Kerala

കെ.എൽ.എഫ് എന്നത് കിഴക്കേമുറി ലിറ്ററേച്ചർ ഫെസ്റ്റിവലാണ്, കേരളയല്ല!

കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് ഒരു സ്വകാര്യ പ്രസാധനാലയം കോഴിക്കോട്ട് നടത്തുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നിർവാഹകത്വം വഹിക്കുന്നതിലെ ശരി തെറ്റുകൾ സച്ചിദാ സ്വയം തീരുമാനിക്കട്ടെ..!

വിഷയം മറ്റൊന്നാണ്…

ഡീസീ ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്നു വിളിക്കേണ്ടതിനെ എടുത്ത് കേരളത്തിന്റെ പേരിൽ ബ്രാൻഡ് ചെയ്യുന്നത് നെറികേടാണ്. ചുരുക്കിപ്പറഞ്ഞാൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെറുതും വലുതുമായ അനേകം പ്രസാധകരെ പടിക്കു പുറത്തുനിർത്തി നടത്തേണ്ടതാണോ നമ്മുടെ നഗരത്തിലൊരു കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ.

വേറൊരു പ്രസാധകനും ഇടമില്ലാത്ത ഇതെങ്ങനെയാണ് കേരളത്തിന്റെ പേരിലാവുന്നത്. ഡീസി ബുക്സ് വകയാണോ കേരളം..!

അഞ്ചുകൊല്ലമായ ഈ കൊടിയ അനീതിക്കെതിരെ നിലപാട് പറയാനുള്ള ആർജ്ജവം എഴുത്തുകാരും വായനക്കാരും കാണിക്കുന്നില്ല എന്നതും ലജ്ജാകരമാണ്.

ഡീസീ ബുക്സിനു കെ.എൽ.എഫ് എന്നു തന്നെ പേരിൽ വേണമെങ്കിൽ കിഴക്കേമുറി ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്നാക്കട്ടെ. ഒന്നുകിൽ, കേരള ലിറ്ററേച്ചർ ഫെസ്റ്റിവലെന്ന ഈ നാമകരണം അശ്ലീലമാണ്, അല്ലെങ്കിലീ മാറ്റിനിർത്തൽ അനീതിയാണ്.

ഇത് കോഴിക്കോടിന്റെ ചരിത്രത്തിന് നിരക്കാത്തതും വർത്തമാനത്തിന് അപമാനവുമാണ്.

ഉൾക്കൊള്ളലിനെ (Inclusion) കുറിച്ച് പേനയുന്തിയും ഗിരിപ്രഭാഷണം നടത്തിയും കഴിഞ്ഞുകൂടുന്നവർ കൂട്ടത്തോടെ പുറം തള്ളലിന്റെ (Exclusion) ഈ മഹാമഹത്തിൽ പുളയുന്ന കാഴചകൾ കാണുമ്പോൾ തൊലിപ്പുറത്തവസാനിക്കുന്ന രാഷ്ട്രീയ ശരികളിൽ തീരുന്ന സാംസ്കാരികാവബോധത്തെയേ പ്രീതികൂടങ്ങൾ കടാക്ഷിക്കൂ എന്നു തിരിച്ചറിയുന്നു, ഖേദിക്കുന്നു.

പ്രസാധനം ഒരു കലയാണെന്നു കാട്ടിത്തന്ന ഷെൽവി ആത്മാഹുതിയിലേക്ക് നടന്നത് ആ മിഠായിത്തെരു വക്കിലൂടെയായിരുന്നു എന്നോർക്കുന്നു, കോഴിക്കോട് തമ്പടിച്ചതിന്റെ വീരസ്യം വിളമ്പുന്ന എന്റെ കുറേയേറെ സുഹൃത്തുക്കളെത്തന്നെ വിചാരിച്ചു ഖേദിക്കുന്നു.

കവിസുഹൃത്തുക്കളേ,

കലാകൃത്തുക്കളേ,

സാംസ്കാരിക സാധുക്കളേ,

ബ്രഹ്ത്ത് മൂത്താപ്പ ഉപദേശിച്ച പ്രകാരം അനീതി നടമാടുന്ന നഗരത്തിൽ നിങ്ങളിക്കാലം തീയ്യിടുകയൊന്നും വേണ്ട, അനീതി കാണുമ്പോൾ ചെറുക്കുക, അതിനാവാത്തവർ വാക്കാലെങ്കിലും ചെറുക്കുക, അതിനുള്ള ചങ്കൂറ്റവുമില്ലെങ്കിൽ മനസ്സ് കൊണ്ട് വെറുക്കുക.

ഏറ്റവും ദുർബലമായ പ്രതിരോധത്തിന്റെ ആ വിധം കൊണ്ടെങ്കിലും നിങ്ങൾ നിങ്ങളുടെ നീതിബോധത്തെ വല്ലപ്പോഴും അടയാളപ്പെടുത്തുക. I challenge you guys..

ഉമ്പാച്ചി

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x