കോണ്‍ഗ്രസ് പാർട്ടി; കാലത്തിനും ഭാവനകള്‍ക്കും അനുസരിച്ച് സ്വയം നവീകരണത്തിന് വിധേയമാകേണ്ടതുണ്ട്!
നിരവധി നേതാക്കള്‍ തുടര്‍ച്ചയായി പാര്‍ട്ടി വിട്ടുപോകുന്നത് ഈ ഇല പൊഴിയും കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒട്ടും ആശാസ്യമല്ല. തുടര്‍ച്ചയായ പരാജയങ്ങളും, നേതാക്കളുടെ കൊഴിഞ്ഞുപോക്കും അഭിമുഖീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പ്രസ്ഥാനം, പുതിയ കാലത്തിനും ഭാവനകള്‍ക്കും അനുസരിച്ച് സ്വയം നവീകരണത്തിന് വിധേയമാകേണ്ടതുണ്ട്.
അതിനു ഏറ്റവും അനിവാര്യം ബൂത്ത് തലം മുതല്‍ എഐസിസി അധ്യക്ഷസ്ഥാനം വരെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ്. ഭൂരിപക്ഷവംശീയ ജനാധിപത്യത്തെ എതിര്‍ക്കുന്ന മുഖ്യ പ്രതിപക്ഷപാര്‍ട്ടിയുടെ ഘടന ജനാധിപത്യപരമല്ലെങ്കില്‍ എങ്ങനെയാണ് കോണ്‍ഗ്രസിന് ജനാധിപത്യം തിരിച്ചുപിടിക്കേണ്ടതിനെക്കുറിച്ച് ജനങ്ങളോട് സംസാരിക്കാന്‍ കഴിയുക?
മിക്ക സംസ്ഥാനങ്ങളിലും, കോണ്‍ഗ്രസ് ഇപ്പോഴും നിലനില്‍ക്കുന്നത് വ്യക്തികളെയും ഗ്രൂപ്പുകളെയും കേന്ദ്രീകരിച്ചുള്ള പ്രാദേശിക ലോയല്‍റ്റി കൂട്ടായ്മ ആയിട്ടാണ്.
തിരഞ്ഞെടുപ്പ് കാലത്ത് മാത്രം സജീവമാകുന്ന ഇത്തരം ‘ആള്‍ക്കൂട്ട’ത്തെ മാത്രം ആശ്രയിച്ച് ആണ് ഇരുപത്തിനാല് മണിക്കൂറും പ്രവര്ത്തനസജ്ജമായ രാഷ്ട്രീയപ്പാര്‍ട്ടികളെ കോണ്‍ഗ്രസ് നേരിടുന്നത്.
സംഘടന ദുര്‍ബലമായത്തോടെ നേതാക്കള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോവുകയും ഭൂമിശാസ്ത്രപരമായും, സാമൂഹ്യമായും, കോണ്‍ഗ്രസ്സിന്റെ വോട്ടുബാങ്ക് കൂടുതല്‍ ശുഷ്കിക്കുകയും ചെയ്തു.
പ്രാദേശികമായി ജനപിന്തുണയുള്ള നേതാക്കളെ ജൈവികമായി വളര്‍ത്തിയെടുക്കാന്‍ ഉള്ള പ്രാഥമിക ഉത്തരവാദിത്വം ഒരു കാലത്തും കോണ്‍ഗ്രസ് പ്രകടിപ്പിച്ചില്ല. മാറിയ സാഹചര്യത്തില്‍ ബിജെപിയും ആപ്പും പോലുള്ള കേഡര്‍ പാര്‍ട്ടികളെ നേരിടാനും, ബൂത്ത് തല മാനെജ്മെന്റ് കാര്യക്ഷമമായി നടത്താനും, ക്ഷേമപരിപാടികളുടെ ഗുണഭോക്താക്കളെ നേരിട്ട് കണ്ടു ബോധ്യപ്പെടുത്താനും കൊണ്ഗ്രസ്സിനു കഴിയാതെ പോകുന്നത് അതുകൊണ്ടാണ്.
അതുകൊണ്ടുതന്നെ, ജനാധിപത്യരീതിയില്‍ തിരഞ്ഞെടുത്ത മുഴുവന്‍ സമയ അധ്യക്ഷന്‍ ഉണ്ടാകേണ്ടതും, അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനുള്ള പരിപാടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടതും കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പിനു അത്യാവശ്യമാണ്. കോണ്‍ഗ്രസ്സിനു തിരിച്ചു വരാനുള്ള ആദ്യ ചുവടുവെയ്പ്പ് ആയിട്ടാണ് ‘ഭാരത് ജോഡോ യാത്ര’ കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് മനസിലാക്കുന്നു.
