Dr. Abdul Rasheed Pattath
ഹൃദയം കൊണ്ടെഴുതുന്ന കുറിപ്പാണിത്.
നാട്ടിൽ അവധിയിൽ പോയ സമയം. കുറച്ചു ദിവസങ്ങൾ കൊണ്ട് ഏറെ കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള ബദ്ധപ്പാട്.
സെപ്റ്റംബർ പതിനേഴാം തിയതി രാത്രി.
പതിവുപോലെ തിരക്കേറിയ ഒരു ദിവസത്തിന്റെ അവസാനം ഉറങ്ങാൻ കിടന്നു. ഒരു ഫോൺ സന്ദേശത്തിന്റെ ശബ്ദം കേട്ടപ്പോൾ ഇനിയും ഉറങ്ങിയിട്ടില്ലല്ലോ എന്ന് മനസ്സിലോർത്തു. ഫോൺ തപ്പിയെടുത്ത് അപ്പോൾ വന്ന മെസ്സേജ് നോക്കി.
ശ്രീ മുബാറക് പി എ അല്പം മുമ്പ് മരണപ്പെട്ടു എന്ന സന്ദേശമായിരുന്നു അതിൽ.
അതു വായിച്ച് നിമിഷങ്ങളോളം ഞാൻ തരിച്ചിരുന്നു. അപ്രതീക്ഷിതമായ വാർത്ത എന്നു പറയാൻ കഴിയില്ല. പ്രതീക്ഷിച്ചതാണെന്നുപോലും പറയാം. എങ്കിൽ പോലും മനസ്സിനെ വിശ്വസിപ്പിക്കാൻ പാടുപെട്ടു. സ്വപ്നം കണ്ടതാണോ എന്നുപോലും സംശയം തോന്നി. ജാലകത്തിന്റെ തിരശ്ശീല നീക്കി പുറത്തേക്കു നോക്കി. ലുലു മാളിലെ വിളക്കുകളെല്ലാം അണഞ്ഞിരിക്കുന്നു. എന്നാൽ തൊട്ടപ്പുറത്ത് Marriot ഹോട്ടലിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം അപ്പോളും തെളിഞ്ഞുകാണാം.
സ്വപ്നമല്ലെന്ന് ഉറപ്പ്.
ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാളുടെ മരണവാർത്ത. അഞ്ചു മാസങ്ങൾക്കുമുമ്പ് അദ്ദേഹത്തെക്കുറിച്ച് ഞാൻ പറഞ്ഞു കേട്ടിട്ടുപോലുമില്ലായിരുന്നു. 2003 മുതൽ ദോഹയിലുള്ള ഞാൻ അദ്ദേഹത്തെക്കുറിച്ച് ഈ വർഷം മാർച്ച് 30ന് മുമ്പ് കേട്ടിട്ടില്ല എന്നത് അവിശ്വസനീയമായി തോന്നിയേക്കാം. ഗൾഫിലെ ഏറ്റവും വലിയ പ്രവാസി സംഘടനക്ക് നേതൃത്വം നൽകിയിരുന്ന വ്യക്തി. പ്രഗൽഭനായ പത്രപ്രവർത്തകൻ. പത്രമാധ്യമ സംഘടനകളുടെ ഭാരവാഹി. ഇങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞുനിന്നിരുന്ന മുബാറക്ക്ക്കയെ എന്തുകൊണ്ടോ കഴിഞ്ഞ 18 വർഷത്തിനിടയിൽ ഖത്തറിൽ ഞാൻ നടന്ന വഴികളിൽ കണ്ടുമുട്ടിയില്ല. അദ്ദേഹം നേതൃത്വം നൽകിയിരുന്ന പ്രവാസി സംഘടനയുടെ പ്രവർത്തകർക്ക് ഒന്നിലധികം തവണ ഞാൻ ഹെൽത്ത് ക്ലാസുകൾ എടുത്തിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തെ കണ്ടുമുട്ടിയില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ we were not destined to meet.
ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത, മാർച്ച് 30ന് മുമ്പ് കേട്ടിട്ടില്ലാത്ത ഒരാളുടെ മരണം എന്നെ ഇത്രമാത്രം വേദനിപ്പിക്കുന്നത് എന്തുകൊണ്ടായിരിക്കും എന്ന് സ്വാഭാവികമായും നിങ്ങൾ ചിന്തിക്കും.
