തങ്ങൾ തൊഴിലാളികളാണെന്ന ബോധ്യമില്ലാത്തവരാണ് മാധ്യമപ്രവർത്തകരിൽ ഏറെയുമെന്നതാണ് വാസ്തവം. ജനാധിപത്യത്തിൻ്റെ നാലാം തൂണായി കണക്കാക്കപ്പെടുന്ന മാധ്യമങ്ങളിൽ തൊഴിലെടുക്കുന്നവരുടെ സുരക്ഷയ്ക്കായി നെഹ്റു സർക്കാർ നടപ്പാക്കിയതാണ് ‘വർക്കിങ് ജേണലിസ്റ്റ് ആക്ട്’. നിയമം വരുമ്പോൾ പത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ.
90കളിൽ ദൃശ്യമാധ്യമങ്ങളും സമീപകാലത്ത് ഡിജിറ്റൽ മാധ്യമങ്ങളും സജീവമായതോടെ ഈ നിയമത്തിനു കീഴിൽ സ്വാഭാവികമായും അവിടങ്ങളിലെ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തേണ്ടതായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകൾ പലവട്ടം ഇക്കാര്യം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പാർലമെൻ്റംഗങ്ങളായിരിക്കേ കെ.വി.തോമസ്, കെ.എൻ.ബാലഗോപാൽ എന്നിവരും പിന്നീട് എൻ.കെ.പ്രേമചന്ദ്രനും ഇക്കാര്യം സഭയിൽ ഉന്നയിക്കുകയുണ്ടായി. തൊഴിലാളി സംഘടനകൾ അവരുടെ അവകാശപത്രികയിലും ഉൾപ്പെടുത്തി. പക്ഷെ, രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലയിപ്പിച്ചു കേന്ദ്രസർക്കാർ കൊണ്ടുവന്ന Occupational safety, health and working condition code എന്ന തൊഴിൽ കോഡിൽ വർക്കിങ്ങ് ജേണലിസ്റ്റ് ആക്ടും ന്യൂസ് പേപ്പർ ജീവനക്കാരുടെ നിയമവും ലയിപ്പിച്ചു കഴിഞ്ഞു. ഈ കോഡ് ചൊവ്വാഴ്ച ലോക്സഭ പാസ്സാക്കി.
എന്നാൽ ദൃശ്യ-ഡിജിറ്റൽ മാധ്യമങ്ങളെ വർക്കിങ് ജേണലിസ്റ്റ് നിർവചനത്തിൽ ഉൾപ്പെടുത്തി.(നിലവിൽ ഷോപ്സ് ആൻ്റ് എസ്റ്റാബ്ളിഷ്മെൻ്റ് ആക്ടിനു കീഴിലാണ് ദൃശ്യമാധ്യമങ്ങൾ) – പക്ഷെ, അതുകൊണ്ടു തൊഴിൽ സുരക്ഷ ലഭിക്കണമെന്നില്ല. പഴയതു പോലെ തൊഴിൽ തർക്ക പരിഹാരങ്ങളിൽ സർക്കാർ, മാനേജ്മെൻറ്, മാധ്യമപ്രവർത്തകർ ചേർന്ന ത്രികക്ഷി സംവിധാനമില്ല. വർക്കിങ് ജേണലിസ്റ്റ് ആക്ട് ഉറപ്പ് നൽകിയിരുന്ന വേജ് ബോർഡ് ഉണ്ടായിക്കൊള്ളണമെന്നില്ല.
സ്ഥിരംതൊഴിൽ സ്വഭാവം മാറി വ്യാപകമായ കരാർവൽക്കരണത്തിനു വഴി തെളിയും (ഇപ്പോഴും അതു യാഥാർഥ്യമാണെങ്കിലും). തൊഴിൽ അരക്ഷിതാവസ്ഥ വർധിക്കും. മാനേജ്മെൻറ് താൽപര്യങ്ങളിലേയ്ക്കു മാത്രമായി മാധ്യമപ്രവർത്തകരുടെ തൊഴിൽ സ്വാതന്ത്ര്യം ചുരുങ്ങും. സ്വന്തം അവകാശങ്ങൾക്കായി സംഘടിക്കാൻ ഇനി മാധ്യമപ്രവർത്തകർക്കു സാധിക്കുമോയെന്നു കണ്ടറിയണം.
ഭരണകക്ഷിയിലെ ബി.എം.എസ് പോലും എതിർത്തതാണ് ഈ തൊഴിൽ കോഡെന്ന് ഓർക്കണം. അത്രയും അപകടകരമായ തൊഴിലന്തരീക്ഷത്തിലേയ്ക്കു നീങ്ങുകയാണ് കാര്യങ്ങൾ. എന്നിട്ടും തൊഴിൽ കോഡിനെക്കുറിച്ച് ഒന്നാശങ്കപ്പെടാൻ പോലും മാധ്യമപ്രവർത്തകർക്കു കഴിയുന്നില്ല എന്നതാണ് ദു:ഖകരം.
ലോക്സഭ പാസാക്കിയ ബില്ലുകൾ ഇനി രാജ്യസഭയും കടക്കും. നിയമം വൈകാതെ നടപ്പാക്കി തുടങ്ങും. കാൽചുവട്ടിലെ മണ്ണിളകിയത് ഇനിയെങ്കിലും മാധ്യമപ്രവർത്തകർ തിരിച്ചറിഞ്ഞില്ലെങ്കിൽ ഒരഗാധഗർത്തം നമ്മെ കാത്തിരിക്കുന്നു. നാം കൈകോർത്തു പിടിച്ചു നടക്കേണ്ടതു തന്നെയാണ് ഈ കാലം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS