മജ്റൂഹ് സുൽത്താൻപുരി; കവിത കൊണ്ട് വഴി വെട്ടിയ ഒറ്റയാൻ

മെ അകേലാ ഹി ചലാ ഥാ ജാനിബെ മന്‍സില്‍ മഗര്‍
ലോഗ് സാഥ് ആതെ ഗയെ ഓര്‍ കാര്‍വാന്‍ ബന്‍താ ഗയാ
ഞാന്‍ ഒറ്റയ്ക്കായിരുന്നു ലക്ഷ്യത്തിലേക്ക് നടന്നിരുന്നത്;
ജനങ്ങള്‍ പക്ഷെ കൂടെ വന്ന് ഒരു യാത്രാസംഘം തന്നെയുണ്ടാക്കി
കവിത കൊണ്ട് വഴി തെളിച്ച അസാമാന്യ പ്രതിഭയാണ് മജ്‌റൂഹ് സുല്‍ത്താന്‍ പുരി. മുറിവേറ്റവരുടെ പ്രതിനിധിയായാണ് അദ്ദേഹം സ്വയം വിലയിരുത്തിയിരുന്നത്. ക്ലാസികല്‍ ഗസലുകളില്‍ സ്വന്തമായ സ്ഥാനം കണ്ടെത്താന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു.
1915, 1918, 1919 എന്നീ മൂന്ന് വര്‍ഷങ്ങള്‍ മജ്‌റൂഹ് സുല്‍ത്താന്‍പുരിയുടെ ജന്മത്തോടനുബന്ധിച്ച് പറയാറുണ്ട്.
എന്നിരുന്നാലും ഒക്ടോബര്‍ 1 ആണ് തിയ്യതി എന്നതില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണ്. അസ്‌റാറുല്‍ ഹസന്‍ ഖാന്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ഇംഗ്ലീഷ് വിദ്യാഭ്യാസം തന്റെ മകനു നല്കുന്നതില്‍ താല്പര്യമില്ലാതിരുന്ന പൊലീസുകാരനായ പിതാവ് അദ്ദേഹത്തെ മദ്രസയിലൂടെയുള്ള പാരമ്പര്യ വിദ്യാഭ്യാസത്തിനയക്കുകയായിരുന്നു. ദര്‍സെ നിസാമി എന്ന ആ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം അറബ് പേര്‍ഷ്യന്‍ ഭാഷകളില്‍ മത പഠനം നടത്തുകയും ചെയ്തു.
പിന്നീട് ലഖ്‌നൗവിലെ തക്മീലുത്തിബ്ബ് കോളേജില്‍ യുനാനി പഠനം പൂര്‍ത്തിയാക്കുകയായിരുന്നു. യുനാനി വൈദ്യനായിരിക്കുമ്പോഴും അദ്ദേഹത്തിനുള്ളിലെ കവി മുഷായറകള്‍ തേടി അലയുമായിരുന്നു. അങ്ങനെയൊരിക്കല്‍ ഒരു മുഷായറയില്‍ മജ്‌റൂഹ് സുല്‍ത്താന്‍ പുരി തന്റെ ഗസല്‍ അവതരിപ്പിക്കുകയുണ്ടായി.
ആസ്വാദകര്‍ ആ ഗസലിനെ നെഞ്ചോടു ചേര്‍ത്തു. തന്റെ വഴി ഗസലുകളാണെന്നു മനസിലാക്കിയ മജ്‌റൂഹ് സുല്‍ത്താന്‍ പുരി പിന്നിട് വൈദ്യപ്പണി അവസാനിപ്പിക്കുകയും രചനാലോകത്ത് സജീവമാകുകയുമായിരുന്നു. അധികം വൈകാതെ തന്നെ മുഷായറകളിലെ സ്ഥിര സാന്നിധ്യമായി അദ്ദേഹം മാറി.
രചനയുടെ ആദ്യ കാലത്ത് നാസിഹ് എന്ന തകഹല്ലുസ് സ്വീകരിച്ചിരുന്ന അദ്ദേഹം പിന്നീട് മജ്‌റൂഹ് (മുറിവേറ്റവന്‍) എന്നത് അദ്ദേഹം തഖല്ലുസായി സ്വീകരിക്കുകയായിരുന്നു.