കോൺഗ്രസ്സ് പാർട്ടി തിരിച്ചു വരാനുള്ള ശ്രമത്തിന് തുടക്കമിടുന്ന അവസരത്തിൽ തന്നെയാണ് ദീര്‍ഘകാലമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന ഗുലാം നബി ആസാദ് നീണ്ട കത്തെഴുതി പാർട്ടി വിടുന്നത്. പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനം ഒഴിച്ച് ഏതാണ്ട് എല്ലാ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങള്‍ ചിലതൊക്കെ തീര്‍ച്ചയായും ഗൌരവമുള്ളതാണ്. കോണ്‍ഗ്രസിനെ സ്വയം വിമര്‍ശനപരമായി വിലയിരുത്താന്‍ ആ വിമര്‍ശനം സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.
പക്ഷെ, അതിലപ്പുറം, ആസാദ് ഈ സന്നിഗ്ധ ഘട്ടത്തില്‍ പാര്‍ട്ടി ഉപേക്ഷിച്ചത് ഔചിത്യമല്ല എന്നാണു അഭിപ്രായം. കോണ്‍ഗ്രസ്സില്‍ ജനാധിപത്യം ഇല്ലാതാകാന്‍ തുടങ്ങിയത് 2014ന് ശേഷമല്ല. ആസാദ് സൂചിപ്പിക്കുന്ന ‘ ദർബാർ സംഘം’ എല്ലാ കാലത്തും ഉണ്ടായിരുന്നു. ആ സംഘത്തിന്റെ ഭാഗമായി നീണ്ട കാലം നില്‍ക്കാന്‍ ഭാഗ്യം ലഭിച്ച ആളാണ് ആസാദ്.
മൂപ്പനാരും, മമതയും, ജഗന്‍ മോഹന്‍ റെഡ്ഡിയും ഒക്കെ ഈ പ്രസ്ഥാനത്തിന് പുറത്തു പോയി സ്വന്തമായി പാര്‍ട്ടി ഉണ്ടാക്കുകയും ആ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഴുവന്‍ അവര്‍ക്കൊപ്പം പോയപ്പോഴും ആസാദിന് ‘രാജാവ് നഗ്നനാണ്’ എന്ന് തോന്നിയില്ല. അവരെ തിരികെ കൊണ്ടുവരാൻ കോൺഗ്രസ്സ് ശ്രമിക്കേണ്ടതുണ്ട് എന്ന് ആസാദിന് തോന്നിയില്ല. ആസാദിന് ചാര്ജ്ജുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ പുഷ്ക്കലകാലത്ത് ഭരണം കിട്ടിയിട്ടുണ്ടാവാം.
പക്ഷെ, ഒരു സംസ്ഥാനത്തിലും സംഘടനാ സംവിധാനം ഉണ്ടാക്കാന്‍ ആസാദ് ശ്രമിച്ചിരുന്നില്ല, തനിക്ക് താല്പര്യമുള്ള ലോയലിസ്റ്റുകള്‍ക്ക് സീറ്റ് ഉറപ്പിക്കാന്‍ അല്ലാതെ..രാജ്യസഭാ എംപി ആയിരിക്കുന്ന കാലമത്രയും അദ്ദേഹം പാര്‍ട്ടി വിട്ടില്ല എന്നും ഓർക്കണം.
ഗുലാംനബി ആസാദ് ദേശീയ രാഷ്ട്രീയത്തിലെ അപൂര്‍വ്വം മുസ്ലിം മുഖങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ വർഷം, അദ്ദേഹത്തിന് രാജ്യസഭയില്‍ യാത്രയയപ്പ് നൽകുന്ന വേളയിൽ, കശ്മീരിൽ ഭീകരാക്രമണം നടന്നപ്പോൾ അവിടെ കുടുങ്ങിപ്പോയ ഗുജറാത്തികളെ തിരികെയെത്തിക്കുവാൻ ഗുലാം നബി ആസാദ് നടത്തിയ ശ്രമങ്ങൾ പ്രധാനമന്ത്രി ഓർമിച്ചതു ഹൃദയസ്പർശിയായിരുന്നു.
പക്ഷെ, ഗുലാം നബി ആസാദ് മറുപടി പറയുമ്പോള്‍ ഒരിക്കൽ അതേ പാർലമെന്റിലെ അംഗമായിരുന്ന ഇഹ്സാൻ ജാഫ്രി എന്ന മുതിർന്ന കോണ്ഗ്രസ്സുകാരന്റെ പേരും ഗുജറാത്ത് കലാപകാലത്ത് അദ്ദേഹം മാറി മാറി ഫോണ്‍ വിളിച്ചപ്പോള്‍ ആരും രക്ഷക്ക് എത്താതിരുന്ന കഥയും രാഷ്ട്രീയബോധമുള്ള കോൺഗ്രസ്സ് നേതാവ് എന്ന നിലക്ക് ഗുലാം നബി പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കുമെന്ന് വെറുതെ പ്രതീക്ഷിച്ചു.
