ഖത്തർ ലോകകപ്പ്; കൗണ്ട്‌ഡൗൺ നാളെ, സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി
ഫിഫ ലോകകപ്പിനുള്ള അവസാനവട്ട കൗണ്ട്‌ഡൗൺ നാളെ (നവംബർ-1) ആരംഭിക്കാനിരിക്കെ, ഇതുവരെയുള്ള എല്ലാ സംവിധാനങ്ങളിലും രീതികളിലും അടിമുടി മാറ്റമുണ്ടാകും.
അറബ് മേഖലയിലെ ആദ്യ ലോകകപ്പിന് രാജ്യം സാക്ഷ്യം വഹിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാർക്കും വിദേശികളായ താമസക്കാർക്കും പുറത്തു നിന്ന് വരുന്ന ലോകകപ്പ് ആരാധകർക്കും ഒരുപോലെ സുരക്ഷയും സൗകര്യങ്ങളും ഏർപ്പെടുത്താൻ ലക്ഷ്യമാക്കിയുള്ളതാണ് ഈ ക്രമീകരണങ്ങൾ.
സർക്കാർ ജീവനക്കാരുടെ ജോലി സമയം
സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം ഓരോ സ്ഥാപനത്തിലെയും മൊത്തം ജീവനക്കാരുടെ 20 ശതമാനമായി കുറയും. അതേ സമയം 80 ശതമാനം ജീവനക്കാർ വീടുകളിലിരുന്നോ മറ്റു സ്ഥലങ്ങളിലിരുന്നോ ജോലി ചെയ്യും.
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലി സമയം രാവിലെ 7 മുതൽ 11 വരെ മാത്രമായിരിക്കും. എന്നാൽ സുപ്രധാനമായ അടിയന്തര സേവനങ്ങൾക്ക് മുടക്കം വരാതിരിക്കാൻ സൈനിക, സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദോഹ കോർണിഷ്
ദോഹ കോർണിഷിൽ നാളെ മുതൽ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. ഈ ഭാഗങ്ങൾ കാൽനട യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തും.
സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും
സർക്കാർ, സ്വകാര്യ സ്‌കൂളുകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും. എന്നാൽ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പ്രവൃത്തി സമയത്തിൽ മാറ്റമുണ്ടാവില്ല.
ഒന്നാം സെമസ്റ്റർ പരീക്ഷാ കാലയളവ് അവസാനിക്കുമ്പോൾ (നവംബർ 6 മുതൽ നവംബർ 17 വരെ), ദേശീയ സ്റ്റാൻഡേർഡിന് കീഴിലുള്ള പൊതു സ്കൂളുകളിലെയും സ്വകാര്യ സ്കൂളുകളിലെയും വിദ്യാർത്ഥികളുടെ സ്‌കൂൾ സമയം രാവിലെ 9 മുതൽ 11 വരെ ആയിരിക്കും.
സ്വകാര്യ മേഖല
ലോകകപ്പ് കാലയളവിൽ സ്വകാര്യമേഖലയിലെ എല്ലാ പ്രവർത്തങ്ങളും പഴയപടി നടക്കും. ജോലിസമയത്തിലെ പ്രവർത്തന സമയങ്ങളിലോ സർക്കാർ നിര്ദേശ പ്രകാരമുള്ള മാറ്റങ്ങളൊന്നുമുണ്ടാകില്ല. സൂഖ് വാഖിഫും രാജ്യത്തെ മാളുകളും 24 മണിക്കൂറും പ്രവർത്തിക്കും.
ഖത്തറിലേക്കുള്ള പ്രവേശനം
ലോകകപ്പ് കാലയളവിൽ മൂന്ന് വിഭാഗങ്ങളിൽ പെട്ടവർക്ക് മാത്രമാണ് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുക.
1-ഹയ്യ കാർഡ് ഉടമകൾ.
2-ഖത്തറിൽ താമസ വിസയുള്ളവർ.
3-രാജ്യത്തെ പൗരന്മാർ
മറ്റുള്ള സന്ദർശകർക്കൊന്നും ഈ കാലയളവിൽ രാജ്യത്തേക്ക് വരാനാവില്ല.
ഖത്തറിലേക്ക് വരുന്നതിന് മുമ്പോ ശേഷമോ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധയനയോ ആന്റിജൻ പരിശോധനാ ഫലമോ ആവശ്യമില്ല. ഖത്തറിൽ എത്തിയ ശേഷമുള്ള കോവിഡ് പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്. വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്കും ഒരു ഡോസ് പോലും എടുക്കാത്തവർക്കും രാജ്യത്തേക്ക് വരാൻ തടസ്സമുണ്ടാവില്ല.
കോവിഡ് നിയന്ത്രണങ്ങൾ
രാജ്യത്തേക്ക് വരുന്ന എല്ലാ സന്ദർശകരും നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കുമ്പോൾ മാത്രം മൊബൈൽ ഫോണിലെ ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് കാണിക്കണം. മറ്റിടങ്ങളിലൊന്നും ആവശ്യമില്ല. ആരോഗ്യകേന്ദ്രങ്ങളിലും അടഞ്ഞ സ്ഥലങ്ങളിൽ മറ്റുള്ളവരുമായി അടുത്തിടപഴകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും മാസ്ക് നിർബന്ധമായിരിക്കും.
നവംബർ ഒന്ന് മുതൽ ഡിസംബർ 18 വരെയാണ് ഈ മാറ്റങ്ങൾ നിലവിലുണ്ടാവുക
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS