
പി.എസ്.ജിക്ക് കണ്ണീരോടെ മടക്കം; ബയേണിന് ആറാം ചാമ്പ്യന്‍സ് ലീഗ് കിരീടം
ലിസ്ബൺ: ബയേൺ യൂറോപ്യൻ ചാമ്പ്യന്മാർ. ഒരു ഗോളിന് പി.എസ്.ജിയെ കീഴടക്കി ജർമൻ സംഘം തങ്ങളുടെ ആറാം കിരീടം സ്വന്തമാക്കി. ലോക ഫുട്ബോളിലെ വമ്പൻ മുൻനിരക്കാർ ഇരു ഭാഗത്തും അണിനിരന്നിട്ടും ആദ്യ 45 മിനുട്ടിൽ ഗോളുകൾ പിറന്നില്ല. അവസരങ്ങൾ രണ്ട് ടീമിനുമുണ്ടായിരുന്നു. പക്ഷേ ഗോൾകീപ്പർമാർ കരുത്തരായി. പരുക്കിൽ നിന്നും മോചിതനായി കൈലർ നവാസ് ആദ്യ ഇലവനിൽ സ്ഥാനം നേടിയത് പാരീസ് സംഘത്തിന് അനുഗ്രഹമായി. രണ്ട് തകർപ്പൻ സേവുകൾ അദ്ദേഹം നടത്തി.
മറുഭാഗത്ത് നെയ്മറിന് ലഭിച്ച അവസരം ന്യൂയർ നിഷേധിച്ചു. ഫൈനലിന്റെ സമർദ്ദം രണ്ട് ടീമുകളെയും കാര്യമായി ബാധിച്ചു. പന്തിന്റെ നിയന്ത്രണത്തിലും കുടുതൽ മിസ് പാസുകൾ ജർമൻ സംഘത്തിന്റെ ഭാഗത്തായിരുന്നു. റോബർട്ടോ ലെവൻഡോസ്ക്കിക്ക് ശക്തമായ മാർക്കിംഗിലായപ്പോൾ ആ അവസരങ്ങളെ പ്രയോജനപ്പെടുത്താൻ തോമസ് മുള്ളർ, നാബ്രി എന്നിവർക്കായില്ല. കോമാനായിരുന്നു വിംഗിലുടെ പറന്ന് കളിച്ചത്.
ഒന്നാം പകുതിയുടെ അവസാനത്തിൽ കോമാനെ പി.എസ്.ജി ഡിഫൻസ് പെനാൽട്ടി ബോക്സിൽ വീഴ്ത്തിയിരുന്നു. പക്ഷേ ഇറ്റാലിയൻ റഫറി വഴങ്ങിയില്ല. ഒരു മഞ്ഞക്കാർഡ് മാത്രമായിരുന്നു റഫറി പുറത്തെടുത്തത്. ബയേണിന്റെ ഡേവിസിനെതിരെ. രണ്ടാം പകുതി തുടങ്ങിയതും കയ്യാങ്കളിയായി. നെയ്മർ രണ്ട് തവണ ഫൗൾ ചെയ്യപ്പെട്ടു. നാബ്രീയും പെറാഡസും കാർഡ് വാങ്ങി. ഡി മരിയയെ പിറകിൽ നിന്ന് വീഴ്ത്തിയതിന് ഷുൾസ്യം ബുക്ക് ചെയ്യപ്പെട്ടു.
എന്നാൽ 59 -മത് മിനുട്ടിൽ കോമാനിലുടെ ബയേൺ ലീഡ് നേടി. പെനാൽട്ടി ബോക്സിൽ നിന്നും കിമിച്ച് നൽകിയ ക്രോസ് സുന്ദരമായിരുന്നു. കോമാന്റെ തലക്ക് കൃതൃമായി വന്ന പന്ത് കൈലർ നവാസിന് കിട്ടുമായിരുന്നില്ല. കോമാൻ കളം നിറഞ്ഞ സമയങ്ങളായിരുന്നു പിന്നെ. പന്ത് പാരിസ് ബോക്സിൽ തന്നെ. പിറകെ ബയേൺ കോച്ച് കോമാനെ പിൻവലിച്ചു. പെറിസിച്ചാണ് പകരം വന്നത്. നാബ്രിക്ക് പകരം കുട്ടിനോയും ഇറങ്ങി.
മൽസരം അവസാനിക്കാൻ പത്ത് മിനുട്ട് ബാക്കിനിൽക്കെ ഡി മരിയയെ പി.എസ്.ജി പിൻവലിച്ചു. നെയ്മർ കാർഡും വാങ്ങി. തൊട്ടതെല്ലാം പിന്നെ പി.എസ്.ജിക്ക് പിഴകുകയായിരുന്നു. 11 തവണ ഫൈനലിൽ എത്തിയ ബയേണിന്റെ ആറാമത്തെ കിരീടമാണ്. പി.എസ്.ജിയുടെ ആദ്യ ഫൈനലായിരുന്നു ഇത്.