Middle EastOpinion

വിദേശ രാജ്യങ്ങളിലും മലയാളികൾ മറക്കാതെ കൊണ്ട് നടക്കുന്ന അയിത്തം

അനിൽ മാത്യു

എട്ട് മണിക്കൂർ ജോലിയും ആഴ്ചയിൽ രണ്ട് ദിവസം ലീവും ഉയർന്ന ശമ്പളവും ഒരുപാട് ആനുകൂല്യങ്ങളും ഉള്ള കുറെയധികം മലയാളികൾ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നുണ്ട്.

ഒരു ദിവസം പോലും ലീവ് ഇല്ലാതെ, 12 മുതൽ 16 മണിക്കൂർ വരെ വെയിലും തണുപ്പും കൊണ്ട്, കുറഞ്ഞ ശമ്പളത്തിൽ മറ്റൊരു ആനുകൂല്യങ്ങളും ഇല്ലാതെ ജോലി ചെയ്യുന്നവരും ഉണ്ട്.

രണ്ടാമത് പറഞ്ഞവരാണ് ഏറ്റവും കൂടുതൽ. ആ കാറ്റഗറിയിലാണ് ഞാനും.

രണ്ടും മൂന്നും വർഷം ജോലി ചെയ്യുമ്പോൾ ഔദാര്യം പോലെ കിട്ടുന്ന അമ്പതോ അറുപതോ ദിവസത്തെ ലീവ് കൊണ്ട് നാട്ടിൽ വരും.

സന്തോഷങ്ങളും സങ്കടങ്ങളും പങ്ക് വച്ച് ദിവസങ്ങൾ പോകുന്നത് അറിയില്ല

തിരിച്ചു യാത്ര പറയുമ്പോൾ ഉള്ളിലൊരു കാളലാണ്.

ഒരിരമ്പലോടെ വിമാനം കുതിച്ചുയരുമ്പോൾ കണ്ണ് നിറഞ്ഞിരിക്കും.

ആർക്കും ഒരപകടമോ, അസുഖങ്ങളോ വരുത്തരുതേ എന്നൊരു പ്രാർത്ഥനയിൽ കണ്ണടച്ച് സീറ്റിൽ ഇരിക്കും? എന്തിന്? ഒരു പ്രാവശ്യം വന്ന് പോയാൽ എമർജൻസിയ്ക്ക് പോലും പത്ത് ദിവസത്തേക്ക് ലീവ് കിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ട്.

ആദ്യം പറഞ്ഞ വൈറ്റ് കോളർ ജോലിക്കാർക്ക് ഇതൊന്നും പ്രശ്‌നം അല്ല. എപ്പോൾ വേണമെങ്കിലും നാട്ടിൽ പോകാം, ഫാമിലിയെ കൊണ്ട് വരാം, മാസങ്ങളോളം കൂടെ താമസിപ്പിക്കാം.. ഒരു ടെൻഷനും ഇല്ലാത്ത സ്വർഗ്ഗ ജീവിതം

ഇത്രയും പറഞ്ഞത് വേറൊന്നും കൊണ്ടല്ല..

പണത്തിന്റെയും സുഖ സൗകര്യങ്ങളുടെയും ഏറ്റവും കൂടുതൽ അഹങ്കാരം കാണിക്കുന്നത് മലയാളികൾ തന്നെയാണ്.

ഒരാഴ്ച മുമ്പ്, ചൂട് അതിന്റ ഏറ്റവും കഠിനമായ അവസ്ഥയിൽ നിൽക്കുന്ന ദിവസം. രാവിലെ മുതൽ ചൂടത്ത് ജോലി ചെയ്ത് വെയില് താഴ്ന്നപ്പോൾ ഹ്യൂമഡിറ്റി തുടങ്ങി.

ഏകദേശം വൈകുന്നേരം ഏഴ് മണിയായിക്കാണും. വിയർത്തൊലിച്ച് കണ്ണിലേക്ക് ഊർന്നിറങ്ങുന്ന വിയർപ്പിനെ തുടച്ച് മാറ്റി നീറുന്ന കണ്ണുകളെ വെള്ളമൊഴിച്ച് കഴുകി ഇരിക്കുമ്പോഴാണ് ഞാൻ ജോലി ചെയ്യുന്ന പെട്രോൾ പമ്പിലേക്ക് ഒരു വണ്ടി വന്നത്.

എഴുന്നേറ്റ് ചെന്നപ്പോൾ ഗ്ലാസ്‌ പോലും തുറക്കാതെ അകത്ത് നിന്ന് ഫുള്ള് അടിക്കാൻ ആംഗ്യം കാണിച്ചു.

ഞാൻ നോസിൽ വച്ചിട്ട് വണ്ടിയിലേക്ക് ശ്രദ്ധിച്ചു. ഫ്രണ്ട് സീറ്റിൽ ആളുടെ ഭാര്യയും പിൻ സീറ്റിൽ ആറോ എഴോ വയസ്സ് തോന്നിക്കുന്ന ഒരു കൊച്ച് പയ്യനും ഉണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ അവർ മലയാളികൾ ആണെന്ന് എനിക്ക് മനസ്സിലായി.

