KeralaPolitical

കേരളാ കോൺഗ്രസ്; കേരള രാഷ്ട്രീയത്തിലെ ഫാമിലി ബിസിനസ് ലോബി

പ്രതികരണം/ സുധാ മേനോൻ

സമ്മർദ്ധതന്ത്രം സമർത്ഥമായി പയറ്റി സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഫാമിലി ബിസിനസ് ലോബികളായി മാത്രമേ കേരളാ കോൺഗ്രസുകളെ രാഷ്ട്രീയമായി അടയാളപെടുത്താൻ കഴിയൂ.

അത് ജോസഫ് ആയാലും ജോസ് മാണി ആയാലും, പിള്ള ആയാലും വേറെ ആരായാലും. അവര്‍ എല്ലായ്പ്പോഴും പ്രതിനിധാനം ചെയ്തിരുന്നത് വരേണ്യ-ക്രിസ്ത്യന്‍-മുതലാളി- ആശ്രിത രാഷ്ട്രീയമായിരുന്നു.

ഭരണസ്വാധീനം, സഭയുടെ താല്പര്യം, കൃത്യമായ ചേരുവകളാല്‍ നിര്‍മിക്കപ്പെട്ട ഐഡന്റിറ്റി പൊളിറ്റിക്സ് തുടങ്ങിയ നിരവധി ഘടകങ്ങള്‍ നിര്മ്മിച്ചെടുത്ത വിഗ്രഹങ്ങൾ ആണ് ഇവരുടെ ഓരോ നേതാക്കന്മാരും.

കേരളാ കോണ്‍ഗ്രസിന്റെ എല്ലാ ഗ്രൂപ്പുകള്‍ക്കും ഇരുമുന്നണികളിലും ഉള്ള അനിഷേധ്യമായ സ്വാധീനവും ഇവരുടെ വിഗ്രഹവൽക്കരണത്തിന് കാരണമായി.

മാണിയും, ജോസഫും, പിള്ളയും ഒക്കെ അവരുടെ ഈര്‍ക്കില്‍ പാര്‍ട്ടികളുടെ പിന്‍ബലത്തില്‍ കേരള രാഷ്ട്രീയത്തില്‍‍ ഉണ്ടാക്കിയെടുത്ത ‘തനതായ സ്പേസ്’ അവർക്കു ലഭിച്ചത് മുന്നണി രാഷ്ട്രീയത്തിലൂടെയും വിലപേശലിലൂടെയും മാത്രമാണ്‌.

ഇത് സി പി എമ്മിനും കോണ്‍ഗ്രസ്സിനും ഒരു പോലെ അറിയാമെങ്കിലും കുറ്റകരമായ അനാസ്ഥയാണ് ഈ രണ്ട്‌ പാര്‍ട്ടികളും കാണിക്കുന്നത്.

കേരളാ കോൺഗ്രസ്സുകളുടെ ‘പട്ടേലര്‍-തൊമ്മി’ മോഡല്‍ രാഷ്ട്രീയത്തിൽ നിന്ന് കേരളത്തിന് ഒരു കാലത്തും മോചനമില്ലെന്ന സൂചന തന്നെയാണ് നിർഭാഗ്യവശാൽ ഇപ്പൊഴും രണ്ടു മുന്നണികളും തരുന്നത്.

LDF, 13 സീറ്റ് ആണ് ജോസ് മാണിയുടെ പാർട്ടിക്ക് കൊടുക്കുന്നത്. അതും ദീർഘകാലമായി LDF ന്റെ അവിഭാജ്യഘടകമായ കറകളഞ്ഞ ഇടതു പാർട്ടിയായ സിപിഐയെ പോലും വേദനിപ്പിച്ചു കൊണ്ട് ആണ് ഈ പ്രീണനം എന്നോർക്കണം.

പെരുമ്പാവൂരൂം പിറവവും കുറ്റ്യാടിയും, ചങ്ങനാശേരിയും ഒക്കെ ജോസ് മാണിക്ക് താലത്തിൽ വെച്ച് ആണ് കൊടുക്കുന്നത്. യുഡിഎഫിൽ ആണെങ്കിൽ ലതികാ സുഭാഷ് പോലെ ഏറ്റവും അർഹയായ, മുതിർന്ന വനിതാനേതാവിന് ഏറ്റുമാനൂർ സീറ്റ് നിഷേധിച്ചിട്ട് ആണ് ജോസഫിന്റെ സമ്മർദ്ദത്തിന് വഴങ്ങുന്നത്.

എന്തൊരു അനീതിയാണത്! ജോസഫിന്റെ പാർട്ടി തദ്ദേശസ്വയം ഭരണതിരഞ്ഞെടുപ്പിൽ ഒക്കെ എന്ത് ഗുണമാണ് ഉണ്ടാക്കിയത് എന്നറിയില്ല. എന്നിട്ട് പന്ത്രണ്ട് സീറ്റിനു വരെ സമ്മർദ്ദം ചെലുത്തുന്നു.

പക്ഷെ ഒരു കാര്യം ഉറപ്പാണ്. മിനിമം രാഷ്ട്രീയ ധാർമികത ഇല്ലാത്ത കൂട്ടരാണ് കേരളാ കോൺഗ്രസ്സ്. അധികാരത്തിന് വേണ്ടി ഏതു മുന്നണിയിലും ചേരും.

ചെറിയ ഭൂരിപക്ഷത്തിനു ആണ് ഏതെങ്കിലും മുന്നണി ജയിക്കുന്നതെങ്കിൽ രണ്ടു കൂട്ടരോടും വില പേശാനും യാതൊരു മനസാക്ഷികുത്തും ഇല്ലാതെ കൂറ് മാറാനും, വീണ്ടും ലയിക്കാനും, ബിജെപി നേട്ടമുണ്ടാക്കിയാൽ അങ്ങോട്ട് പോകാനും ഒക്കെ ഇവർക്ക് എളുപ്പത്തിൽ കഴിയും.

അതുകൊണ്ട്, സ്വന്തം പാർട്ടിയിലെ സാധാരണപ്രവർത്തകരുടെ മനസ്സ് വേദനിപ്പിച്ചുകൊണ്ട് മുന്നണി മര്യാദയെന്ന ഓമനപ്പേരിൽ ഈ ‘പട്ടേലർ- തൊമ്മി’ പാർട്ടികൾക്ക് ഇരു മുന്നണികളും സീറ്റുകൾ തളികയിൽ വെച്ച് കൊടുക്കുക്കുമ്പോൾ ‘ഡെമോക്ലസിന്റെ വാൾ’ ആണ് മുകളിൽ എന്ന് ഇടയ്ക്കു ഓർത്താൽ നല്ലത്.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x