രാഷ്ട്രീയ ലീഡർഷിപ് സ്കിൽസ്; ഒരൊറ്റ രാത്രി കൊണ്ട് ഉണ്ടാവുന്നതല്ല!
സത്യത്തിൽ രാഷ്ട്രീയം സാമൂഹികവൽക്കരണത്തിന്റെ ഭാഗമാണ്. പലപ്പോഴും സ്‌കൂളിലും കോളേജിലുമൊക്കെ പഠിപ്പിസ്റ്റായി എൻട്രൻസ് ഒക്കെ എഴുതി ഏതെങ്കിലും പരീക്ഷ പാസായലോ ഡോക്ടറായാലോ വേറെ എന്തെങ്കിലും ആയാലോ അല്ലെങ്കിൽ സിവിൽ സർവീസ് പരീക്ഷ പാസായാലോ ഒന്നും അടിസ്ഥാന ലീഡർഷിപ് സ്കിൽ ഉണ്ടാകണമെന്നില്ല.
എല്ലാ പരീഷയിലും പഠിപ്പിസ്റ്റായി ജയിച്ചവർക്ക് പലപ്പോഴും തോൽവിയുമായി പൊരുത്തപ്പെടാൻ സാധിക്കില്ല. അവർ എവിടെയും പോയി എങ്ങനെയും വിജയ്ക്കുന്നത് വരെ സമാധാനം കിട്ടില്ല.
രാഷ്ട്രീയ സാമൂഹികവൽക്കരണത്തിൽ രാഷ്ട്രീയ ഐഡിയോളേജി മാത്രം അല്ല പഠിക്കുന്നത്. അവിടെ നിന്ന് കിട്ടുന്ന ഏറ്റവും വലിയ കഴിവ് ഇമോഷണൽ ഇന്റലിജൻസാണ്.
എങ്ങനെ എതിർപ്പുകളെ മാനേജ് ചെയ്യാം. എങ്ങനെ ടീം ബിൽഡ് ചെയ്യാം. എങ്ങനെ ആളുകകളെ ചേർത്ത് നിൽക്കാം. എങ്ങനെ സംഘടിപ്പിക്കാം. എങ്ങനെ പ്രയാസഘട്ടങ്ങളെ തരണം ചെയ്യാം.
എന്ത് എപ്പോൾ എങ്ങനെ എവിടെ പറയണമെന്ന തിരിച്ചറിവ്. ആളുകളെയും നേതാക്കളെയും എങ്ങനെ സ്വാധീനിക്കാൻ ഉള്ള കഴിവ്. ആളുകളുടെ സങ്കടത്തിലും സന്തോഷത്തിലും കൂടെ നിൽക്കാനുള്ള കഴിവ്. എന്ത് പറയണം എന്നത് പോലെ എന്ത് പറയരുത് എന്ന തിരിച്ചറിവ്.
സർവോപരി ക്ഷമ. സഹിഷ്ണുത. എല്ലാവരോടും പരസ്പര ബഹുമാനം വീണ്ടു വിചാരം സ്വന്തം കഴിവുകളും പരിമിതികളും തിരിച്ചറിയാനുള്ള ശേഷി. അടിസ്ഥാന സോഷ്യൽ എത്തിക്സ്.
അതു പോലെ വളരെ വിനയവും താഴ്മയയും ജനപിന്തുണയും പെട്ടന്ന് ഉണ്ടാകുന്ന ഒന്നല്ല. ഞാനാണ് കേമൻ എന്നുള്ള വിചാരമുള്ളവർ രാഷ്ട്രീയത്തിൽ ക്ലച്ചു പിടിക്കില്ല.
അതു പോലെ രാഷ്ട്രീയത്തിൽ സാധാരണ തൊലികട്ടി വേണമെന്നു പറയുന്നത് അവിടെ ജയിക്കാൻ എന്നത് പോലെ തോൽക്കാനും പഠിക്കണം. അതിനു സാധാരണ ലീഡർഷിപ്പ് സ്കില്ലിൽ അതിന് റസലിയൻസ് എന്നാണ് പറയുന്നത്.
രാഷ്ട്രീയം തൊട്ടാവാടി മൈൻഡ് സെറ്റ് ഉള്ളവർക്ക് പറ്റില്ല. എടുത്തു ചാട്ടക്കാർക്ക് പറ്റില്ല അതിൽ സ്റ്റെയിങ് സ്റ്റാമിന അത്യാവശ്യം. സാധാരണ വേരുള്ള മരങ്ങൾ സാധാരണ കാറ്റിൽ പിടിച്ചു നിൽക്കും.
രാഷ്ട്രീയ സാമൂഹികവൽക്കരണത്തിൽ നൈസർഗീഗമായി കിട്ടുന്ന കഴിവാണ് ഈ ക്യു. നദിയിൽ ഇറങ്ങി നീന്തു പഠിക്കുന്നതും, ഒഴുക്കിന് എതിരെ നീന്തുന്നതും. എങ്ങനെ ചുഴി ഒഴിവാക്കി നീന്തണം എന്നതും അനുഭവ പരിചയത്തിൽ ഒരുപാട് നാൾ നീന്തിയവർക്കേ സാധിക്കും.
ക്ലാസ് റൂമിൽ ഇരുന്നോ ഇന്റർനെറ്റിലോ യൂട്യൂബ് നോക്കി നീന്തൽ പഠിച്ചു വെള്ളത്തിൽ ഇറങ്ങിയാൽ വെള്ളം കുടിക്കും. അതു പോലെ വെള്ളത്തിൽ കളിച്ചു നടക്കുന്ന വെള്ളത്തിൽ ആശാൻമാർ ഒരൊറ്റ ഒഴുക്കിൽ പോകും.
തിരിഞ്ഞു നോക്കുമ്പോൾ രാഷ്ട്രീയ സാമൂഹികൽക്കരണത്തിലാണ് അടിസ്ഥാന ഈ ക്യു അർജിക്കാൻ സാധിച്ചത്. ഞാൻ നാലാം ക്ലാസ്സിൽ സ്കൂൾ ലീഡർ ആയി തെരെഞ്ഞെടുത്തപ്പോൾ തുടങ്ങിയ രാഷ്ട്രീയമാണ്. അടിയന്തരാവസ്തയേ എതിർത്തുകൊണ്ടാണ് രാഷ്ട്രീയ ഐഡിയോളേജി മനസ്സിലാക്കിയത്.. സ്കൂൾ കോളേജ്, യൂണിവേഴ്സിറ്റി കാലത്തു എല്ലാം രാഷ്ട്രീയ സാമൂഹികവൽക്കരണമുണ്ടായിരുന്നു.സ്കൂൾ കോളേജ് തെരഞ്ഞെടുപ്പിൽ എല്ലാം ഭൂരിപക്ഷത്തിൽ വിജയിച്ചു. നാലാം ക്ലാസ്സിൽ തുടങ്ങിയ വായന ഇപ്പോഴും തുടരുന്നു. പക്ഷേ ഒരിക്കലും പഠിപ്പിസ്റ്റ് അല്ലായിരുന്നു. മിക്കവാറും ബാക് ബെഞ്ചിൽ.
സത്യത്തിൽ പിന്നീട് തെരെഞ്ഞെടുത്ത പ്രൊഫഷണൽ രംഗത്ത് എല്ലായിടത്തും നേതൃത്വത്തിൽ വരാൻ ഉള്ള ലീഡർഷിപ്പ് സ്കിൽ ഒമ്പതുവയസ്സ് മുതലുള്ള രാഷ്ട്രീയ സാമൂഹികവൽക്കരണമാണ്.
പലർക്കും സാമാന്യ നല്ല ഐ ക്യു ഉണ്ടെങ്കിലും ഈ ക്യു വളരെ കുറവ് ആയിരിക്കും. എന്ത് എപ്പോൾ പറയണമെന്ന് അറിയില്ല. അതു പോലെ നാർസിസ്റ്റ് പെഴസാനിലിറ്റി ട്രെയിട്ട് കൂടുതൽ ഉണ്ടെങ്കിൽ രാഷ്ട്രീയത്തിലോ പ്രൊഫഷണലിലോ ആർക്കും നേതൃത്വ സ്ഥാനത്തു വിജയിക്കാൻ സാധിക്കില്ല.
ഞാൻ ആണ് ഏറ്റവും മിടുക്കൻ, ബാക്കി എല്ലാവരും മോശമെന്നോ മണ്ടൻമാരെന്നോ കരുതുന്നവർക്ക് രാഷ്ട്രീയത്തിലോ മറ്റു ഏത് രംഗത്തോ നേതൃത്വത്തിൽ ശോഭിക്കാൻ സാധിക്കില്ല.
രാഷ്ട്രീയ നേതൃത്വത്തിനു ഈ ക്യു ( ഇമോഷനൽ ഇന്റലിജെൻസ് ) ആണ് ഏറ്റവും പ്രധാനം. അതോടൊപ്പം ഐ ക്യു വും എൻ ക്യു ( നെറ്റ്വർക്ക് quotient ) സംഘാടക മികവും ഉണ്ടെങ്കിലേ രാഷ്ട്രീയ നേതൃത്വത്തിൽ വളരാൻ സാധിക്കൂ. അതു ഏത് പാർട്ടിയിൽ ആണെങ്കിലും. ഒരൊറ്റ മഴക്ക് വളരുന്ന തകര പിറ്റേ മഴക്ക് കാണില്ല.
രാഷ്ട്രീയം ഒരു കരിയർ ഓപ്ഷനൊ തൊഴിലോ മാത്രമായി കാണുന്നവർ ആ രംഗത്ത് ശോഭിക്കില്ല. രാഷ്ട്രീയം രക്തത്തിൽ ഉള്ളവർക്ക് അതു എന്നും ഒരു ഹരമാണ്. സത്യത്തിൽ ഈ പ്രായത്തിലും രാഷ്ട്രീയം ഹരമായത് കൊണ്ടാണ് സമൂഹത്തിലും രാഷ്ട്രീയത്തിലും ഇടപെടുന്നത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS