Political

2023ലെ അപ്രഖ്യാപിത അടിയന്തരാവസ്ഥ 1975ലെ പ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ ഭയാനകം : ലാലു പ്രസാദ് യാദവ്

‘1975ലെ അടിയന്തരാവസ്ഥക്കാലത്ത് മഹാത്മാഗാന്ധിയുടെ ഘാതകരെ ആരാധിച്ചിരുന്നില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇഷ്ടമുള്ള പങ്കാളികളെ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ‘ലൗ ജിഹാദിന്റെ’ പേരിൽ അവർ പീഡിപ്പിക്കപ്പെട്ടിട്ടില്ല.’

1975 ജൂൺ 25, ഇന്ദിരാഗാന്ധി സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, എന്നാൽ 2023 ജൂൺ 25 എത്തിയപ്പോൾ നരേന്ദ്ര മോദി സർക്കാരിലൂടെ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നത് എന്ന് ബിഹാർ മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമാണ് ലാലു പ്രസാദ് യാദവ്.

എഴുപതുകളിൽ ജയപ്രകാശ് നാരായൺ നയിച്ച പ്രസ്ഥാനത്തിന്റെ മുൻനിരയിലായിരുന്നു ലാലു പ്രസാദ് യാദവ്. 1975-ലെ അടിയന്തരാവസ്ഥയും ഇന്നത്തെ അവസ്ഥയും തമ്മിലുള്ള സാമ്യത്യകളും മറ്റും അദ്ദേഹം വിശദീകരിച്ചു.

മുതിർന്ന പത്രപ്രവർത്തകനും ലാലുവിന്റെ ജീവചരിത്രത്തിൻ്റെ സഹ രചയിതാവുമായ നളിൻ വർമ്മയും ലാലു പ്രസാദ് യാദവും തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ പ്രസക്തമായ ഭാഗങ്ങൾ;

ഇന്ത്യ ഇന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കീഴിലാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യ എന്ന ആശയം തന്നെ ഭീഷണിയിലാണ്. ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്‌ക്കെതിരെ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിക്കുന്നു എന്നും അദ്ദേഹം വിലയിരുത്തി.

അപ്രഖ്യാപിത അടിയന്തരാവസ്ഥ അവസാനിപ്പിച്ച് ജനങ്ങൾക്ക് സ്വതന്ത്രമായ വായു ശ്വസിക്കാൻ കഴിയുന്ന തരത്തിൽ നരേന്ദ്ര മോദി സർക്കാരിനെ ഒന്നിച്ച് പുറത്താക്കാൻ രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ആവിശ്യമെന്നും അതിൻ്റെ സമ്മർദ്ദത്തിലാണ് ഞങ്ങൾ, എല്ലാ പ്രതിപക്ഷ പാർട്ടികളും, എന്നും അദ്ദേഹം വിശദീകരിച്ചു.

ജൂൺ 23-ന് പട്‌നയിൽ നടന്ന പ്രതിപക്ഷ സമ്മേളനം മോദിയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ കൂട്ടായി പോരാടാനുള്ള ജനങ്ങളുടെ ആഗ്രഹത്തിന്റെ പ്രകടനമായിരുന്നു എന്ന് ലാലു പ്രസാദ് യാദവ് വിലയിരുത്തി.

ഔദ്യോഗിക സെൻസർഷിപ്പ് ഇല്ലെങ്കിലും, പ്രമുഖ കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള നിരവധി മാധ്യമ സ്ഥാപനങ്ങൾ മോദി സർക്കാരിന് അപ്രാപ്യമായ അഭിപ്രായങ്ങളോ ഷോകളോ പ്രകടിപ്പിക്കാൻ മടിക്കുന്നു. 1975ലെ അടിയന്തരാവസ്ഥയും ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയും തമ്മിലുള്ള സാമ്യമുണ്ടെങ്കിലും കാര്യമായി വ്യത്യാസമുണ്ട് .

