Opinion

കോൺഗ്രസ്സ്: രാഷ്ട്രീയാദർശവും, പ്രത്യയശാസ്ത്രവും

ലേഖനം / എം.എസ്. ഷൈജു

ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് എന്ന ദേശീയ പാർട്ടിയുടെ രാഷ്ട്രീയാദർശവും പ്രത്യയശാസ്ത്രവും എന്താണ്? ഒരു കുഴപ്പിക്കുന്ന ചോദ്യമാണിത്‌. അന്തസ്സായി, കഴിയാവുന്നിടത്തോളം നന്നായി രാജ്യം ഭരിക്കുക. ഇതല്ലാത്ത ഒരു സോളിഡ് ഐഡിയോളജിയും കോണ്ഗ്രസിന് സ്വന്തമായില്ല എന്നതാണ് സത്യം. കുറച്ച് കൂടി സൂക്ഷ്മമായി പരിശോധിച്ചാൽ കാലാകാലങ്ങളിൽ അതിനെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവരുടെ പ്രത്യയശാസ്ത്രബോധങ്ങളാണ് കോണ്ഗ്രസിന്റെ നിലപാടുകളായി വന്നിട്ടുള്ളത് എന്ന് കാണാം.

കമ്മ്യുണിസ്റ്റ് പാർട്ടികളെപ്പോലെയോ മറ്റേതെങ്കിലും സോഷ്യലിസ്റ്റ്പാർട്ടികളെപ്പോലെയോ, അല്ലെങ്കിൽ ബിജെപിയെപ്പോലെയൊ പ്രത്യയശാസ്ത്ര പിൻബലം നൽകുന്ന ഒരു ധാര കോണ്ഗ്രസ് എന്ന പാർട്ടിയുടെ സ്ഥായിയായ സ്കെലിറ്റനായി നിലനിൽക്കുന്നില്ല. അതിന്റെ ഗുണവും ദോഷവുമാണ് കോണ്ഗ്രസിന് എപ്പോഴുമുള്ളത്.

1885ൽ സ്‌കോട്ട്ലാന്റുകാരനായ അലൻ ഒക്ടേവിയൻ ഹ്യൂം എന്ന റിട്ടയേർഡ് ഉദ്യോഗസ്ഥൻ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് എന്ന പാർട്ടി രൂപീകരിക്കുമ്പോൾ അതിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയിലെ അഭ്യസ്ത വിദ്യരെയും ബ്രിട്ടീഷ് ഭരണത്തെയും കൂട്ടിയിണക്കുക, പരമാവധി ഇന്ത്യക്കാരെ ബ്രിട്ടീഷ് ഭരണ നിർവഹണത്തിൽ പങ്കാളികളാക്കുക. അന്നത്തെ ബ്രിട്ടീഷ്ഭരണാധികാരിയുടെ പിന്തുണയോടെ   കോണ്ഗ്രസ് എന്ന പ്രസ്ഥാനത്തിന് ആരംഭം കുറിക്കപ്പെട്ടു. ഹ്യൂം സായ്പ്പ് ജനറൽ സെക്രട്ടറിയും ഡബ്ള്യു സി ബാനർജി പ്രസിഡന്റുമായി ആദ്യ കമ്മിറ്റിയും നിലവിൽ വന്നു. ആദ്യ കാലങ്ങളിൽ പ്രഖ്യാപിത നിലപാടുകളുമായി മുന്നോട്ട് പോയ കോണ്ഗ്രസിന് പിന്നീട് അതിന്റെ നേതൃത്വത്തിൽ മാറ്റമുണ്ടായതോടെ അതിനും ഒരു ദേശീയ ചിന്തയുണ്ടായി. ഒരു ദേശീയ പ്രസ്ഥാനമായി കോണ്ഗ്രസ് മെല്ലെ പരിവർത്തിക്കപ്പെട്ടു. 


