FeatureKerala

കോൺഗ്രസ്; വോട്ട് ചോരുന്ന ഓട്ട ബക്കറ്റുകൾ

പ്രതികരണം/ആബിദ് അടിവാരം

ഓട്ടയുള്ള ബക്കറ്റുകൊണ്ട് വെള്ളം കോരുന്നുണ്ട് കോൺഗ്രസ്സ് എന്ന് പറയാതെ വയ്യ. ബക്കറ്റ് മുകളിലെത്തുമ്പോഴേക്ക് വെള്ളം ചോർന്നു തീരും, എടുത്ത പണി ബാക്കിയാകും.

കേരളത്തിൽ ബിജെപി നേടുന്ന വോട്ട് ഗുജറാത്തിൽ നിന്നോ യുപിയിൽ നിന്നോ കൊണ്ടു വരുന്നതല്ല, എൽഡിഎഫ് – യുഡിഎഫ് മുന്നണികൾക്ക് കാലങ്ങളായി കിട്ടിക്കൊണ്ടിരുന്ന വോട്ടാണത്.

വോട്ട് ബിജെപിയിലേക്ക് ചോരുമ്പോൾ അത് ഞങ്ങളുടെ വോട്ടല്ല മറ്റവരുടേതാണ് ചോരുന്നത് എന്ന് പ്രസ്താവന നടത്തി ഒഴിഞ്ഞു മാറുകയുയാണ് ഇരുമുന്നണികളും ചെയ്യുന്നത്.

ചോർച്ച നന്നായി നടക്കുന്നുണ്ട് എന്ന് കോൺഗ്രസ്സ് നേതൃത്വത്തിന് മനസ്സിലാക്കാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നേമം ഫലം മാത്രം പരിശോധിച്ചാൽ മതി.

എങ്ങനെ ഈ ചോർച്ച തടയാം..? ബിജെപി എവിടെയാണ് ദ്വാരമിടുന്നത്, എങ്ങനെയാണ് ദ്വാരമിടുന്നത്, ചോർച്ച എവിടെയാണ് എന്ന് കണ്ടെത്തിയാൽ മതി. അടക്കാൻ എളുപ്പമാണ്.

ഹിന്ദു ജനവിഭാഗത്തിന്റെ വോട്ടുകളിലാണ് ചോർച്ച സംഭവിക്കുന്നത് എന്ന് വ്യക്തമാണ്, മറ്റുള്ളവർ മുന്നണി മാറി കുത്തിയാലും ബിജെപി കുത്തില്ല, കലത്തിൽ നിന്ന് പോയാൽ കഞ്ഞിക്കലത്തിൽ കാണും.

മുസ്ലിംകൾ ഒരു കാരണവശാലും ബിജെപിക്ക് വോട്ടു ചെയ്യില്ല, ക്രിസ്ത്യാനികൾ ഇത് വരെ വോട്ടു ചെയ്തിരുന്നില്ല, ഇത്തവണ പക്ഷെ ബിജെപി ക്രിസ്ത്യൻ വോട്ടിലും ദ്വാരമിടുന്നുണ്ട്.

ആദ്യം മനസിലാക്കേണ്ടത് വികസനം പറഞ്ഞോ സൽഭരണം പറഞ്ഞോ അല്ല ബിജെപി കോൺഗ്രസിന്റെ വോട്ടു ചോർത്തുന്നത്.

നോട്ട് നിരോധന ദുരിതം അനുഭവിച്ചതിനു ശേഷമാണ്, മോഡിയുടെ ഇന്ത്യ സാമ്പത്തീകമായി കൂപ്പുകുത്തിയ ശേഷമാണ്, അൻപത് രൂപക്ക് ഓഫർ ചെയ്ത പെട്രോളിന് 85 രൂപയാക്കി വർദ്ധിപ്പിച്ച ശേഷമാണ്, 350 രൂപയുള്ള ഗ്യാസിന് 650 രൂപയാക്കിയ ശേഷമാണ് കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിലെ ഇടത് വലത് മുന്നണികളുടെ പെട്ടിയിൽ വീണുകൊണ്ടിരുന്നു 25 ശതമാനം ഹിന്ദു വോട്ടുകൾ ബിജെപി ചോർത്തിയെടുത്ത്.

ആ വോട്ടു ചോർച്ച തടയാൻ ന്യായ് പദ്ധതിയെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. ബിജെപിയിടുന്ന ദ്വാരം കണ്ടെത്തി അടക്കണം.

ആ ദ്വാരം വർഗീയതയാണ്, വർഗീയതയെന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ ദ്വാരം അടയില്ല. സ്പെസിഫിക്കായി പറയണം.
ചില ഉദാഹരണങ്ങൾ പറയാം.

ശബരിമലയിൽ നിന്നുള്ള കാണിക്ക മുസ്ലിംകൾക്ക് ഹജ്ജിന് പോകാനുള്ള സബ്സിഡിയായി കൊടുക്കുന്നു, ഹിന്ദുക്കളുടെ പണമെടുത്ത് സർക്കാർ ശമ്പളം കൊടുക്കുന്നു എന്ന് ആർഎസ്എസ് നേതാവ് കെപി ശശികല ഒന്നര പതിറ്റാണ്ടിലേറെ കേരളത്തിൽ പ്രസംഗിച്ചു നടന്നു.

ചില നോട്ടുകളിൽ മഞ്ഞക്കളർ കാണാറില്ലേ, ഭക്തർ പ്രസാദമുള്ള കൈകൊണ്ട് കൊടുക്കുമ്പോൾ പറ്റുന്നതാണ് എന്ന് തെളിവ് പറഞ്ഞു. ഇത് വിശ്വസിച്ച സാധാരണ ഹിന്ദുക്കളെ എനിക്കറിയാം.

അങ്ങനെയൊരു അക്രമം ഹിന്ദുക്കളോട് കാണിക്കുന്നുണ്ടെങ്കിൽ ഹിന്ദുവിന് നീതി കിട്ടാൻ ബിജെപിക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിച്ച ഹിന്ദുക്കളിൽ കോൺഗ്രസ്സ് വോട്ടർമാരുമുണ്ട്.

ശബരിമലയിൽ നിന്ന് അഞ്ചു പൈസ സർക്കാർ എടുക്കുന്നില്ല എന്നും ഓരോ വർഷവും എല്ലാ മതക്കാരും നികുതി കൊടുക്കുന്ന പൊതു ഖജനാവിൽ നിന്ന് കോടികൾ ശബരിമലക്ക് വേണ്ടി ചെലവാക്കുകയാണെന്നുമുള്ള സത്യം മേല്പറഞ്ഞ ഹിന്ദുവിനോട് പറഞ്ഞാൽ മതി. വോട്ട് ചോരില്ല.

ആര് പറയണം…? ദേവസ്വം ബോർഡ് ഭരിച്ച മന്ത്രിമാർ പറയണം, ധനകാര്യ വകുപ്പ് ഭരിച്ചവർ പറയണം, മുഖ്യമന്ത്രിമാർ ആയിരുന്നവർ പറയണം.

1998 മുതൽ ശശികലയും കുമ്മനവും നാട് നീളെ നടന്നു ഈ നുണ പ്രചരിപ്പിച്ചപ്പോൾ മേല്പറഞ്ഞ സ്ഥാനങ്ങൾ വഹിച്ച കോൺഗ്രസ്സുകാർ ആരും മിണ്ടിയില്ല.

2015 ൽ ഇത്തിരി ബോധമുള്ള വിഡി സതീശനാണ് പ്രശ്‌നം
നിയമസഭയിൽ ഉന്നയിക്കുകയും ഈ കള്ളം പൊളിക്കുകയും ചെയ്തത്.

അതായത് 1998 മുതൽ 2015 വരെ നീണ്ട 17 വർഷം ബിജെപി കോൺഗ്രസ്സ് വോട്ടിൽ ദ്വാരമിട്ടപ്പോൾ ഉമ്മൻചാണ്ടിയും രമേശും മുല്ലപ്പള്ളിയും സുധാകരനും മുരളീധരനും അടക്കമുള്ള നേതാക്കൾ കണ്ടില്ലെന്ന് നടിച്ചു. ആ ദ്വാരത്തിലൂടെയാണ് ബിജെപിക്കാർ കോൺഗ്രസ്സിന്റെ വോട്ടു ചോർത്തിയത്.

ഈ ദ്വാരമിടുന്ന പരിപാടി ബിജെപി ഇപ്പോഴും തുടരുന്നുണ്ട്, ഇന്ത്യ മൊത്തം അവരിട്ട ദ്വാരമാണ് ലവ് ജിഹാദ്. കേരളത്തിൽ വ്യാപകമായി ബിജെപി ആ ദ്വാരം ഇട്ടിട്ടുണ്ട്.

