Opinion

ഇനിയൊരു പെണ്ണിന്റെ സ്വപ്നവും സ്ത്രീധനത്തിന്റെ പേരിൽ അവസാനിക്കരുത്

പ്രതികരണം / പ്രവീൺ പ്രഭാകർ

ഞാൻ ആ കുട്ടിയുടെ ഫേസ് ബുക്ക്‌ പ്രൊഫൈലിൽ വെറുതെ കയറിനോക്കി… സാധാരണ മരിച്ചുപോയവരുടെ അനാഥമായി പോയ പ്രൊഫൈലുകലുകളിലേക്ക് എത്തി നോക്കുന്ന ശീലമില്ല… പല കാലങ്ങളിൽ ആ കുട്ടി നമ്മളോട് പങ്ക് വെച്ച ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ഞാൻ കണ്ടത് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്ന, നമ്മളിൽ ഒരാളായി ഈ ഭൂമിയിൽ ചിരിച്ചുകൊണ്ടും സന്തോഷിച്ചുകൊണ്ടും ജീവിക്കേണ്ടിയിരുന്ന ഒരു പെൺകുട്ടി തന്നെയായിരുന്നു അവളും…BAMS ഡിഗ്രി നേടിയതിനു ശേഷം ഒരു മികച്ച ഡോക്ടർ ആവണമെന്ന് അവൾ ആഗ്രഹിച്ചിട്ടുണ്ടാവും… കടൽ തീരത്തു നിന്ന് കൊണ്ട് സന്തോഷത്താൽ ഉയർന്നു ചാടുന്ന ഒരു ഫോട്ടോയിൽ അവളെ ഒരു നർത്തകിയെ പോലെ തോന്നിച്ചു.

ചിരിക്കാൻ മടിക്കുന്ന ലോകത്തിന് മുന്നിൽ പങ്ക് വെച്ച ഫോട്ടോകളിൽ എല്ലാം നിഷ്കളങ്കമായ ചിരി സമ്മാനിച്ച പെൺകുട്ടിയായിരുന്നു അവൾ…കല്യാണത്തിനപ്പുറം നേരിടേണ്ടി വന്ന സകല ദുരിതങ്ങൾക്ക് നടുവിൽ നിന്ന് പോലും ഏറ്റവും ഒടുവിൽ അവൾ ഷെയർ ചെയ്ത ഒരു പ്രണയഗാനം ടാഗ് ചെയ്‍തത് അവളെ അത്രമേൽ വേദനിപ്പിച്ച ഭർത്താവിന് തന്നെയായിരുന്നു… സകല പീഡനങ്ങൾക്ക് നടുവിൽ പോലും തന്റെ പങ്കാളിയെ ഉള്ളു തുറന്ന് സ്നേഹിക്കാൻ മനസ് കൊണ്ട് എങ്കിലും ശ്രമിച്ച ആ പെൺകുട്ടിയെ തിരികെ അതേ അളവിൽ സ്നേഹിച്ചിരുന്നെങ്കിൽ ജീവിതം എത്രത്തോളം സുന്ദരമായി മാറിയേനെ എന്ന് ഞാൻ വെറുതെ ആലോചിച്ചു പോയി… ഒരുപാട് ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും ബാക്കി വെച്ചാണ് ആ കുട്ടി നമ്മളിൽ നിന്ന് മടങ്ങിപോയത്… ജീവിക്കാനുള്ള സകല പ്രതീക്ഷകളും അവസാനിച്ചിട്ട് ഒരാൾ മരിക്കാൻ തീരുമാനിചെങ്കിൽ അത് മരിച്ചവരുടെ തെറ്റല്ല, മറിച്ച് അവർക്ക് ചുറ്റും ജീവിച്ചിരിക്കുന്നവരുടെ മാത്രം തെറ്റാണ്.