മാർച്ച് 30 മുതൽ ഏപ്രിൽ 30 വരെ കൃത്യമായി ഒരു മാസം ഞങ്ങളുടെ വഴികൾ കൂട്ടിമുട്ടി. ഒരിക്കലും മായാത്ത ഓർമ്മകളായി ആ ദിവസങ്ങൾ ഇന്നും എന്റെ കൂടെയുണ്ട്. അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ആ ഓർമ്മകൾ തിരശ്ശീലയിലെന്നപോലെ എനിക്കു വീണ്ടും കാണാം, കേൾക്കാം.
മാർച്ച് 30 ന് ആദ്യമായി അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു. “ഭാര്യ കോവിഡ് പോസിറ്റീവ് ആയി ഹമദ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. വിവരങ്ങളറിയാൻ യാതൊരു മാർഗവുമില്ല. നാട്ടിലെ ഒരു ബന്ധുവിൽ നിന്നാണ് ഡോക്ടറുടെ നമ്പർ കിട്ടിയത്. ഡോക്ടർ കഴിയുമെങ്കിൽ ഒന്നന്വേഷിക്കണം”.ഇതേ കാര്യം പറഞ്ഞ് നാട്ടിൽ നിന്നും രണ്ടുപേർ അൽപസമയം മുമ്പ് വിളിച്ചിരുന്നു.
എന്റെ ഫോൺ നമ്പർ ദോഹയിലെ നിരവധി മലയാളികൾക്ക് easily accessible ആണ്. എല്ലാകാലത്തും. ജോലി കഴിഞ്ഞു വീട്ടിലെത്തിയാലും മണിക്കൂറുകളോളം എനിക്ക് രോഗികളോടും ബന്ധുക്കളോടും ഫോണിൽ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ സായാഹ്നങ്ങളും രാത്രികളുടെ നല്ലൊരുപങ്കും അസുഖങ്ങളെക്കുറിച്ചുള്ള സംശയ നിവാരണങ്ങൾക്കും ആശ്വാസ വാക്കുകൾക്കുമായി നീക്കിവെച്ചതാണ്. അതു പ്രതീക്ഷിച്ചു വിളിക്കുന്ന നിസ്സഹായരായ മനുഷ്യരോട് അറിയാതെ പോലും ഒരിക്കലും ദേഷ്യപ്പെട്ടു സംസാരിച്ചിട്ടില്ല. എന്നിട്ടും മുബാറക്കിക്ക വിളിച്ചപ്പോൾ ഞാൻ വല്ലാത്ത ധർമ്മസങ്കടത്തിലായി. ഖത്തറിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നത് ഏറെ സ്വകാര്യത ഉറപ്പുവരുത്തിയാണ്. ഹാർട്ട് ഹോസ്പിറ്റലിൽ ഇരുന്നുകൊണ്ട് എച്ച് എം സിയിലെ മറ്റൊരു ആശുപത്രിയിലെ ഐ സി യുവിൽ കോവിഡിന് ചികിത്സയിൽ കഴിയുന്ന ഒരു രോഗിയുടെ ഇലക്ട്രോണിക് റെക്കോർഡ്സ് നോക്കുന്നതിലെ ‘ethical’ വശം എന്നെ വിഷമിപ്പിച്ചു.
പക്ഷേ അദ്ദേഹത്തിൻ്റെ ദുഃഖവും ആശങ്കയും നിസ്സഹായതയും ഫോൺ വെച്ചതിനു ശേഷവും എൻ്റെ മനസ്സിൽ നിന്നും മാഞ്ഞുപോയില്ല. കോവിഡ് വന്നവരുടെ രോഗാവസ്ഥയിൽ ഓരോ ദിവസവും ഉണ്ടാകുന്ന മാറ്റങ്ങളും വ്യതിയാനങ്ങളും അറിയാൻ ബന്ധുക്കൾക്ക് ഒരുപാട് പരിമിതികളുണ്ട്. അനുഭവിച്ചവർക്കേ അത് മനസ്സിലാകൂ. ഇതിനിടയിൽ നമുക്ക് നൽകാൻ കഴിയുന്ന എത്ര ചെറിയ വിവരങ്ങളാണെങ്കിലും അത് അവർക്ക് വലിയ ആശ്വാസമാകും. മനസ്സിൽ ഇതുപോലെയുള്ള ചിന്തകൾ കാടു കയറുന്നതിനിടയിൽ എറണാകുളത്തുനിന്നും ദുബായിൽ നിന്നും രണ്ടു കോളുകൾ കൂടി വന്നു. നജിയ എന്ന രോഗിയുടെ വിവരം അറിയാനും എന്റെ ഒരു ശ്രദ്ധ വേണം എന്ന അഭ്യർത്ഥനയുമായും.
