ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരവെ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി പാക്കിസ്താന്‍.
കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈദി ഫൗണ്ടേഷന്‍ കൊവിഡ് രോഗികള്‍ക്കായി 50 ആംബുലന്‍സുകള്‍ വാഗ്ദാനം ചെയ്തു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഈദി ഫൗണ്ടേഷന്‍ അധികാരിയായ ഫൈസല്‍ ഈദി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആംബുലന്‍സ് വാളണ്ടിയര്‍ ശൃഖലയാണ് ഈദി ഫൗണ്ടേഷന്‍. 50 ആംബുലന്‍സുകള്‍ മാത്രമല്ല, ആവശ്യമായാല്‍ അടിയന്തിര മെഡിക്കല്‍ ടെക്‌നീഷ്യന്മാര്‍, ഓഫീസ് സ്റ്റാഫ്, ഡ്രൈവര്‍മാര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവരെയും ഇന്ത്യയിലേക്ക് അയക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കെ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം നേരിട്ടതോടെ ഇന്ത്യയുടെ ആരോഗ്യമേഖലയെ സഹായിക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ട് പാകിസ്താനിലെ ജനങ്ങള്‍ രംഗത്തെത്തിയിരുന്നു.
‘ഇന്ത്യാ നീഡ് ഓക്സിജന്‍’ എന്ന ഹാഷ്ടാഗോടു കൂടിയായിരുന്നു ജനങ്ങള്‍ ട്വിറ്ററിലെത്തിയത്. ഇരുരാജ്യങ്ങളിലെയും സര്‍ക്കാര്‍ തമ്മിലുള്ള എല്ലാ തര്‍ക്കങ്ങള്‍ക്കുമപ്പുറം ഇന്ത്യക്ക് ഒരു പ്രശ്നം വന്നപ്പോള്‍ പാക് ജനത കാണിച്ച കരുതലും നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ 20 കൊവിഡ് രോഗികളാണ് മരിച്ചത്. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് രോഗബാധ രൂക്ഷമായ 20 രോഗികള്‍ മരിച്ചത്.
സമാനസാഹചര്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ വെള്ളിയാഴ്ച്ച 22 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരുന്നെന്ന് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡികെ ബാലുജ വ്യക്തമാക്കുയും ചെയ്തിരുന്നു.
രാജ്യത്ത് കൊവിഡ് സാഹചര്യം രൂക്ഷമായിരിക്കെ ഡല്‍ഹിയിലെ ഓക്സിജന്‍ പ്രതിസന്ധിയില്‍ എല്ലാ മുഖ്യമന്ത്രിമാരോടും സഹായാഭ്യര്‍ത്ഥനയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംസ്ഥാനങ്ങളില്‍ അധികമായുള്ള ഓക്സിജന്‍ നല്‍കി സഹായിക്കണമെന്നാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്.
കൊവിഡ് വ്യാപനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ഇവിടെയുള്ളതെല്ലം അപര്യപ്തമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഓക്സിജന്‍ വിതരണം തടസപ്പെടുത്തുന്നവരെ കൈകാര്യം ചെയ്യും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കൊവിഡ് രോഗം ഗുരുതരമായി ബാധിച്ചിരിക്കുന്നവര്‍ക്കായുള്ള ഓക്സിജന്‍ ലഭ്യമല്ല എന്ന പരാതിയിന്മേലായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം. മഹാരാജ അഗ്രസെന്‍ ആശുപത്രിയാണ് ഓക്സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.
കേന്ദ്ര-സംസ്ഥാന-തദ്ദേശ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥരില്‍ ആരെങ്കിലും ഓക്സിജന്‍ വിതരണം തടസപ്പെടുത്തുകയാണെങ്കില്‍ അവരെ കൈകാര്യം ചെയ്യും എന്നാണ് കോടതി പറഞ്ഞത്. ഓക്സിജന്‍ വിതരണത്തെ തടസ്സപ്പെടുത്തിയതിന്റെ ഒരു ഉദാഹരണം നല്‍കുകയാണെങ്കില്‍ കോടതി ആ വ്യക്തിയെ തൂക്കിലേറ്റും. കോടതി ആരെയും ഒഴിവാക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS