Social

ഡോക്ടർ പൽപ്പു; ഭരണകൂട ദയക്കായി കാത്തിരിക്കേണ്ടി വരുന്ന ദളിത് പിന്നാക്ക വിഭാഗക്കാർ

പ്രതികരണം/ അമൽ സി രാജൻ

ഡോക്ടർ പൽപ്പു (1863-1950)

തിരുവിതാംകൂർ എന്ന സവർണ്ണ ഹിന്ദു രാജ്യത്തെ സർക്കാർ സർവ്വീസിൽ അഞ്ചു രൂപാ ശമ്പളം പറ്റുന്ന തസ്തികയിൽ പോലും ഒരു പിന്നാക്കക്കാരന് പ്രവേശനമില്ലാതിരുന്ന കാലത്താണ് ഡോക്ടർ പൽപ്പു സമരത്തിനിറങ്ങുന്നത്. ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിനായി വാദിച്ച അദ്ദേഹത്തിൻ്റെ ജന്മദിനമാണിന്ന്.

ആധുനിക കേരളം പൽപ്പു ജനിച്ച കാലത്തേക്ക് സാവധാനം തിരിച്ചു നടക്കുകയാണ്. പൽപ്പു മുന്നോട്ടുവച്ച, ആനുപാതിക പ്രാതിനിധ്യമെന്ന സ്വാഭാവിക നീതി സങ്കൽപ്പം മുന്നാക്ക സംവരണത്തിലൂടെ എങ്ങനെയാണ് അട്ടിമറിക്കപ്പെടുന്നത് എന്നു നോക്കൂ. ഹയർ സെക്കൻഡറി പ്രവേശനത്തിൽ 48 ശതമാനമാണ് പിന്നാക്ക സംവരണം. 52% ജനറൽ സീറ്റുകളും.

ഈ ജനറലിൽ നിന്ന് 10% EWS ന് നൽകിയാലും പിന്നാക്ക വിഭാഗത്തിന് ഒരു കുറവും വരുന്നില്ല എന്നാണ് ഭരണകൂടം പറയുന്നത്. ഒറ്റ നോട്ടത്തിൽ 48% സംവരണ സീറ്റിനു പുറമേ ബാക്കിയുള്ള 42% ജനറൽ സീറ്റടക്കം 90% സീറ്റിലും പിന്നാക്കക്കാർക്ക് മത്സരിക്കാമെന്നിരിക്കെ എന്തിനാണ് വിവാദം എന്നാണ് ചോദ്യം.

EWS സംവരണം നടപ്പാക്കിയാലും ഒരു കുറവും വരില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയാകുന്നത് പിന്നാക്കക്കാരുടെ കാര്യത്തിലല്ല, സവർണ്ണരുടെ സീറ്റിൻ്റെ കാര്യത്തിലാണ് എന്നതാണ് സത്യം. പിന്നാക്കക്കാർക്ക് കനത്ത നഷ്ടമാണ് സംഭവിക്കുന്നത്. സംശയമുള്ളവർ താഴെ പറയുന്ന വസ്തുതകൾ പരിശോധിക്കുക.

ഹയർ സെക്കൻ്ററിയിൽ 48% പിന്നാക്ക സംവരണത്തിൽ കേവലം 8 ശതമാനവും 7 ശതമാനവും വീതമാണ് ഈഴവ, മുസ്ളീം സംവരണം. അതായത് നൂറു സീറ്റുണ്ടെങ്കിൽ കേവലം 7 സീറ്റുമാത്രമാണ് മുസ്ളിം വിഭാഗത്തിന് കിട്ടും എന്ന് ഉറപ്പുള്ളത്. ഈഴവ മുസ്ളിം ജനസംഖ്യ ഏകദേശം 28 ശതമാനം വീതം വരും എന്നോർക്കണം. EWS നടപ്പാക്കിയതോടെ സംവരണ സീറ്റിലും 42 ശതമാനമായി കുറഞ്ഞ ജനറലിലുമായി ആകെ 50 %, 49% സീറ്റുകളിൽ മാത്രമേ ഈഴവ, മുസ്ളീം വിഭാഗങ്ങൾക്കിനി മത്സരിക്കാൻ പോലുമാകൂ.

ഇതേ സമയം സവർണ്ണ മുന്നാക്ക വിഭാഗത്തിന് മുൻപും ഇപ്പോഴും 52% സീറ്റുകളിൽ മത്സരിക്കാം. ഏറ്റവും ജനസംഖ്യയുള്ള രണ്ടു സമുദായങ്ങളുടെ കാര്യമാണ് മുകളിൽ പറഞ്ഞത്. മുന്നാക്ക സംവരണം ഇതിനേക്കാൾ മാരകമായി ബാധിക്കുന്നത് ചെറിയ ചെറിയ സാമൂഹ്യ വിഭാഗങ്ങളെയാണ്.

സാമാന്യം ജനസംഖ്യയുള്ള വിശ്വകർമ്മ, ധീവര വിഭാഗങ്ങൾക്ക് രണ്ട് ശതമാനം മാത്രമാണ് സംവരണം. കുടുംബി, കുശവൻ സമുദായങ്ങൾക്ക് ഒരു ശതമാനം വീതമാണ് സംവരണം. ലത്തീൻ, SIUC, ആംഗ്ലോ ഇന്ത്യൻ എല്ലാവർക്കും ചേർന്ന് 3% മാത്രം സീറ്റുകളാണുള്ളത്. എണ്ണമറ്റ മറ്റു പിന്നാക്ക ഹിന്ദു ജാതി വിഭാഗങ്ങൾക്ക് എല്ലാവർക്കുമായി മൂന്നു ശതമാനമാണ് നൽകുന്നത്.

ഈ വിഭാഗങ്ങൾക്ക് 45% സീറ്റിൽ താഴെ മാത്രമേ മത്സരാവകാശം പോലും ഇനിയുള്ളൂ എന്നു ചുരുക്കം. മുന്നാക്കക്കാരുടെ കുട്ടികൾ മുൻപും ഇപ്പേഴും 52% സീറ്റിൽ തന്നെ ഇപ്പോഴും മത്സരിക്കുമ്പോൾ മത്സ്യതൊഴിലാളികളുടെ കുട്ടികൾക്ക് 45 ൽ താഴെ സീറ്റിൽ മാത്രം മത്സരിച്ചാൽ മതി എന്നു തീരുമാനിക്കുന്ന നീതികേടാണ് സവർണ്ണ സംവരണം.

അതിൽ തന്നെ രണ്ടോ മൂന്നോ ശതമാനം മാത്രമാണ് അവർക്ക് കിട്ടും എന്നുറപ്പുള്ളത് ബാക്കി 42% ത്തിലും സവർണ്ണ പ്രിവിലേജ്ഡ്‌ വിഭാഗത്തോട് ദുർബല വിഭാഗത്തിലെ കുട്ടികൾ ഏറ്റുമുട്ടേണ്ടി വരും.

എന്തു തരം നീതിയാണിത്??? ഇത് പ്ലസ് വൺ സീറ്റിൻ്റെ മാത്രം കഥയല്ല, ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥിതി ഇതിലും ദയനീയമാണ്.

”ധർമ്മതല്പരതയ്ക്കും പ്രജാവാത്സല്യത്തിനും ഇരിപ്പിടമായ പൊന്നു തിരുമേനിയുടെ കാരുണ്യമല്ലാതെ മറെറാരാശ്രയവും ഇല്ലാത്തവരും, നിരപരാധികളും ആയ, ഈ അടിമകളെ സ്വരാജ്യത്തിലും സ്വമതത്തിലും നിന്നു അകററിക്കളയാതെ മേലാലെങ്കിലും എല്ലാ ഗവർമ്മെണ്ടു പള്ളിക്കൂടങ്ങളിലും കടന്നു പഠിച്ചകൊള്ളത്തക്കവണ്ണവും, യോഗ്യതാനുസാരം അടിയങ്ങൾക്കും സർക്കാർ ഉദ്യോഗങ്ങൾ കിട്ടത്തക്കവണ്ണവും, തിരുവുള്ളമലിഞ്ഞു കല്പനയുണ്ടായി, അടിയങ്ങളുടെ സങ്കടം തീത്തു രക്ഷിപ്പാറാകണമെന്നും, അടിയങ്ങൾ ഭയഭക്തി വിനയങ്ങളോടു കൂടി, തൃപ്പാദങ്ങളിൽ വീണു പ്രാത്ഥിച്ചുകൊള്ളുന്നു ” എന്ന ദയനീയതയുടെ ഭാഷയിലുള്ള ചെറുത്തു നിൽപ്പിലൂടെയാണ് ഡോക്ടർ പൽപ്പു ഒരു നൂറ്റാണ്ടു മുൻപ് സമരം തുടങ്ങിയത്.

അതേ മട്ടിലല്ലെങ്കിലും ആധുനിക കേരളത്തിലും ഭരണകൂട ദയക്കായി കാത്തിരിക്കേണ്ടി വരുന്നു എന്നതാണ് ദളിത് പിന്നാക്ക വിഭാഗങ്ങളുടെ ഗതികേട്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x