ജോലിത്തിരക്ക് അല്പം കുറഞ്ഞപ്പോൾ ഞാൻ ഡെസ്ക് ടോപ്പിൽ അവരുടെ ഇലക്ട്രോണിക് റെക്കോർഡ് തുറന്നു. ശ്വാസകോശത്തിന്റെ എക്സ്റേയും സി ടി സ്കാൻ ഇമേജും കണ്ടപ്പോൾ അവർ ഇതിനകം വെന്റിലേറ്ററിൽ പോയില്ല എന്നത് അതിശയകരമായി തോന്നി.
രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞു കൊണ്ടിരിക്കുന്നു. രക്തസമ്മർദ്ദം കുറവായിരുന്നു എന്നത് എന്നെ തികച്ചും നിരാശപ്പെടുത്തി. കോവിഡ് ന്യൂമോണിയ വന്ന് രക്തത്തിലൂടെ infection വ്യാപകമാകുന്ന സെപ്റ്റിസീമിയ എന്ന സ്ഥിതിയിലേക്ക് അവർ പോകുന്നോ എന്നു ഭയക്കേണ്ടിയിരിക്കുന്നു. എന്നാൽ ആ അവസ്ഥയിൽ രക്തത്തിൽ അളവുകൂടുന്ന ചില inflammatory markers കാര്യമായി കൂടിയിട്ടില്ല. ഇതു മാത്രമാണ് നേരിയ പ്രതീക്ഷ. HGHലെ ഐസിയുവിലെ ഏറ്റവും മികച്ച ഡോക്ടർമാരുടെ കൈകളിൽ തന്നെയായിരുന്നു അവർ. Records വിശദമായി പരിശോധിച്ചതിനുശേഷം ഞാൻ ഒരു വോയ്സ് മെസ്സേജായി അപ്പോഴത്തെ സ്ഥിതിവിവരങ്ങൾ മുബാറക്കിക്കയ്ക്ക് അയച്ചു കൊടുത്തു. പല സ്ഥലങ്ങളിൽ നിന്നും രോഗിയുടെ വിവരങ്ങൾ അന്വേഷിച്ചു ഫോൺ കോളുകൾ വരുന്നതുകൊണ്ട് ഞാൻ കൊടുക്കുന്ന വിവരങ്ങൾ വോയ്സ് മെസ്സേജസ് ആയിരിക്കും നല്ലത് എന്ന് എനിക്ക് തോന്നി. വെന്റിലേറ്ററിൽ പോയിട്ടില്ല എന്നത് സമാധാനം നൽകുന്ന കാര്യമാണ്. പക്ഷേ രക്തസമ്മർദ്ദം കുറവാണെന്നത് അത്ര ശുഭകരമല്ല എന്നും കൂട്ടിച്ചേർത്തു.
അന്നു രാത്രിയിൽ, ഞാൻ ഭയപ്പെട്ടതുപോലെ സെപ്സിസിന്റെ ലക്ഷണങ്ങൾ കൂടുകയും അവരുടെ കണ്ഠനാളത്തിലൂടെ ട്യൂബിട്ട് വെന്റിലേറ്ററിൽ ആക്കുകയും ചെയ്തു. ഈ വിവരങ്ങൾ എല്ലാം വെച്ചുകൊണ്ട് ഞാൻ അടുത്ത ദിവസം രാവിലെ അദ്ദേഹത്തിന് വീണ്ടും വോയ്സ് മെസ്സേജ് അയച്ചു. തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹം നന്ദി പറഞ്ഞു കൊണ്ട് രണ്ടും മൂന്നും തവണ ഓരോ ദിവസവും എനിക്ക് മെസ്സേജ് അയക്കും. അദ്ദേഹവും മക്കളും മരുമക്കളും എന്റെ ശബ്ദത്തിനായി കാത്തിരിക്കുന്നു എന്നു പറയും. പക്ഷേ ഒരിക്കൽപോലും അദ്ദേഹം എന്നെ മനപ്പൂർവ്വം ബുദ്ധിമുട്ടിച്ചില്ല. എന്റെ തിരക്കുകൾ മനസ്സിലാക്കുന്നുവെന്നും എത്ര സമയം വേണമെങ്കിലും എൻ്റെ മെസ്സേജിന് വേണ്ടി കാത്തിരിക്കാം എന്നും പറയും.
പിന്നീടുള്ള ദിവസങ്ങളിൽ അതൊരു ദിനചര്യയായി മാറി. എല്ലാ ദിവസവും ഒരിക്കലെങ്കിലും, ചില ദിവസങ്ങളിൽ രണ്ടു നേരവും മൂന്നുനേരവും നജിയത്തയുടെ വിവരങ്ങൾ ഞാൻ അദ്ദേഹത്തിന് വോയ്സ് മെസ്സേജായി അയച്ചു കൊടുത്തു. ദിവസത്തിൽ തന്നെ പല തവണ ഞാൻ അവരുടെ electronic records തുറന്നു.
22 വർഷമായി ഏറ്റവും ആധുനികമായ ഐ സി യു(ICU)കളിൽ രോഗികളെ ചികിത്സിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ തീവ്രപരിചരണത്തിൽ കഴിയുന്ന ഒരു രോഗിക്ക് ഓരോ ദിവസവും, ഓരോ നിമിഷവും എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഒരു തിരക്കഥ പോലെ എന്റെ മുന്നിൽ തെളിയും. രോഗിയെ ഞാൻ കാണുന്നില്ലെങ്കിൽ പോലും.
പ്രതീക്ഷകൾ നൽകുന്ന നല്ല നിമിഷങ്ങളും പ്രതീക്ഷയറ്റു പോകുന്ന മോശം നിമിഷങ്ങളും കൂടിച്ചേർന്നതാണ് ICUവിൽ കിടക്കുന്ന രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും ദിവസങ്ങൾ. ഇവിടെ ഈ രോഗിയെ ചികിത്സിക്കാതെ, നേരിട്ടു കാണുക പോലും ചെയ്യാതെ ഞാൻ സമ്മിശ്രമായ ആ നിമിഷങ്ങളിലൂടെ കടന്നു പോയി. പലപ്പോഴും ഞാൻ മനസ്സിൽ കരുതും. ‘ഇന്നു ഞാൻ അദ്ദേഹത്തോട് നല്ലതായി എന്തുപറയും? മിക്കവാറും മോശം അവസ്ഥയാണല്ലോ. ഇല്ലാത്ത പ്രതീക്ഷ കൊടുക്കാൻ കഴിയില്ല. പക്ഷേ പ്രതീക്ഷയുടെ ഒരു നേരിയ കണിക ഉണ്ടെങ്കിൽ അത് പങ്കുവെക്കാതിരിക്കാനും കഴിയില്ല’.
അദ്ദേഹത്തിന് തൻ്റെ ഭാര്യയോടുള്ള അഗാധമായ സ്നേഹം അദ്ദേഹത്തിന്റെ ശബ്ദത്തിൽ നിന്നും എനിക്കറിയാൻ കഴിഞ്ഞു. ഭാര്യാഭർത്തൃബന്ധം സമാനതകളില്ലാത്ത ബന്ധമാണല്ലോ. അദ്ദേഹത്തിൻ്റെ ആ സ്നേഹവും കരുതലും എന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചു. പ്രതീക്ഷയുടെ ഒരു വെള്ളി വെളിച്ചത്തിനുവേണ്ടി ഞാൻ നജിയത്തയുടെ റെക്കോർഡ്സ് വീണ്ടും വീണ്ടും തുറന്നു. ഞാൻ ചികിത്സിക്കുന്ന രോഗികളെയല്ലാതെ, എന്റെ ഐസിയുവിൽ കിടക്കുന്ന രോഗികളെയല്ലാതെ മറ്റൊരു രോഗിയുടെ റെക്കോർഡിന് മുന്നിൽ ഞാൻ ഇത്രയും സമയം ചിലവഴിച്ചിട്ടില്ല. പ്രതീക്ഷയുടെ ഒരു കച്ചിത്തുരുമ്പിന് വേണ്ടി ഞാൻ records മുഴുവൻ പരതി. രണ്ടുമൂന്നു തവണ നജിയത്ത കിടക്കുന്ന ഐ സി യു വിലെ കൺസൾട്ടന്റ് ഡോക്ടറോട് ഫോണിൽ വിളിച്ചു സംസാരിച്ചു.
വൈദ്യശാസ്ത്രത്തിൽ ഒരു അലിഖിത നിയമമുണ്ട്. രോഗിയോടും ബന്ധുക്കളോടും നാം അനുകമ്പ കാണിക്കണം. പക്ഷേ സഹതാപം പാടില്ല.You can show empathy to them but not sympathy. വൈകുന്നേരം അയക്കുന്ന എൻ്റെ ശബ്ദത്തിൽ സഹതാപവും സങ്കടവും ഇല്ലാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. പക്ഷേ അനുകമ്പയോടെ സംസാരിച്ചു.
ഇതിനിടയിൽ നോമ്പു തുടങ്ങിയപ്പോൾ മെല്ലെമെല്ലെ ഞാൻ voice messages വൈകുന്നേരങ്ങളിലേക്ക് മാറ്റി. ഞാൻ നൽകുന്ന മോശം വിവരങ്ങൾ സഹിക്കാനുള്ള ശക്തി അദ്ദേഹത്തിനും മക്കൾക്കും ഉണ്ടാകണമല്ലോ. ഒരിക്കൽ അദ്ദേഹം കണ്ഠമിടറിക്കൊണ്ടു ഫോണിലൂടെ പറഞ്ഞു എന്റെ ശബ്ദം അവരുടെ നോമ്പുതുറയുടെ ഭാഗമായി എന്ന്.
വളരെ ചെറിയ പ്രതീക്ഷകളും അതിലേറെ നിരാശകളും നൽകി പതിനഞ്ചു ദിവസങ്ങൾ കടന്നു പോയിട്ടുണ്ടാകും. നജിയത്തയുടെ രക്തസമ്മർദ്ദം നോർമലായി. ഹൃദയം നന്നായി പ്രവർത്തിക്കുന്നു. എന്നാൽ ശ്വാസകോശത്തിലും ഒരുപക്ഷേ രക്തത്തിലുമുള്ള ഇൻഫെക്ഷൻ നിയന്ത്രണവിധേയമാകുന്നില്ല.
കിഡ്നിയുടെ പ്രവർത്തനം മോശമായി. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നു. Inflammatory markersന്റെ അളവുകൾ ഉയരുന്നു.
ഇതിന്റെയെല്ലാം നിരാശ മെസ്സേജ് അയക്കുമ്പോൾ എൻ്റെ ശബ്ദത്തിലും നിഴലിച്ചിട്ടുണ്ടാകാം.
ഒരു ദിവസം റെക്കോർഡ് തുറന്ന എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. നജിയത്തയുടെ രക്തത്തിൽ ഓക്സിജന്റെ മർദ്ദം (PaO2) മെച്ചപ്പെട്ടിരിക്കുന്നു. അത് നൂറിനുമുകളിൽ എത്തിയിരിക്കുന്നു. നാല്പതിനും അമ്പതിനും ഇടയ്ക്ക് കിടന്നിരുന്നതാണ്. ഞാൻ വീണ്ടും വീണ്ടും ആ സംഖ്യയിലേക്ക് നോക്കി. 124mmHg!! അതും 60% മാത്രം ഓക്സിജൻ കൊടുത്തുകൊണ്ട്. ഒപ്പം രക്തത്തിലെ കാർബൺഡയോക്സൈഡിന്റെ മർദ്ദവും നോർമൽ റേഞ്ചിൽ നിൽക്കുന്നു. അവരുടെ റെക്കോർഡ് നോക്കിത്തുടങ്ങിയതിനു ശേഷം ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം. ക്ഷണികമായിരിക്കാം ഇത്, ശാശ്വതമായിരിക്കില്ല എന്ന് മനസ്സ് പറഞ്ഞെങ്കിലും recordൽ കണ്ട നല്ല കാര്യങ്ങൾ ഞാൻ വൈകുന്നേരം അദ്ദേഹത്തെ അറിയിച്ചു. തീർച്ചയായും എന്റെ ശബ്ദത്തിൽ സമാധാനവും അല്പം ഉത്സാഹവും ഉണ്ടായിരുന്നു. കുറച്ചെങ്കിലും സന്തോഷവും സമാധാനവും അവർക്കും ലഭിക്കട്ടെ എന്നു തന്നെ ഞാൻ കരുതി.
രണ്ടുമൂന്നു ദിവസം ആ നല്ല നില തുടർന്നു. ഇതിനിടയിൽ ഒരിക്കൽ അദ്ദേഹം ഫോണിൽ പറഞ്ഞു. “എന്റെ ഭാര്യയുടെ അസുഖം മാറിയാൽ ഞങ്ങൾ ആദ്യം വരുന്നത് ഡോക്ടറെ കാണാൻ ആയിരിക്കും.
