Art & Literature

ഞാൻ കണ്ട സൂഫികൾ; പച്ചയായ മനുഷ്യരുടെ ലോറി താവളം

അനുഭവം/അഹമ്മദ് കബീർ

ചില രാത്രികളിൽ ഞങ്ങള്‍ സുഹൃത്തുക്കളുമായി കറങ്ങാൻ പോവുന്നത് പതിവായിരുന്നു.  കൂട്ടിനായി കുട്ടിക്കാലം മുതലേ കേട്ടു പരിചിതമായ ഹിന്ദി പാട്ടുകളും, ഖവാലി  സൂഫി ഗസലുകളും.

തീര്‍ത്തും മനോഹരമായ എന്നാൽ തീരെ ചെറുതുമായ യാത്രകളായിരുന്നു അവയോരോന്നും. 10 കിലോമീറ്ററിൽ കൂടുതൽ ഒരിക്കലും കറങ്ങാറില്ലായിരുന്നു. കാരണം NH 43 റാഞ്ചി കൊൽക്കത്ത റോഡിലുണ്ടാകുന്ന അപകടങ്ങളും, രാത്രിയില്‍ വൈകിയോടുന്ന ചരക്ക് വാഹനങ്ങളും, കൂട്ടിന് രാത്രികാലങ്ങളില്‍ ചിലയാള്‍ക്കാര്‍ നടത്തുന്ന കൊലകളും അക്രമങ്ങളും  ഞങ്ങളുടെ രാത്രി യാത്രകളെ പരിമിതപ്പെടുത്തിരുന്നു.

പതിവ് പോലെ അന്നും ചായ കുടിക്കാൻ ഇറങ്ങിയ ഞങ്ങള്‍ക്ക് സ്ഥിരമായി പോകാറുണ്ടായിരുന്ന കട റോഡ് വികസനത്തിനായി പൊളിച്ച് മാറ്റിയ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. പക്ഷേ സുഹൃത്തുക്കളിൽ ചിലര്‍ക്ക് രാത്രി സമയത്തെ ചായയുടെ ലഹരി അത്രയേറെയായിരുന്നു, ഞങ്ങള്‍ക്കാണെങ്കില്‍ കൂടുതൽ ദൂരം പോകാൻ ചെറിയൊരു പേടിയും.

അപ്പോഴാണ് സുഹൃത്തുക്കളിലൊരാൾ ആമിർ ഖുസ്രുവിന്റെ രണ്ട്  വരി ഞങ്ങള്‍ക്കായി ചൊല്ലിയത് “

“Khusrau darya prem ka, ulti wa ki dhaar,
Jo utra so doob gaya, jo dooba so paar.

ഓ ഖുസ്‌റോ , സ്നേഹത്തിന്റെ നദി ഒഴുകുന്നത് വ്യത്യസ്തമായ ദിശകളിലേക്കാണ്. അതിലേക്ക് ചാടുന്നവൻ മുങ്ങിപോകും, മുങ്ങിപോയവർ അത് മുറിച്ച് കടക്കും”.

എന്തിനെയും തന്റെ സ്നേഹവും സംഗീതവും കൊണ്ട് കീഴടക്കിയ മഹാനായ നിസാമുദിൻ വലിയുടെ  ശിഷ്യൻ അമീർ ഖുസ്‌റോവിന്റെ വാക്കുകളിലെ ഊർജം ഞങ്ങളുടെ യാത്രയെ ഒന്നു കൂടി  മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു.

ചായയുടെ ലഹരി തേടി പോയ ഞങ്ങൾ 8 കിലോമീറ്റർ അപ്പുറത്തുള്ള ഒരു ലോറി താവളത്തിൽ തുറന്ന് കിടക്കുന്ന ചെറിയൊരു ചായപ്പീടിക കണ്ടു, അതിന്റെ കൂടെ ടയർ റിപ്പയർ ചെയ്യുന്ന ഒരു കടയും. അവിടത്തെ ചായയുടെ രുചിയേയോ, സ്ഥലത്തെ ആളുകളെ കുറിച്ചോ ഒരു ധാരണയുണ്ടായിരുന്നില്ലെങ്കിലും, കാർ സൈഡിലൊതുക്കി ഞങ്ങള്‍ ചായക്ക് പറഞ്ഞു. അപ്പോൾ  ലോറി ഡ്രൈവറിലൊരാൾ ഉറങ്ങി കിടന്നിരുന്ന പപ്പു ഭയ്യയെ ഉണർത്തി ചായ ഉണ്ടാക്കാൻ പറഞ്ഞു.

സാധാരണ ഒരു ലോറി താവളം പോലെ ആയിരുന്നില്ല അത്, മദ്യത്തിന്റെ ഗന്ധമോ, മറ്റു ബഹളങ്ങളോ ഒന്നും അവിടെയുണ്ടായിരുന്നില്ല. ഞങ്ങളെയവിടെ വരവേറ്റത് അസിസ്സ് നാസന്റെ ശാന്തമായ വരികളായിരുന്നു. ” അപ്നേ സലാമിയോൻക  ലേലോ സലാം ആഖാ – നിങ്ങളെ സലാം ചെയ്യുന്നവരുടെ സലാം സ്വികരിച്ചാലും ” ഒരു ഫക്കീറിന്റെ അല്ലേൽ ഒരു സലാത്തിന്റെ സദസ്സിൽ ഇരിക്കുമ്പോൾ കിട്ടുന്ന ദൈവത്തിന്റെ സാമിപ്യം പോലെ.

അവിടുന്ന് കുറച്ചും കൂടി മാറിയിരുന്ന് കുറച്ച് ലോറി ഡ്രൈവർമാരുടെ ഒരു കൂട്ടത്തെ കണ്ടു.  അവരെല്ലാം തന്നെ ഗസലിന്റെ ലോകത്ത് ലയിച്ചിരിക്കുമ്പോഴാണ് ഞങ്ങൾ വന്നു പെട്ടത്. ഒരു വീട്ടിലേക്ക് അതിഥികൾ വന്നതെന്ന പോലെ, പെട്ടെന്നു തന്നെ അവരെല്ലാം ഇരുന്നിടത്തു നിന്നെണീറ്റ് ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. എല്ലാ  ആതിഥ്യ മര്യാദകളോടെയും തന്നെ അവര്‍ ഞങ്ങളെ സ്വീകരിച്ചു. അവിടെയുണ്ടായിരുന്ന ഇരിപ്പിടങ്ങളെല്ലാം കസേരകളായിരുന്നില്ല, മറിച്ച് പൊളിച്ചു മാറ്റപ്പെട്ട വണ്ടികളുടെ പല ഭാഗങ്ങളായിരുന്നു. ടയർ, റിം പോലുള്ളവ. നമ്മൾക്കു ഉപകാരമില്ലെന്നു പറഞ്ഞെടുത്തു കളയുന്ന പലതും മറ്റുള്ളവരുടെ സൗഭാഗ്യങ്ങൾ  കൂടിയാണെന്ന തിരിച്ചറിവും കൂടിയായി ആ കാഴ്ച.

അവിടെ ഉണ്ടായിരുന്ന ആള്‍ക്കാരെല്ലാം പല ദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. അവിടെ ഞാൻ സിഖ്, ഹിന്ദു, മുസ്ലിം മതവിഭാഗങ്ങളിൽ പെട്ട മനുഷ്യരെ കണ്ടു. പക്ഷേ ഒരിക്കലും മതത്തെ മാത്രം കണ്ടില്ല.  സഹോദരങ്ങളെന്ന പോലെ ഖവാലി ഗസലുകളിൽ മുഴുകി കിടക്കുവായിരുന്നു ഓരോരുത്തരും. അവരുടെ ഇടയിൽ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നുമുണ്ടായിരുന്നില്ല , മറിച്ച് അവർ വെറും മനുഷ്യര്‍ മാത്രമായിരുന്നു ആ സമയങ്ങളില്‍.

അവരുടെ കൂടെ ഞാനും എന്റെ സുഹൃത്തും കുടിയിരുന്നപ്പോൾ വളരെ സന്തോഷത്തോടെ ഞങ്ങളെ നോക്കി ഒരു പുഞ്ചിരി ഞങ്ങള്‍ക്കായി സമ്മാനിച്ചു. അവരുടെ  സദസ്സിൽ ഞങ്ങളും അംഗങ്ങളായി. ഗസലുകൾ, ഖവാലികൾ, പ്രത്യേകിച്ച് അസിസ്സ് നാസന്റെ ഗസലുകളെല്ലാം ഒഴുകുകയായിരുന്നു. ആ സമയത്ത് അജ്മീർ ഖ്വാജയെ കുറിച്ചുള്ള ഒരു ഗസൽ എന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു ” ഉമീദ് ലേഖേ ആയ ഹൈ , യാ ഗരീബ് നവാസ് – നിങ്ങളിൽ പ്രത്യാശ അർപ്പിച്ച് കൊണ്ട് ഞങ്ങൾ വന്നിരിക്കുന്നു “.

ഞങ്ങളോട് അവര്‍ ഒരുപാട് സംസാരിച്ചു. അസിസ് നാസന്റെ സംഗീതത്തെ കുറിച്ചും, ജഗ്ജിത സിഗിന്റെ മാധുര്യമേറിയ ഗസലുകളെ കുറിച്ചും, ആമിർ ഖുസ്രുവിനെ, നിസാമുദിൻ ഔലിയായെ, അജ്മീർ ഷെയ്‌ഖിനെ കുറിച്ചെല്ലാമുള്ള ഒരുപാട് കഥകൾ. ഏത് സംഗീതത്തേക്കാളും ഗസലിന്റെ സ്നേഹിച്ചിരുന്ന എന്റെ സുഹൃത്ത് പോലും ഇവരുടെ അറിവിനു മുമ്പില്‍ ഒന്നുമറിയാത്ത  കുഞ്ഞിനെ പോലെ നോക്കി നിന്നപ്പോൾ അത്ഭുതം മാത്രമായിരുന്നു എനിക്ക് .

ആ സമയത്ത് തികച്ചും പച്ചയായ മനുഷ്യരെ മാത്രമാണ് ഞാൻ അവിടെ കണ്ടത്. ഇങ്ങനെയും ഒരു ലോകമുണ്ടെന്ന് വിശ്വസിക്കാൻ അത്രമേൽ പ്രയാസമായിരുന്നു എനിക്ക്. കാരണം ഒരു ലോറി താവളം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യമോടിയെത്തുന്നത് ലഹരിയും, ബഹളവും നിറഞ്ഞ പേടിപ്പെടുത്തുന്ന ഒരു ലോകമാണ്. പക്ഷേ ഞങ്ങള്‍ക്ക് NH 43 ലെ , പപ്പു ഭയ്യന്റെ ലോറി താവളം എന്നും ഓര്‍ക്കാന്‍ തക്ക വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു .

ജിഗർ മുറാദാബാദിയുടെ മനോഹരമായ ഒരു കവിതയാണ് ആ സ്ഥലത്തെ വർണ്ണിക്കാൻ ഏറ്റവും ഉത്തമമായത്

” Yahan kam-nazar ka guzar nahi,
yahan ehl-e-zarf ka kaam hai

ഇവിടെ ഇടുങ്ങിയ ചിന്താഗതികൾക്ക് സ്ഥാനമില്ല,
വിശാലമായ മനസ്സുള്ള ആളുകളെ ഞങ്ങൾക്ക് ആവശ്യമാണ്”.


പിന്നെയും ഓർമയിൽ വന്നത് അതെ കവിതയിലെ വേറൊരു വരിയാണ്. “ye haram nahiN hai aye shaiKh jee, yahaaN paarsaaii haraam hai – ഓ ഷെയ്ഖ്, ഇതൊരു പള്ളിയല്ല, ഇവിടെ യാഥാസ്ഥിതികത  ആവശ്യമില്ല “.

ചിലപ്പോൾ അങ്ങനെയാണ് ചില യാത്രകൾ. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവങ്ങളായിരിക്കും കാലം നമ്മൾക്കായി കാത്തു വെച്ചിരിക്കുന്നത്. ഇന്നും അവിടെ നിന്നും ഓർത്തിരിക്കാന്‍ തക്ക ഒരുപാട് ഓര്‍മകളുണ്ട് ഞങ്ങള്‍ക്ക്.

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണല്ലോ. കൂട്ടത്തിലുണ്ടായിരുന്ന ഒരാളുടെ മഹാരാഷ്ട്ര യാത്രയെ പറ്റിയുള്ള  അനുഭവം പറച്ചിലിലൂടെയാണ്  നാഗ്പൂരിലെ പ്രശസ്തമായ ഒരു ദർഗയെ പറ്റി ഞാനാദ്യമായി കേട്ടത്.  മഹാരാഷ്ട്ര മധ്യപ്രദേശ് ഹൈവേയിൽ മോർ ഘട്ട് എന്നസ്ഥലത്താണ് ഈ ദർഗ, അവിടെ വർഷങ്ങൾക്ക് മുമ്പ്  ലൈലമജ്നു മൂവിയുടെ ചിത്രീകരണം നടന്നിരുന്നു. പക്ഷേ അതിനേക്കാളും ആ ദർഗയെ വ്യത്യസ്തമാക്കുന്നത് വൈകുന്നേരം 6 മണി കഴിഞ്ഞാൽ ദര്‍ഗയിലേക്ക് പ്രവേശനമില്ല എന്നതാണ്. കാരണം വെെകുന്നേരങ്ങളില്‍ അവിടത്തെ വലിയെ കാണാൻ കടുവ വരാറുണ്ട് എന്നതാണ്.

ഇന്നും വൈകുന്നേരങ്ങളിൽ ആൾക്കാർ ദർഗയിൽ പോകാറില്ല . അങ്ങനെയുള്ള  ഈ കേട്ടറിവാണ് എന്നെ മറ്റൊരു യാത്രയ്ക്ക് പ്രേരിപ്പിച്ചത് . പക്ഷെ സംശയാലുവായ തുഗ്ലഗ് രാജവംശ സ്ഥാപകനായ ഖിയാസുധിൻ തുഗ്ലഗ് നിസാമുദിൻ വലിയോട് ഡൽഹി വിട്ട് പോകാൻ അയച്ച സന്ദേശത്തിന്റെ മറുപടിയാണ് അപ്പോൾ മനസ്സിൽ ഓര്മ വന്നത്  ” Hunuz Dilli door ast – ദില്ലി ഇപ്പോഴും ഒരുപാട് അകലെയാണ്”.

അവിടെ നിന്നും മടങ്ങുന്നതിന് മുമ്പായി അസിൻ നാസന്റെ ഒരുപാട് ഗസലുകൾ കൂടാതെ പങ്കജ് ഉദാസിന്റെ  പ്രശസ്തമായ  ചില വരികളും കേട്ടു.

Ae gham-e-zindagi kuch toh de mashwara,
Ek taraf uska ghar, ek taraf maikada”

വേദനകൾ നിറഞ്ഞ ജീവിതമേ ഒരു ഉപദേശം നൽകൂ,
ഒരു വശത്തു അവളുടെ വീടും മറുവശത്തു മദ്യശാലയും.

ഇതിലെ സാഹിത്യപരമായ അർത്ഥങ്ങളേക്കാളും ഞാൻ കണ്ടത് ഒരുപാട് ദുഃഖങ്ങൾക്കിടയിലും അൽപ നേരത്തെ സംഗീതം അവര്‍ക്ക് നൽകുന്ന സന്തോഷമാണ്. ഒരു ലഹരിക്കും കൊടുക്കാന്‍ കഴിയാത്ത ലഹരി അവർ സംഗീതത്തിൽ കണ്ടെത്തിയിരുന്നു. ഒരു സൂഫി സദസ്സിൽ ഇരുന്ന പോലെയായിരുന്നു അവിടെയിരുന്ന കുറച്ചു മണിക്കൂറുകള്‍. 

തിരിച്ചുള്ള യാത്രയിൽ ഞാൻ കേട്ടത് ആബിദ പർവീന്റെ മനോഹരമായ  ശബ്ദത്തിൽ ആലപിക്കപെട്ട,

Ji Chahe To Sheesha Ban Ja,
Ji Chahe Paimana Ban Ja Sheesha Paimana Kya Ban Na,
Mai Ban Ja, Maikhana Ban Ja 

നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു കണ്ണാടിയാവുക, കണ്ണാടിയല്ലെങ്കിൽ ഒരു കപ്പാവുക, ഇല്ലെങ്കിലെന്തിനാ കണ്ണാടിയും കപ്പുമാകുന്നത്, നിങ്ങൾ ആ വീഞ്ഞോ അല്ലെങ്കിൽ അതിന്റെ ഉറവയോ ആവുക. 

സത്യത്തിൽ അവരുടെ അറിവുകൾക്കു മുമ്പിൽ അല്ലെങ്കിൽ അനുഭവങ്ങൾക്ക് മുമ്പിൽ ഞങ്ങൾ ഒന്നുമല്ലാതായി തീരുകയായിരുന്നു. ആബിദ പർവീന്റെ വേറൊരു ഗസലിൽ പാടിയ പോലെ

“Ishq mein tere kohe gham,
sar pe liya jo ho so ho  Aish’o nishaat’e zindagi,
chhod diya jo ho so ho

വേദനയുടെ ഈ കൊടുമുടിയിൽ ഞാൻ നിന്റെ സ്നേഹത്തെ ഉൾകൊള്ളുന്നു. നടക്കാനുള്ളത് നടക്കട്ടെ , ജീവിതത്തിന്റെ ആഢംബരങ്ങൾ ഞാൻ കൈവിടുന്നു. നടക്കാനുള്ളത് നടക്കട്ടെ .


അവരുടെ ജീവിതവും ഈ വരികൾ പോലെയായിരുന്നു.

അവരുടെ കൂടെ ചെലവഴിച്ച കുറച്ചു  നിമിഷങ്ങളില്‍ അവിടെ ഞാൻ കണ്ടത് യഥാർത്ഥ സൂഫിസത്തിന്റെ ആശയങ്ങൾ ഉൾകൊണ്ട്  ജീവിക്കുന്ന ഒരു പറ്റം ദേശാടനക്കാരെയാണ്. ഇന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കാതെ മനുഷ്യത്വത്തെ മാത്രം സ്നേഹിച്ചു ജീവിക്കുന്ന ഒരുപറ്റം നല്ല മനുഷ്യരായിരുന്നു അവര്‍. ആരാലും അറിയപ്പെടാതെ പോകുന്ന ഒരു ജീവിതമായിരുന്നിട്ടും, ഒരു പരിഭവുമില്ലാതെ അൽപ നേരത്തെ സംഗീതത്തിൽ ജീവിതം ജീവിച്ചു തീർക്കുന്ന  യഥാർത്ഥ മനുഷ്യരാണിവര്‍.

സൂഫിസം പറഞ്ഞു നടക്കുന്ന എഴുത്തുകാരേക്കാളും ഗവേഷകരേക്കാളും സൂഫിസത്തെ യാതൊരു അര്‍ത്ഥഭേദവുമില്ലാതെ ജീവിതത്തിൽ പകർത്തിയ ഇവർ തന്നെയായിരിക്കാം ഏറ്റവും നല്ല സൂഫിസം പ്രചാരകരും. ആമിർ ഖുസ്രുവിന്റെ വരികൾ പോലെ

” Shaban-e hijran daraz chun zulf wa roz-e waslat cho umr kotah;
Sakhi piya ko jo main na dekhun to kaise kaatun andheri ratiya

വേർപിരിയലിന്റെ രാത്രികൾ ചുരുളുകൾ പോലെയാണ്, ഞങ്ങളുടെ ഒരുമിക്കുന്ന ദിവസം  ജീവിതം പോലെ ചെറുതാണ്; എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ കാണാൻ എനിക്ക് കഴിയാത്തപ്പോൾ, ഇരുണ്ട രാത്രികൾ ഞാൻ എങ്ങനെ കടന്നുപോകും?”.

അന്ന് ഇറങ്ങാൻ നേരം വെറുതെ പപ്പു ഭയ്യനോട് ചോദിച്ചു,

” ഹാം ആപ്കോ തഖ്‌ലീഫ് തോ നഹി ദിയ ഹേന ?
നിങ്ങളെ ഞങൾ ബുദ്ധിമുട്ടിച്ചില്ലല്ലോ.

അതിന് അദ്ദേഹം പറഞ്ഞത് ഇന്നും മനസിൽ മായാതെ കിടക്കുന്നു,

“ആപ് ആയെ തോ ഹം ജഗ് ഗയേ,
ആപ് ഖുഷ് ഹേ തോ ഹം ഖുഷ് ഹേ,
ദുനിയാ സെ ക്യാ ലെന ദേന

നിങ്ങൾ വന്നത് കൊണ്ട് ഞാൻ ഉണർന്നു,
നിങ്ങൾ സന്തോഷിക്കുന്നെങ്കിൽ ഞാനും സന്തോഷിക്കുന്നു, മറ്റുള്ളവരുടെ കാര്യം നമ്മൾക്കെന്തിനാ “

ആ രാത്രി ഒരു തുടക്കം മാത്രമായിരുന്നു, പിന്നെയും ഒരുപാട് രാത്രി യാത്രകൾ ഞങ്ങളെ പപ്പു ഭയ്യന്റെ ആ ചായ കടക്ക് മുന്നിലെത്തിച്ചിട്ടുണ്ട്. ആ സൂഫി ഗസലുകൾ കേൾക്കാനും, കുറേ നല്ല പച്ചയായ മനുഷ്യരെ കാണാനും….

3.8 9 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Jaisreekumar
3 years ago

ഇഷ്ടപ്പെട്ടു കബീർ. ചെയ്ത യാത്രകൾ, അവയുടെ ഓർമ്മകൾ തിരിച്ചുകിട്ടില്ലാ എന്നോർത്തു നൊമ്പരപ്പെടുത്തുന്നു.. ചെയ്യാത്ത യാത്രകൾ മോഹിപ്പിക്കുന്നു.. അനുഭവങ്ങൾ അസൂയ ജനിപ്പിക്കുന്നു..

ahammad
Reply to  Jaisreekumar
3 years ago

thank chettai for the kind and inspiring words

Mohammad Ishfaque
3 years ago

അടിപൊളി…പപ്പു ഭായ് റോക്‌സ്

Muhammed msdhkoor
2 years ago

beautiful

ഇത് വായിച്ചിരുന്നോ
Close
Back to top button
4
0
Would love your thoughts, please comment.x
()
x