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഭരണഘടനാ ഭേതഗതികളെയാണ് അവലംബിച്ചിരുന്നത്. ഞങ്ങളിൽ പലരെയും ജയിലിൽ അടച്ചിട്ടുണ്ടെങ്കിലും ഇന്ദിരാജി ഞങ്ങളെ ഒരിക്കലും ഉപദ്രവിച്ചിട്ടില്ല. ആ അടിയന്തരാവസ്ഥ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. അവരോ അവരുടെ മന്ത്രിമാരോ പാർട്ടി നേതാക്കളോ ഒരിക്കലും ഞങ്ങളെ ‘ദേശവിരുദ്ധർ’ അല്ലെങ്കിൽ ‘ദേശദ്രോഹികൾ’ എന്നൊന്നും വിളിച്ചിട്ടില്ല എന്നും ലാലു പ്രസാദ് യാദവ് ഓർമിപ്പിച്ചു.

നമ്മുടെ ഭരണഘടനാ ശില്പിയായ ബാബാ സാഹിബ് ഭീംറാവു അംബേദ്കറുടെ സ്മരണയെ മലിനമാക്കാൻ അവർ ഒരിക്കലും ശ്രമിച്ചിരുന്നില്ല. മതത്തിന്റെയും ജാതിയുടെയും പേരിൽ ന്യൂനപക്ഷങ്ങളെയും ദലിതരെയും കൊല്ലാനും വികലമാക്കാനും അവർ ആൾക്കൂട്ടങ്ങളെ അഴിച്ചുവിട്ടില്ല. ഗോമാംസം കൈവശം വെച്ചുവെന്ന സംശയത്തിന്റെ പേരിൽ കന്നുകാലി വ്യാപാരികളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടില്ല എന്നും അദ്ദേഹം ഓർപ്പെടുത്തി.

‘മാധ്യമപ്രവർത്തകരെയും എഴുത്തുകാരെയും ജയിലിൽ അടച്ചിരുന്നെങ്കിലും പിന്നീട് അവരെ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. അവർ ജയിലിൽ പീഡിപ്പിക്കപ്പെട്ടിരിക്കാമെങ്കിലും, പക്ഷേ അവരെ ആരും പച്ചക്ക് വെടിവെച്ച് കൊന്നിരുന്നില്ല.‘

‘അവരുടെ മന്ത്രിമാരും മറ്റും ജവഹർലാൽ നെഹ്‌റു സർവകലാശാലയിലും (ജെഎൻയു) മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചെറുപ്പക്കാരായ വിദ്യാർത്ഥികളുടെ ധാർമ്മികതയെ ചോദ്യം ചെയ്യാൻ അലഞ്ഞില്ല. പ്രവർത്തകരും എഴുത്തുകാരും ജനങ്ങളും അടിയന്തരാവസ്ഥയെ വെല്ലുവിളിക്കുകയും ഇന്ദിര ജിയോടും അവരുടെ നയങ്ങളോടും വിയോജിക്കുകയും ചെയ്തു. എന്നാൽ അതിൻ്റെ പേരിൽ അവർ ആരോടും പാക്കിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ടിരുന്നില്ല.’

അന്ന് ഞാൻ ഒരു യുവ വിദ്യാർത്ഥി നേതാവായിരുന്നു, അക്കാലത്തെ ഏകാധിപത്യത്തിന്റെ കടുത്ത വിമർശകരിൽ ഒരാളായിരുന്നു ഞാൻ. പക്ഷേ, അവരുടെ നേതാക്കന്മാരോ പാർട്ടി പ്രവർത്തകരോ ആരോടെങ്കിലും പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെടുന്നത് കണ്ടാൽ ഇന്ദിരാജി ഒരിക്കലും അതിനോട് യോജിക്കില്ലാ എന്നും അതിനെ എതിർക്കും എന്ന് എനിക്ക് ഉറപ്പായി പറയാൻ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1975ലെ അടിയന്തരാവസ്ഥക്കാലത്ത് മഹാത്മാഗാന്ധിയുടെ ഘാതകരെ ആരും ആരാധിച്ചിരുന്നില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇഷ്ടമുള്ള പങ്കാളികളെ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ‘ലൗ ജിഹാദിന്റെ’ പേരിൽ ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ല.

