Art & Literature

കൗൺസിലിംഗ് മേശയിൽ വിരിഞ്ഞ പാട്ടുകൾ | എസ് എ ജമീൽ

ഓർമ/ഷബീർ രാരങ്ങോത്ത്

എസ് എ ജമീൽ ഓർമയായിട്ട് പത്തു വർഷം

…കിട്ടിയതൊക്കെ നിരത്തി മുന്നിൽ വെച്ച്
തട്ടിക്കൂട്ടിക്കിഴിച്ചാ സംഖ്യ നോക്കുമ്പോൾ
അറിവിന്നാകത്തുക അറിയായ്മയാണെന്ന
മുറിവേറ്റ അറിവിന്റെ അകിരാമ നൊമ്പരം…

(ബാലൻസ് ഷീറ്റ്)

എസ് എ ജമീൽ എന്ന് പ്രതിഭാസം ഒർമയായിട്ട് 10 വർഷം തികഞ്ഞിരിക്കുന്നു. ആരാണ്‌ എസ് എ ജമീൽ എന്ന ചോദ്യത്തിന്‌ ഒരു മാപ്പിളപ്പാട്ടുകാരൻ എന്ന മറുപടിയിൽ പലരുമൊതുങ്ങിയേക്കും.

എന്നാൽ അതിനുമപ്പുറം ജീവിത യാഥാർഥ്യങ്ങളെ തന്റെ പേനത്തലപ്പിലൂടെ കടലാസിലേക്കും അവയിൽ മിക്കതും കണ്ഠത്തിലൂടെ ശ്രോതാക്കളിലേക്കും പായിച്ച അസാമാന്യ പ്രതിഭയാണദ്ദേഹം എന്നു പറയേണ്ടി വരും.

Advertisement

കേവലമായി ഒരു മാപ്പിളപ്പാട്ടുകാരൻ എന്നു വെറുതെ പറഞ്ഞു പോയാൽ മതിയാവില്ല അദ്ദേഹത്തെക്കുറിച്ച്. ഒരു ഗായകൻ എന്നതിലുപരിയായി എഴുത്തായിരുന്നു അദ്ദേഹത്തിന്റെ മേഖല.

പലരും പറയാൻ അറച്ചതും മടിച്ചതും അദ്ദേഹത്തിന്റെ പേനത്തലപ്പിലൂടെ ഊർന്നു വീണുകൊണ്ടേയിരുന്നു. അവയിൽ ഏറെ പ്രശസ്തമായ ഒന്നാണ്‌ കത്തു പാട്ട്.

തന്റെ ജീവിത യാത്രകൾക്കിടയിൽ അദ്ദേഹം മനശ്ശാസ്ത്രവും ഹിപ്നോട്ടിസവും പഠിച്ചിരുന്നു. കൗൺസിലിംഗിനായി അദ്ദേഹത്തിന്റെ അടുത്ത് വന്നെത്തിയ പലരും പങ്കു വെച്ച വിഷമങ്ങൾ അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു കൂമ്പാരമായി കിടപ്പുണ്ടായിരുന്നു.

1977 ൽ ദുബായ് സന്ദർശനത്തിനായി ജമീൽ ക്ഷണിക്കപ്പെട്ടു. പ്രവാസികളോടായി പുതുമയുള്ള എന്തെങ്കിലും പാട്ടിലൂടെ സംവദിക്കണം എന്ന ഒരു നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെയാണ്‌ ആദ്യത്തെ കത്തുപാട്ടെഴുതുന്നത്.

തന്റെ കൗൺസിലിംഗ് ടേബിളിന്റെ എതിർവശത്തു വന്നു നിന്നവർ പറഞ്ഞു വെച്ച അനുഭവ യാഥാർഥ്യങ്ങൾ മാത്രം മതിയായിരുന്നു അദ്ദേഹത്തിന്‌ ആ കത്ത് മുഴുവനാക്കാൻ.

ദുബായിലെ വേദിയിൽ കയറി അദ്ദേഹം ഇങ്ങനെ പറഞ്ഞു. ‘പ്രിയരെ ഞാൻ നാട്ടിൽ നിന്നു വരികയാണ്‌. നിങ്ങൾക്ക് തരാൻ നിങ്ങളുടെ ഭാര്യമാർ ഒരു കത്തേല്പിച്ചിട്ടുണ്ട്. ഞാൻ ഒരു പോസ്റ്റുമാൻ മാത്രമാണ്‌. ’

തുടർന്ന് അദ്ദേഹം പാടിത്തുടങ്ങി,

എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ
ഭർത്താവ് വായിക്കുവാൻ
സ്വന്തം ഭാര്യ
എഴുതുന്നതെന്തെന്നാലേറെ
പിരിശത്താല്‍
ചൊല്ലീടുന്നു അസ്സലാം

ആ കത്തിലെ പിന്നീടുള്ള വരികൾ പ്രവാസികളുടെ ഉള്ളു വിങ്ങിപ്പൊട്ടിക്കാൻ പാകത്തിനുള്ളതായിരുന്നു.

‘അന്നു നാം മധുരം നുകർന്നൊരീ മണിയറ
ഇന്നു ഞാൻ പാർക്കും തടങ്കൽ തടവറ
മണവാട്ടിയായ് വന്നു കയറിയൊരീ പുര
മനമോഹങ്ങൾ കൊന്നു കുഴിച്ചിട്ട കല്ലറ’

എന്ന വരിയും,

‘മധുരം നിറച്ചൊരെൻ മാംസപ്പൂവൻ പഴം
മറ്റാർക്കും തിന്നാൻ കൊടുക്കൂലൊരിക്കലും
മരിക്കോളം ഈ നിധി കാക്കും ഞാൻ എങ്കിലും
മലക്കല്ല ഞാൻ പെണ്ണെന്നോർക്കേണം നിങ്ങളും’


എന്ന വരികളുമെല്ലാം പ്രവാസിയുടെ ചങ്കു തകർക്കാൻ പോന്ന മൂർച്ചയുള്ളതായിരുന്നു.

ആ ഗാനത്തിന്റെ ഉപസംഹാരമെന്നോണം ജമീൽ സാഹിബ് എഴുതിയ വരികൾ യഥാർഥത്തിൽ അന്നത്തെ പ്രവാസികളുടെ ഭാര്യമാരുടെ ഉള്ളിൽ ഉയിർക്കൊണ്ടിരുന്ന വാക്കുകൾ തന്നെയായിരുന്നു.

‘ഞാനൊന്ന് ചോദിക്കുന്നു
ഈ കോലത്തിന്‌ എന്തിനു സമ്പാദിക്കുന്നു
ഒന്നുമില്ലെങ്കിലും തമ്മിൽ കണ്ടുകൊണ്ട്

നമ്മൾ രണ്ടുമൊരു
പാത്രത്തിൽ ഉണ്ണാമല്ലോ
ഒരു പായ് വിരിച്ചൊന്നിച്ചുറങ്ങമാല്ലോ’


ഇതുകൂടിയായപ്പോൾ തിളച്ച എണ്ണയിൽ വീണ കണക്കായി പ്രവാസി ഭർത്താക്കന്മാർ.

ഈ ഗാനം പ്രവാസികൾക്കിടയിൽ ഒരഗ്നി കണക്ക് പടർന്നു. നെഞ്ചിലെ നീറ്റൽ അടക്കാൻ കഴിയാത്ത ചിലരെങ്കിലും പ്രവാസത്തിന്‌ തിരശീലയിട്ട് മടങ്ങി. ചിലരാകട്ടെ ജീവിത വ്യാപാരത്തിൽ മറ്റു നിവൃത്തിയില്ലെന്നതിനാൽ നീറ്റലോടെ തുടർന്നു.

പിന്നീടാണ്‌ പ്രവാസി ഭർത്താക്കന്മാരുടെ കത്ത് എസ് എ ജമീൽ എഴുതുന്നത്. നോവിൽ കുതിർന്ന ആ കത്തും ഹിറ്റായി മാറി. ഉപ്പയുടെ ഹാർമോണിയത്തിൽ ജൽതെ ഹെ ജിസ് കെ ലിയെ എന്ന ഗാനം ആലപിച്ചാണ്‌ എസ് എ ജമീലിന്റെ തുടക്കം.

വീടിനകത്തുള്ള ഹാർമോണിയം വായനയെ സ്റ്റേജിനു പിന്നിലേക്കെത്തിച്ചത് നിലമ്പൂർ യുവജന വേദി പ്രവർത്തകരായിരുന്ന ഇ കെ അയമുവും ഡോ. എം ഉസ്മാനുമായിരുന്നു.

ജ്ജ് നല്ലൊരു മന്‌സനാവാൻ നോക്ക് പോലുള്ള നാടകങ്ങൾക് എസ് എ ജമീൽ പിന്നണിയിലെത്തി. ഒടുവിൽ പാട്ടുകാരനെ കാണാനുള്ള സദസ്യരുടെ നിർബന്ധത്തെത്തുടർന്നാണ്‌ ജമീൽ സ്റ്റേജിൽ പ്രത്യക്ഷപ്പെടുന്നത്.

വർഷങ്ങൾക്കിപ്പുറം യുവജനവേദിയുമായകന്ന് സ്വന്തമായി നാടകവുമായി അദ്ദേഹം ബോംബെക്ക് വണ്ടി കയറി. എം ഉസ്മാൻ ഡോക്ടറുടെ ദുനിയാവിൽ ഞാൻ ഒറ്റക്കാണ്‌ എന്നതായിരുന്നു ആ നാടകം.

നിരവധി സ്റ്റേജുകളിൽ നാടകം കളിച്ചു. ജമീലിന്റെ പാട്ട് സദസ്യർ ഏറ്റെടുത്തു. നാടകക്കമ്പനി നാട്ടിലേക്ക് മടങ്ങിയപ്പോഴും പാട്ടു പാടാനായി ജമീൽ ബോംബെയിൽ തന്നെ നിന്നു. പിന്നീട് അവസരങ്ങൾ ലഭിക്കാതെ നാട്ടിലേക്ക് തിരികെ പോരുകയായിരുന്നു.

പിന്നീടാണ്‌ മനശാസ്ത്രം പഠിക്കുന്നതും പ്രാക്ടീസ് ചെയ്യുന്നതുമെല്ലാം. ജമീലിന്റെ കൗൺസിലിംഗ് ടേബിളിൽ വന്ന അനുഭവങ്ങളിൽ പലതും പാട്ടായി മാറി. അനുഭവങ്ങളിൽ നിന്നാറ്റിക്കുറുക്കിയവ അദ്ദേഹത്തിന്റെ പേനകളിലൂടെയുതിർന്നു വീണു കൊണ്ടേയിരുന്നു.

ഒരു പക്ഷത്തിരുന്നെഴുതുമ്പോൾ ആ പക്ഷത്തിന്റെ ഉള്ളു തുറന്ന് പച്ചക്ക് പറയുക എന്നതായിരുന്നു ജമീലിന്റെ രീതി. ആളുകളെ ഭയന്ന് തന്റെ ശൈലി മാറ്റാനോ പറയാനുള്ളത് പറയാനോ അദ്ദേഹം മടിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ കടന്നു പോകുന്നവർക്ക് അത് ബോധ്യമാകും.

ഏറെ പ്രശസ്തമായ അന്നെനിക്കെന്റെ കണ്ണിൽ എന്ന ഗാനം പരിശോധിച്ചു നോക്കൂ, ഇത് വ്യക്തമാകും. ദാമ്പത്യ ജീവിതം വർഷങ്ങൾ പിന്നിട്ട് തന്റെ മറുപാതിയോടുള്ള കൗതുകം പിന്നിട്ടു പോയ ഭർത്താവിന്റെ ഉള്ളാണ്‌ ഈ ഗാനത്തിൽ ജമീൽ വരച്ചു കാണിക്കുന്നത്.

പച്ചയായ ഒരു അനാവരണമാണ്‌ അദ്ദേഹം നടത്തുന്നത്,

‘അന്നെനിക്കെന്റെ കണ്ണിൽ
എന്റെ ഭാര്യ മാത്രമാണ്‌
ലോകത്തിൽ വെച്ചേറ്റം വലിയ സുന്ദരി
ഇന്നെനിക്കെന്റെ കണ്ണിൽ എന്റെ ഭാര്യയൊഴിച്ചു
മറ്റോരോ പെണ്ണും എനിക്കു സുന്ദരി’


എന്നു പറഞ്ഞു തുടങ്ങുന്ന ആ ഗാനം പിന്നീട് അത്തരമൊരു മാനസികാവസ്ഥയിൽ ജീവിക്കുന്ന ഭർത്താവിന്റെ മനോമുകുരങ്ങളിൽ എന്തെല്ലാം ഉണ്ടാകാമോ അവയെല്ലാം വിവരിക്കുകയാണ്‌ ചെയ്യുന്നത്.

അത് അദ്ദേഹം പറയുന്നതു തന്നെ ‘പറയാൻ പേടിക്കും പാവം പുരുഷന്റെ രഹസ്യമോഹ ചിന്തകൾ തൻ ചിത്രമിതാ ഇത്തിരി’ എന്നു പറഞ്ഞു കൊണ്ടാണ്‌.

താൻ പണ്ടു മനോഹരമായി കണ്ടിരുന്നവയോരോന്നും ഇന്നെങ്ങനെയാണ്‌ പുരുഷൻ നോക്കിക്കാണുന്നതെന്നതിന്റെ നേർച്ചിത്രം തന്നെയാണ്‌ എസ് എ ജമീൽ ഈ ഗാനത്തിലൂടെ വിവരിക്കുന്നത്.


‘അന്നാരും കൊത്തിക്കും മേനിയഴകിന്നൊരു
സുന്ദര സുകുമാര കലാ രൂപ ശില്പ താരകം
ഇന്നാരുമാരും തിരിഞ്ഞൊന്നു നോക്കുകില്ല
ഇന്നവളൊരു സഞ്ചരിക്കും പുരാവസ്തു സ്മാരകം’


എന്നു പറയുന്ന ഭർത്താവ് തന്റെ ഇത്തരമൊരു ജീവിതം തുടർന്നു പോകാനായി പറയുന്ന കാരണമാകട്ടെ,

‘ ഇഷ്ടക്കിടാങ്ങൾക്കു വേണ്ടി
ഈ കട കട ലൊക്കട വണ്ടി
ഒടുക്കം വരെ ഉന്താനാണു യോഗം’
എന്നാണ്‌.

പുരുഷ മനസിനെ ഇങ്ങനെ അനാവൃതമാക്കി നിർത്തുക മാത്രമല്ല ജമീൽ സാഹിബ് ചെയ്തത്. ഇപ്പറഞ്ഞതിനോടുള്ള ഭാര്യയുടെ പ്രതികരണം എങ്ങനെയാകുമെന്ന് അവതരിപ്പിക്കുക കൂടി ചെയ്യുകയുണ്ടായി. അതാണ്,

‘ മുമ്പു ഞാനെന്റെ മക്കളെ തന്തക്ക്
മധുരപ്പനം ചക്കര
മൂന്നെണ്ണത്തിന്റെ തള്ള ഞാനിന്ന്
ഉണങ്ങിക്കടിച്ച കൊപ്പര’ എന്ന ഗാനം.

ഭർത്താവിന്റെ മാറ്റം എങ്ങനെയൊക്കെയായിരുന്നുവെന്ന് പെണ്ണു പറയുന്നത് കൃത്യമായി വസ്തു നിഷ്ഠമായി അദ്ദേഹം വിവരിക്കുന്നുണ്ട് ഈ ഗാനത്തിലൂടെ.

അദ്ദേഹത്തിന്റെ രചനകൾ ജീവിത ഗന്ധിയാകുന്നത് അവയെല്ലാം പല ജീവിതങ്ങളുടെയും നേർക്കാഴ്ചയാണ്‌ എന്നതുകൊണ്ടു തന്നെയാണ്‌.

കാല്പനിക ഭാവങ്ങൾ ചാലിച്ച് വളരെ മനോഹരമായി അവതരിപ്പിക്കപ്പെടുന്ന ഒന്നാണ്‌ പ്രണയമെന്നത്. അവയെക്കുരിച്ച് കവികൾ എഴുതിവെച്ചത് കണ്ടെന്നാൽ തന്നെ ഉള്ളം കിളിർക്കും.

എന്നാൽ അവയുടെ യാഥാർഥ്യ പരിസരത്തെ തനി നാടൻ ശൈലിയിൽ എസ് എ ജമീൽ വിവരിച്ചിട്ടുണ്ട്,

‘കയ്ച്ചിട്ട് ഇറക്കാനും വയ്യ
മധുരിച്ചിട്ടൊട്ട് തുപ്പാനും വയ്യ
പണ്ടേ പലരും പഴമൊഴി പലതും
പറഞ്ഞു വെച്ച പോലെ
പെണ്ണും ആണും പ്രേമിച്ചടുത്തു പോയാൽ
പിന്നെ എന്തു പോലെ
കുരങ്ങ് നീർക്കോലിയെ പിടിച്ച പോലെ
കോഴി അയലിമ്മ കേറിയ പോലെ
പിന്നെ പിന്നെ ഇരുവരും ഇഞ്ചി കടിച്ച കുരങ്ങിനെപ്പോലെ’

പ്രേമാനുഭവത്തെ ഇത്ര രൂക്ഷമായ പരിഹാസം കൊണ്ട് വരച്ചിടാൻ മറ്റാർക്കാണ്‌ കഴിയുക. പ്രേമനൈരാശ്യത്തെത്തുടർന്ന് ആണുങ്ങൾ ആത്മഹത്യയിൽ അഭയം പ്രാപിച്ചുകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു ഇവിടെ.

അവിടേക്കാണ്,

‘ രക്ത സാക്ഷികളേ
പ്രണയത്തിൻ പടക്കളത്തിലിറങ്ങി
സധീരം പടവെട്ടി
മരിച്ച, മരിക്കുന്ന, മരിക്കാനിരിക്കുന്ന
രക്തസാക്ഷികളേ,

എന്താണീ പ്രേമം
എന്തു കുന്താണീ പ്രേമം
അത് എവിടെത്തുടങ്ങുമാദ്യം
അത് എവിടെക്കുറിക്കുമന്ത്യം‘ എന്ന ഗാനം വരുന്നത്.

കേവലമൊരു നൈരാശ്യത്തിൽ മരണം പുല്കേണ്ടവനല്ല നീ എന്ന സന്ദേശമാണ്‌ ഈ ഗാനം നല്കുന്നത്;

‘പെണ്ണിനു വേണ്ടിയിതൊക്കെ
എല്ലാം വേണ്ടെന്നു വെച്ചു മുറുക്കെ
ഒരു ജീവിതം മുന്നിൽ കിടക്കെ
ഇവിടെ പെണ്ണുങ്ങൾ ഇനിയുമിരിക്കെ
വെറും കൊടിച്ചിപ്പട്ടി കണക്കെ
നീ ചാകണോ എടോ ഹമുക്കെ

എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

എസ് എ ജമീലിന്റെ പേനയിൽ നിന്ന് ഭക്തി ഗീതങ്ങളും സമൂഹ സമുദായ വിമർശ ഗാനങ്ങളും ഒട്ടേറെ പിറന്നിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ നിങ്ങൾക്കൊരല്ലാഹു പോരേ എന്ന ഗാനം.

ഏകനായ ഒറ്റ ദൈവത്തോടുള്ള ആരാധനകൾ എങ്ങനെ വഴിമാറുന്നുവെന്നും ഒന്നായവനിലേക്കു തന്നെ മടങ്ങിയാൽ പോരേ എന്നതുമാണ്‌ ഈ ഗാനത്തിലൂടെ അദ്ദേഹം ചോദിച്ചിരുന്നത്.

കൃത്യമായും മുസ്‌ലിം സമുദായത്തിലെ അനാചരങ്ങൾക്കു നേരെയാണ്‌ ഈ രചന വിരൽ ചൂണ്ടിയത്. അതിലെ പല പ്രയോഗങ്ങളുമാകട്ടെ യാഥാസ്ഥിതികരെ ചൊടിപ്പിക്കാൻ പോന്നതുമായിരുന്നു,

‘ നാഗൂർ അജ്മീർ ഗുരുവായൂർ ശബരിമല യാത്രയും ഒന്നല്ലേ
നാനാവിധ ദർഗാ പൂജയും ജാറം മൂടലും മുത്തലും ഇന്നില്ലേ
ശൈഖ് മുരീദും തങ്ങൾ ത്വരീഖതുമല്ല മുസ്‌ലിം ശരീഅത്ത്
ശൈത്വാനെ വിട്ട് റബ്ബിന്റെ നേർക്ക് ചെന്നാൽ കിട്ടും ഹിദായത്ത്
നിങ്ങൾക്കൊരല്ലാഹു പോരേ’


എന്ന വരികൾ ഒരു വേദിയിൽ പാടിയപ്പോൾ ആക്രോശവും കല്ലേറുമായാണ്‌ യാഥാസ്ഥിതികർ വരവേറ്റത്.

അത്രയ്ക്ക് മൂർച്ചയുണ്ടായിരുന്നു അദ്ദേഹത്തിന്റെ രചനകൾക്ക്.
കവിതയുടെ ഒരു സാഗരം തന്നെ അദ്ദേഹം തീർത്തിട്ടുണ്ട്. അനാവശ്യമായ വാഴ്ത്തുകളുടെ അകമ്പടിയില്ലാതെ ലളിതമായ വാക്കുകൾ കൊണ്ടും കാര്യം പറയാം എന്ന് അദ്ദേഹം തെളിയിക്കുകയുണ്ടായി.

ആക്ഷേപത്തിന്റെ വിത്തു വിതച്ച് അദ്ദേഹം രചിച്ച മഹാനായ പോത്ത് എന്ന കവിതയിലെ വരികൾ നോക്കൂ,

‘അന്യർക്കായ് ജീവിതം ജീവൻ ത്യജിച്ചിടും
ധന്യാത്മാക്കൾ ത്യാഗിവര്യന്മാരാണെങ്കിൽ
പോത്തു പോലൊരു കർമ യോഗിയും ത്യാഗിയും
പോത്തല്ലാതില്ല മറ്റൊരു ജീവി ഭൂമിയിൽ’

അക്ഷരങ്ങൾ കൊണ്ട് യുദ്ധം ചെയ്ത ധീരനായിരുന്നു അദ്ദേഹം. ഭ്രാന്തമായ ഈ ലോകത്ത് ചിന്തിക്കുന്നതും ചിന്തിക്കാതിരിക്കുന്നതും ഒരേ പോലെ അബദ്ധമെന്ന് ലോകരെ അറിയിച്ചിട്ടുണ്ട് അദ്ദേഹം. 2011 ഫെബ്രുവരി 5 നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x