ഇൻഷാ അള്ളാഹ്…”. ഇതുകേട്ട് എൻ്റെ കണ്ണുകൾ നനഞ്ഞു. ഞാൻ ഒരിക്കലും കാണാത്ത, ഒരു മാസം മുമ്പുവരെ അറിയാതിരുന്ന ഒരു രോഗിയുടെ വിവരങ്ങൾ ഒരു ദിവസം പോലും ഒഴിവാക്കാതെ ഞാൻ അദ്ദേഹത്തിന് അയച്ചു കൊടുത്തു. “ഡോക്ടറും ഡോക്ടറുടെ ശബ്ദവും ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നു”. അദ്ദേഹം വീണ്ടും ഫോണിലൂടെ പറയും.
മൂന്നു ദിവസം കഴിഞ്ഞപ്പോൾ കാര്യങ്ങൾ വീണ്ടും കൈവിട്ടുപോയി. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞു.
ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവർത്തനങ്ങൾ മോശമാകുന്ന multi organ dysfunction എന്നൊരു അവസ്ഥയിലേക്ക് അവർ പോയിക്കൊണ്ടിരുന്നു.
ഈ അവസരത്തിൽ ഖത്തറിൽ കോവിഡ് രണ്ടാം തരംഗം അതിന്റെ ഉച്ചസ്ഥായിയിൽ ആയിരുന്നു. ഹാർട്ട് ഹോസ്പിറ്റലിലെ സ്പെഷ്യലൈസ്ഡ് ICUs മാനേജ് ചെയ്യുന്ന ഞങ്ങളെയടക്കം കോവിഡ് ICUs മാനേജ് ചെയ്യാൻ അധികാരികളിൽ നിന്നും വിളി വന്നു. അങ്ങനെ ഞങ്ങൾ ഹാർട്ട് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡോക്ടർമാർ ഇൻഡസ്ട്രിയൽ ഏരിയയിലെ ആശുപത്രിയിലെ കോവിഡ് ഐസിയു manage ചെയ്യാൻ പോയിത്തുടങ്ങി.
April 20 മുതൽ മൂന്നാഴ്ച എൻ്റെ ഊഴമായിരുന്നു. അതിൽ ആദ്യത്തെ രണ്ടാഴ്ച ഇൻഡസ്ട്രിയൽ ഏരിയയിലും മൂന്നാമത്തെ ആഴ്ച ഹമദ് ജനറൽ ആശുപത്രി(HGH)യിലെ കോവിഡ് ഐസിയുവിലും ആയിരുന്നു എന്നെ post ചെയ്തിരുന്നത്. നജിയത്ത കിടന്നിരുന്നത് HGHലെ ഐസിയുവിൽ ആയിരുന്നു. മൂന്നാമത്തെ ആഴ്ചയെങ്കിലും അവർ കിടക്കുന്ന ഐസിയുവിൽ എത്താം എന്നുള്ള ഒരു പ്രതീക്ഷ. ICU മാനേജ് ചെയ്യുന്ന കൺസൾട്ടന്റ് ഡോക്ടർമാർ എല്ലാവരും വളരെയധികം കഴിവുള്ളവരും ഏറെ പരിചയ സമ്പന്നരും ആയിരുന്നു. എങ്കിൽപോലും അവർ കിടക്കുന്ന ഐസിയുവിൽ ഒരാഴ്ച്ച ചികിത്സിക്കാൻ കഴിഞ്ഞാൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞെങ്കിലോ എന്നുള്ള ഒരു പ്രത്യാശ മനസ്സിൽ വന്നു. ഈ വിവരം കേട്ടപ്പോൾ മുബാറക്കിക്കയുടെ ശബ്ദത്തിലും പ്രതീക്ഷ നിഴലിക്കുന്നതായി തോന്നി.
ഇൻഡസ്ട്രിയൽ ഏരിയയിലെ ആശുപത്രിയിലെ കോവിഡ് ഐസിയുവിൽ എത്തിയപ്പോൾ ഞാൻ പ്രതീക്ഷിച്ചതിൽ കൂടുതൽ തിരക്കായി. വൈകുന്നേരം വീട്ടിൽ വന്നതിനു ശേഷം മാത്രമേ പലപ്പോഴും ഫോൺ ഉപയോഗിക്കാൻ കഴിയാറുള്ളൂ. എങ്കിലും നോമ്പു തുറന്ന വേളകളിൽ ഞാൻ എന്റെ voice messages നിർബാധം തുടർന്നു. പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ നജിയത്തയുടെ കണ്ടീഷൻ കൂടുതൽ മോശമായിക്കൊണ്ടിരുന്നു. ഞാൻ HGHലെ ഐസിയുവിൽ ഡ്യൂട്ടിക്ക് പോകാൻ ഇനിയും ഒരാഴ്ച കൂടിയുണ്ട്.