ബാലഗംഗാധര തിലകന്റെയോ, സുഭാഷ് ചന്ദ്രബോസിന്റെയും നിയന്ത്രണങ്ങളിലേക്ക് കോണ്ഗ്രസ് എത്തിയിരുന്നെങ്കിൽ കൊണ്ഗ്രസ് ഇന്ന് നാം കാണുന്ന നിലകളിലൊന്നുമായിരിക്കില്ല കാണപ്പെടുന്നത്. വീക്ഷണങ്ങളിലും നങ്ങളിലും ശൈലിയിലുമൊക്കെ മറ്റേതോ ഒരു പക്ഷത്ത് നിൽക്കുന്ന ഒരു വിപ്ലവ/വർഗീയ സംഘടനയായിരുന്നേനെ അത്. തിലകന്റെ കയ്യിൽ പെടാതെ ഗോഖലയുടെ കയ്യിൽ കോണ്ഗ്രസിന്റെ നേതൃത്വം നിലനിന്നത് കൊണ്ട് മാത്രമാണ് പിന്നീട് അതിന് ഗാന്ധിജിയെപ്പോലും ഉൾക്കൊള്ളാനായത്. ഗാന്ധിയുടെ വരവോടെയാണ് കോണ്ഗ്രസിന് പ്രത്യയശാസ്ത്രപരമായ ഒരു മുഖം താത്കാലികമായെങ്കിലും ആർജിക്കാനായത്. ഗാന്ധി മുന്നോട്ട് വെച്ച ആശയങ്ങൾ കൊണ്ഗ്രസിലൂടെ നടപ്പിലാക്കി. ഒരു തികഞ്ഞ സ്വാതന്ത്ര്യ സമര പ്രസ്ഥാനമായി കോണ്ഗ്രസ് അങ്ങനെ മാറി. 

Advertisement


വൈസ്രോയിയുടെ ആശീർവാദത്തോടെ പിറന്ന ഒരു സംഘടന, വൈസ്രോയിയെയും അയാൾ പ്രതിനിധീകരിക്കുന്ന രാഷ്ട്രത്തെയും പ്രതിസ്ഥാനത്ത് നിർത്തി സമരമുഖങ്ങൾ തുറന്നു. അത് രാജ്യമെമ്പാടുമുള്ള സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളെ ഏകോപിപ്പിക്കാൻ ശ്രമിച്ചു. അക്കാലത്ത് കോണ്ഗ്രസിന് ഗാന്ധിയൻ പ്രത്യയശാസ്ത്രത്തോടായിരുന്നു ആഭിമുഖ്യം എന്ന് വേണമെങ്കിൽ പറയാം. രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നു അതിന്റെ ലക്ഷ്യം. സ്വാതന്ത്ര്യത്തിന് ശേഷം പാർട്ടിയുടെ ഭാവി പ്രവർത്തനത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായി. കോണ്ഗ്രസ് പിരിച്ച് വിടാനുള്ള നിർദേശമാണ് ഗാന്ധിജി നൽകിയത്. കാരണം ഒരു രാഷ്ട്രീയപ്പാർട്ടിയായി രാജ്യത്തിന്റെ ആഭ്യന്തര ജനാധിപത്യ പ്രക്രിയയിൽ ഇടപെടുക, മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ശത്രുതാപരമായ മത്സരത്തിന് മുതിരുക തുടങ്ങിയ ഏർപ്പാടുകളിൽ കോണ്ഗ്രസ് മുഴുകേണ്ടതില്ലെന്ന് ഗാന്ധിജി കരുതി.

ഇങ്ങനെ വിശ്വസിച്ചിരുന്ന അനേകം ഗാന്ധിയന്മാർ കോണ്ഗ്രസിൽ ഉണ്ടായിരുന്നു. എന്നാൽ ഗാന്ധിയുടെ മരണത്തോടെ കോണ്ഗ്രസ് സമ്മേളനം വിളിച്ച് കൂട്ടി അതിന്റെ ഭരണഘടനയെ തിരുത്തി അതിനെ ഒരു രാഷ്ട്രീയപാർട്ടിയാക്കി മാറ്റിയെടുത്തു. 1949 ഫെബ്രുവരി 21, 22 തീയതികളിൽ ഡൽഹിയിൽ വെച്ചാണ് കോണ്ഗ്രസ് ഇതിനായി യോഗം ചേർന്നത്. അതായത് ഗാന്ധിജി മരിച്ച് കേവലം മൂന്നാഴ്ച കഴിഞ്ഞ്. ശരിക്ക് പറഞ്ഞാൽ അതോടെ കോണ്ഗ്രസും ഗാന്ധിജിയുമായുള്ള ബന്ധം അവിടെ അവസാനിച്ചു. ഹ്യൂം സായ്പ്പുമായും വൈസ്രോയിയുമായുമുള്ള അതിന്റെ ബന്ധം നേരത്തെ തന്നെ അവസാനിച്ചിരുന്നത് പോലെ. തുടർന്ന് ഗാന്ധിയന്മാരും സോഷ്യലിസ്റ്റുകളും കോണ്ഗ്രസ് വിട്ടു അവരുടേതായ പ്രസ്ഥാനങ്ങളുണ്ടാക്കി. 


ഈ കാലത്തിന് ശേഷമാണ് കോണ്ഗ്രസിന് ജനാധിപത്യ രാഷ്ട്രീയത്തിന്റേതായ ഒരു വീക്ഷണവും നിലപാടുമൊക്കെ ഉണ്ടായി വരുന്നത്. അതിന്റെ കാരണക്കാരൻ നെഹ്രുവായിരുന്നു. നെഹ്രുവിന്റെ യുക്തിചിന്തയും ശാസ്ത്രബോധവുമാണ് അതിന്റെ കാരണങ്ങളായി വർത്തിച്ചത്. ഇന്നത്തെ ബിജെപി നേതാക്കളേക്കാൾ അന്ധവിശ്വാസികളും ശാസ്ത്രവിരുദ്ധരുമൊക്കെ അടങ്ങുന്ന നേതാക്കൾ കൊണ്ഗ്രസിലുമുണ്ടായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തോടും ആർ എസ് എസിനോടും അനുഭാവമുള്ളവരും കോണ്ഗ്രസിൽ ഉണ്ടായിരുന്നു. അതും പത്തെഴുപത് വർഷങ്ങൾക്ക് മുമ്പ്. എന്നിട്ടും കോണ്ഗ്രസ് ഇന്നത്തെ ബിജെപിയെപ്പോലെ ഒരു വിഡ്ഢിക്കൂട്ടമായി മാറാഞ്ഞത്‌ നെഹ്റു കോണ്ഗ്രസിൽ സന്നിവേശിപ്പിക്കാൻ ശ്രമിച്ച യുക്തിബോധവും ശാസ്ത്രബോധവുമാണ്.

കോണ്ഗ്രസിന് പുറത്തുള്ള സോഷ്യലിസത്തെ നെഹ്രുവിയൻ സോഷ്യയിസവുമായി വേർതിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകവും ഇതാണ്. നെഹ്റുവിയൻ സോഷ്യലിസം കോണ്ഗ്രസിന്റെ മുഖമുദ്രയായി മാറി. അതിനോട് വിയോജിപ്പുള്ള അനേകം നേതാക്കൾ കോണ്ഗ്രസിൽ ഉണ്ടായിരുന്നെങ്കിലും നെഹ്രുവിന്റെ ധാരയ്ക്കാണ് കോണ്ഗ്രസിൽ ആധിപത്യമുണ്ടായത്. നെഹ്‌റുവിന് ശേഷം അല്പകാലം കൂടി കോണ്ഗ്രസ് അത് തുടർന്നുവെങ്കിലും രാജീവ് ഗാന്ധിയുടെ കാലത്തോടെ ആ ധാരക്ക് ഏതാണ്ട് അന്ത്യമുണ്ടായി. കോണ്ഗ്രസ് ശാസ്ത്രബോധത്തിൽ നിന്നും ഒട്ടേറെ അകന്നു. യുക്തിബോധത്തിൽ നിന്നും ഇതിനകം തന്നെ പ്രീണന നയത്തിലേക്ക് കോണ്ഗ്രസ് എത്തിപ്പെട്ടിരുന്നു. ശബാനു കേസിലും അയോധ്യ വിഷയത്തിലുമൊക്കെ കോണ്ഗ്രസ് പുലർത്തിയ നിലപാടുകൾ പൂർണമായും പ്രീണനമായിരുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഇതൊക്കെ കോണ്ഗ്രസിന് വലിയ തകർച്ചയാണ് സമ്മാനിച്ചത്. 