ഏതാണ്ട് ഒരു വർഷം മുന്നേ ഉത്തര എന്ന പെൺകുട്ടി സമാന സാഹചര്യത്തിൽ മരണപെട്ടപ്പോൾ മകളെ കെട്ടിച്ചു വിടുന്നതിനൊപ്പം കീരിയെ കൂടി വാങ്ങി കൂട്ടത്തിൽ വിടണം എന്ന് ട്രോൾ ഇറക്കി ചിരിച്ചവരാണ് നമ്മൾ… ട്രോളുണ്ടാക്കി, ചിരിച്ചു, കഴിഞ്ഞു എന്നതല്ലാതെ അത്തരം ഒരു സംഭവത്തിൽ നിന്ന് മലയാളി എന്താണ് പഠിച്ചത് എന്നതാണ് ചോദ്യം… ഒരുവർഷത്തിനിപ്പുറം ഉത്തര എന്ന പേര് മാറി വിസ്മയ എന്ന പേരായത് മാത്രമാണ് മാറ്റം…പെൺകുട്ടികൾ എന്നാൽ കെട്ടിച്ചു വിടാൻ വേണ്ടി മാത്രം വളർത്തുന്ന, പെൺകുട്ടിയുടെ കല്യാണം എന്നാൽ മാതാപിതാക്കളുടെ സാമ്പത്തിക നില ഓഡിറ്റ് ചെയ്യപ്പെടുന്ന പൊതുബോധത്തിൽ നിന്ന് നമ്മൾ ഇനി എത്രകാലങ്ങൾപ്പുറമാണ് പുറത്തിറങ്ങുക…ആ പെൺകുട്ടി ആത്മഹത്യാ ചെയ്തതല്ല… അവളൊരു ദുരഭിമാന കൊലയുടെ ഇരയായി മാറിയതാണ് എന്ന് വിശ്വസിക്കാനാണ് തോന്നുന്നത്… ഭർത്താവിന്റെ വീട് വിട്ട്, അതിനി എന്ത് കാരണങ്ങൾ കൊണ്ടായാലും സ്വന്തം വീട്ടിലേക്ക് വരുന്ന പെൺകുട്ടികളെ ‘നാട്ടുകാര് എന്ത് പറയും’ എന്ന് കരുതി വീണ്ടും ദുരിതകയത്തിലേക്ക് തള്ളി വിടുന്ന, വഴക്ക് പറയുന്നതും തല്ലുന്നതും എല്ലാം സ്വന്തം ഭർത്താവല്ലേ, അത് സഹിക്കണം അതാണ് പെണ്ണിന്റെ ജീവിതം എന്ന തെറ്റ് പഠിക്കുന്ന സ്വന്തം മാതാപിതാക്കളുടെ ദുരഭിമാനത്തിന്റെ ഇരയാണ് ഇങ്ങനെ മരണപ്പെടുന്ന ഓരോ പെൺകുട്ടികളും… അവിടെയും ഇവിടെയും സ്വീകാര്യയല്ല എന്ന് തോന്നുമ്പോളാവണം അങ്ങനെയൊരാൾ മരണം തിരഞ്ഞെടുക്കുന്നത്.

മരിച്ചു പോയ പെൺകുട്ടിയോട് ‘ഇറങ്ങി വന്നൂടെ’, ‘തിരികെ പൊക്കൂടെ’ എന്നൊക്കെ ആവേശപൂർവ്വം പറയാൻ കഴിയുന്ന സ്ത്രീകൾ രണ്ട് തരത്തിലുള്ളവരാകാം…ഒന്നാമത് സ്വന്തമായി ജോലിയുള്ള സ്വന്തം കാലിൽ നിൽക്കാൻ ശേഷിയുള്ള തന്റേതായ സ്പേസ് ഉള്ളവർ… അല്ലെങ്കിൽ അതിനൊത്ത പ്രിവിലേജ് ഉള്ള കുടുംബാന്തരീക്ഷം ഉള്ളവർ…എല്ലാ പെൺകുട്ടികളും ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നായികയെ പോലെ ധൈര്യം ഉള്ളവരാണെന്ന് വാശി പിടിക്കരുത്… പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾ ഉണ്ടാവില്ല…പക്ഷേ ആ പെൺകുട്ടി അങ്ങനെ വിവാഹിതയായവളാണ്…അവളുടെ സമ്മതം പോലും അവർ ചോദിച്ചിട്ടുണ്ടാവില്ല… കല്യാണത്തിനപ്പുറം നിറമുള്ള ജീവിതം ആഗ്രഹിച്ചിട്ട്‌ കിട്ടിയത് അത്രയും തിരിച്ചടികളായിരുന്നു… സ്വന്തം മകളെ അവളുടെ അവസ്ഥയെ മനസിലാക്കാതെ, കൊടുത്ത സ്വർണത്തിനും പണത്തിനും പകരമായി മകളുടെ ജീവനെടുത്താലും കുഴപ്പമില്ല എന്ന് കരുതുന്ന മാതാപിതാക്കളുടെ ഇമോഷണൽ ബ്ലാക്ക് മെയിലിംഗുകളുടെ നടുവിലേക്കാണോ അവൾ ഇറങ്ങി പോവേണ്ടത്… എല്ലാവരും ഇറങ്ങി വരാൻ പറയുന്നവരുടെ അത്ര പ്രിവിലേജും തിരിച്ചറിവും ഉള്ളവരാണെന്ന് ധരിക്കരുത്.

ഈ കാലത്തും സ്ത്രീകൾ എങ്ങനെ ജീവിക്കണമെന്നും അവർ വിവാഹത്തിന് മുമ്പ് എവിധം സെക്യൂർ ആവണമെന്നും അവരുടെ മാതാപിതാക്കൾ മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് പുലർത്തേണ്ട മിനിമം മര്യാദകകളെ പറ്റിയും ഇങ്ങനെ നിരന്തരം സംസാരിക്കേണ്ടി വരുന്നത് തന്നെ കഷ്ടമാണ്… എങ്കിലും പറയാനുള്ളത് അത്രയും പെൺകുട്ടികളുടെ മാതാപിതാക്കളോടാണ്… നിങ്ങളുടെ മകൾ നിങ്ങളുടെ സാമ്പത്തിക നിലയും അഭിമാനവും മാത്രം കാണിക്കാനുള്ള ഷോ കേസുകൾ അല്ല…സ്ത്രീധനം എന്ന ഉടമ്പടിയിൽ വില്പനക്ക് വെക്കേണ്ടവരല്ല… മനുഷ്യരാണ്… ആണുങ്ങളെ പോലെ തന്നെ… അവരുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അറിയാൻ ശ്രമിക്കാതെ നിങ്ങളുടെ ആഗ്രഹങ്ങൾ മാത്രം നിറവേറ്റാനുള്ള ടൂളുകളായി നിങ്ങൾ അവരെ കാണരുത്… അടക്കവും ഒതുക്കവും കുടുംബ മഹിമയും അഭിമാനവും എല്ലാം ചേർത്ത് വീർപ്പു മുട്ടിക്കുന്ന ഒരായിരം സ്ത്രീകളുണ്ട് നമുക്ക് ചുറ്റും… അവരെ ആരെയും മരിക്കാത്തത് കൊണ്ട് ഇത് പോലെ അറിയുന്നില്ല എന്ന് മാത്രം… ക്ഷമിക്കാൻ മാത്രമല്ല പ്രതികരിക്കാനും അവരെ പഠിപ്പിക്കുക… ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാൻ അനുവദിക്കുക… അവർ തയ്യാർ എന്ന് തോന്നുമ്പോൾ മാത്രം വിവാഹം നടത്തുക… പൊരുത്തപ്പെടാൻ പറ്റുന്നില്ല എന്ന് അവൾ തിരിച്ചറയുന്ന നിമിഷം പൊട്ടിച്ചെറിഞ്ഞു വരാൻ പറയുക… ചേർത്ത് പിടിക്കുക… അതിനപ്പുറം ഒന്നും അവർക്ക് വേണ്ടി നിങ്ങൾക്ക് ചെയ്യാൻ സാധിക്കില്ല… കുറഞ്ഞത് അത്രയെങ്കിലും ചെയ്യുക.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x