Kerala

സ്വർണ്ണം കൊല്ലുന്ന മനുഷ്യർ; കുടിപ്പക തുടരുന്നു

ഇതൊരു സാമൂഹിക പ്രശ്നമായിട്ടുണ്ട്.

ഒരു ഫ്‌ളൈറ്റ് ടിക്കറ്റ് , അല്ലെങ്കിൽ ഒരു ചെറിയ തുക ഇതൊക്കെ ഓഫർ ചെയ്താണ് വൻ സ്വർണ്ണക്കടത്ത് മാഫിയ പ്രവാസികളെ സ്വർണ്ണം കടത്താൻ പ്രേരിപ്പിക്കുന്നത്. മാഫിയകൾ തമ്മിലുള്ള കുടിപ്പകയും അസാധാരണമല്ല.

പ്രവാസികൾ മനസ്സിലാക്കേണ്ടത് ഒന്നാമത് ഇത് നിയമ വിരുദ്ധമാണ്. നിങ്ങൾക്ക് കിട്ടുന്ന എന്ത് ലാഭമാണെങ്കിലും അതിനേക്കാൾ വലിയ അപകടമാണ് സ്വർണ്ണക്കടത്ത് ഏജന്റുമാർ ആവുന്നതിലൂടെ സംഭവിക്കുന്നത്.

കള്ളക്കടത്ത് മാഫിയകൾ തമ്മിലുള്ള കുടിപ്പക കാരണമാണ് എയർപോർട്ടിൽ നിങ്ങളെ അവർ ഒറ്റുന്നത്‌. അങ്ങനെ കുടുങ്ങിയാൽ ബഹു വർണ്ണത്തിൽ നിങ്ങളുടെ ഫോട്ടോ മാധ്യമങ്ങളിൽ വരുന്നു. ഒന്നോ രണ്ടോ വർഷത്തിന് ശേഷം ഏറെ ആഗ്രഹിച്ച് നാട്ടിൽ വരുന്ന നിങ്ങൾ ഒരു ക്രിമിനലിനെ പോലെ തല കുനിച്ച് നിൽക്കുമ്പോൾ നിങ്ങളെ കരുവാക്കി സ്വർണ്ണം കടത്തിയവർ ചിത്രത്തിൽ പോലും ഉണ്ടാവില്ല. നഷ്ടം നിങ്ങൾക്കും, ലാഭം മാത്രം അവർക്കും.

നിങ്ങൾ കടത്തുന്ന സ്വർണ്ണത്തിൻറെ ഉത്തരവാദി നിങ്ങൾ മാത്രമാണ്. അത് ഒറ്റി കൊടുക്കാനും തട്ടിയെടുക്കാനും ചാരക്കണ്ണുകൾ നിങ്ങളുടെ പുറകിൽ തന്നെയുണ്ട്. നാട്ടിലേക്കുള്ള നിങ്ങളുടെ യാത്ര ഒരു മാഫിയയുടെ ചാരക്കണ്ണിലൂടെ നിരീക്ഷിക്കുന്നുണ്ട് എന്നോർക്കുക.

നിങ്ങളുടെ ഉറ്റവർ കാത്തു നിൽക്കുന്നതിനേക്കാൾ ഒരു പറ്റം ക്രിമിനലുകൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട് എന്ന് മനസിലാക്കുക. കയ്യിൽ നിന്ന് സ്വർണ്ണം തട്ടിയെടുക്കാനും ആളുകളുണ്ട്. അങ്ങനെ സ്വർണ്ണം നഷ്ടപ്പെട്ടാൽ നേരത്തെ മോഹന വാഗ്ദാനങ്ങളുമായി നിങ്ങൾക്ക് ടിക്കറ്റും പണവും തന്നവർ നിങ്ങളുടെ ഇറച്ചിയിൽ നിന്ന് ആ നഷ്ടം ഈടാക്കാൻ നിങ്ങളെ തട്ടിയെടുക്കും, മർദ്ധിക്കും. ചിലപ്പോൾ കൊല്ലും.

ചുരുക്കത്തിൽ ആറ്റു നോറ്റ് നാട്ടിലെത്താൻ കൊതിച്ച നിങ്ങൾ സ്വന്തക്കാരെ കാണാതെ അപകടത്തിൽ വീഴും. ഒന്നുകിൽ കസ്റ്റംസ് , അല്ലെങ്കിൽ നിങ്ങളുടെ സ്വർണ്ണക്കടത്ത് മാഫിയ, അല്ലെങ്കിൽ അവരുടെ എതിരാളികൾ … ജീവിതം കോഞ്ഞാട്ടയാവാൻ എന്തിനാണ് ഈ റിസ്‌ക്ക് ? സ്വർണ്ണക്കടത്ത് മാഫിയകൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്.

കേരളത്തിനേക്കാൾ എത്രയോ മെച്ചപ്പെട്ട ജീവിത സാഹചര്യവും അടിസ്ഥാന സൗകര്യവും സന്തോഷിക്കാനുള്ള ഇടങ്ങളും ഗൾഫ്‌ നാടുകളിലുണ്ട്‌. എന്നാൽ ഗൾഫിലെ ഏതെങ്കിലും എയർപോർട്ടിൽ വിമാനമിറങ്ങുമ്പോൾ ഒരു പ്രവാസിയും തിരക്ക്‌ കൂട്ടാറില്ല.

എന്നാൽ കോഴിക്കോട്ടെയോ കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ എയർപോർട്ടിൽ വിമാനമിറങ്ങുമ്പോൾ ഓരോ പ്രവാസിക്കും വേഗത്തിൽ പുറത്തിറങ്ങാനുള്ള വെപ്രാളമാണ്‌. കുടുംബവും കൂട്ടുകാരും നാടും പുറത്ത്‌ കാത്തിരിക്കുന്നതിന്റെ വെപ്രാളമാണ്‌, പ്രിയപ്പെട്ടവരോടൊപ്പം ഒത്ത്‌ ചേരാൻ പോകുന്നതിന്റെ സന്തോഷമാണ്‌.

കുറച്ച്‌ പണത്തിന്‌ വേണ്ടി കുടുംബത്തോടുള്ള നിത്യ സന്തോഷം കളഞ്ഞ്‌ സ്വയം ഇല്ലാതായി അവരെ തീരാ ദുരിതത്തിലേക്ക്‌ തള്ളി വിടണോ എന്ന് സ്വർണ്ണക്കടത്തുകാരുടെ കാരിയർ ആകുന്നവർ ചിന്തിക്കണം.

ഇടത്തരം വരുമാനക്കാരായ പ്രവാസികളെയാണ്‌ സ്വർണ്ണക്കടത്ത്‌ സംഘം നോട്ടമിടുന്നത്‌. സ്വർണ്ണ വ്യാപാരികളും ഇടനിലക്കാരും കടത്ത്‌ സംഘങ്ങളും എയർപ്പോർട്ട്‌ ജീവനക്കാരും പോലിസും ഗുണ്ടാ സംഘങ്ങളൊക്കെ ചേർന്ന വലിയൊരു മാഫിയയാണ്‌ ഈ സ്വർണ്ണക്കടത്ത്‌.

അതിനിടയിലെ ഒറ്റലും പാരവെപ്പും തട്ടിപ്പുകളൊന്നും ഈ കാരിയർമാർക്കറിയണമെന്നില്ല. കൊല്ലുന്നതും കൊല്ലപ്പെടുന്നതും മാത്രമല്ല എയർപോർട്ടിൽ പിടിക്കപ്പെടുന്നത്‌ പോലും ഈ സംഘത്തിന്റെ പ്ലാനിന്റെ ഭാഗമായിരിക്കാം.

നൂറ്‌ പേരെ കടത്തി വിടുമ്പോൾ രണ്ടാളെയെങ്കിലും പിടിക്കണമല്ലോ. അങ്ങനെ എയർപോർട്ടിൽ പിടിക്കപ്പെടുന്നവർക്ക്‌ പിന്നീടുണ്ടാകുന്ന കേസും നൂലാമാലകളും അവരവർ തന്നെ അനുഭവിക്കണം.

3 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x