India

കർഷകർക്ക് നേരെ കാർ കയറ്റി കേന്ദ്രമന്ത്രിയുടെ മകൻ; സംഘർഷത്തിൽ നാ​ല് കർഷകരടക്കം എ​ട്ടു പേ​ർ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിൽ ബിജെപി മന്ത്രിമാരെ തടയാനെത്തിയ പ്രക്ഷോഭകര്‍ക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്‌ കുമാർ മിശ്രയുടെ മകന്‍ വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തി. 

ഞായറാഴ്‌ച ലഖിംപുർ ഖേരി ജില്ലയിലെ തിക്കുണിയയിലാണ്‌ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ്‌ മിശ്രയും​ മറ്റും വാഹനങ്ങള്‍ ഇടിച്ചുകയറ്റിയത്. 

കാറിടിച്ച്‌ മൂന്നു കർഷകരും വെടിയേറ്റ്‌ ഒരാളും കൊല്ലപ്പെട്ടു. ലവ്‌പ്രീത്‌ സിങ് (20), നചട്ടർ സിങ് (60), ദൽജീത്‌ സിങ് (35) എന്നിവരാണ്‌ കാറിടിച്ച്‌ കൊല്ലപ്പെട്ടത്‌. തലയ്‌ക്ക്‌ വെടിയേറ്റാണ്‌ പത്തൊമ്പതുകാരനായ ഗുരുവിന്ദർ സിങ് കൊല്ലപ്പെട്ടതെന്ന്‌ സംയുക്ത കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു.

അപകടമുണ്ടാക്കിയ വാഹനങ്ങൾ തടയാൻ കർഷകർ ശ്രമിച്ചപ്പോഴാണ് ആശിഷ്‌ മിശ്രയും ഗുണ്ടകളും വെടിയുതിർത്തത്. സംയുക്ത കിസാൻ മോർച്ച നേതാവ്‌ തജിന്ദർ സിങ് വിർക്ക്‌ ഉൾപ്പെടെ നിരവധി പേർക്ക്‌ ഗുരുതര പരിക്കേറ്റു. സംഘർഷത്തിനിടയിൽ കാർ മറിഞ്ഞതിനെത്തുടർന്ന്‌ മന്ത്രിയുടെ മകന്റെ കാറോടിച്ച ഡ്രൈവറും മരിച്ചു.

‘സമരം ചെയ്യുന്ന കർഷകരെ പാഠം പഠിപ്പിക്കും. വെറും രണ്ടു മിനിറ്റ്‌ കൊണ്ട്‌ അവരെ ഞാൻ ശരിപ്പെടുത്തും’–- എന്ന്‌  ആഴ്‌ചകൾക്കുമുമ്പ്‌  ആഭ്യന്തര സഹമന്ത്രി അജയ്‌ കുമാർ മിശ്ര ഭീഷണി മുഴക്കിയിരുന്നു.

ഈ പ്രസ്‌താവനയ്‌ക്കെതിരെ കർഷകർ ശക്തമായപ്രതിഷേധത്തിലായിരുന്നു. ഞായറാഴ്‌ച അജയ്‌കുമാർ മിശ്രയുടെ മണ്ഡലം ഉൾപ്പെടുന്ന ബൻവിർപുർ ഗ്രാമത്തിൽ ചില പദ്ധതിയുടെ ഉദ്‌ഘാടനം ആസൂത്രണം ചെയ്‌തിരുന്നു. മുഖ്യാതിഥി ഉത്തർപ്രദേശ്‌ ഉപമുഖ്യമന്ത്രി കേശവ്‌ പ്രസാദ്‌ മൗര്യയായിരുന്നു. മൗര്യ എത്തുന്ന ഹെലികോപ്‌റ്റർ ഇറങ്ങുന്ന മഹാരാജ അഗ്രാസേൻ മൈതാനത്തിലെ ഹെലിപാഡിനു സമീപം കർഷകർ ഒത്തുകൂടി പ്രതിഷേധിച്ചു.

സമരം മതിയാക്കി സ്ഥലം വിടാൻ ബിജെപിക്കാർ ആക്രോശിച്ചത്‌ വാക്കേറ്റത്തിനിടയാക്കി. ഇതിനിടെയാണ്‌ ആശിഷ്‌ മിശ്രയുടേത്‌ ഉൾപ്പെടെ മൂന്ന്‌ കാർ അമിതവേഗത്തിൽ കർഷകർക്കിടയിലേക്ക്‌ ഓടിച്ചുകയറ്റിയത്.

രാജ്യത്ത് ഇത്രയും വലിയൊരു അനീതി നടന്നിട്ടും നിസ്സംഗരായിരിക്കാൻ കഴിയുന്ന തരത്തിൽ ഒരു ജനതയുടെ മനസ്സാക്ഷിയെയാണ് അവർ പടിപടിയായി ആദ്യം കൊന്നത്. വെറും രണ്ടുമിനിട്ടുകൊണ്ട് അവരെ ഞാൻ ശരിപ്പെടുത്തും എന്നു പറഞ്ഞ അജയ് കുമാർ മിശ്രയുടെ മകൻ തന്നെ അയാളുടെ ആഗ്രഹം നടപ്പാക്കാനിറങ്ങി.

രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഇതൊന്നും അറിയാതിരിക്കാൻ പാകത്തിൽ കയ്യടക്കപ്പെട്ട മീഡിയ ഇതിനെ സംഘർഷം എന്നു റിപ്പോർട്ട്‌ ചെയ്യുന്നു. എന്തു വന്നാലും നേരിടാൻ തന്നെയുറച്ച കർഷകർ പ്രതിഷേധത്തിനായി ഇന്നു രാജ്യത്തെ എല്ലാ കളക്ട്രേറ്റുകളും പിക്കറ്റ് ചെയ്യുകയാണ്. ഈ സമരത്തിൽ കർഷകർക്ക് ഒപ്പം അല്ലാത്ത എല്ലാവരും രാജ്യത്തിന്റെ ശത്രുക്കൾ മാത്രമാണ്.

ലഖിംപൂരിൽ കർഷകരെ കാർ കയറ്റി കൊന്ന സംഭവത്തിൽ കേന്ദ്രമന്ത്രി അജയ്‌കുമാർ മിശ്രയുടെ മകനെതിരെ കേസെടുത്തു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആശിഷ് മിശ്രയ്ക്കെതിരെ കേസെടുത്തത്. ആശിഷിന് പുറമേ മറ്റ് പതിനാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സംഘർഷത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകനും ഇന്ന് രാവിലെ മരിച്ചു. രാം കശ്യപ് എന്ന് പ്രാദേശിക മാധ്യമപ്രവർത്തകനാണ് മരിച്ചത്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x