അദ്ദേഹം പക്ഷെ ഒന്നും മിണ്ടിയില്ല. കോണ്‍ഗ്രസിലെ അവശേഷിക്കുന്ന മുസ്ലിം നേതാവാണ് പാര്‍ട്ടി വിട്ടത് എന്ന് വിലപിക്കുന്നവരോട് ചോദിക്കാനുള്ളത് അടുത്ത കാലത്തായി മുസ്ലിങ്ങള്‍ നേരിടുന്ന ഏതെങ്കിലും വിഷയത്തില്‍ ഇദ്ദേഹം മുന്‍കൈ എടുത്തു പ്രചരണം നടത്തിയിരുന്നോ എന്നാണ്. കാശ്മീരില്‍ 370ആം വകുപ്പ് റദ്ദാക്കുകയും, കശ്മീരികള്‍ മാസങ്ങളോളം പുറം ലോകം കാണാതെ ജീവിക്കുകയും ചെയ്തപ്പോൾ പോലും ആസാദ് ശക്തമായ സമരം നടത്തിയതായി അറിയില്ല.
രാഹുൽ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നു പരാതി പറയുമ്പോഴും, കോണ്‍ഗ്രസ്സിന്റെ സാമ്പ്രദായിക സംഘടനാ ചട്ടക്കൂട്ടിനു പുറത്തു നിന്നുകൊണ്ട് ആസാദിന് പലതും ചെയ്യാന്‍ കഴിയുമായിരുന്നു. സ്വന്തം നിലക്ക് സമരങ്ങള്‍ സംഘടിപ്പിക്കാമായിരുന്നു.
സോഷ്യല്‍ മീഡിയയിലെ നുണപ്രചാരണങ്ങളെ പൊളിച്ചടുക്കാന്‍ ശ്രമിക്കാമായിരുന്നു. ഗാന്ധിജി കോണ്‍ഗ്രസ്സിനെ മാറ്റിയത് സ്വന്തമായ സമരരീതി സ്വയം നടപ്പിലാക്കിക്കൊണ്ടായിരുന്നു എന്നോർക്കണം. ഗാന്ധിജി തെളിച്ച വഴിയിലേക്ക് അദ്ദേഹത്തിനു പിന്നാലെ പോവുകയായിരുന്നു കോണ്‍ഗ്രസ്.
കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ബിജെപിക്ക് എതിരെ എന്തെങ്കിലും വിമര്‍ശനം നടത്തിയതായും അറിയില്ല. പക്ഷെ, പദ്മ പുരസ്കാരം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. കോൺഗ്രസ്സ് മുക്തഭാരതം മുഖ്യ അജണ്ടയുള്ള പാർട്ടി നൽകിയ പദ്മ പുരസ്കാരം തിരസ്കരിക്കണമെന്നു അദ്ദേഹത്തിന് തോന്നിയില്ല.
അതുമാത്രമല്ല, പരസ്യമാക്കിയ കത്തിൽ, രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും അതിനിശിതമായി വിമർശിക്കുന്ന ആസാദ്, ബിജെപിയെ ഒരു വാക്ക് കൊണ്ട് പോലും മുറിവേൽപ്പിക്കാതിരിക്കാൻ കാണിക്കുന്ന കരുതൽ കാണാതെ പോകരുത്.
ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിന്റെ പ്രശ്നങ്ങളോ ശക്തമായ പ്രതിപക്ഷം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയോ അല്ല അദ്ദേഹത്തെ അലട്ടുന്നത്. കോൺഗ്രസ്സിന് അധികാരം ഇല്ലാത്തതും, തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹത്തിന് പഴയ റോൾ ഇല്ലാത്തതുമാണ് എന്ന കാര്യം ഉറപ്പാണ്.
പക്ഷെ, ദീർഘകാലം തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു പ്രസ്ഥാനത്തിന് എന്തൊക്കെ കുറവുണ്ടായാലും, അവർ തിരികെ വരാൻ പരിശ്രമിക്കുന്ന അവസരത്തിൽ തന്നെ തക്കം നോക്കി പിന്നിൽ നിന്ന് ആഞ്ഞുകുത്തുന്നത് മാന്യതയല്ല എന്ന് പറഞ്ഞേ മതിയാകൂ.
അവസാനമായി കോൺഗ്രസ്സിനോട് ഒരു വാക്ക്: പാർട്ടി നേതാക്കൾ അടിയന്തിരമായി ചെയ്യേണ്ടത് ‘കേൾക്കൽ’ ആണ്- പ്രവർത്തകരെ, അനുഭാവികളെ, നേതാക്കളെ, മാധ്യമങ്ങളെ, പൊതുസമൂഹത്തെ, കർഷകരെ, തൊഴിലാളികളെ.. ഒക്കെ ക്ഷമയോടെ കേൾക്കാൻ ശ്രമിക്കൂ. ഒന്നും അങ്ങോട്ട് പറയാതെ നിശബ്ദമായി കേൾക്കൂ.
നിങ്ങൾക്ക് തിരികെ വരാൻ കഴിയും. ആശംസകൾ
സുധാ മേനോൻ
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS