Kerala

വാളയാറിലെ പെൺകുട്ടികളുടെ അമ്മ ധർമ്മടത്ത് മത്സരിക്കും; വൈകാരികതയുടെ മറവിലുള്ള ഒളിച്ചുകടത്തലോ?

പ്രതികരണം/ അഡ്വ പ്രമോദ് പുഴങ്കര

വൈകാരികതയുടെ മറവിൽ ഒളിച്ചുകടത്തുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയും കെ കെ രമയും അടക്കമുള്ളവരുടെ സ്ഥാനാർത്ഥിത്വവും സ്ത്രീ പ്രാതിനിധ്യത്തിന്റെ ശോഭ സുരേന്ദ്ര വിലാപവും.

തെരഞ്ഞടുപ്പാണ്, വോട്ടർ പട്ടികയിൽ പേരുള്ള പൗരന്മാർക്ക് എവിടെയും മത്സരിക്കാം. പക്ഷെ അതല്ല സംവാദ വിഷയം എന്ന സാമാന്യധാരണയിൽ നിന്നുകൊണ്ടാണ് ഈ സ്ഥാനാർത്ഥിത്വങ്ങളെ കാണുന്നത് എന്നും നമുക്കറിയാം.

ഭാഗ്യവതിയുടേയും കെ കെ രമയുടെയും സ്ഥാനാർത്ഥിത്വങ്ങൾ ഒരുപോലെയല്ല. കെ കെ രമ വർഷങ്ങളായി രാഷ്ട്രീയ പ്രവർത്തന രംഗത്തുള്ള ഒരാളും, RMP എന്ന രാഷ്ട്രീയ കക്ഷിയുടെ നേതാവുമാണ്.

ഇപ്പോൾ കോൺഗ്രസ്-മുസ്‌ലിം ലീഗ് നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഒരു രാഷ്ട്രീയ തീരുമാനവുമാണ്. അതുകൊണ്ടുതന്നെ അതിന്റെ രാഷ്ട്രീയം നിശിതമായി വിമർശനവിധേയമാക്കുന്നതിൽ യാതൊരു തെറ്റുമില്ല.

അതിലേക്ക് നമുക്ക് വരാം,

എന്നാൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരായ ഭാഗ്യവതിയുടെ സ്ഥാനാർത്ഥിത്വം രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമത്തിന്റെ ഏറ്റവും വഷളൻ ശ്രമങ്ങളിലൊന്നാണ്.

വാളയാറിൽ പെൺകുട്ടികളുടെ കൊലപാതകം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ആദ്യ നടപടികളിൽ ഗുരുതരമായ വീഴ്ചയാണുണ്ടായത് എന്ന കാര്യത്തിൽ തർക്കമില്ല. പോലീസ് അതിന്റെ എക്കാലത്തെയും സ്വഭാവം പോലെ ദരിദ്രരും ദുർബലരുമായ ഇരകളെ അവഗണിക്കുകയും കുറ്റപ്പെടുത്തുകയും പ്രതികൾക്ക് രക്ഷപെടാനുള്ള പഴുതുകളൊരുക്കുകയും ചെയ്തു.

പിന്നീട് ഐ പി എസ് ലഭിച്ച സോജൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇരകളെ കുറ്റപ്പെടുത്തും മട്ടിൽ സംസാരിച്ചു. ഇപ്പോൾ കേസ് സി ബി ഐ അന്വേഷിക്കുകയാണ്. ഹൈക്കോടതി കേസിൽ നടത്തിയ നിരീക്ഷണങ്ങൾ നമുക്ക് മുന്നിലുണ്ട്. ആ അന്വേഷണം ഇരകളുടെ കുടുംബത്തിൻെറയും പൊതു സമൂഹത്തിൻേറയും ആവശ്യത്തിന് സംസ്ഥാന സർക്കാരിന് വഴങ്ങേണ്ടി വന്നതുകൊണ്ടാണ് നടക്കുന്നത്.

എന്നാൽ അത്തരമൊരു അന്വേഷണത്തിന്റെ കണ്ടെത്തലുകൾ എന്താണെന്നറിയാതെ, ഇടതുപക്ഷത്തിനെതിരെ തെരഞ്ഞെടുപ്പ് കാലത്ത് നടത്താവുന്ന ഒരു പ്രചാരണ അജണ്ട മാത്രമായി മാറുകയാണ് ഈ വിഷയം.

തീർച്ചയായും വാളയാർ വിഷയത്തിൽ സംഭവിച്ച കടുത്ത വീഴ്ചകൾ ആഭ്യന്തര വകുപ്പിന്റെ പരാജയങ്ങളിലൊന്നാണ്. എന്നാൽ ആ വിഷയത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി വേഷത്തിൽ ഭാഗ്യവതി രംഗത്തെത്തുമ്പോൾ അത് പതിവ് കോൺഗ്രസ്-യു ഡി എഫ് നാടകങ്ങളിൽ കവിഞ്ഞൊന്നുമല്ല.

വാളയാർ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ള അന്വേഷണ അട്ടിമറിയടക്കം നടത്തിയ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അതിനാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

പക്ഷെ തെരഞ്ഞെടുപ്പാണ് ലക്‌ഷ്യം എന്നുള്ളതു കൊണ്ട് വാളയാർ സമരം അങ്ങനെ നിർത്തി വെക്കാൻ യു ഡി എഫിൽ നിന്നും അച്ചാരം വാങ്ങിയ സമര സമിതിക്കാർക്കാവില്ല എന്നതുകൊണ്ട് പി ജെ കുര്യനോ കുഞ്ഞാലിക്കുട്ടിയോ ഉദ്ഘാടനം ചെയ്യുന്ന ധർമ്മടം യു ഡി എഫ് കൺവെൻഷൻ മുറ പോലെ നടക്കട്ടെ.

കെ കെ രമയുടെ യു ഡി എഫ് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചതാണ്. അതിൽ അത്ഭുതമില്ല. RMP ക്ക് അവരുടെ രാഷ്ട്രീയ മുന്നണി നിശ്ചയിക്കാനുള്ള എല്ലാ പ്രാപ്തിയും അവകാശവുമുണ്ട്. RMP എന്ന കക്ഷി രൂപം കൊണ്ട രാഷ്ട്രീയ സാഹചര്യം അത്ര അസാധാരണമായ ഒന്നല്ല. സംഘടനാപരമായ തർക്കങ്ങൾ പ്രാദേശികമായി മറ്റൊരു പാർട്ടിയുടെ രൂപം കൊള്ളലിൽ കലാശിക്കുകയാണ് ചെയ്തത്.

സ്വാഭാവികമായും അതിനുശേഷം RMP തങ്ങളുടേതായ ഒരു രാഷ്ട്രീയ നിലപാട് രൂപപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഏറെയൊന്നും സാധ്യത നൽകിയില്ല എന്നതും വസ്തുതയാണ്. എങ്കിൽപ്പോലും എം വി രാഘവനോ കെ ആർ ഗൗരിയമ്മയെ ചെയ്തതു പോലെ ഉടനടി കോൺഗ്രസ് മുന്നണി പാളയത്തിലേക്ക് ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ആ കക്ഷി ചേക്കേറിയില്ല.

മുമ്പ് പറഞ്ഞ രണ്ടു നേതാക്കളുടെയും രാഷ്ട്രീയ പശ്ചാത്തല മൂലധനം ചന്ദ്രശേഖരന് ഇല്ലായിരുന്നു എങ്കിലും RMP യെ ഉൾക്കൊള്ളാൻ യു ഡി എഫ് തയ്യാറായിരുന്നു. അത് നിരസിച്ചു എന്നതൊരു രാഷ്ട്രീയ നിലപാടായിരുന്നു. വാസ്തവത്തിൽ ഈ നിലപാടുയർത്തിയ വെല്ലുവിളിയാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലേക്കെത്തിച്ചത്.

അതായത്, കമ്മ്യൂണിസ്റ്റായി, വലതുപക്ഷവുമായി സമരസപ്പെടാതെ നിൽക്കുന്ന വിമതൻ (Rebel ) ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളി കൂടുതൽ ആഴത്തിലുള്ളതാണ്. അത്തരമൊരു വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം പല കാരണങ്ങളും കൊണ്ട് ഏതാണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനക്ക് അതീതമായ എന്നാൽ ഒരു വിഭാഗം നേത്യത്വത്തിന്റെ താത്പര്യങ്ങളും സംരക്ഷണവും ലഭിക്കുന്ന ഗുണ്ടാ സംഘങ്ങളെയാണ് ഈ രാഷ്ട്രീയ വെല്ലുവിളി അവസാനിപ്പിക്കാനായി ഉപയോഗിച്ചത് എന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിയാമകമായൊരു തെറ്റായിരുന്നു.

ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം കേരളത്തിലെ സി പി ഐ (എം) നേതൃത്വം ഇനിയൊരിക്കലും അത്തരത്തിലൊരു കൊലപാതകത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയാത്ത വിധം പ്രതിക്കൂട്ടിലാവുകയും ചെയ്തു.

പുറത്തേക്ക് എന്തൊക്കെ പടം കാണിച്ചാലും പാർടി അത്തരത്തിലൊരു സമീപനം ഇനിയെടുക്കാൻ മുതിരില്ല എന്നതിലേക്ക് അത് നയിച്ചു എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. RMP എന്ന രാഷ്ട്രീയ കക്ഷി ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ശേഷം ആ കൊലപാതകത്തിന്റെ രാഷ്ട്രീയ പരിസരത്തിൽ നിന്നും മുന്നോട്ടു പോകാനാകാതെ കുടുങ്ങിക്കിടന്നു.

ഇടതുപക്ഷ നിലപാടുകളോടെ ജനകീയ സമരങ്ങൾ നയിക്കുകയും തെരഞ്ഞെടുപ്പ് എന്ന അജണ്ടയ്ക്കപ്പുറത്തും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തന സാധ്യത ഉണ്ടാക്കുകയും ചെയ്യുക എന്ന രാഷ്ട്രീയ ബോധ്യം അവർക്ക് നേടിയെടുക്കാനായില്ല.

മറിച്ച് തരാതരം പോലെ സി പി എം വിരുദ്ധതയ്ക്കായി മാത്രം ആർക്കും ഉപയോഗിക്കാവുന്ന ഒരു ചെണ്ടയായി RMP മാറി. അതിന്റെ ഒടുവിലെ ദൃശ്യമാണ് കെ കെ രമയുടെ സ്ഥാനാർത്ഥിത്വം. തീർച്ചയായും ഒരു പാർട്ടി ഉണ്ടാക്കുകയും അതിനെ വളർത്തിയെടുക്കുകയും ചെയ്യുക എന്നതൊരു വലിയ വെല്ലുവിളിയാണ് കേരളത്തിലിപ്പോൾ.

അത്തരത്തിൽ രാഷ്ട്രീയ കക്ഷിയുടെ വളർച്ചയ്ക്കാവശ്യമായ പല ഘടകങ്ങളും ഒരു സമൂഹമെന്ന നിലയിൽ ഇന്നിപ്പോൾ കേരളത്തിൽ പാതി മരവിച്ച അവസ്ഥയിലാണ്. എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലടക്കം അന്ധമായി കോൺഗ്രസിന്റെ പിന്തിരിപ്പൻ നിലപാടുകൾക്കൊപ്പം നിന്നതോടെ RMP ഐക്യമുന്നണിയിലെ മറ്റൊരു ചെറുകക്ഷി മാത്രമായി മാറി.

ശബരിമലയിൽ ആചാരലംഘനം നടത്തുന്ന സ്ത്രീകൾക്ക് രണ്ടു വർഷം തടവ് ശിക്ഷ നൽകുമെന്ന് പറയുന്ന ഐക്യമുന്നണിയുടെ സ്ഥാനാർത്ഥിയായി കെ കെ രമ മത്സരിക്കുമ്പോൾ അവർ കേവലം ഐക്യമുന്നണി സ്ഥാനാർത്ഥി മാത്രമാണ്. മറ്റ് യു ഡി എഫ് സ്ഥാനാർത്ഥികൾ എന്തുകൊണ്ട് തോൽക്കണമോ അതേ രാഷ്ട്രീയ കാരണങ്ങൾക്കൊണ്ട് കെ കെ രമയും തോൽക്കേണ്ടതുണ്ട്.

കോൺഗ്രസുമായി ബംഗാളിൽ സി പി എം സഖ്യത്തിലാണ്, അതുകൊണ്ട് RMP -ക്ക് ഇവിടെയാകാം എന്നത് തീർച്ചയായും ഒരു അടവ് ന്യായമായി അവതരിപ്പിക്കാവുന്നതാണ്. എന്നാൽ എന്തുതരം രാഷ്ട്രീയത്തിന് വേണ്ടിയാണ് ഈ സഖ്യം എന്നതിന് രാഷ്ട്രീയമായ ഉത്തരമാണ് RMP നൽകേണ്ടത്.

വാസ്തവത്തിൽ അതിനി നൽകേണ്ടതില്ലാത്ത വിധം അവരത് വെളിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. എത്ര മിതമായി പറഞ്ഞാലും ഒരൊറ്റ സംഭവത്തിന്റെ ചരിത്ര പശ്ചാത്തലത്തിൽ നിന്നുകൊണ്ട് മാത്രം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ല എന്നതാണ് വാസ്തവം. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വമെന്ന ഒരൊറ്റ സംഭവം കൊണ്ട് മാത്രം എക്കാലത്തെയും രാഷ്ട്രീയത്തെ അടയാളപ്പെടുത്താനാകില്ല; അങ്ങനെ പറയുന്നത് ക്രൂരമായി തോന്നാമെങ്കിലും.

ശോഭ സുരേന്ദ്രൻ ബി ജെ പിയിൽ ഉയർത്തുന്ന പ്രശ്നങ്ങൾ മറ്റെന്തൊക്കെയായാലും രാഷ്ട്രീയത്തിലെ സ്ത്രീ പ്രതിനിധ്യത്തെക്കുറിച്ചുള്ളതല്ല എന്നതാണ് വസ്തുത. സ്ത്രീ വിമോചന രാഷ്ട്രീയവും പൊതു രാഷ്ട്രീയത്തിനുള്ളിൽ അതുണ്ടാക്കുന്ന ആഭ്യന്തര സംഘർഷങ്ങളും ശോഭ സുരേന്ദ്രന്റെ കാര്യത്തിൽ അന്യമാണ്.

തീർത്തും പിന്തിരിപ്പനായ, സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ, യാഥാസ്ഥിതിക മതബദ്ധമായ ഒരു മൂല്യബോധത്തിന്റെ പ്രതിനിധിയാകാനുള്ള ശോഭ സുരേന്ദ്രന്റെ ചക്കളത്തിപ്പോരാട്ടത്തെ സ്ത്രീ പ്രാതിനിധ്യവുമായി കൂട്ടികെട്ടാനാകില്ല.

പൊതുസമൂഹത്തിൽ ജനാധിപത്യ, രാഷ്ട്രീയ അവകാശങ്ങൾക്കു വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങൾക്കുള്ളിലും പുറത്തുമായി നടക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിനെയാണ് ഉയർത്തിപ്പിടിക്കേണ്ടത്.

ഫാഷിസ്റ്റ് തടങ്കൽപ്പാളയത്തിലെ പീഡന ചുമതലയ്ക്കോ കുലസ്ത്രീ പട്ടത്തിനായി നടത്തുന്ന ജാഥയുടെ നേതൃത്വത്തിനോ വേണ്ടിയുള്ള തർക്കങ്ങളെ സ്ത്രീ വിമോചന രാഷ്ട്രീയവുമായി ചേർത്തുവായിക്കുന്നത് രാഷ്ട്രീയമായി സ്ത്രീ രാഷ്ട്രീയ വിരുദ്ധമായ ഏർപ്പാടാണ്.

ഇന്ത്യൻ എക്സ്പ്രസ്സിൽ ജെ ദേവിക, ലതിക സുഭാഷിന്റ പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള ഒരു ലേഖനത്തിൽ വിമോചന സമരക്കാലത്തെ കോൺഗ്രസ്-മത സാമുദായിക സമരത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചു പറയുന്നുണ്ട്. എന്തുകൊണ്ടാണ് ആ സമരം സ്ത്രീകളുടെ രാഷ്ട്രീയാധികാരത്തിലേക്ക് സ്വാഭാവികമായി സംക്രമിക്കാഞ്ഞത്?

അതിന്റെ പ്രധാന കാരണം വിമോചന സമരം മുന്നോട്ടുവെച്ച ജനാധിപത്യ വിരുദ്ധവും ഭൂവുടമകളുടെയും സവർണ ജാതിമേധാവികളുയും കമ്മ്യൂണിസ്റ്റ് വിരുദ്ധ സാമ്രാജ്യത്വ അജണ്ടയിൽ കൂട്ടു ചേർന്ന ക്രിസ്ത്യൻ സഭയുടെയുമെല്ലാം നേതൃത്വത്തിൽ നടന്ന ആ സമരത്തിന്റെ കർഷക തൊഴിലാളി-തൊഴിലാളി വിരുദ്ധ രാഷ്ട്രീയം ഏതു കോണിൽ നിന്ന് നോക്കിയാലും സ്ത്രീവിരുദ്ധ രാഷ്ട്രീയത്തെ അവിഭാജ്യ ഘടകമായി നിലനിർത്തുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്നതുകൊണ്ടാണ്.

മുതലാളിത്ത മൂല്യങ്ങൾപ്പോലും സ്ത്രീകളുടെ സാമൂഹ്യ-രാഷ്ട്രീയ പങ്കാളിത്തത്തിൽ പ്രകടമാക്കാത്ത കേരള സമൂഹത്തിലെ ഇടതുപക്ഷ കക്ഷികളും സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തിൽ ഫ്യൂഡൽ മൂല്യബോധത്തിലാണ് പലപ്പോഴും കാലൂന്നിയിരിക്കുന്നത് എന്നതാണ് വസ്തുത.

അതിൽ നിന്നും പുറത്തു കടക്കാനുള്ള ആഭ്യന്തര സംഘർഷങ്ങൾ ഇടതുപക്ഷത്ത് നടക്കേണ്ടതുണ്ട്. വലതുപക്ഷം അത്തരത്തിലൊരു സാധ്യത പോലും ഉയർത്തുന്നില്ല എന്നതാണ് വസ്തുത.

1 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
LASIN MUHAMMED P K
3 years ago

നിഷ്പക്ഷo എന്ന തോന്നിപ്പിക്കുന്ന രീതിയിൽ ഒരു സഗാവ് എഴുതിയ ലേഖനം

ഇത് വായിച്ചിരുന്നോ
Close
Back to top button
1
0
Would love your thoughts, please comment.x
()
x