IndiaPolitical

ചെറുത്തു തോല്പിക്കേണ്ട വർഗീയ രാഷ്ട്രീയം

ആഷിക്ക്. കെ. പി

ഇന്ത്യയിലെ ന്യുനപക്ഷങ്ങളെ പേടിപ്പിച്ചും ആസ്വസ്ഥരാക്കിയും നില നിർത്തേണ്ടത് മുഖ്യധാര രാഷ്ട്രീയപാർട്ടികളുടെ എല്ലാ കാലത്തുമുള്ള ലക്ഷ്യമാണ്. ഇടതും വലതും എന്ന വ്യത്യാസം അതിനില്ല. ഭയപ്പെടുകയും ആസ്വസ്ഥരാവുകയും ചെയ്യുമ്പോഴേ അവർ തങ്ങളെ രക്ഷിക്കുന്നവരെന്ന് കരുതുന്നവരോടൊപ്പം നിൽക്കുകയുള്ളൂ. ഇത് നൈതികമായ ഒരു ജനാധിപത്യ രീതിയാണോ എന്നത് നാം ചിന്തിക്കേണ്ടതാണ്.

അവഗണിക്കുന്നു എന്ന തോന്നൽ എത്രമാത്രം ഒരാളെ ആസ്വസ്തമാക്കുമെന്നും അത് അയാളെ എവിടേക്കൊണ്ടെത്തിക്കുമെന്നും ലോകത്തിലെ അരക്ഷിതാവസ്ഥയിലുള്ള രാജ്യങ്ങളെ ഒന്ന് വിശകലനം ചെയ്തുനോക്കിയാൽ മതി. When you neglect somebody that leads to inferiority, inferiority leads to isolation, isolation leads to antinationalism and antinationalism leads to terrorism എന്ന് എഴുത്തുകാരനും തത്വ ചിന്തകനുമായ ആൽബർ കമ്മ്യുവിന്റെ പ്രശസ്തമായ ഒരു വാചകമുണ്ട്.

അൽബേർ കാമ്യു

ന്യുനപക്ഷങ്ങൾക്ക് ഇന്ത്യയിൽ രക്ഷയില്ല എന്ന തോന്നലുണ്ടാക്കി തങ്ങളിലേക്കടുപ്പിക്കാനും അത് വോട്ടാക്കി മാറ്റാനും ശ്രമിക്കുമ്പോൾ അവരുടെ സംഘടിതമായ പക്ഷം ചേരൽ മറുഭാഗത്ത് ഇതേ പോലെ യുള്ള ആസ്വസ്ഥതകളും ആശങ്കകളും സൃഷ്ടിക്കുമെന്നുറപ്പാണ്. അത് അവിടെയും ഭൂരിപക്ഷ വർഗീയതയിലേക്ക് നയിക്കും. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്, എന്താണിതിനു പരിഹാരം എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. അധികാരവും ഭരണത്തിന്റെ സുഖവും പണവും കേന്ദ്രീകരിച്ചു വോട്ടു രാഷ്ട്രീയമെന്ന ഒറ്റ ലക്ഷ്യത്തോടെ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ കാണുന്ന രാഷ്ട്രീയ ചിന്താഗതിയാണ് ഇത്തരം പ്രവണതകളുടെ മുഖ്യ കാരണം. ഇത് പ്രോത്സാഹിപ്പിക്കാൻ പാടില്ല. എതിർത്തു മറ്റേണ്ടത് തന്നെയാണ്. എന്നാൽ അതെളുപ്പമല്ല, കാരണം ഇത്തരം ബോധം നിലനിർത്തി ഗുണഭോക്താക്കളാവുന്ന കാര്യത്തിൽ നമ്മുടെ രാഷ്ട്രീയ കക്ഷികളെല്ലാം ഇപ്പോൾ ഒറ്റക്കെട്ടാണ്. ഇതേപോലെ തന്നെയാണ് പല മതസംഘടനകളും . തികച്ചും വ്യക്തിപരമായ മതവിശ്വാസത്തെ പുറത്തേക്കെത്തിച്ചു ബഹുസ്വര സമൂഹത്തിൽ അതിന്റെ മേന്മകൾ കൊട്ടിഘോഷിച്ചു തങ്ങളുടേത്‌ മാത്രമാണ് സത്യം, ശരി എന്ന് പ്രഘോഷിപ്പിച്ചു, പണം പിരിച്ചു, സംഘടിതരാക്കി അധികാരങ്ങളിലും ഭരണങ്ങളിലും തങ്ങളുടെ ആളുകളെ തിരുകിക്കയറ്റി മതസംഘടനകളിൽ പലതും മുന്നേറുന്നു. ഇവരുടെ സംഘടിത ശക്തിയെ വോട്ടൂബാങ്കാക്കി മാറ്റാൻ രാഷ്ട്രീയപാര്ടികളും ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകൂടുന്നു. ഇത് നമ്മെ എവിടേക്കൊണ്ടെത്തിക്കും എന്നതോർക്കണം.


നമ്മുടെ മത സംഘടനകളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗൗരവമായി ചർച്ച ചെയ്യേണ്ട ഒരു കാര്യമാണിത് .എന്നാൽ ഇതിനു മുന്കയ്യെടുക്കേണ്ട പല സ്ഥാപനങ്ങളും അസംബന്ധങ്ങളുടെ പ്രത്യയശാസ്ത്രം വിളമ്പുന്നവയായി മാറിക്കൊണ്ടിരിക്കുന്നു. തുടർച്ചയായി അസംബന്ധങ്ങളും പൊള്ളത്തരങ്ങളും സമൂഹത്തിലെ ഉന്നതരെക്കൊണ്ട്, രാജ്യാന്തര പുരസ്കാരങ്ങളും പദ്മശ്രീകളും കൊടുത്തു ആദരിച്ചവർപോലും പ്രചരിപ്പിക്കുമ്പോൾ അതൊരു യാഥാർഥ്യമാണെന്ന തോന്നൽ ചിലർക്കെങ്കിലുമുണ്ടായി അവരിൽ സംശയങ്ങളുളവാക്കുന്നു. ശാസ്ത്രസാങ്കേതിക മേഖലകളിൽപോലും ഇത്തരം അസംബന്ധങ്ങൾ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ചാണകവും മൂത്രവും ചേർത്ത് കഴിച്ചപ്പോളാണ് എന്റെ കാൻസർ മാറിയതെന്ന് ഒരു നേതാവ് വാഗചാതുരിയോടെ പറഞ്ഞപ്പോൾ അവർക്കു ക്യാന്സറില്ലെന്നു പരിശോധിച്ച ഡോക്ടർ പറഞ്ഞത് ആരുംകേട്ടില്ല. ചന്ദ്രയാൻ ദൗത്യം പരാജയപ്പെട്ടത് ദൈവദോഷമെന്നു കരുതുകയും ഇത്തരം അറിവുകളുടെ വേരുകൾ നമ്മുടെ പുരാണങ്ങളിൽ ഉണ്ടെന്നും അതുകൊണ്ടുതന്നെ സാങ്കേതിക വിദ്യഭ്യാസത്തോടൊപ്പം പഠിക്കേണ്ടവയാണിതെന്നുമുള്ള വാദങ്ങൾ ഉന്നതവിദ്യാഭ്യാസമുള്ളവരിലൂടെ പ്രചരിപ്പിക്കപ്പെടുമ്പോൾ എവിടെക്കാണ് നമ്മുടെ പ്രയാണം എന്ന് ആശങ്കപ്പെട്ടുപോകുന്നു. ഇതൊക്കെ കൂട്ടിവായിക്കുമ്പോൾ ഒരുകാര്യം ഉറപ്പാണ് നമ്മുടെ ജനാധിപത്യം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.

വിശ്വാസങ്ങളും രാഷ്ട്രീയ ബോധവും ആശയങ്ങളിലെ വ്യത്യസ്ഥതക്കപ്പുറം പരസ്പര വിദ്വേഷത്തിലേക്ക് എത്തുമ്പോഴാണ് അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും വ്യാപിക്കുന്നത്. പാർട്ടി ഗ്രാമങ്ങളും ജാതി മത ത്തിലധിഷ്ഠിതമായ പ്രദേശങ്ങളും ഉണ്ടാവാനേ പാടില്ല. പൊതു വിദ്യാഭ്യാസം ഏറെക്കുറെ ഇതിനെയൊക്ക നിരാകരിച്ചും പൊതുബോധം ഉയർത്തിയും മുന്നോട്ടുപോകുന്നുണ്ട് എന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ ഈയടുത്തായി മത പഠന ക്ലാസ്സുകളും മത സംയോജിത വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടുതലായി വളർന്നു വരുന്നു എന്നത് നാം ഏറെ ശ്രദ്ധിക്കേണ്ടതാണ്. രാഷ്ട്രീയ പ്രവർത്തനങ്ങളും ചിന്താവൈരുധ്യങ്ങളും ആശയപരമായിരിക്കണം. മത വിശ്വാസം വ്യക്തിപരവും. ഇതിൽനിന്നും വ്യത്യസ്തമാവുമ്പോൾ അത് ചുരുക്കം ചില ആളുകൾക്ക് അധികാര, സാമ്പത്തിക സുഖം നൽകുമെങ്കിലും ഒരു ജനതയുടെ നിലനിൽപ്പ് ആസ്വസ്ഥകളിക്കും , പരസ്പര വിശ്വാസമില്ലായ്മയിലേക്കും എത്തിക്കും. പിന്നീട് ഇതിൽനിന്നൊരു തിരിച്ചുപോക്ക് ഉണ്ടാവുക അസാധ്യമായിരിക്കും.

വിവിധ സംസ്കാരങ്ങളെ ഉൾക്കൊള്ളാനും ആസ്വദിക്കാനും കഴിയുവാനുള്ള മാനസിക അവസ്ഥയിലേക്ക് നയിക്കുവാൻ ഉതകുന്ന ക്രിയാത്മക പ്രവർത്തനങ്ങൾനടത്തി സാംസ്‌കാരികമായി ഒരു സമൂഹത്തെ മുന്നേറ്റാനാണ് രാഷ്ട്രീയ നേതൃത്വങ്ങൾ ശ്രമിക്കേണ്ടത്. എന്നാൽ താൽക്കാലിക നേട്ടത്തിന് മതങ്ങളെയും ജാതികളെയും പ്രോത്സാഹിപ്പിച്ചും രക്ഷകരായി അഭിനയിച്ചും അവരെ പ്രോത്സാഹിപ്പിച്ചു കൂടെനിർത്തിയാൽ പിന്നീട് ഒഴിവാക്കാൻ കഴിയാത്ത സംഘമായി ഇത്തരം ശക്തികൾ മാറുകയും സമ്മർദ്ദ ഗ്രൂപ്പുകളായി നമ്മുടെ പൊതു രീതികളിൽ നുഴഞ്ഞു കയറി എന്നും തലവേദന സൃഷ്ടിക്കുകയും ചെയ്യും.

