
സ്വദേശാഭിമാനി തിരിച്ചു വരുമ്പോൾ
IMK അഹമ്മദ്
സ്വദേശാഭിമാനി തിരിച്ചു വരുമ്പോൾ
ഇരുട്ടു കൊണ്ട് ഓട്ടകൾ അടയ്ക്കുക എന്നൊരു പ്രയോഗമുണ്ട്. ഇരുട്ടിന് വലിയ പുതപ്പുകൾ സൃഷ്‌ടിക്കുവാൻ സാധിച്ചാലും അതിനെ തകർത്തെറിയാൻ നുറുങ്ങു വെട്ടത്തിന്റെ തെളിച്ചം മതി…വെളിച്ചമാവുകയാണ് മലയാളം…
മഹിമക്കു വാഴുവാനുള്ള വീടേ….മലയാളനാടേ..ജയിക്ക മേന്മേൽ..
ചങ്ങമ്പുഴയുടെ വരികളാണ്…..മലയാളം ജയിച്ചു കൊണ്ടിരിക്കുകയാണ്.
ഫാസിസം എന്ന ഗോലിയാത്തിന്റെ മുമ്പിൽ രാജ്യത്തെ ഭൂരിപക്ഷം വരുന്ന മാധ്യമങ്ങളും മുട്ടിലിഴയുമ്പോൾ ബ്രെയ്ക്ക് ന്യൂസുകളും റിപ്പോർട്ടുകളും ന്യൂസ് ഹവർ ചർച്ചകളുമെല്ലാം ദാവീദിന്റെ തെറ്റാലിയാക്കി മാറ്റുകയാണ് മലയാളത്തിന്റെ സ്വന്തം ന്യൂസ് ചാനലുകൾ. അവരെ കനകസിംഹാസനത്തിലിരിക്കുന്നവർ എത്രത്തോളം ഭയക്കുന്നു എന്നതിന്റെ തെളിവ് നാം മുൻപ് മാഗളൂരിൽ ഇപ്പോൾ ദൽഹിയിലും കണ്ടതാണ്. വിലക്കുകളുടെ വിഡ്ഢിത്തം കൊണ്ട് ഭയപ്പെടുത്താനാണ് ഭാവമെങ്കിൽ ഇവർക്ക് തെറ്റിപ്പോയിരിക്കുന്നു. മലയാളിയുടെ മാധ്യമപ്രവർത്തനത്തിന്റെ അടിസ്‌ഥാനശിലയിൽ കൊത്തി വെച്ച വാചകങ്ങൾ ഇവർ വായിക്കട്ടെ…
ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ
ഇത് മലയാളിയുടെ സ്വദേശാഭിമാനത്തിന്റെ വാക്കുകളാണ് .നിരോധനം കൊണ്ട് തോൽപ്പിക്കാമെങ്കിൽ ഇന്ന് മലയാളിയുടെ പത്രപ്രവർത്തനത്തിന്റെ ചരിത്രത്തിൽ പ്രഥമ താളുകളിൽ വക്കം മൗലവിയുടെയും സ്വദേശാഭിമാനിരാമകൃഷ്ണപ്പിള്ളയുടെയും പേരുകൾ ഉണ്ടാകുമായിരുന്നില്ല.ഫാസിസ്റ്റുകൾ ഓർക്കേണ്ടത് ഇത്രമാത്രം…#ഭയം സൃഷ്‌ടിക്കുക എന്നത് നിങ്ങളുടെ സ്വഭാവമാണ്#ഭയത്തെ #അതിജയിക്കുക എന്നത് ഞങ്ങളുടെ പാരമ്പര്യവുംഈ കഴിഞ്ഞ വിലക്കിന്റെ മണിക്കൂറുകൾ ഉണ്ടാകും ചരിത്രത്തിൽ നിങ്ങളുടെ ഭയത്തിന്റെ പ്രതീകമായി…..
അതെ സ്വദേശാഭിമാനികൾ തിരിച്ചുവരുകയാണ്…