
പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
ലോക്ക്ഡൗൺ 4 .0 നെ സംബന്ധിച്ച പുതിയ ഊഹാപോഹങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് -19 ലോക്ക്ഡൗൺ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇതറിയിച്ചത്. ഇന്ന് വൈകുന്നേരം എട്ടിന് പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോവിഡ് -19 ലോക്ക്ഡൗൺ കാലത്തെ പ്രധാനമന്ത്രി മോദിയുടെ രാജ്യത്തോടുള്ള അഞ്ചാമത്തെ അഭിസംബോധനയാണിത്. മാർച്ച് 19 ന് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മാർച്ച് 22 ന് ” ജനത കർഫ്യൂ ” പ്രഖ്യാപിച്ചു. മാർച്ച് 24 ന് 21 ദിവസത്തെ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഏപ്രിൽ 14 ന് അദ്ദേഹം ലോക്ക്ഡൗൺ കാലാവധി മെയ് 3 വരെ നീട്ടി. ഏപ്രിൽ 3ന് ഒരു വീഡിയോ സന്ദേശത്തിൽ, മുൻ നിര കൊറോണ യോദ്ധാക്കൾക്ക് വേണ്ടി വിളക്കുകൾ തെളിയിച്ചു ഐക്യദാർഢ്യം കാണിക്കാൻ മോഡി രാജ്യത്തോട് ആവശ്യപ്പെട്ടു.
കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ ഇന്ത്യയുടെ പോരാട്ടത്തിൽ മുന്നോട്ടുള്ള വഴി ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച പ്രധാനമന്ത്രി മോദി എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് യോഗം ചേർന്നിരുന്നു.
നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള നിർദ്ദേശങ്ങൾ മെയ് 15 നകം അയക്കണമെന്നു പ്രധാനമന്ത്രി മോദി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.