അധികാരവും മതവും വേറിട്ട് നിൽക്കുക തന്നെ വേണം. നെഹ്‌റു വിന്റെ രാഷ്ട്രീയം ഈ ചിന്താഗതിയിലധിഷ്ഠിതമായിരുന്നു. ഒന്നാം പാർലമെന്റിൽ മതേതരത്വം എന്തെന്ന് നിർവചിക്കാൻ റാം മനോഹർലോഹ്യ നെഹ്‌റുവിനെ വെല്ലുവിളിച്ചപ്പോൾ അതേറ്റെടുത്തു നെഹ്‌റു മതേതരത്വത്തെ നിർവചിച്ചത് ഇപ്രകാരമാണ്. Secularism in our concept never means to promote any religion but to give equal status to all relegion and those who are not believing any relegion. മതേതരത്വമെന്നത് എല്ലാ മതങ്ങളെയും പ്രോത്സാഹിപ്പിക്കുകയല്ല, മറിച്ചു എല്ലാ മതങ്ങളെയും തുല്യമായി കാണുക ഒപ്പം ഒരു മതങ്ങളിലും വിശ്വസിക്കാത്തവരെയും അതേപോലെ പരിഗണിക്കുക. എന്നാൽ പിന്നീട് നെഹ്‌റുവിന് ശേഷം, കോൺഗ്രസ്സ് രാഷ്ട്രീയം മതങ്ങളെ ഉൾക്കൊണ്ടും പ്രോത്സാഹിപ്പിച്ചും മതേതരത്വത്തിന് പുതിയ നിർവചനം നൽകി കൂടെനിർത്തി. ഇത് ബിജെപി പോലെയുള്ള തീ വ്ര വലതുപക്ഷത്തിന് ഭൂരിപക്ഷ വോട്ടു ബാങ്കിനെ സംയോജിപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനും പെട്ടെന്ന് തന്നെ വിജയിക്കാനും വളരാനും സഹായിച്ചു. ആശ്വാസമായി അപ്പോഴും ഉണ്ടായിരുന്നത് ഇടതു രാഷ്ട്രീയമായിരുന്നു. എന്നാൽ കമ്മ്യൂണിസ്റ്റു പാർട്ടികളുടെയും രാഷ്ട്രീയവും അധികാര രാഷ്ട്രീയം എന്ന മുഖ്യ അജണ്ടയായപ്പോൾ വോട്ടു കിട്ടാൻ മതങ്ങളെയും ജാതികളെയും നേരിട്ടോ അല്ലാതെയോ ഒപ്പം നിർത്തുകയും ജാതി മത പരിപാടികളിലൊക്കെ സജീവമായി ഇടപെടുകയും ചെയ്യുന്ന രീതിയിലേക്ക് വന്നു. ശ്രീകൃഷ്ണ ജയന്തിയും, നവമി ആഘോഷങ്ങളും, അയ്യപ്പൻ വിളക്കും, നബിദിനവും ആഘോഷിക്കുന്ന/ സംഘടിപ്പിക്കുന്ന പുതിയ രീതി. ഉടുമുണ്ടുപോലും രീതിയും ഭാവവും മാറ്റി വൈരുദ്ധ്യാത്മിക ഭൗതിക വാദമെന്നത് ട്രോളെൻമാരുടെ ഭാഷയാക്കി മാറ്റി.

ഇതിനിടയിൽ മെല്ലെ മെല്ലെ കുത്തകകൾ നമ്മുടെ മണ്ണും വെള്ളവും സമ്പത്തും കവരുന്നത് ആരുമറിഞ്ഞില്ല. ഇതൊന്നും ചിന്തിക്കാത്ത ഒരു പുതു തലമുറ അരാഷ്ട്രീയക്കാരായി കോർപറേറ്റ് അടിമകളായി ജീവിക്കുകയും ചെയ്യുന്നു. ചെറുകിട വ്യവസായങ്ങളിലും കൃഷിയിലും നൂതന ആശയങ്ങളിലും അവരുടെ നൈപു ണികളെ വളർത്തി സംരംഭകരാക്കി മാറ്റി തദ്ദേശീയ ഉത്പാദന വിതരണ വിനിമയ ശൃംഘലകൾ വ്യാപിപ്പിക്കേണ്ട സമയത്താണ് ഇത്തരം പ്രവണതകൾ എന്നതാണ് ഏറെ ദുഖകരം. ജപ്പാനിലെ കലാലയങ്ങളിൽ ഹൈഡ്രജൻ ഉപയോഗിച്ച് എങ്ങിനെ വണ്ടി ഓടിക്കാമെന്ന് പഠിപ്പിക്കുമ്പോൾ ഡൽഹി യൂണിവേഴ്സിറ്റിയിൽ ഹനുമാന്റെ ജാതിയെക്കുറിച്ചു സംവാദം നടക്കുകയാണെന്നത്‌ കാണുമ്പോഴാണ് നാം എവിടേക്കാണ് പോകുന്നത് എന്നതിന്റെ ഒരു ചെറിയ ചിത്രം മനസ്സിൽ തെളിയുക. കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ നാഷണൽ സർവീസ് സ്കീം പോലുള്ള സാമൂഹ്യ സംഘടനകളിൽ ചേരാൻ കുട്ടികളെ കിട്ടുന്നില്ല, എന്നാൽ വിവിധ മത സംഘടനകളുടെ വിദ്യാർത്ഥി കൂട്ടായ്മകൾ സർവത്രികവുമാണ്. ഇതൊക്കെ നിസ്സാരവൽക്കരിച്ചു നാം മുന്നോട്ടു നീങ്ങുന്നു. പ്രത്യക്ഷത്തിൽ നമ്മെ ബാധിക്കുന്നതല്ലെന്ന തോന്നലിൽ.
ഏതെങ്കിലുമൊരു ഘട്ടത്തിൽ നമ്മുടെ ജനാധിപത്യത്തെ മുഴുവൻ ഇത് തകർത്തു തരിപ്പണമാക്കി നമ്മുടെ മതേതരരാഷ്ട്രത്തെ വിഘടന മത ജാതി മൗലിക വാദികളുടെ, ഒപ്പം ആഗോള മുതലാളിമാരുടെ കീഴളരാക്കി മാറ്റും.

അതുകൊണ്ടുതന്നെ, കേവലം താത്കാലിക നേട്ടങ്ങൾ മാത്രം ലക്ഷ്യമാക്കാതെ ഉന്നതമായ ജനാധിപത്യ മതേതര ബോധം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ബദ്ധശ്രദ്ധരാവേണ്ടതുണ്ട്. എവിടെയോ നഷ്ടപ്പെട്ട രാഷ്ട്രീയ സംസ്കാരം വീണ്ടെടുക്കേണ്ടതുമുണ്ട്.

4.7 3 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of
11 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
വിജോഷ്സെബാസ്റ്റ്യൻ
1 year ago

നഷ്ടപ്പെടുന്ന നല്ല രാഷ്ടീയ സംസ്കാരത്തിെന്റെ തിരിച്ച് വരവ് കാത്തിരിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് പ്രത്യാശ നൽകുന്ന ലേഖനം.

Last edited 1 year ago by വിജോഷ്സെബാസ്റ്റ്യൻ
Muneer

എല്ലാവരും ഉറക്കത്തിലാണ്, ഉണർന്നാൽ നന്ന്

പി. സുനിൽകുമാർ
1 year ago

നമ്മുടെ രാജ്യം എപ്പോഴും ഉയർത്തിപ്പിടിക്കുന്നത് ജനാധിപത്യം എന്ന കരുത്താണ്. അത് ഓരോ നിമിഷവും വെല്ലുവിളികൾ നേരിടുന്നു. പൗരന്മാർ എന്ന നിലയിൽ ജാഗ്രതയോടെ സമീപിക്കേണ്ട നമ്മളൊക്കെ മറ്റെന്തിന്റെയോ പിറകെ പായുന്നു(നമ്മെ അങ്ങോട്ട് പായിപ്പിക്കുന്നു). മതം, വിശ്വാസം എന്നിവയൊക്കെ വ്യക്തിപരമായ വിഷയങ്ങൾ ആണെന്ന് നമ്മുടെ ജനത തിരിച്ചറിഞ്ഞിട്ടില്ല ഇപ്പോഴും. ആരും പറയാറുമില്ല. വലിയ കാലമില്ലാതെ തന്നെ നമ്മൾ മറ്റൊരു ഭരണ ക്രമത്തിലേക്ക് മാറാനുള്ള സാധ്യതകളും കാണുന്നുണ്ട്.

Muneer
1 year ago

Yes

Jahfar P
1 year ago

കാലിക പ്രാധാന്യമുള്ളത്, ഇന്നത്തെ സാമൂഹ്യ ചുറ്റുപാടുകളെ മുൻനിർത്തിയുള്ള നല്ലൊരു എഴുത്ത്

Rafeeq
1 year ago

സമകലിക സാമൂഹ്യ ചുറ്റുപാടിൽ തിരിച്ചരിവ് പകരുന്ന എഴുത്ത് ആശിഖ് സാറിന്ന് അഭിനന്ദനങ്ങൾ

Abdul Majeed MT
1 year ago

പ്രസക്തമായ വിഷയം.
അലസരും സുഖാന്വേഷണ തൽപരരുമായ മനുഷ്യർ അവ േനേടാനോ നിലനിർത്താനോ ഓരോരോ ഉപകരണങ്ങൾ കണ്ടെത്തുന്നു.
അന്തസ്സ്, നീതി,ന്യായം, ധർമ്മം എന്നിവെക്കെ അപ്രസക്തമാകുന്നു. നീതി കൊണ്ട് തങ്ങൾക്ക് ഗുണമുണ്ടെങ്കിൽ മാത്രം അതേക്കുറിച്ച് സംസാരിക്കും. ലളിത യുക്തികൾ ഉപയോഗിച്ച് ചിന്തകളെ ഉറക്കിക്കിടത്താനും രാഷ്ട്രീയക്കാരും മത വ്യാപാരികളും പഠിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു
സാങ്കൽപ്പിക ശത്രു എക്കാലവും സാമ്രാജ്യത്വത്തിന്റെ േചേരുവയായിരുന്നു. അതെപ്പോഴും ഒരു ന്യൂനപക്ഷമാവുകയും ചെയ്യും. ജർമ്മനിയിൽ, ഇന്ത്യയിൽ, പാക്കിസ്ഥാനിൽ , ചെച്നനിയയിൽ എല്ലാം കഥ വ്യത്യസ്ഥമല്ല.
പണക്കാരും രാഷ്ട്രീയക്കാരും മതേ വ്യാപാരികളും ചേർന്നു നടത്തുന്ന ഒരു കൂട്ടു കച്ചവടത്തിന്റെ ഉപോൽപ്പന്നങ്ങളാണ് ചൂഷ ണം, വെറുപ്പ്, ഹിംസ എന്നിവ. പണ്ടും ഇപ്പോഴും. ഭൂപ്രേശങ്ങളും കാലവും മാറുന്നുവെന്നേയുള്ളൂ.

Thomas P Thomas
1 year ago

Ashique Sir
Congratulations for speaking reality very boldly. It is fear factor and money that are the hall marks of journalism today. People are obsessed with the opium of religion and forgets the fact that they are denied justice like employment and basic needs.
You have boldly brought out the pro and corns of reality in administration. Congratulations.

Wahab kp
1 year ago

ഒരു രാഷ്ട്രീയ പാർട്ടിക്കും രാജ്യത്തിന്റെ ഭരണഘടനാസങ്കൽപ്പമോ മതേതരത്വം നിലനിൽക്കണമെന്നോ അല്ല ലക്ഷ്യം..അവരവരുടെ ഭരണം വരണമെന്നേയുള്ളു..അതിന് വേണ്ടി വിവിധ മത സംഘടനകളെ തരംപോലെ കൂട്ടുപിടിക്കാനും മത കാർഡ് കളിക്കാനും എല്ലാ പാർട്ടികളും മൽസരിക്കുകയാണല്ലോ?
ഇതിന്റെ പരിണിതിയാണ് രാജ്യം മത വർഗ്ഗീയ ശക്തിക്ക് കീഴിലായത്…
നെഹ്റുവാന്റ്റെ ആശയമാണ് ഇവിടെ പുലരേണ്ടിയിരുന്നത്..അതിന് പക്ഷെ അദ്ദേഹം നിലകൊണ്ട ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കക്ഷിയുടെ അംഗങ്ങൾ തന്നെ തയ്യാറാവുന്നില്ല! അനുദിനം കോൺഗാരസ്സുകാരൻ ബിജെപിയിലേക്ക് പോയിക്കൈണ്ടിരിക്കുന്നത് അതാണല്ലോ വ്യക്തമാക്കുന്നത്!!
ഹാഷിക്കിന്റെ ലേഖനത്തിന്റെ കുന്തമുന അവർക്ക് നേരെയാണ് തിരിയേണ്ടത്!!

Rani
1 year ago

നല്ല ഭാഷാശൈലി.

ഫൈസൽ. പി. കെ
1 year ago

എഴുത്തുകാരന് ഒരായിരം അഭിനന്ദനങ്ങൾ, കാലിക പ്രസക്തവും വളരെ ആഴത്തിൽ ചിന്തിക്കേണ്ട ഒരു വിഷയത്തെ ഇത്രയും നന്നായി പകർന്നു തന്നതിന്. നാടിന്റെ നന്മയും പുരോഗതിയും ആഗ്രഹിക്കുന്ന ഏതൊരാളുംടുയും മനസ്സിൽ ഉയരേണ്ട ചോദ്യങ്ങൾ ആണ്‌ ലേഖകൻ സൂചിപ്പിച്ചത്. മാത്രമല്ല ‘ഫെയിം ‘ ആഗ്രഹിക്കുന്ന ഏതൊരു എഴുത്തുകാരനും മടിക്കുന്ന ‘മതം ‘എന്ന വിഷയം വളരെ തന്മയത്തോടെ വായനക്കാരന്റെ ചിന്തയിലേക്ക് പകർന്നു തന്നു, പൊതുസമൂഹം സജീവ ചർച്ചക്ക് എടുക്കേണ്ട സമയം അതിക്രമിച്ചോ എന്ന് ഒരു സംശയം. തീർത്തും വെക്തിഗതമാക്കേണ്ട ‘വിശ്വാസം ‘എന്ന കർമം ഭൂമുഖത്തു മതവിശ്വാസത്തിന്റെ ആവിർഭാവ കാലഘട്ടങ്ങളിൽ തന്നെ അതിനെ അധികാരത്തിന്റെയും പണ സമ്പാധാനത്തിന്റെയും മാർഗമായി ചില ഭരണാധികാരികൾ അതിനെ ഉപയോഗപ്പെടുത്തി. പിന്നീട് ഗ്രീക്ക് സമൂഹത്തിൽ ഉയർന്നുവന്ന ചിന്തകന്മാരാണ് ഇതിനെതിരെ ചോദ്യങ്ങൾ ചോദിക്കാൻ സമൂഹത്തെ പ്രാപ്തരാക്കിയത്. പിന്നീട് വന്ന ജനാധിപത്യം ഇന്ന് അതിന്റെ അന്തസത്ത തന്നെ ചോർന്ന് ലോകത്ത് ഫാസിസം കൂടുതൽ ശക്തി ആർജിക്കുന്നതയാണ് നാം കാണുന്നത്. ഒരുപക്ഷെ മനുഷ്യത്വം ഉള്ള ഒരു ഏകാധിപതി ആയിരിക്കും ഇന്നത്തെ ജനാധിപത്യത്തെക്കാൾ നല്ലത് എന്ന് തോന്നിപ്പോകും.

ഇത് വായിച്ചിരുന്നോ
Close
Back to top button
11
0
Would love your thoughts, please comment.x
()
x