അവരെന്തൊക്കെയോ പറഞ്ഞു പരസ്പരം ചിരിച്ചു കളിച്ചു കൊണ്ട് വണ്ടിയിൽ ഇരുന്നു.

അപ്പോഴേക്കും പിറകിൽ ഒരു അറബിയുടെ വണ്ടി വന്നു. ഞാൻ അവിടേക്ക് പോയി. അദ്ദേഹം മാന്യമായ രീതിയിൽ ഗ്ലാസ്സ് തുറന്ന് അമ്പത് റിയാലിന് അടിക്കാൻ പറഞ്ഞു. ഞാൻ ക്യാപ് തുറന്ന് നോസിൽ വച്ചിട്ട് തിരിഞ്ഞപ്പോൾ ആദ്യം വച്ച വണ്ടിയുടെ ക്യാപ്പിൽ നിന്ന് ചെറുതായി പെട്രോൾ പുറത്തേക്ക് തള്ളുന്നു.

ഞാൻ പെട്ടന്ന് ഓടി ചെന്ന് നോസിൽ ഓഫ്‌ ആക്കിയപ്പോഴേക്കും ആള് പുറത്തിറങ്ങി.

ദേഷ്യത്തോടെ എന്റെ മുഖത്തേക്ക് നോക്കിയിട്ട് എന്തായിത് എന്ന് ചോദിച്ചു. അതും ഇംഗ്ലീഷിൽ.

ചേട്ടൻ മലയാളിയല്ലേ? ഞാൻ ചോദിച്ചു.

ആ, അതിന്? അയാളുടെ സ്വരം വീണ്ടും ഉയർന്നു.

ഒന്നുമില്ല ചേട്ടാ, ഇപ്പൊ ചൂട് സമയം അല്ലേ? ടാങ്കിനുള്ളിൽ നിന്ന് പ്രഷർ ഉണ്ടായിട്ട് ടാങ്ക് ഫുള്ള് ആവുമ്പോ പുറത്തേക്ക് തള്ളുന്നതാണ്. എന്റെ കുറ്റം ഒന്നുമല്ല.

അപ്പൊ എന്റെ വണ്ടിയുടെ കുഴപ്പമാണോ?

എല്ലാ വണ്ടിയിലും ഇങ്ങനെ സംഭവിക്കില്ല ചേട്ടാ.. ചില വണ്ടിയ്ക്ക് മാത്രം ആണ് ഇങ്ങനെ സംഭവിക്കുന്നത്.

ഇത് നിങ്ങളുടെ മിഷ്യന്റെ കുഴപ്പമാണ്. പെട്രോൾ മുഴുവനും താഴെ പോയി. ഞാൻ പൈസ തരില്ല. അയാൾ കിടന്ന് അലറാൻ തുടങ്ങി.

ഞാൻ മെഷിനിലേക്ക് നോക്കി, 72 റിയാൽ 90 ഹലാല ആയി.

ചേട്ടാ, നൂറ് മില്ലി പോലും വെളിയിൽ പോയിട്ടില്ല. ബാക്കി നിങ്ങളുടെ വണ്ടിയിൽ കയറിയിട്ടുണ്ടല്ലോ. ഒരു കാര്യം ചെയ്യ് എനിക്ക് എഴുപത് റിയാൽ തന്നാൽ മതി.

അഞ്ച് പൈസ ഞാൻ തരില്ല, നിന്റെ കഫീലിനെ വിളിക്ക് എന്ന് പറഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ പിടിച്ച് ഇയാൾ തള്ളി.

എന്റെ കൈ തരിച്ചു,.. ഒരുപാട് ഉത്തരവാദിത്വങ്ങൾ മുന്നിൽ കിടക്കുന്നത് കൊണ്ട് ചുരുട്ടിയ മുഷ്ടി ഞാൻ മെല്ലെ അയച്ചു.

ദേഷ്യത്തെ മാറ്റി നിർത്തി പുഞ്ചിരിയോടെ ഞാൻ വീണ്ടും അയാളോട് ചോദിച്ചു.. ചേട്ടാ ഇതൊരു നിസ്സാര പ്രശ്നം അല്ലേ? ഇത്ര ഇഷ്യൂ ആക്കാൻ ഉണ്ടോ?

പിന്നെയും അയാൾ അടങ്ങുന്ന ഭാവമില്ല. ഞാൻ പോലീസിനെ വിളിക്കും.

അത്രയും ആയപ്പോഴേക്കും എനിക്കും വാശിയായി. എന്നാ ഞാൻ വിളിക്കാം എന്ന് പറഞ്ഞ് ഞാൻ ഫോണെടുത്തു.

ഇതെല്ലാം കണ്ട് കൊണ്ട് പിറകിൽ കിടന്നിരുന്ന വണ്ടിയിൽ നിന്ന് അറബി മെല്ലെ ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു.

എന്താ പ്രശ്നം എന്ന് അയാൾ ചോദിച്ചു.. ഞാൻ കാര്യം പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞ അറബി അയാളോട് കാര്യങ്ങൾ ചോദിച്ചു. നിങ്ങൾ ഒരു നാട്ടുകാരല്ലേ? ക്ഷമിച്ചൂടെ, പൈസ കൊടുത്തിട്ട് പൊയ്ക്കൂടേ?

എന്നിട്ടും അയാൾ സംസാരത്തിന്റെ ടോൺ മാറ്റുന്നില്ല. പോലീസ് വന്നിട്ടേ അടങ്ങൂ എന്ന രീതിയിൽ തന്നെ ഉറച്ച് നിന്നു.

പെട്ടന്ന് അറബിയുടെ ഭാവം മാറി..അടിച്ച പെട്രോളിന്റെ കാശ് കൊടുത്തിട്ട് കേറട വണ്ടിയിൽ എന്ന് അലറി.

ഇത് കണ്ട് കൊണ്ടിരുന്ന ആ മലയാളിയുടെ ഭാര്യ വണ്ടിയിൽ നിന്നിറങ്ങി.. പേടിച്ച ഒരു ഭാവം ആയിരുന്നു അവരുടെ മുഖത്ത്.

അജി, പൈസ കൊടുത്തിട്ട് വാ.. എന്തിനാ പ്രശ്നം ഉണ്ടാക്കുന്നതെന്ന് ചോദിച്ചു.

അപ്പൊ അയാൾ എന്നെയും അറബിയേയും മാറി മാറി നോക്കി. എന്നിട്ട് വണ്ടിക്കുള്ളിൽ കയറി കാർഡ് എടുത്ത് നീട്ടി.

ഞാൻ കാർഡ് സ്വൈപ് ചെയ്ത് തിരിച്ചു കയ്യിൽ കൊടുത്തതും ഭയങ്കര ദേഷ്യത്തോടെ അയാൾ സ്പീഡിൽ വണ്ടിയെടുത്തു കൊണ്ട് പോയി.

അടുത്ത് നിന്ന അറബി എന്റെ തോളിൽ തട്ടി അശ്വസിപ്പിച്ചു.

അത് ഭ്രാന്തനാണ്.. പോട്ടെ സാരമില്ല.

ഞാൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു..13 വർഷമായി ഞാൻ ഈ ജോലി ചെയ്യുന്നു..തെറ്റ് കണ്ടാൽ നിങ്ങൾ അറബികൾ എന്തെങ്കിലും ഒക്കെ പറയും.. പക്ഷെ അതൊന്നും ഇത്രയും വിഷമിപ്പിച്ചിട്ടില്ല.. പ്രത്യേകിച്ചും ഒരു മലയാളിയിൽ നിന്നാവുമ്പോ..

അപ്പൊ അയാൾ വിരൽ നീട്ടിയിട്ട് പറഞ്ഞു, ദേ ഈ അഞ്ച് വിരലും ഒരുപോലെ ആണോ?

അല്ല

ആ അങ്ങനെ കരുതിയാൽ മതി.

പുള്ളിയുടെ വണ്ടിയിൽ വെച്ച നോസിൽ എടുത്തിട്ട് അയാൾ പറഞ്ഞ അമ്പത് റിയാൽ വാങ്ങി തിരിച്ചു നന്ദി പറഞ്ഞു നടക്കുമ്പോൾ വീണ്ടും വിളിച്ച് പത്ത് റിയാൽ കയ്യിൽ വച്ച് തന്നിട്ട് പറഞ്ഞു.. ഇത് നിനക്ക്.

കല്ലീ വല്ലി, നീ വിഷമിക്കണ്ട…മാ സലാമ പറഞ്ഞ് അയാൾ പോയിട്ടും എനിക്ക് ആ സംഭവം മറക്കാൻ കഴിഞ്ഞില്ല.

ഒരാഴ്ച കഴിഞ്ഞിട്ടും വീണ്ടും വീണ്ടും തികട്ടി വരുന്ന ആ ഓർമ്മകളിലെ വില്ലൻ ഒരു മലയാളി ആണെന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്നത്.

ലോകം എത്ര വളർന്നാലും ഉള്ളവന് ഇല്ലാത്തവനെയും, പണക്കാരന് പാവപ്പെട്ടവനെയും വെളുത്തവന് കറുത്തവനെയും കാണുമ്പോൾ ഉള്ള അയിത്തം,

ഒറ്റ വാക്കിൽ പറഞ്ഞാൽ അഹങ്കാരം… അത് മാറില്ല.

4 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
അമീൻ
1 year ago

നല്ലെഴുത് ..അനുഭവം ആയതുകൊണ്ടാവാം ..!!!

Back to top button
1
0
Would love your thoughts, please comment.x
()
x