ഒരു വ്യാഴാഴ്ച രാത്രി ഉറങ്ങുന്നതിനു മുമ്പ് വീണ്ടും റെക്കോർഡ് തുറന്നു. അവരുടെ ഓക്സിജൻ സാച്ചുറേഷൻ (SpO2) താഴ്ന്നുകൊണ്ടിരിക്കുന്നു.എന്തു ചെയ്തിട്ടും അത് കൂടുന്നില്ല. അവസാനിക്കാറായി എന്ന് എൻ്റെ മനസ്സ് പറഞ്ഞു. അന്നത്തെ പതിവ് വോയ്സ് മെസ്സേജസ് എല്ലാം വൈകുന്നേരം കഴിഞ്ഞതാണ്. ഇനി ഇപ്പോൾ അദ്ദേഹത്തെ വിളിക്കേണ്ട എന്നു കരുതി. വെള്ളിയാഴ്ച രാവിലെ (ഏപ്രിൽ 30) എഴുന്നേറ്റു ഞാൻ ആശുപത്രിയിൽ പോകാൻ തയ്യാറെടുത്തു.
ഫോൺ നോക്കിയപ്പോൾ 6:10ന് മുബാറക്ക്ക്കയുടെ ഒരു മിസ്ഡ് കോൾ കണ്ടു. അതു കണ്ട ഉടനെ തിരിച്ചു വിളിച്ചില്ല. നേരെ ലാപ്ടോപ് ഓൺ ചെയ്ത് ഇലക്ട്രോണിക് റെക്കോർഡ് തുറന്നു.
ഞാൻ ഭയന്നതുപോലെ തന്നെ എല്ലാം അവസാനിച്ചിരുന്നു. She passed away that day early morning.
മനസ്സാന്നിധ്യം വീണ്ടെടുക്കാൻ കുറച്ചു സമയമെടുത്തു. അതിനുശേഷം അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. ഞാൻ ആശുപത്രിയിൽ പോകുകയാണെന്നും ഖബറടക്കത്തിന് വരില്ലെന്നും പറഞ്ഞു. ഒരിക്കലും കണ്ടിട്ടില്ലാത്ത നജിയത്തയെ ഇങ്ങനെ കാണാൻ മനസ്സു വരുന്നില്ലെന്നും പറഞ്ഞു. ഒരു മാസത്തെ ഓരോ ദിവസവും എന്റെ മനസ്സിൽ നിറഞ്ഞു. എല്ലാം മറക്കാൻ ശ്രമിച്ച് ഞാൻ അന്നു വൈകുന്നേരം വരെ എന്റെ രോഗികളുടെ ചികിത്സയിൽ മുഴുകി.
(കൂട്ടത്തിൽ പറയട്ടെ. വലിയ നഷ്ടങ്ങൾ നൽകിയാണ് ഏപ്രിൽ മാസം കടന്നു പോയത്.എന്റെ വളരെ അടുത്ത ഒരു ബന്ധു ഏതാണ്ട് സമാനമായ സാഹചര്യങ്ങളിൽ ഇതേ ഏപ്രിലിൽ മരണമടഞ്ഞു. അതിനെക്കുറിച്ച് പിന്നീടൊരിക്കൽ പറയാം)
ഒന്നു രണ്ടാഴ്ചയ്ക്കുശേഷം അദ്ദേഹത്തെ വിളിച്ചു. വേർപാടിന്റെ നൊമ്പരം അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ പ്രതിഫലിച്ചിരുന്നു. “ഡോക്ടർ തീർച്ചയായും ഒരിക്കൽ വീട്ടിൽ വരണം. ഞങ്ങൾക്ക് ഡോക്ടറെ കാണണം”. ഒരിക്കൽ വരാമെന്നും നേരിട്ട് കാണാമെന്നും ഞാൻ പറഞ്ഞു.
ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു. ഞാൻ എൻ്റെ തിരക്കുകളുമായി മുന്നോട്ടുപോയി. രണ്ടു മൂന്നു മാസങ്ങൾക്കു ശേഷം അദ്ദേഹത്തിൻ്റെ ഒരു വോയ്സ് മെസ്സേജ് വന്നു. അദ്ദേഹം HGH എമർജൻസിയിൽ അഡ്മിറ്റഡ് ആയിരുന്നു. ഡിസ്ചാർജ് ആയി. കരളിന് ചെറുതല്ലാത്ത പ്രശ്നങ്ങളുണ്ട്. വയറിലും കാലിലും നീരു കെട്ടുന്നു. ഞാൻ അപ്പോൾ നാട്ടിൽ പോകാനായി തയ്യാറെടുക്കുകയായിരുന്നു.
