
മൂന്നാറിൽ കനത്ത മഞ്ഞു വീഴ്ചയെന്ന് എഴുതിയ യാത്രാ കുറിപ്പുകൾ കാണുമ്പോൾ എന്തു തോന്നാറുണ്ട് ?. ശൈത്യകാലത്തെ യാത്രകൾ ഇപ്പോൾ ഒരു ഹരമായി മാറിയിരിക്കുന്നു. ചുരുങ്ങിയത് മണാലിയിലെങ്കിലും ഇപ്പോൾ പോവണമെന്നാണ് ശരാശരി മലയാളി യാത്രികന്റെ മോഹം.
ഈ യാത്രയിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ എഴുതാതിരിക്കാൻ ആർക്കാണ് കഴിയുക! എഴുതി വരുമ്പോഴാണ് പക്ഷെ പ്രശ്നം!
തണുപ്പു കാലത്ത് അനുഭവപ്പെടുന്ന പലതരം പ്രതിഭാസങ്ങൾക്കും പറ്റിയ വാക്കുകളേത്? മൂന്നാറിൽ ഇലതുമ്പിൽ പറ്റിയിരിക്കുന്ന, മഞ്ഞിൻ നിറത്തോട് ചേർന്നിരിക്കുന്ന നേർത്ത ജലതുള്ളികളെ കാണുമ്പോഴേക്കും കനത്ത മഞ്ഞുവീഴ്ചയെന്നും ഹിമകണങ്ങളെന്നുമല്ലാം എഴുതും മുൻപ് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്.
തുഷാരം, മഞ്ഞ്, കോട, മഞ്ഞു വീഴ്ച, ആലിപ്പഴം, ആർദ്രത എന്നിവയെല്ലാം ഏതന്നറിയാൻ ശ്രമിച്ചാൽ നല്ലൊരു യാത്രാ കുറിപ്പെഴുതാം. ഒപ്പം പ്രകൃതിയിലെ പ്രതിഭാസങ്ങളോരോന്നിനെയും തിരിച്ചറിയാം.
നമ്മുടെ അന്തരീക്ഷത്തിൽ ധാരാളം ജലമുണ്ട്. അന്തരീക്ഷത്തിലെ ജലാംശത്തെയാണ് ആർദ്രത (Humidity) എന്ന് വിളികുന്നത്. അന്തരീക്ഷ പ്രതിഭാസങ്ങളെ മുഖ്യമായും സ്വാധീനിക്കുന്ന ഒന്നാണ് ഈ ജലാംശം.
ജനുവരിയിൽ നമ്മുടെ നാട്ടിൽ പുലർക്കാലങ്ങളിൽ പുൽക്കൊടികളിലും ഇല തലപ്പുകളിലും കാണുന്ന ജലതുള്ളികളെ വിളിക്കാവുന്ന ഏറ്റവും നല്ല പേര് തുഷാരം എന്നാണ്. ഇംഗ്ലീഷിൽ Dew എന്നു വിളിക്കാം. സൂര്യോദയത്തോടെ ഇവ അപ്രത്യക്ഷമാവുകയും ചെയ്യും.
നമ്മെക്കാൾ തണുപ്പുള്ള സ്ഥലങ്ങളിൽ, അതായത് രാത്രി കാലങ്ങളിൽ പൂജ്യം സെൽഷ്യസിലേക്ക് താപനില താഴുന്ന പ്രദേശങ്ങളിൽ തൃഷാരത്തിന് പകരം നേർത്ത ഹിമകണങ്ങളാവും രൂപം കൊള്ളുക. ഹിമം എന്നാണ് ഈ പ്രതിഭാസത്തിന് നല്ല പേര്. ഇംഗ്ലീഷിൽ Frost എന്ന് വിളിക്കാം. മൂന്നാറിൽ വളരെ അപൂർവ്വമായി ചിലയിടങ്ങളിൽ ഇങ്ങിനെ സംഭവിക്കാറുണ്ട്.
ഇനിയാണ് നമ്മുടെ പ്രിയപെട്ട കോട ! മഴക്കാലത്തും ശൈത്യകാലത്തും ചുരം കയറുമ്പോഴല്ലാം കൂടെ വരണേ എന്ന് നമ്മൾ ആഗ്രഹികുന്ന ഒരാളുണ്ട്. അത് കോടയാണ്.
കോട എന്നൊരു വാക്ക് സാങ്കേതികമായി ഭൂമിശാസ്ത്ര പുസ്തകളിൽ തിരഞ്ഞാൻ കാണില്ല! പകരം കാണുന്ന വാക്കാണ് മൂടൽ മഞ്ഞ്. അതു തന്നെ രണ്ട് തരമുണ്ട്. കനത്ത മൂടൽ മഞ്ഞും നേർത്ത മൂടൽ മഞ്ഞും.
ഇതിനുള്ള മാനദണ്ഡം ദൂരകാഴ്ചയാണ്. കാഴ്ച ഒട്ടും ഇല്ല, അതായത് ഒരു കിലോമീറ്ററിനും താഴെയാണ് കാഴ്ചയെങ്കിൽ അതിനെ കനത്ത മൂടൽ മഞ്ഞ് എന്ന് വിളിക്കാം. മലയാളത്തിൽ ഒറ്റവാക്ക് ഇല്ല. സായിപ്പിന് ഉണ്ട്. അതാണ് Fog. നമുക്ക് വേണേൽ കട്ട കോട എന്ന് വിളിക്കാം.
ദൂരകാഴ്ച ഒരു കിലോമീറ്ററിനും കൂടുതലാണങ്കിൽ അത് നേർത്ത മൂടൽ മഞ്ഞ്. ഇംഗ്ലീഷിൽ നല്ല പേരുണ്ട് Mist. മ്മടെ സാധാ കോട.
ഉത്തരേന്ത്യയിൽ ശൈത്യകാലത്ത് ഈ മൂടൽ മഞ്ഞിനൊപ്പം മറ്റൊരു ടീം കൂടി കൂടെ ചേരും. മഞ്ഞ് അന്തരീക്ഷത്തിലെ ജലാംശമാണങ്കിൽ മറ്റവൻ വ്യവസായ ശാലകളിലെയും റോഡിലെയും പുകപടലങ്ങളാണ്. മൂടൽ മഞ്ഞും ഈ പുകയും കൂടി കലർന്ന് ആകെ മൂടി കെട്ടിയതിനെ വിളിക്കാൻ മലയാളത്തിൽ പേരില്ല ഇംഗ്ലീഷിൽ Smog എന്ന് വിളിക്കാം.
ഈ സ്മോഗ് ആണ് വിമാനത്താവളം വരെ അടച്ചിടാൻ അവിടെ കാരണമാവുന്നത്.
ഇത്രയും എഴുതിയ പ്രതിഭാസങ്ങളല്ലാം അന്തരീക്ഷത്തിലെ ജലത്തിന്റെ ‘ഘനീകരണം” (ക്ഷമിക്കണം നാടൻ മലയാളം ഇല്ല. ഇംഗ്ലീഷിൽ Condensation എന്ന് പറയാം) വഴിയുണ്ടാവുന്നതാണെങ്കിൽ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാവുന്നത് വർഷണം ( Precipitation) വഴിയാണ്.
തിരിയുന്ന കോലത്തിൽ പറയാം,
അന്തരീക്ഷത്തിൽ തുഷാരമായും കോടയായും നമ്മൾ കണ്ടത് ജലാംശമാണല്ലോ. അതിന്റെ അളവങ്ങിനെ കൂടുന്നു എങ്കിൽ എന്താവും? അവ താഴേക്ക് പെയ്യാൻ തുടങ്ങും. പെയ്ത്ത് എന്ന വാക്കിന് വർഷണം എന്ന് മ്മടെ ജിയോഗ്രഫി ബുക്കിൽ ഉള്ളത്!
നമ്മുടെ മഴ (Rain) ഈ വർഷണത്തിന്റെ മികച്ച ഉദാഹരണമാണ്. അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിക്കും താഴെയായാൽ വർഷണം നേർത്ത ഹിമകണങ്ങളായാണ് ഭൂമിയിൽ പതിക്കുക. അതാണ് മഞ്ഞു വീഴ്ച! ( Snowfall ).
ഈ മഞ്ഞു വീഴ്ചയൊന്നും കേരളത്തിലില്ല. അതു കാണാൻ നേരെ വടക്കോട്ട് വണ്ടി കേറേണ്ടിവരും. നിർത്താം. ഒരാൾ കൂടിയുണ്ട്….
ഇടയ്ക്കല്ലാം നമ്മൾക്ക് കിട്ടുന്ന ആലിപ്പഴം. മേഘങ്ങളിൽ നിന്ന് മോചിപ്പിക്കപ്പെട്ട ജലത്തുള്ളികൾ അന്തരീക്ഷത്തിലെ തണുത്ത പ്രതലത്തിലൂടെ കടന്നുവരാൻ ഇടയായാൽ അവ തണുത്ത് മഞ്ഞുകട്ടയാവും. മഴക്കൊപ്പം അവരങ്ങിനെ താഴേക്ക് വരുന്നതാണ് ആലിപ്പഴം (Hail stones).
അപ്പോൾ എഴുതിക്കോളൂ … നിങ്ങൾ അനുഭവിച്ച ഈ ശൈത്യകാല യാത്രാവിശേഷങ്ങൾ! സമാനമായ വിഷയങ്ങൾ വായിക്കാം….