ഇന്ദിരാഗാന്ധി ഒരിക്കലും അന്ധവിശ്വാസം പ്രചരിപ്പിച്ചിട്ടില്ല. പ്ലാസ്റ്റിക് സർജറിയിലൂടെ ഗണപതിക്ക് ആനയുടെ തുമ്പിക്കൈ കിട്ടിയെന്ന് അവൾ പറഞ്ഞിട്ടില്ല. അവൾ ഇന്ത്യയെ ആണവശക്തിയാക്കി. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യൻ സൈന്യം പാകിസ്ഥാനെ പരാജയപ്പെടുത്തി 1971 ൽ ബംഗ്ലാദേശ് സൃഷ്ടിച്ചു. പക്ഷേ അവർ ഒരു രാഷ്ട്രതന്ത്രജ്ഞനെപ്പോലെയാണ് പെരുമാറിയത്.

തോൽവിയിലും മാന്യത കൈവെടിഞ്ഞിട്ടില്ല ഇന്ദിരാഗാന്ധി

1977-ൽ ഞങ്ങളുടെ ജനതാ പാർട്ടി അവരെ പരാജയപ്പെടുത്തി. ഞങ്ങൾക്കെതിരെ ശക്തമായി പോരാടി, 1980-ൽ അവർ അധികാരം തിരിച്ചുപിടിച്ചു. പ്രചാരണ വേളയിൽ ബീഹാറിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും അവർ സഞ്ചരിച്ചു, പക്ഷേ അവർ നഗ്നമായ നുണകൾ പറഞ്ഞില്ല. അവൾ വ്യാജ വാഗ്ദാനങ്ങൾ നൽകിയില്ല. യുവാക്കൾക്ക് പ്രതിവർഷം രണ്ട് കോടി ജോലി നൽകുമെന്നോ ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നോ അവർ ഒരിക്കലും പറഞ്ഞിട്ടില്ല. അച്ഛേ ദിൻ (നല്ല ദിനങ്ങൾ) വാഗ്ദാനം ചെയ്യുകയും ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും ബുർ ദിൻ (പ്രശ്നത്തിന്റെ ദിനങ്ങൾ) കൊണ്ടുവരാൻ ആൾക്കൂട്ടത്തെ അഴിച്ചുവിടുകയും ചെയ്തില്ല എന്നും ലാലു പ്രസാദ് യാദവ് കൂട്ടിച്ചേർത്തു.

ജെ.പി.യുടെ പ്രസ്ഥാനം ഒരു വ്യക്തിക്കും എതിരായിരുന്നില്ല. അത് അന്നത്തെ ഭരണത്തിന് മാത്രം എതിരായിരുന്നു.

അന്ന് സംഘപരിവാർ നേതാക്കളെ ജെപിക്ക് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. സോഷ്യലിസം, സമത്വം, നീതി എന്നീ തത്ത്വങ്ങളിൽ അധിഷ്‌ഠിതമായ ജനതാ പാർട്ടിയിൽ പ്രവേശിക്കാൻ ആർഎസ്‌എസിൽ നിന്ന് സ്വയം വിട്ടുനിൽക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. സംഘപരിവാർ ഒരിക്കലും ജെപിയെ അനുസരിച്ചില്ല. സമൂഹത്തിൽ അംഗീകാരം നേടാൻ അവർ പ്രസ്ഥാനത്തെ ഉപയോഗിച്ചു. ജയിലിലാകുമെന്ന് ഭയന്ന അവർ ജയിൽ ഭരോ ക്യാമ്പയിനിൽ പങ്കെടുത്തില്ല.

എന്നാൽ ഇന്ന് അവർ അടിയന്തരാവസ്ഥയുടെ ഇരകൾ എന്ന കാർഡ് കളിക്കുകയാണ്.

അടിയന്തരാവസ്ഥക്കാലത്ത് എത്ര ‘ധീരതയോടെ’ പോരാടിയെന്ന് ചില കേന്ദ്രമന്ത്രിമാർ പറയുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. ജെപി രൂപീകരിച്ച പ്രസ്ഥാനത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു ഞാൻ. സ്റ്റിയറിങ് കമ്മിറ്റിയിലെ എന്റെ സഹപ്രവർത്തകരായ ശിവാനന്ദ് തിവാരി, നിതീഷ് കുമാർ, ബഷിഷ്ഠ നാരായൺ സിംഗ് എന്നിവർക്ക് ഇന്ന് അടിയന്തരാവസ്ഥയെക്കുറിച്ച് ഇത്രയധികം സംസാരിക്കുന്ന മോദി സർക്കാരിലെ പല മന്ത്രിമാരെയും അറിയില്ല.

അടിയന്തരാവസ്ഥക്കാലത്ത് നരേന്ദ്ര മോദിയെയോ (അരുൺ) ജെയ്റ്റ്‌ലിയെയോ വെങ്കയ്യ നായിഡുവിനെയോ കുറിച്ച് ഞങ്ങൾ കേട്ടിട്ടില്ല.

ജയപ്രകാശ് നാരായണന് ശേഷം ലാലുവിന് അങ്ങേയറ്റം ബഹുമാനം ഉണ്ടായിരുന്നത് മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിനോടായിരുന്നു.

ചന്ദ്രശേഖർ കോൺഗ്രസിലായിരുന്നു. ആഗ്രഹിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ ഇന്ദിരാഗാന്ധി ഉന്നത മന്ത്രിയാക്കുമായിരുന്നു. എന്നാൽ ചന്ദ്രശേഖർ ജി കോൺഗ്രസ് വിട്ട് ജെപി പ്രസ്ഥാനത്തിൽ ചേരുകയായിരുന്നു.

അദ്ദേഹം എനിക്ക് ജ്യേഷ്ഠനെപ്പോലെയായിരുന്നു. ജീവിച്ചിരുന്ന കാലമത്രയും ഞാൻ അദ്ദേഹത്തെ ഒരു ജ്യേഷ്ഠസഹോദരനായും എന്റെ നേതാവായും ബഹുമാനിച്ചിരുന്നു.

കർപ്പൂരി താക്കൂർ, ജോർജ് ഫെർണാണ്ടസ്, മധു ലിമായെ, മധു ദണ്ഡവതെ, ശരദ് യാദവ് തുടങ്ങിയവരെ ആദരവോടെയാണ് കാണുന്നത്.

എൽ കെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും പോലെയുള്ളവർ ആർഎസ്എസിന്റെ ഹിന്ദുത്വ ആശയങ്ങളോട് പ്രതിബദ്ധത പുലർത്തിയിരുന്നു. ജനങ്ങൾക്കിടയിൽ അപ്പോഴില്ലാത്ത ആദരവും അംഗീകാരവും നേടിയെടുക്കാനാണ് അവർ പ്രസ്ഥാനത്തിൽ ചേർന്നത്, എന്നാൽ ജെപിയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനം ഉയർത്തിപ്പിടിച്ച ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും കാര്യത്തേക്കാൾ അവർ നാഗ്പൂരിനോട് കൂടുതൽ വിശ്വസ്തരായിരുന്നു.

ആർഎസ്എസ്-എബിവിപി

സമരത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ജെ.പി ഒരു ജയിൽ ഭരോ (ജയിൽ നിറയ്ക്കുക) എന്ന ആഹ്വാനം നൽകുകയും വിദ്യാർത്ഥികളെ വൻതോതിൽ കോടതി അറസ്റ്റുചെയ്യാൻ ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രസ്ഥാനം അപ്പോഴും അതിന്റെ നവോത്ഥാന ഘട്ടത്തിലായിരുന്നു, കുറച്ച് ആളുകൾ മാത്രമേ ജയിലിലേക്ക് പോകാൻ തയ്യാറായുള്ളൂ. ഞാൻ 17 പേരടങ്ങുന്ന ഒരു സംഘത്തെ സംഘടിപ്പിച്ചു – കൂടുതലും എബിവിപി-ആർഎസ്‌എസുകാർ – അവരെ പട്‌നയിലേക്ക് കൊണ്ടുവന്നു.

എന്റെ സുഹൃത്തിന്റെ വീട്ടിൽ വെച്ച് വിരുന്ന് ഞാൻ അവർക്ക് വാഗ്ദാനം ചെയ്തു. ഞാൻ അവരെ ഒരു പോലീസ് ബസിൽ കയറ്റി, അവരെ ബക്‌സർ ജയിലിലേക്ക് കൊണ്ടുപോയി.

എന്നാൽ ബസ് ബക്‌സർ ജയിലിന് സമീപമെത്തിയതോടെ 17 പ്രവർത്തകരും ഓടി രക്ഷപ്പെട്ടു.

തെറ്റായ വാഗ്ദാനങ്ങൾ നൽകി ഞാൻ അവരെ കെണിയിൽ വീഴ്ത്തി എന്നത് ശരിയാണ്, എന്നാൽ ജയിൽ കണ്ടിട്ട് അവർ ഒളിച്ചോടിയ രീതി ജെപിയുടെ ലക്ഷ്യത്തോടുള്ള അവരുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.

പ്രസ്ഥാന ‘പ്രവർത്തകർ’ ഭീരുത്വത്തോടെ ഒളിച്ചോടിയെന്ന വാർത്ത പട്‌നയിലെത്തി. മുതിർന്ന സ്വാതന്ത്ര്യ സമര സേനാനിയും ജെപിയുടെ സഹപ്രവർത്തകനുമായ ആചാര്യ റാം മൂർത്തി എന്നെ വിളിച്ചുവരുത്തി 17 പ്രവർത്തകരുടെ മനോഭാവത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ജെപിയെ കാണാൻ നിർദ്ദേശിക്കുകയും ചെയ്തു. ഞാൻ പരിഭ്രാന്തനായി.

നിഷ്കളങ്കമായ മുഖഭാവത്തോടെ ഞാൻ ജെ.പി.യെ അഭിമുഖീകരിച്ച് പറഞ്ഞു, ‘ബാബുജി! 17 വിദ്യാർത്ഥി പ്രവർത്തകർ യഥാർത്ഥത്തിൽ ഒളിച്ചോടിയിട്ടില്ല. നിങ്ങൾ 1942-ൽ ഹസാരിബാഗ് ജയിലിൽ നിന്ന് ഓടിപ്പോയി ബ്രിട്ടീഷ് ഭരണത്തിനെതിരെ വിജയകരമായി നടത്തിയ രഹസ്യ പ്രവർത്തനത്തെ കുറിച്ച് അവർ എങ്ങനെയോ മനസ്സിലാക്കിയിരിക്കുന്നു എന്നും അവർ നിങ്ങളെ അനുകരിക്കാൻ ശ്രമിച്ചതാണെന്നും ഞാൻ പറഞ്ഞു.

ജെപി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ഒരു പക്ഷെ എന്റെ അഭിനയം അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവും.

അങ്ങനെ, എബിവിപി പ്രവർത്തകരുടെ വഞ്ചന വകവയ്ക്കാതെ ഞാൻ അവരെ പ്രതിരോധിച്ചു. പക്ഷേ, അവസരം കിട്ടുമ്പോഴെല്ലാം അവർ എന്നെ പിന്നിൽ നിന്ന് കുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

വിദ്യാർത്ഥി നേതാവായിരിക്കുമ്പോൾ എന്നോട് ഉണ്ടായിരുന്ന പക ഞാൻ 70 കളിൽ എത്തിയപ്പോഴും ആർഎസ്എസ്സും ബി.ജെ.പിയും തുടർന്നു കൊണ്ടേയിരിക്കുന്നു.

(‘ദ വയറിൽ’ വന്ന ലേഖനത്തിൻ്റെ സ്വതന്ത്ര പരിഭാഷ)

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x