“ഡോക്ടർ തിരിച്ചുവന്നാൽ എൻ്റെ റെക്കോർഡ്സെല്ലാം ഒന്നു വിശദമായി നോക്കണം”. അദ്ദേഹം പറഞ്ഞു.
തീർച്ചയായും നോക്കാം എന്നു ഞാനും.
നാട്ടിൽ അവധിയിൽ ആയിരിക്കുമ്പോൾ ആഗസ്റ്റ് അവസാനം ഞങ്ങൾ ഒന്നുരണ്ടു തവണ ചാറ്റ് ചെയ്തിരുന്നു. പക്ഷേ സെപ്റ്റംബറിൽ ഞാൻ അയച്ച മെസ്സേജസിന് മറുപടി കിട്ടിയില്ല. അടുത്തദിവസം എൻ്റെ മെസ്സേജ് കണ്ട് അദ്ദേഹത്തിൻ്റെ മരുമകൻ Parvéz Vallikkad എന്നെ വിളിച്ചു. കാര്യങ്ങൾ കൈ വിട്ടു പോയിരിക്കുന്നു. ഇനിയൊന്നും ചെയ്യാനില്ല എന്ന് ഡോക്ടർമാർ പറയുന്നു.
ഞാൻ തരിച്ചിരുന്നുപോയി. ദ്വീപ് എന്ന സിനിമയിലെ ആ അവിസ്മരണീയമായ ഗാനം ക്ഷണിക്കാതെ എന്റെ മനസ്സിലേക്ക് കടന്നു വന്നു.
‘കണ്ണീരിൻ മഴയത്തും നെടുവീർപ്പിൻ കാറ്റത്തും കരളേ ഞാൻ നിന്നെയും കാത്തിരിക്കും
ഖബറിന്നടിയിലും കാത്തിരിക്കും ഞാൻ കാത്തിരിക്കും…’
മരണമില്ലാത്ത ആ വരികൾ എന്റെ ചെവിയിൽ മുഴങ്ങി. ചിന്തകളെ തടുത്തു നിർത്താൻ ഞാൻ വല്ലാതെ പാടുപെട്ടു.
അതുകൊണ്ടുതന്നെ ഒടുവിൽ മരണവാർത്ത വന്നപ്പോൾ അപ്രതീക്ഷിതമായി തോന്നിയില്ല.
സെപ്റ്റംബർ പതിനേഴാം തീയതി രാത്രി അദ്ദേഹത്തിന്റെ മരണവിവരം പർവേസ് തന്നെയാണ് അറിയിച്ചത്. അങ്ങനെ ഒരിക്കലും നേരിട്ടു കാണാൻ ഇനിയൊരു അവസരം നല്കാതെ അദ്ദേഹവും പോയി.
അഞ്ചു മാസങ്ങൾക്കു മുമ്പ് തുടങ്ങിയ പരിചയം രണ്ടു മരണങ്ങൾ നൽകി കടന്നുപോയി. ഉറങ്ങാൻ കഴിയാതെ ഒരുപാടു നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. Probably we were never destined to meet. അതുകൊണ്ടാകണം ഞാൻ ആ സമയത്ത് നാട്ടിലായത്.
നജിയത്ത ഇല്ലാത്ത ഈ ലോകത്തു ജീവിക്കാൻ അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാകില്ല.
മരണത്തിനു പോലും വേർപ്പെടുത്താൻ കഴിയില്ലെന്ന് തെളിയിച്ചു അദ്ദേഹം അവരുടെ അടുത്തേക്ക് പോയി. വെറും നാലഞ്ചു മാസങ്ങൾക്കകം.
ഹൃദയം കൊണ്ടെഴുതുന്ന കുറിപ്പാണിത്.
നിറകണ്ണുകളോടെയാണ് ഇത് എഴുതി തീർക്കുന്നത്. മുബാറക്ക്ക്കയുടേയും നജിയത്തയുടേയും ഓർമ്മകൾക്കു മുന്നിൽ ഇതു ഞാൻ സമർപ്പിക്കുന്നു. അവരുടെ മക്കൾക്കും കുടുംബത്തിനും എന്നും നന്മകൾ മാത്രം നേരുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS