Pravasi

ഗര്‍ഭിണിയായ ഭാര്യക്ക് നാട്ടിലേക്കു മടങ്ങാന്‍ സുപ്രീംകോടതിയെ സമീപിച്ച മലയാളി യുവാവ് ദുബായിയില്‍ മരിച്ചു

ദുബായ്: ഗൾഫിൽ നിന്ന് സ്വന്തം മണ്ണിലേയ്ക്ക് പോകാനുള്ള അനുമതി നിഷേധിക്കപ്പെട്ട ഒട്ടേറെ ഗർഭിണികളുടെ പ്രതിനിധിയായി ശ്രദ്ധേയയായ കോഴിക്കോട് സ്വദേശിനി ആതിര ശ്രീധരന്റെ ഭർത്താവ് പേരാമ്പ്ര സ്വദേശി നിഥിൻ ചന്ദ്രൻ(29) ഷാർജയിൽ അന്തരിച്ചു.  പുലർച്ചെ താമസ സ്ഥലത്ത് ഉറക്കമെണീക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഔദ്യോഗിക വിവരം വന്നിട്ടില്ലെങ്കിലും ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന. അദ്ദേഹത്തിന് നേരത്തെ ഹൃദയ സംബന്ധമായ പ്രശ്‌നം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു.

മെയ് 7ന് കോഴിക്കോട്ടേക്ക് പറന്ന ആദ്യ വന്ദേഭാരത് വിമാനത്തിലെ യാത്രക്കാരിയായിരുന്നു ചന്ദ്രന്റെ ഭാര്യ ആതിര ഗീത ശ്രീധരന്‍. ദമ്പതികളുടെ ആദ്യ കുഞ്ഞിന്റെ പ്രസവത്തിന് നാട്ടിലെത്താന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച സംഭവം വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.  പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ആതിരയുടെ യാത്ര നീണ്ടത്. ഗര്‍ഭിണികളായ ഒട്ടേറെ പേരാണ് നാട്ടിലേക്ക് മടങ്ങാനിരുന്നത്. ഇവരുടെയെല്ലാം പ്രതിനിധിയായ ആതിരയുടെ പേരില്‍ ദുബായിലെ ഇന്‍കാസ് യൂത്ത് വിങ്ങാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ദുബയ് പോലിസ് മോര്‍ച്ചറിയിലാണ് ഇപ്പോള്‍ മൃതദേഹമുള്ളത്. കോവിഡ് പരിശോധനയ്ക്കായി സാംപിള്‍ നല്‍കിയിട്ടുണ്ട്. റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് ഇന്‍കാസ് യൂത്ത് വിങ് പ്രസിഡന്റ് ഹൈദര്‍ കോടനാട് അറിയിച്ചു.

ഇന്റര്‍നാഷനല്‍ സിറ്റിയില്‍ താമസിച്ചിരുന്ന ചന്ദ്രന്‍ കഴിഞ്ഞയാഴ്ച്ചയാണ് ബാച്ചിലര്‍ മുറിയിലേക്ക് മാറിയത്. രണ്ട് പേരാണ് മുറിയില്‍ ചന്ദ്രനോടൊപ്പമുണ്ടായിരുന്നത്. രാവിലെ ഓഫിസില്‍ പോവാനായി വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. ഇതേ തുടര്‍ന്ന് വൈദ്യസഹായം തേടുകയായിരുന്നു. രാത്രിയില്‍ തന്നെ ഉറക്കത്തില്‍ മരിച്ചതായാണ് മനസ്സിലാക്കുന്നത്. ജൂണ്‍ 2ന് ആണ് ചന്ദ്രന്റെ 29ാം ജന്മദിനം തങ്ങള്‍ ആഘോഷിച്ചതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

Advertisement

നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന തനിക്ക് കോവിഡ് പിടിപെടാന്‍ സാധ്യത കൂടുതലായത് കൊണ്ടാണ് ചന്ദ്രന്‍ ഭാര്യയെ നാട്ടിലെത്തിക്കുന്നതിന് സുപ്രിം കോടതിയെ സമീപിച്ചത്. ചന്ദ്രനും വന്ദേഭാരത് വിമാനത്തില്‍ പറക്കാന്‍ അനുമതി ലഭിക്കുമായിരുന്നെങ്കിലും അര്‍ഹമായ മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടരുതെന്ന് കരുതി മാറിനില്‍ക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പ്രസവിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ആതിരയെ നാട്ടില്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.

ദുബായിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയിരുന്നു നിഥിന്‍. സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. എമര്‍ജന്‍സി ടീം ഇന്റര്‍നാഷണല്‍ എന്ന വോളണ്ടിയര്‍ ഗ്രൂപ്പിന്റെ നെടുന്തൂണായിരുന്നു ഈ യുവാവ്. കോവിഡ് മഹാമാരിക്കിടെ മിഷന്‍ രക്ത വാഹിനി എന്ന പേരില്‍ മൊബൈല്‍ ബ്ലഡ് ഡൊണേഷന്‍ സംഘടിപ്പിച്ചിരുന്നു.

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x