കേരളാ പോലീസ്, സിബിഐ, എൻഐഎ തുടങ്ങി സകല ഏജൻസികളും അന്വേഷിച്ച ശേഷം ആർഎസ്എസ് സ്ലീപ്പർ സെല്ലുകളുടെ ആരോപണം മാത്രമാണ് ലവ് ജിഹാദ് എന്ന് ആധികാരികമായി കണ്ടെത്തിയതാണ്.

അമിത്ഷായുടെ ആഭ്യന്തര വകുപ്പ് പോലും തെളിവില്ല ലവ് ജിഹാദ് ഒരു ആരോപണം മാത്രമാണെന്ന് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. കേരളാ കർണാടക ഹൈക്കോടതികൾ അത് പ്രഖ്യാപിച്ചതാണ്.

പക്ഷെ ബിജെപി ദ്വാരമിടുന്ന പരിപാടി തുടർന്ന് കൊണ്ടേ ഇരിക്കുന്നു. കാംപസ്സുകൾ മുതൽ അടുക്കളയിൽ വരെ ചർച്ചയായ ബഹുസ്വര സമൂഹത്തിൽ, കോൺഗ്രസ് വോട്ടർമാരിൽ വലിയ ആശങ്കയുണ്ടാക്കിയ ഈ വ്യാജ പ്രചരണത്തിനെതിരെ കോൺഗ്രസോ യൂത്ത് കോൺഗ്രസോ KSU വോ ഒരു ബോധവൽകരണ കാമ്പയിൻ നടത്തിയിട്ടുണ്ടോ…?

ലവ് ജിഹാദ് ആരോപണം ബിജെപിയുടെ അജണ്ടയാണ് അതൊരു വോട്ടു ചോർത്തൽ തന്ത്രമാണ് എന്ന് കേരളത്തിലെ ഹിന്ദുക്കളോട് പറയാൻ കോൺഗ്രസ്സിന് സാധിക്കും വരെ ആദ്വാരത്തിലൂടെ വോട്ട് ചോർന്നു കൊണ്ടിരിക്കും, ന്യായ് പദ്ധതി കൊണ്ട് ആ ചോർച്ച തടയാനാവില്ല.

മുസ്ലിം പ്രീണനം നടക്കുന്നു, മുസ്ലിംകൾ വാരിക്കൊണ്ട് പോകുന്നു എന്ന ആരോപണമാണ് മറ്റൊരു ദ്വാരം. ഗൾഫിൽ പോയി സമ്പാദിച്ച പണം കൊണ്ട് മുസ്ലിംകൾ ഉണ്ടാക്കുന്ന വീടുകളും വാഹനങ്ങളും കാണുമ്പോഴുണ്ടാകുന്ന മനുഷ്യ സഹജമായ അസൂയയെയാണ് ബിജെപി ഉപയോഗപ്പെടുത്തുന്നത്.

ഇതെല്ലം സർക്കാർ ഖജനാവിൽ നിന്ന് വാരിക്കൊടുക്കുന്നതാണ് എന്നവർ പറയുമ്പോൾ ഇതിനു ഒരു അറുതി വരുത്താൻ ബിജെപിക്ക് വോട്ടു ചെയ്യണം എന്ന് ഹിന്ദുവിന് തോന്നും.

ഇത് തടയാൻ കോൺഗ്രസ്സിന് എളുപ്പമാണ്. കേരളം രുപീകരിക്കപ്പെട്ട ശേഷം മുസ്ലിംകൾക്കും മറ്റു വിഭാഗങ്ങൾക്കും കൊടുത്ത ആനുകൂല്യത്തിൻ്റെ ഡാറ്റ പുറത്തു വിട്ടാൽ മതി.

സർക്കാർ ജോലിയിൽ, അധികാരത്തിൽ ജനസംഖ്യയുടെ 27 ശതമാനം വരുന്ന മുസ്ലിംകളുടെ പ്രാധിനിത്യം എത്രയാണ് 18 ശതമാനം വരുന്ന ക്രിസ്ത്യാനികളുടെ പ്രാധിനിത്യം എത്രയാണ് 11 ശതമാനം വരുന്ന നായന്മാരുടെ പ്രാധിനിത്യം എത്രയാണ് 25 ശതമാനം വരുന്ന ഈഴവരുടെ പ്രാധിനിത്യം എത്രയാണ് എന്ന കണക്ക് കോൺഗ്രസ്സ് ജനങ്ങളൊട് പറഞ്ഞാൽ മതി. ആരോപണത്തിന്റെ മുനയൊടിയും വോട്ടു ചോർച്ച ഇല്ലാതാവും.