മജ്‌റൂഹിന്റെ പ്രതിഭ ദര്‍ശിച്ച ജിഗര്‍ മൊറാദാബാദി അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ടവരിലൊരാളായി മജ്‌റൂഹിനെ കൂടെക്കൂട്ടിയിരുന്നു.
ജിഗര ഒരിക്കലും മജ്‌റുഹിന്റെ രചനാ വഴികളില്‍ ഉപദേശം നിറച്ചിട്ടില്ലെങ്കിലും മജ്‌റൂഹിന്റെ കാവ്യഗുണവിശേഷത്തെ മിനുക്കിയെടുക്കുന്നതില്‍ ജിഗറിന്റെ പങ്ക് ചെറുതല്ല. മുഷായറകളിലെ കിരീടം വെക്കാത്ത രാജാവായിരുന്ന ജിഗറാണ് മുംബൈയിലെ മുഷായറകള്‍ക്ക് മജ്‌റൂഹിനെ പരിചയപ്പെടുത്തുന്നത്. മുംബൈയിലെ മുഷായറകളില്‍ മജ്‌റൂഹ് ഹിറ്റായി മാറി.
അക്കാലത്താണ് ഷാജഹാന്‍ എന്ന സിനിമക്കു വേണ്ടി ജിഗറിനോട് ഒരു ഗാനമെഴുതാന്‍ എ ആര്‍ കര്‍ദര്‍ ആവശ്യപ്പെടുന്നത്. ആ ആവശ്യം സ്‌നേഹപുര്‍വം നിരസിച്ച ജിഗര്‍ മജ്‌റൂഹിന്റെ പേരു നിര്‍ദേശിക്കുകയായിരുന്നു. ജബ് ദില്‍ ഹി ടൂട് ഗയാ, ഗം ദിയെ മുഷ്തകില്‍ തുടങ്ങി ഒരുപിടി നല്ല ഹിറ്റ് ഗാനങ്ങളുമായി മജ്‌റൂഹ് സുല്‍ത്താന്‍പുരി ബോളിവുഡ് ഗാനരചനയിലേക്ക് കാലെടുത്തു വെക്കുന്നത് അങ്ങനെയാണ്. അനീതിക്കെതിരെ അനേക തവണ തൂലിക ചലിപ്പിച്ചിട്ടുണ്ട് മജ്‌റൂഹ്.
സുതൂനെ ദാര്‍ പര്‍ രഖ്‌തെ ചലോ സരോ കെ ചിരാഗ്
ജഹാ തലക് യെ സിതം കി സിയാഹ് രാത് ചലെ
അതിക്രമത്തിൻ്റെ ഇരുണ്ട രാവുകൾ തുടരുവോളം
നിൻ്റെ ശിരസുകളിലെ ദീപം കഴുമരത്തിൻ്റെ തൂണുകളിൽ വെച്ചു പോകൂ
മില്ലു തൊഴിലാളികളുടെ സംഗമത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ച് കവിത ചൊല്ലിയതിന്റെ പേരില്‍ രണ്ടു വര്‍ഷത്തോളം മജ്‌റൂഹ് ജയിലില്‍ കിടന്നിട്ടുണ്ട്. വിപ്ലവ ചിന്തകള്‍ തന്റെ രചനകളിലൂടെ അദ്ദേഹം പകര്‍ന്നു നല്കിയിട്ടുണ്ട്. കവിത ചൊല്ലിയതിനു ജയിലിലടക്കപ്പെട്ട ശേഷം അദ്ദേഹത്തോട് മാപ്പപേക്ഷിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അദ്ദേഹം തന്റെ വീക്ഷണത്തില്‍ ഉറച്ചു നില്ക്കുകയും മാപ്പപേക്ഷിക്കില്ലെന്ന് അറിയിക്കുകയുമായിരുന്നു. തടവറയിലിരുന്നും സാമൂഹിക പ്രതിബദ്ധതയുള്ള കവിതകളും ഗാനങ്ങളും അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. ഒടുവില്‍ രാഷ്ട്രീയ പ്രേരണകളാല്‍ മജ്‌റൂഹിനെ മോചിപ്പിക്കുകയാണുണ്ടായത്.
ദാദാസാഹിബ് ഫാല്‌ക്കെ പുരസ്‌കാരം പോലുള്ള പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. അവസാന കാലത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം ന്യൂമോണിയ ബാധിച്ച് 2000 മെയ് 24 നാണ് അന്തരിക്കുന്നത്.