപ്പോള്‍‌ തൊട്ടടുത്ത അധ്യായത്തിലേക്ക് കടന്ന് പോയതേ ഉള്ളൂ എന്നാണെന്റെ തോന്നല്‍.”

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x