Kerala

KSRTC യിലെ കാൽലക്ഷത്തോളം തൊഴിലാളികൾക്ക് രണ്ട് മാസമായി ശമ്പളമില്ല; ഇടത് സർക്കാറിൻ്റെ പരാജയം

തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ പേരിൽ ആണയിടുന്ന രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഭരിക്കുന്നൊരു സംസ്ഥാനത്ത് കാൽലക്ഷത്തോളം തൊഴിലാളികൾക്ക് രണ്ടു മാസമായി ചെയ്ത ജോലിക്ക് ശമ്പളമില്ല.

പൊതുമേഖലയെയും പൊതുഗതാഗത സംവിധാനത്തെയും സംരക്ഷിക്കേണ്ടതിന്റെ രാഷ്ട്രീയമൊക്കെ യാതൊരു ആത്മാർത്ഥതയുമില്ലാതെ പറയുകയാണിവർ എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഈ പ്രശ്നത്തെ സർക്കാർ മാത്രമല്ല ഭരണകക്ഷികളായ കമ്മ്യൂണിസ്റ്റ് പാർട്ടികളും സമീപിക്കുന്നത്.

ചെയ്ത ജോലിക്ക് ശമ്പളം കിട്ടാൻ ഓണക്കാലത്ത് ഒരു പൊതുമേഖലാ ഗതാഗത സ്ഥാപനത്തിലെ ജീവനക്കാരും കുടുംബങ്ങളും എന്തുചെയ്യണമെന്ന് അമ്പരന്ന് നിൽക്കുന്നത് ഒരു ഇടതുപക്ഷ മുന്നണി സർക്കാരിന്റെ ഭരണത്തിലാണ് എന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റുപാർട്ടിയുടെ നാനാവിധ അനുയായിവൃന്ദത്തിന്റെ ഉള്ളിനെ ചുട്ടുപൊള്ളിക്കുന്നില്ല എന്നതാണ് ഈ രാഷ്ട്രീയമാറ്റത്തിന്റെ ഭയാനകമായ കാഴ്ച.

തൊഴിലാളി ഐക്യത്തിന്റെ മുദ്രാവാക്യങ്ങൾ കേരളത്തിലെ ഏതെങ്കിലും സർക്കാർ ജീവനക്കാരുടെയും പൊതുമേഖലാ തൊഴിലാളികളുടെയും സംഘടനയിൽ നിന്നും -വിശിഷ്യാ ഇടതുപക്ഷ സംഘടനകളിൽ നിന്ന്-ഉയര്ന്നുണ്ടോ എന്ന് നോക്കിയോ? ശാന്തവും നിശബ്ദവുമാണ് അവിടം.

ഓണത്തിനെന്തോ കുറച്ചുകൂടി കാശ് കൂട്ടി നൽകിയ സർക്കാരിനെ അഭിവാദ്യം ചെയ്തുകൊണ്ട് സംസ്ഥാനത്തെ ഗസറ്റഡ് ഓഫീസർമാർ പ്രകടനം നടത്തുന്നുണ്ടെന്ന വാർത്ത ദേശാഭിമാനിയിൽ കണ്ടു. കേരളത്തിലെ ഗസറ്റഡ് ഓഫീസർമാർ തങ്ങൾക്ക് കിട്ടുന്ന വളരെ തുച്ഛമായ ശമ്പളം കൊണ്ട് എങ്ങനെ ഓണമാഘോഷിക്കുമെന്നാലോചിച്ച് മക്കളെയും ചേർത്തുപിടിച്ചു കരയുമ്പോൾ അവർക്ക് ഓണാശ്വാസം നൽകിയ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കേണ്ടതുതന്നെ!

കഴിഞ്ഞ ആറുവർഷമായി കേരളത്തിലെ പൊതുമേഖലാ ഗതാഗത സംവിധാനത്തെ എങ്ങനെയാണ് ശരിയാക്കുക എന്നുള്ളതിന് ഒരു പരിപാടി പോലും തയ്യാറാക്കാൻ ഇടതുമുന്നണി തയ്യാറായിട്ടില്ല.

ഇടതുമുന്നണിക്കൊപ്പമുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വം അവസരവാദപരമായ രാഷ്ട്രീയ നേട്ടങ്ങൾക്കും പദവികൾക്കുമായി തൊഴിലാളി വർഗത്തിന്റെ രാഷ്ട്രീയാവശ്യങ്ങളെ ഒറ്റുകൊടുക്കുകയായിരുന്നു.

വഖഫ് നിയമനം പി എസ് സിക്ക് വിട്ടത് റദ്ദാക്കാനും പാഠ്യപദ്ധതി പരിഷ്ക്കരണത്തിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ ജനാധിപത്യലോകവുമായി യാതൊരു ബന്ധവുമില്ലാത്ത സമസ്തയുടെ യാഥാസ്ഥിതിക പുരോഹിത നേതൃത്വത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാനും കാണിക്കുന്ന കൗശലം KSRTC ജീവനക്കാർക്ക് നേരെ വേണ്ടെന്ന് തോന്നാൻ മുഖ്യമന്ത്രിയേയും പാർട്ടിയെയും പ്രേരിപ്പിക്കുന്ന ഘടകം തൊഴിലാളി വർഗ്ഗരാഷ്ട്രീയത്തിനു കേരളത്തിൽ വോട്ടുബാങ്കില്ല എന്നതാകും.

ഐക്യദാർഢ്യ പ്രകടനമോ KSRTC -യെ നിലനിർത്താനും രക്ഷപ്പെടുത്താനും അതിലെ തൊഴിലാളികളുടെ വേതനം ശരിയായ സമയത്തു നൽകാനും സർക്കാർ ഇടപെടുക തന്നെ വേണം എന്നാവശ്യപ്പെട്ട് ഒരു ദിവസത്തെ ഐക്യദാർഢ്യ പണിമുടക്കോ നമുക്ക് കാണാൻ കഴിയുന്നില്ല.

കമ്മ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലും തൊഴിലാളി സംഘടനകളിലേക്ക് നിയുക്തരാകുന്ന പാർടി നേതാക്കളിലും തൊഴിലാളിവർഗത്തില് നിന്നുള്ളവർ അതിന്യൂനപക്ഷമായി മാറിയതിന്റെ പരിണതി കൂടിയാണിത്.

ജീവിക്കാൻ വേണ്ടി ഒരു പ്ലാവിലപോലും കുനിഞ്ഞെടുക്കാത്ത മനുഷ്യർ വിദ്യാഭ്യാസക്കാലയളവിനു ശേഷം നേതാക്കളായി, മുഴുവൻ സമയ നേതാക്കളായി ശിഷ്ടജീവിതം ജനത്തിന്റെ ചെലവിൽ കഴിയുന്നതിനെയാണ് നമ്മളിപ്പോൾ രാഷ്ട്രീയനേതൃത്വം എന്ന് വിളിക്കുന്നത്.

തൊഴിലാളിവർഗ്ഗരാഷ്ട്രീയം മുഴുവൻ സമയം പറയാൻ വീട്ടുകാരെ (മിക്കപ്പോഴും ഭാര്യമാരെ-അങ്ങനെയാണ് സ്ത്രീവിമോചന രാഷ്ട്രീയം നടപ്പാക്കുന്നത്) ആരെയെങ്കിലും സർക്കാർ/സഹകരണ ലാവണങ്ങളിൽ കയറ്റുക കൂടി ചെയ്‌താൽ അല്ലലില്ലാത്ത വിപ്ലവരാഷ്ട്രീയത്തിന്റെ ഭാവി നളപാകത്തിൽ തയ്യാർ.

തൊഴിലാളിവർഗം ചെയ്ത തൊഴിലിന്റെ കൂലിയെക്കുറിച്ച് പറയുമ്പോൾ തൊഴിൽ സമയം എട്ടു മണിക്കൂറിൽ നിന്നും 12 മണിക്കൂറാക്കുകയാണ് “പ്രായോഗികത” എന്നുപദേശിക്കുന്നതും ഇവർത്തന്നെ.

എന്തുകൊണ്ടാണ് KSRTC തൊഴിലാളികൾക്ക് വേണ്ടി കേരളത്തിലെ സർക്കാർ ജീവനക്കാർ പണിമുടക്കുകയോ സമരവുമായി തെരുവിലിറങ്ങുകയോ ചെയ്യാത്തത്? കമ്മ്യൂണിസ്റ്റ് പാർടി പോലും അതൊരു വലിയ പ്രശ്നമായി കാണാത്തത് ?

യൂസഫലി പുതിയ ഹെലികോപ്റ്റർ വാങ്ങിയെന്ന വാർത്തയ്‌ക്കുള്ള പ്രാധാന്യം പോലും KSRTC -യുടെയും തൊഴിലാളികളുടെയും പ്രതിസന്ധിക്ക് പാർട്ടി പത്രം നൽകാത്തത്?

എന്തുകൊണ്ടാണ് പിണറായി വിജയൻ കരീമെന്നൊരു സാധാരണക്കാരനെ സല്യൂട്ട് ചെയ്യുന്ന ദൃശ്യം ആശ്രിതവത്സലനായ കാരണഭൂതൻ എന്ന മട്ടിൽ ആഘോഷിക്കുന്ന സൈബർ പ്രചാരകർക്ക് ആയിരക്കണക്കിന് തൊഴിലാളികൾക്ക് കൂലി കിട്ടാത്തത് ഒരു പ്രശ്നമല്ലാത്തത്?

അതിന്റെ കാരണം KSRTC -യിലേത് ഒരു തൊഴിലാളി പ്രശ്നമാണ് എന്നതാണ്. അത് അടിസ്ഥാനപരമായി വർഗ്ഗരാഷ്ട്രീയമാണ് എന്നതാണ്. KSRTC ഒരു പൊതുമേഖലാ സ്ഥാപനമാണ് എന്നതാണ്. അതിന്റെ ഗുണഭോക്താക്കൾ സാധാരണക്കാരായ ജനങ്ങളാണ് എന്നതാണ്. തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ ഭാഷയും നേതൃത്വവും ഇല്ലാതാകുന്ന രാഷ്ട്രീയ നേതൃത്വമാണ് കേരളത്തത്തിലെ ഇടതുപക്ഷത്തിലുള്ളത് എന്നതുകൊണ്ടാണ്.

കേരളത്തിൽ ഉയർന്നുവന്ന ഈ ‘പുത്തൻ വർഗം’ തൊഴിലാളിവർഗ രാഷ്ട്രീയം ഉൾക്കൊള്ളുന്നില്ല. സാമാന്യമായ welfare politics പലപ്പോഴും ഒരു populist സമീപനം എന്ന രീതിയിൽ എടുക്കുന്നുണ്ടായിരിക്കും. ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ തീവ്ര വലതുപക്ഷവും മതയാഥാസ്ഥിതികതയുടെ പിന്തിരിപ്പന്മാരുമായുള്ള പൊരുത്തം നോക്കലിൽ ഇവരെ ജനം തെരഞ്ഞെടുക്കേണ്ട അവസ്ഥയുമുണ്ടാകും.

എന്നാൽ അതൊന്നും സ്വകാര്യ മൂലധനശക്തികൾക്കും കോർപ്പറേറ്റുകൾക്കുമൊപ്പമുള്ള ‘വികസന’ത്തിന്റെ ജനവിരുദ്ധതയിൽ നിന്നും തൊഴിലാളിവർഗ വിരുദ്ധതയിൽ നിന്നും അവരെ മാറ്റിനിർത്തുന്നില്ല.

രാഷ്ട്രീയ നേതൃത്വവും സർക്കാർ ഉദ്യോഗസ്ഥരിലെ ഉയർന്ന വരുമാനക്കാരും ധനികവ്യാപാരികളും അതിധനികരും ഉയർന്ന ഇടത്തരക്കാരും അടങ്ങുന്ന ഈ “പുത്തൻ വർഗ്ഗത്തിന്” യാതൊരു താത്പര്യവുമില്ലാത്ത കാര്യമാണ് തൊഴിലാളികളുടെ കൂലി.

KSRTC ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല എന്ന് പറയുമ്പോൾ അത് പണ്ട് നിർത്താതെ പോയൊരു KSRTC ബസുമായി ബന്ധപ്പെടുത്തി മാത്രം പറയുന്നൊരു ലാഘവത്വത്തിലേക്ക് അവർ മാത്രമല്ല ജനങ്ങളെയും എത്തിക്കാനുള്ള പണിയെടുക്കുന്നവരാണവർ. അവരുടെ കയ്യിലാണ് കേരളത്തിലെ സംഘടനാ സംവിധാനങ്ങൾ. അതുകൊണ്ടാണ് കാൽ ലക്ഷം പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പളം കിട്ടാതെയിരിക്കുമ്പോൾ എന്താണ് നിങ്ങൾ ഇത്രയും കാലം ചെയ്തത് എന്നൊരു ഇടതു സർക്കാരിനോട് വിരൽചൂണ്ടി ചോദിക്കാൻ ആളില്ലാതെ പോകുന്നത്.

കേരളത്തിലെ പൊതുമേഖലാ ഗതാഗത സംവിധാനവും അതിലെ തൊഴിലാളികളും അതിക്രൂരമായ ഭരണകൂട അവഗണനയ്ക്ക് വിധേയമാകുമ്പോൾ ഒരു പന്തംകൊളുത്തി പ്രകടനം പോലും നടത്താൻ തയ്യാറാകാഞ്ഞ ജീവനക്കാരുടെയും/തൊഴിലാളികളുടെയും ഓരോ സംഘടനയും തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയാവകാശങ്ങൾക്കേൽപ്പിച്ച ആഘാതം കേരളത്തിലെ തൊഴിലാളിവർഗ്ഗവും സാധാരണക്കാരായ അദ്ധ്വാനിച്ചു ജീവിക്കുന്ന മനുഷ്യരും മറക്കാതിരിക്കട്ടെ.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x