മദ്രസ്സയിലെ അദ്ധ്യാപകർക്ക് പൊതു ഖജനാവിൽ നിന്ന് വര്ഷം നാലായിരം കോടി ശമ്പളവും പെൻഷനും കൊടുക്കുന്നു എന്ന പുതിയൊരു ദ്വാരം ഇട്ടിട്ടുണ്ട്, കോൺഗ്രസ്സുകാർ അറിഞ്ഞിട്ടുണ്ടോ…?

ന്യുനപക്ഷങ്ങൾക്കുള്ള ഫണ്ടിൽ നിന്ന് 80 ശതമാനം മുസ്ലിംകൾക്കും 20 ശതമാനം ക്രിസ്ത്യാനികൾക്കും കൊടുക്കുകയാണ്, ഇനിയും ലീഗിനെ ഭരിക്കാൻ അനുവദിച്ചാൽ എല്ലാം അവർ കൊണ്ട് പോകും എന്ന പ്രചാരണം ക്രസിത്യാനികൾക്കിടയിൽ നടക്കുന്ന കാര്യം അറിയാത്ത ഒരു കോൺഗ്രസ്സുകാരനും ഉണ്ടാവില്ല, പക്ഷെ അവർ മിണ്ടുന്നുണ്ടോ

മന്ത്രി കെ ടി ജലീൽ ഈ വിഷയത്തിൽ എന്താണ് യാഥാർഥ്യം എന്ന് വ്യക്തമാക്കുന്ന ഒരു പോസ്റ്റ് ഇട്ടിരുന്നു. ഏതെങ്കിലും കോൺഗ്രസുകാരൻ അത് പോലെ ഒന്ന് എഴുതിയിട്ടുണ്ടോ..?

Js Adoor ഉൾപ്പടെ കോൺഗ്രസിന്റെ പെട്ടിയിലേക്ക് വോട്ടെത്തിക്കാൻ പാടു പെടുന്നവരോട് പറയാനുള്ളത്
കൂട്ടരേ നിങ്ങൾ ഓട്ടയുള്ള ബക്കറ്റിലാണ് വെള്ളം കോരുന്നത്.

നിങ്ങളുടെ ബക്കറ്റിൽ ദ്വാരമിടുന്ന പണി മാത്രമാണ് ബിജെപി ചെയ്യുന്നത്. അത് മനസ്സിലാക്കി തടയാൻ കഴിഞില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് വടക്കോട്ട് നോക്കിയാൽ മനസ്സിലാകും.

ദേശീയവും പ്രാദേശീകവുമായി നിരവധി ദ്വാരങ്ങളാണ് ബിജെപി ഇട്ടു കൊണ്ടിരിക്കുന്നത്. ആ ഓട്ടയടച്ച ശേഷം രാജ്യത്തിന്റെ ദുസ്തിഥി ചൂണ്ടിക്കാണിച്ച് വികസനത്തിനും സുരക്ഷക്കും വോട്ട് ചോദിക്കാം.

പകരം ബിജെപിയുടെയും CPM ന്റെയും അജണ്ടകൾക്ക് തലവെച്ചു കൊടുത്ത് ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തിൽ മുസ്ലിം മൽസരിക്കുന്നതും മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ ക്രിസ്ത്യാനി മൽസരിക്കുന്നതുമൊക്കെ വൻ വിവാദങ്ങളാക്കി ആകെ മൊത്തം വർഗീയതയിൽ കുളിക്കാനിറങ്ങിയാൽ കോൺഗ്രസ് ബാക്കിയുണ്ടാവില്ല.

ഇന്നലെ യോഗി പറഞ്ഞത് കേട്ടില്ലേ മതേതരത്വമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി..!

അതെ, താമരക്ക് വളരാൻ വേണ്ടത് ചെളിവെള്ളമാണ്. കോൺഗ്രസ് പക്ഷെ തെളിവെള്ളത്തിലേ വളരൂ… വെള്ളം കലക്കുന്നവരെ തടയാൻ ഒരു ശ്രമവും നടത്താതെ അവരുടെ കൂടെ ചെളിവെള്ളത്തിൽ കോൺഗ്രസിനെ വളർത്താൻ ശ്രമിച്ചാൽ ഇന്നലെ തിരുവനന്തപുരത്ത് കണ്ടത് പോലെ രാഹുൽ ഗാന്ധിയുടെ പ്രൊഫയിൽ പിക്ച്ചറിട്ട് സ്തുതി പാടി നടന്നവർ ഇരുട്ടി വെളുക്കും മുമ്പും അമിത്ഷായുടെ ചിത്രം പ്രൊഫയിലാക്കും.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x