യഥാർത്ഥത്തിൽ ആർ എസ് എസിനെയും അവരുയർത്തുന്ന നിലപാടുകളെയും പ്രതിരോധിക്കാൻ സാധിക്കുമായിരുന്നു ഒരു സംവിധാനമായിരുന്നു കൊണ്ഗ്രസ്. ഗാന്ധിവധം പോലെ പ്രത്യക്ഷമായ ഒട്ടേറെ കാരണങ്ങളും അന്നുണ്ടായിരുന്നു. പക്ഷെ അതിനൊന്നും കോണ്ഗ്രസ് മുതിർന്നില്ല. കാരണം ആർ എസ് എസിനെ പ്രത്യയശാസ്ത്രപരമായി എതിർക്കാൻ തക്കവണ്ണം ഒരു സുതാര്യമായ വീക്ഷണം കോണ്ഗ്രസ് വളർത്തിയെടുത്തിരുന്നില്ല. തെരഞ്ഞെടുപ്പുകളിൽ വിജയിക്കണം, അധികാരം കൈയാളണം എന്നിവയല്ലാതെ കോണ്ഗ്രസിന് ഒരു വ്യക്തമായതും ഉറപ്പുള്ളതുമായ ഒരു പ്രത്യയശാസ്ത്രത്തെ രൂപപ്പെടുത്താൻ സാധിച്ചിരുന്നില്ല. നെഹ്റു വളർത്തിയെടുത്ത ഒരു പ്രത്യയശാസ്ത്ര നിലപാടിനെ കാലികമായ മാറ്റങ്ങളോടെ വികസിപ്പിച്ചെടുക്കാൻ ഇപ്പോഴും കോണ്ഗ്രസിന് സാധിക്കുന്നില്ല. തൊണ്ണൂറുകൾക്ക് ശേഷം ലോകത്തിനും ആളുകൾക്കും അവരുടെ മനോഭാവങ്ങൾക്കും സംഭവിച്ച മാറ്റങ്ങളെ സമചിത്തതയോടെ വിശകലനം ചെയ്യാനും മനസിലാക്കാനും അതിന്റെയടിസ്ഥാനത്തിൽ ഒരു പ്രത്യയശാസ്ത്ര രൂപീകരണം നടത്താനും സാധിക്കുന്ന ഒരു നേതൃത്വം കൊണ്ഗ്രസിനുണ്ടാകാതെ പോയി. കോണ്ഗ്രസിന്റെ പരാജങ്ങളുടെ മുഖ്യമായ ഒരു കാരണങ്ങളിലൊന്നും ഈയൊരു ശൂന്യതയാണ്.


എവിടെയാണ് രാഹുൽ ഗാന്ധി? ഈ ചോദ്യം ചോദിക്കുന്നവരെ ആക്ഷേപിക്കാൻ മാത്രമേ ഇപ്പോഴും കൊണ്ഗ്രസുകാർക്ക് കഴിയുന്നുള്ളൂ. അവർ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണത്. ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ എവിടെയാണ് രാഹുൽ? ഒരു പരാജയമാണോ ആ മനുഷ്യനെ ഇത്രമേൽ പിന്നോട്ടടിച്ചത്? ആത്മാവിശ്വാസമില്ലാത്തവനാക്കിയത്? ഒരു വർഷം മുമ്പ് രാജ്യത്തതാകമാനം ഓടി നടന്ന ഒരു രാഷ്ട്രീയ നേതാവിന്, അതും കോണ്ഗ്രസിന്റെ അധ്യക്ഷനായിരുന്ന ഒരാൾക്ക് ഇത്ര മാത്രം നിരാശ ബാധിക്കാൻ കാരണമെന്ത്? പരാജയം ഇത്ര മാത്രം തളർത്തിക്കളയുന്ന ഒരു നേതാവിലാണോ ഒരു വലിയ രാഷ്ട്രീയ സംവിധാനവും അതിന്റെ പ്രവർത്തകരും അനുഭാവികളും ഇത്രയധികം പ്രതീക്ഷ വെച്ച് പുലർത്തിയിരുന്നത്? ഒറ്റ ഉത്തരമേ ഇതിന് പറയാനുള്ളൂ.

ഒരു പ്രത്യയശാസ്ത്ര പിൻബലവുമില്ലാതെയാണ് കോണ്ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിയെ പരാജയപ്പെടുത്തുക, ഭരണം നേടുക എന്ന അജണ്ട മാത്രമേ രാഹുലിനുമുണ്ടായിരുന്നുള്ളൂ. അല്ലാതെ എന്തിന് ബി ജെ പി പരാജയപ്പെട്ടണം, എന്ത് കൊണ്ട് അവരുടെ ആദർശം എതിർക്കപ്പെട്ടണം, എന്തിന് ഇന്ത്യൻ ജനത കോണ്ഗ്രസിനെ പിന്താങ്ങണം എന്നൊരു പ്രത്യയശാസ്ത്ര നിലപാട് രാഹുലിനുണ്ടായിരുന്നെങ്കിൽ അയാൾ ഒരു ഭീരുവിനെപ്പോലെ, അപമാനഭാരത്താൽ ഇത്രക്ക് ഉൾവലിയില്ലായിരുന്നു. ഒറ്റക്ക് നിന്നാലും ജ്വലിച്ച് നിൽക്കുന്ന അഭിമാന ബോധത്തെയാണ് പ്രത്യയശാസ്ത്ര ബോധം ഒരാൾക്ക് നൽകുന്നത്.


ജ്യോതിരാദിത്യ സിന്ധ്യയോ ഇനി സച്ചിൻ പൈലറ്റോ ബിജെപിയിൽ ചേരുകയോ ചേരാതിരിക്കുകയോ ചെയ്യുന്നതല്ല പാർട്ടിയുടെ അടസ്ഥാന പ്രശ്നം. ഇന്നത്തെ കാലത്തിനും രാഷ്ട്രീയത്തിനും ചേർന്ന ഒരു പ്രത്യയശാസ്ത്രവും അതിന്റെയടിസ്ഥാനത്തിലുള്ള നയ നിലപാടുകളും പാർട്ടിക്ക് ഉണ്ടോ എന്നതാണ് പ്രധാനം. പദവികൾ തന്ത്രപരമായി ഓഹരിവെച്ച് കൊടുക്കാൻ കഴിയുന്ന നേതാക്കളെയല്ല കോണ്ഗ്രസിന് വേണ്ടത്. പുതിയ കാലത്ത് കോണ്ഗ്രസിന് എന്താണ് പ്രസക്തിയെന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാൻ കഴിയുന്ന ഒരു പ്രത്യയശാസ്ത്രത്തെയും അതിനെ മുന്നോട്ട് വെയ്ക്കാനും വിശദീകരിക്കാനും അത് നടപ്പിൽ വരുത്താനും ശേഷിയുള്ള നേതാക്കളെയുയാണ്. ഗാന്ധി കുടുംബം എന്ന മരീചികയിൽ മാത്രം വിശ്വസിക്കാതെ ആ മാറ്റത്തിനായി സ്വയം തയാറാകാൻ കോണ്ഗ്രസിന് സാധിക്കുമോ എന്നാണ് ചോദ്യം. ഉത്തരം കാണേണ്ടത് കൊണ്ഗ്രസുകരാണ്.

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x